ADVERTISEMENT

പല തരത്തിലും വ്യത്യസ്തനായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തന്റെ ഭരണകാലത്തുടനീളം പരമ്പരാഗത മാധ്യമങ്ങളെ മാറ്റിനിർത്തി, സമൂഹ മാധ്യമങ്ങളിലൂടെ നേരിട്ട് തന്റെ സന്ദേശങ്ങള്‍ ദശലക്ഷക്കണക്കിന് ഫോളോവര്‍മാര്‍ക്ക് എത്തച്ചും വ്യത്യസ്തനായ വ്യക്തിയാണ് ട്രംപ്. എന്നാല്‍, സമൂഹ മാധ്യമങ്ങള്‍ അദ്ദേഹത്തിന് വിലക്കേര്‍പ്പെടുത്തി തിരിച്ചു പണികൊടുത്തതോടെ, ചക്രവ്യൂഹത്തില്‍ പെട്ട ട്രംപിനിപ്പോള്‍ തന്റെ ഡിജിറ്റല്‍ ആയുധങ്ങളും നഷ്ടപ്പെട്ടിരിക്കുകയാണ്. ഇത് ലോകത്ത് ആദ്യമായി ആയിരിക്കും ഇത്ര തീക്ഷ്ണതയോടെ ഒരു പ്രസിഡന്റ് നേരിടേണ്ടിവന്നിരിക്കുക. പ്രസിഡന്റാണെങ്കിലും സാധാരണക്കാരനാണെങ്കിലും ഡിജിറ്റല്‍ മാധ്യമങ്ങളെ ആശ്രയിച്ചു പടുത്തുയര്‍ത്തുന്ന ഗോപുരങ്ങള്‍ വ്യക്തിക്കല്ല കമ്പനിക്കാണ് സ്വന്തം എന്ന പാഠം ആശങ്കയ്ക്കിടയില്ലാതെ എല്ലാവര്‍ക്കും നല്‍കുകയാണ് ഈ സംഭവം. ഫെയ്‌സ്ബുക്കും, ഇന്‍സ്റ്റഗ്രാമും, ട്വിറ്ററും, ട്വിച്ചും, സ്‌നാപ്ചാറ്റും അദ്ദേഹത്തിന്റെ അക്കൗണ്ട് നിരോധിച്ചു. കൂടാതെ, ഇകൊമേഴ്‌സ് വെബ്‌സൈറ്റായ ഷോപ്പിഫൈയാകട്ടെ ട്രംപിന്റെ ക്യാംപെയിന്‍ ടീമും, ട്രംപ് ഓര്‍ഗനൈസേഷനും നടത്തിവന്നിരുന്ന വില്‍പനയും നിർത്തിവച്ചു. ഇതെല്ലാം, ചിലര്‍ക്കെല്ലാം ശരിയെന്നുതോന്നാമെങ്കിലും ഇതു ചെയ്യാന്‍ സമൂഹ മാധ്യമങ്ങള്‍ക്ക് അധികാരമുണ്ടോ എന്ന ചോദ്യവും ഉയരുന്നു.

 

ഈ നടപടികള്‍ കണ്ട് ട്രംപ് വിരുദ്ധര്‍ ആഹ്ലാദിച്ച് ആര്‍ത്തുവിളിക്കുന്നുണ്ടെങ്കിലും ഇത് സൃഷ്ടിക്കുന്ന കീഴ്‌വഴക്കം എത്ര ആശാസ്യമാണെന്ന ചോദ്യവും ഇപ്പോള്‍ ഉയരുന്നു. പ്രസിഡന്റ് തെറ്റായ വിവരങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നു എന്ന ആരോപണം വച്ചാണ് അദ്ദേഹത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആന്റി ഡിഫമേഷന്‍ ലീഗിന്റെ മേധാവി ജോനതന്‍ ഗ്രീന്‍ബ്ലാറ്റ് ഇതിനെ നല്ല നടപടിയെന്നാണ് വിശേഷിപ്പിച്ചത്. വിദ്വേഷ പ്രചാരകന് ഉതകുന്ന രീതിയിലുള്ള പ്രതികരണം എന്നാണ് അദ്ദേഹം പറയുന്നത്. അതു വഴി ട്രംപ് ഗൂഢാലോചന വാദങ്ങളും വ്യാജ വിവരങ്ങളും പ്രചരിപ്പിക്കുന്നതു തടയാനാകുമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയുടെ ജനാധിപത്യത്തിന് കൂടുതല്‍ ആഘാതം എല്‍പ്പിക്കുന്നതിനു മുൻപ് ട്രംപിനെ തളയ്ക്കാനായത് നന്നായി എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

 

∙ ട്രംപിന്റെ അടുത്ത ആക്രമണം അമേരിക്ക എങ്ങനെ നേരിടും?

