ADVERTISEMENT

റിപ്പബ്ലിക് ദിനത്തിൽ കർഷകരുടെ ട്രാക്ടർ റാലി അക്രമാസക്തമായതിനു പിന്നാലെ വ്യാജ പ്രചരണം നടത്തിയ മുന്നൂറിലധികം അക്കൗണ്ടുകൾ താൽക്കാലികമായി നിർത്തിവച്ചതായി ട്വിറ്റർ അറിയിച്ചു. ഇതിൽ ഭൂരിഭാഗവും നിയന്ത്രിച്ചിരുന്നത് പാക്കിസ്ഥാനിൽ നിന്നാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

 

വ്യാജ ഫോട്ടോകളും വിഡിയോയും പ്രചരിപ്പിക്കാൻ ശ്രമിച്ചവർക്കെതിരെയാണ് ട്വിറ്റർ വിലക്കേർപ്പെടുത്തിയത്. കർഷകർ ചെങ്കോട്ട ആക്രമിക്കുകയും കർഷക യൂണിയൻ കൊടികൾ ചെങ്കോട്ടയുടെ കൊത്തളങ്ങളിൽ സ്ഥാപിക്കുകയും ചെയ്തിരുന്നു. നിയമങ്ങൾ ലംഘിക്കുന്ന ഒരാളെയും തുടരാൻ അനുവദിക്കില്ല എന്നതാണ് ട്വിറ്റർ നയം. അക്രമം, ദുരുപയോഗം, ഭീഷണികൾ എന്നിവയ്ക്ക് പ്രേരിപ്പിക്കുന്ന ഒന്നും തന്നെ പ്ലാറ്റ്ഫോമിൽ പോസ്റ്റ് ചെയ്യാൻ അനുവദിക്കില്ലെന്ന് ട്വിറ്റർ വക്താവ് പറഞ്ഞു.

 

നിയമങ്ങൾ ലംഘിച്ച നൂറുകണക്കിന് ട്വീറ്റുകളും നീക്കം ചെയ്തിട്ടുണ്ട്. ഇതോടൊപ്പം വ്യാജ പ്രചരണം നടത്തിയ 300 ലധികം അക്കൗണ്ടുകൾ താൽക്കാലികമായി ബ്ലോക്ക് ചെയ്തുവെന്നും ട്വിറ്റർ വക്താവ് അറിയിച്ചു. കർഷകരുടെ ട്രാക്ടർ റാലിയിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിനായി 308 ട്വിറ്റർ ഉപയോക്താക്കൾ ശ്രമിച്ചതായി ഡൽഹി പൊലീസ് ആരോപിച്ചിരുന്നു.

 

ട്രാക്ടർ റാലിക്കിടയിൽ പ്രശ്നമുണ്ടാകുമെന്ന് പൊലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. രഹസ്യാന്വേഷണ വിഭാഗത്തിന്റെയും മറ്റ് ഏജൻസികളുടെയും മുന്നറിയിപ്പ് സന്ദേശങ്ങൾ നിരന്തരം ലഭിച്ചിരുന്നു. കർഷകർക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിച്ച 308 ഓളം ട്വിറ്റർ അക്കൗണ്ടുകൾ പാക്കിസ്ഥാനിൽ നിന്നുള്ളതാണെന്നും ഡൽഹി ഇന്റലിജൻസ് സ്‌പെഷ്യൽ കമ്മീഷണർ പൊലീസ് ദീപേന്ദ്ര പഥക് പറഞ്ഞു. മൈക്രോബ്ലോഗിങ് പ്ലാറ്റ്‌ഫോം സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും ജാഗ്രത പാലിക്കുകയും നിയമലംഘനമാണെന്ന് കരുതന്ന എന്തും റിപ്പോർട്ടുചെയ്യാൻ ഉപയോക്താക്കളോട് ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്.

 

English Summary: Twitter suspends over 300 accounts after #KisanTractorRally went violent

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com