ADVERTISEMENT

ലോകത്തെ ഏറ്റവും ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനായ വാട്സാപ്പിന്റെ പുതിയ സ്വകാര്യതാ നയമാറ്റത്തിനെതിരെ ലോകം ഒന്നടങ്കം പ്രതിഷേധം നടക്കുകയാണ്. ഒരിക്കലും ഉപയോക്താക്കളുടെ ഡേറ്റയും സ്വകാര്യതയും അനധികൃതമായി ഉപയോഗിക്കില്ലെന്ന് ഉറപ്പുനൽകിയാണ് വാട്സാപ് രംഗത്തുവന്നത്. എന്നാൽ ഇതേ വാട്സാപ് ഇപ്പോൾ കച്ചവട ഉൽപന്നമായി മാറിയിരിക്കുന്നു.

 

2009ൽ പുതുതായി വാങ്ങിയ ഐഫോണിൽ കോളുകൾ മിസ് ചെയ്യാൻ തുടങ്ങിയപ്പോൾ പരിഹാരം തേടിയുള്ള ചിന്തയിൽ നിന്നാണ് വാട്സാപ് എന്ന ആശയം ഉരുത്തിരിഞ്ഞത്. ഇക്കാര്യം വാട്സാപ് സഹ സ്ഥാപകൻ ജാൻ കോം തന്നെ പറഞ്ഞിട്ടുണ്ട്. ബ്രയാൻ ആക്‌ഷനുമായി ചേർന്ന് അന്നു തുടങ്ങിയ സംരംഭം പിന്നീട് 1900 കോടി ഡോളറിന്റെ (1.2 ലക്ഷം കോടി രൂപ) മഹാ പ്രസ്ഥാനമായി. കോളുകൾ നഷ്ടപ്പെടരുന്നതെന്ന ചിന്ത മാത്രമാണ് ആപ് വികസിപ്പിക്കാൻ കാരണമായതെന്നും കമ്പനി തുടങ്ങാൻ ചിന്തിച്ചിരുന്നില്ലെന്നും കോം പറഞ്ഞിരുന്നു.

 

‘പുതിയ ഐഫോൺ വാങ്ങിയതാണ് എല്ലാറ്റിന്റെയും തുടക്കം. ജിമ്മിൽ പോകുന്ന സമയത്ത് ധാരാളം കോളുകൾ മിസ് ആകുന്നത് ഏറെ അസ്വസ്ഥതയുണ്ടാക്കി. ഇതാണ് മറ്റൊരു ആപ് നിർമിക്കാൻ പ്രേരിപ്പിച്ചതെന്നും കോം പറഞ്ഞു. ജാൻ കോമും ബ്രയാൻ ആക്‌ഷനും ചേർന്ന് ആദ്യമുണ്ടാക്കിയ ആപ് ലളിതമായിരുന്നു. ആപ് ഉപയോഗിക്കുന്നയാൾ ഫോണിൽ ലഭ്യമാണോ എന്ന് സുഹൃത്തുക്കൾക്കു മനസ്സിലാകുന്ന ഒന്ന്. സ്റ്റാറ്റസ് എന്ന ഫീച്ചർ അടിസ്ഥാനമാക്കി രൂപപ്പെടുത്തിയത്. 

 

കമ്പനിയൊന്നും ആദ്യം മനസ്സിലുണ്ടായിരുന്നതേയില്ല. ജനങ്ങൾ ഉപയോഗിക്കുന്ന ഉൽപന്നം ഉണ്ടാക്കുകയായിരുന്നു ലക്ഷ്യം. ആപ്പിളിന്റെ ആപ് സ്റ്റോറിൽ അത് സ്വീകരിക്കപ്പെട്ടെങ്കിലും തൽക്ഷണ വിജയമൊന്നുമായിരുന്നില്ല. ആപ് അവതരിപ്പിച്ചപ്പോൾ ആവേശമായിരുന്നു. ആരും അത് ഉപയോഗിക്കാൻ തയാറാകാതിരുന്നപ്പോൾ നിരാശയായിരുന്നു എന്നും കോം പറഞ്ഞിട്ടുണ്ട്. പക്ഷേ, ആ അവസ്ഥ പെട്ടെന്നാണ് മാറിയത്. 

 

2014 ആയപ്പോഴേക്കു വാട്സാപ്പിന് 40 കോടി ഉപയോക്താക്കളായി. അനായാസം ഉപയോഗിക്കാമെന്ന ഗുണവും ലളിതമായ ഡിസൈനും ആപ്പിനെ ജനപ്രിയമാക്കി. അങ്ങനെയാണ് ഫെയ്സ്ബുക് വാട്സാപ്പിനു വിലപറഞ്ഞത്. ആ കച്ചവടത്തെക്കുറിച്ചൊന്നും ഇപ്പോൾ ഓർക്കുന്നില്ലെന്നാണ് ജാൻ കോം പണ്ടൊരിക്കൽ പറഞ്ഞത്. എല്ലാം മായപോലെ. സഹസ്ര കോടീശ്വരനായിട്ടും എന്തിനു ജോലിക്കു പോകുന്നു എന്ന ചോദ്യത്തിന് മറുപടി ഇതായിരുന്നു: ഇന്നും ലോകത്ത് വാട്സാപ് ഉപയോഗിക്കാത്ത ധാരാളം പേരുണ്ട്. അവരെ ഇതിന്റെ ഗുണം ബോധ്യപ്പെടുത്തണം, പിന്നെ കുറേ പ്രശ്നങ്ങൾ പരിഹരിക്കാനുമുണ്ട്.

 

English Summary: History of Whatsapp

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com