 

ഹൃസ്വകാലത്തേക്ക് ഇത് ഉപകരിച്ചേക്കുമെങ്കിലും കുറച്ചു കാലം കഴിഞ്ഞ് അദ്ദേഹം മൂര്‍ച്ചകൂടിയ ആക്രമണായുധങ്ങളുമായി രംഗത്തെത്തില്ലെന്ന് ആര്‍ക്കാണ് പറയാന്‍ കഴിയുക എന്ന ചോദ്യവും ഉയരുന്നു. താന്‍ തന്നെ സ്വന്തമായി സമൂഹ മാധ്യമ വെബ്‌സൈറ്റ് തുടങ്ങുമെന്നാണ് ട്രംപ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അദ്ദേഹത്തിന് ട്വിറ്ററില്‍ 89 ദശലക്ഷം ഫോളോവര്‍മാരും, 35 ദശലക്ഷം ഫെയ്‌സ്ബുക് ഫോളോവര്‍മാരും ഉണ്ടായിരുന്നു എന്നോര്‍ക്കണം. മറ്റു ചില ഡിജിറ്റല്‍ മീഡിയ സ്ഥാപനങ്ങളും, ടിവി ചാനലുകളും അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ യഥാവിധി പ്രചരിപ്പിക്കാന്‍ തയാറുമാണ്. അടുത്തിടെ ട്രംപും അനുയായികളും തിരഞ്ഞെടുപ്പ് നടത്തിയ രീതിയെ നിശിതമായി വിമര്‍ശിച്ച് നിരവധി പേരില്‍ സംശയത്തിന്റെ വിത്തുകള്‍ പാകിക്കഴിഞ്ഞു. 

 

സമൂഹ മാധ്യമങ്ങളില്‍ നിന്ന് തത്കാലത്തേക്കു നിരോധിക്കുക എന്ന മയക്കുവെടിയേറ്റ് അദ്ദേഹം എക്കാലത്തേക്കും വീണുകിടക്കുകയൊന്നുമില്ല. സമൂഹ മാധ്യമങ്ങള്‍ മുൻപും ചില പ്രശസ്ത വ്യക്തികള്‍ക്കെതിരെ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഒരു പ്രസിഡന്റിനു നേരെയോ, ഒരു മുന്‍ അമേരിക്കന്‍ പ്രസിഡന്റിനു നേരെയോ ഇത്തരം നീക്കം നടത്തിയിരിക്കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍, ഇതിന്റെ ഭവിഷ്യത്ത് എന്താകുമെന്ന് അറിയാന്‍ പൂര്‍വ മാതൃകകള്‍ ഒന്നുമില്ല. സമൂഹ മാധ്യമങ്ങള്‍ ലോക നേതാക്കള്‍ക്ക് പല ആനുകൂല്യങ്ങളും നല്‍കുന്നുണ്ട്. അവര്‍ക്ക് വ്യത്യസതമായ കണ്ടെന്റ് പോളിസിയാണ് നിലവിലുള്ളത്. എന്നാല്‍, അദ്ദേഹം ട്രംപ് പ്രസിഡന്റ് അല്ലാതായി തീരുമ്പോള്‍ എന്തു സംഭവിക്കുമെന്നതും കണ്ടറിയേണ്ട കാര്യമാണ്. എന്നാല്‍, അദ്ദേഹം വീണ്ടും പ്രസിഡന്റാകാന്‍ മത്സരക്കുന്നുണ്ടെങ്കില്‍ കാര്യങ്ങള്‍ വീണ്ടും സങ്കീര്‍ണമായേക്കും. ഫെയ്‌സ്ബുക് അടക്കമുള്ള മാധ്യമങ്ങള്‍ അദ്ദേഹത്തിനു തുറന്നുകൊടുക്കേണ്ടതായി വരാം.

 

സമൂഹ മാധ്യമങ്ങള്‍ തള്ളിത്താഴെയിട്ട അമേരിക്കയിലെ ആദ്യ പ്രശസ്തന്‍ ട്രംപ് അല്ല. വലതുപക്ഷ ഗൂഢാലോചന വാദക്കാരന്‍ അലക്‌സ് ജോണ്‍സ്, മുസ്‌ലിം വിരോധിയെന്നു പ്രഖ്യാപിക്കുന്നതില്‍ അഭിമാനിക്കുന്നു എന്നു പറഞ്ഞ ലോറാ ലൂമര്‍ തുടങ്ങിയവരെയാണ് ഇങ്ങനെ 'പ്ലാറ്റ്‌ഫോം മറിച്ചിട്ട്' പുറത്താക്കിയിട്ടുള്ളത്. പെട്ടെന്നൊരുനാള്‍ വിചിത്രമായ അവകാശവാദങ്ങളുമായി എത്തി ശ്രദ്ധ പിടിച്ചുപറ്റുക എന്നതായിരുന്നു ഇവരുടെ രീതി. അവരൊക്കെ പിന്നീട് ഒതുങ്ങുകയായിരുന്നു. ഇപ്പോള്‍ കഴിഞ്ഞ തിരഞ്ഞെടുപ്പു തുടങ്ങുന്നതിനു മുൻപ് തന്നെ ട്രംപ് അനുകൂലികള്‍ മറ്റ് സമൂഹ മാധ്യമസംവിധാനങ്ങളിലും പ്രചാരണം തുടങ്ങിയാലോ എന്ന കാര്യം പരിഗണിച്ചിരുന്നു എന്നു പറയുന്നു. എന്നാല്‍, അവയ്‌ക്കൊന്നും, ട്വിറ്റര്‍, ഫെയ്‌സ്ബുക് തുടങ്ങിയവയുടെ റീച്ച് അവയ്‌ക്കൊന്നും ഇല്ലെന്ന കാര്യത്താലാണ് ആ വഴിക്കു നീങ്ങാതിരുന്നത്.

 

തന്റെ ദശലക്ഷക്കണക്കിന് ഫോളോവര്‍മാരോട് താന്‍ ഉപയോഗിക്കുന്ന അടുത്ത സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമില്‍ ഒത്തു ചേരാന്‍ ട്രംപ് ആഹ്വാനം ചെയ്യാനുള്ള സാധ്യത നിലനില്‍ക്കുന്നു. സ്വന്തമായി ടിവി ചാനല്‍ തുടങ്ങുന്ന കാര്യവും ട്രംപിന്റെ പരിഗണനയിലുണ്ട്. അങ്ങനെ തന്റെ ആക്രമണങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടിയെത്താന്‍ സാധ്യതയുള്ള ട്രംപ് അമേരിക്കന്‍ ജനാധിപത്യത്തിന്റെ അടിത്തറതന്നെ മാന്തി പുറത്തിടുമോ എന്ന ഭയമുള്ളവര്‍ പോലുമുണ്ട്. എന്നാല്‍, പ്രസിഡന്റ് അല്ലാതായി തീരുന്ന ട്രംപിന്റെ വിളയാട്ടം ആളുകള്‍ പഴയതു പോലെ ഏറ്റെടക്കുമോ എന്ന സംശയവും ഉയരുന്നു.

 

അതേസമയം, സമൂഹ മാധ്യമങ്ങളിലൂടെ അതിവേഗം അക്രമം പടരാമെന്നതും ലോകത്തിനു മൊത്തം പേടി നല്‍കുന്ന കാര്യമാണ്. ഭ്രാന്തന്‍ നേതാക്കന്മാര്‍ക്കും മറ്റും എളുപ്പത്തില്‍ ആക്രമണത്തിനുള്ള ആഹ്വാനങ്ങള്‍ നല്‍കാന്‍ സാധിക്കുമെന്നതാണ് പേടിപ്പെടുത്തുന്ന ഒരു കാര്യം.

 

English Summary: Will Trump's clash with social media lead to debacle?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com