ADVERTISEMENT

സാങ്കേതിക രംഗം അതിവേഗം വളരുകയാണ്. ടെക് ലോകം വളരുന്നതിനൊപ്പം രാജ്യങ്ങൾ തമ്മിലുള്ള അകലവും കുറഞ്ഞുവരികയാണെന്ന് പറയാം. ഇന്ത്യയിൽ നിന്ന് ഒരു സെക്കൻഡിനുള്ളിൽ അമേരിക്കയിൽ എത്താൻ കഴിയുമോ? പുതിയ ടെക്നോളജി വഴി കഴിയുമെന്നാണ് ഫെയ്സ്ബുക് മേധാവി മാർക് സക്കർബർഗ് പറയുന്നത്. അതെങ്ങനെ സംഭവിക്കും?

 

മനുഷ്യര്‍ ഇനി ടെലിപോര്‍ട്ട് ചെയ്യുകയാണ് വേണ്ടത്, അല്ലാതെ ട്രാന്‍സ്‌പോര്‍ട്ട് ചെയ്യുകയല്ല വേണ്ടതെന്ന് ഫെയ്‌സ്ബുക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞു. ലോകത്തെ ഏറ്റവും മികച്ച വെര്‍ച്വല്‍ റിയാലിറ്റി, ഓഗ്‌മെന്റഡ് റിയാലിറ്റി ഗവേഷണങ്ങള്‍ നടത്തുന്ന കമ്പനികളിലൊന്നാണ് ഫെയ്‌സ്ബുക്. ക്ഷണം കിട്ടിയാല്‍ മാത്രം പങ്കെടുക്കാവുന്ന ക്ലബ്ഹൗസ് ആപ്പില്‍ നടന്ന ഒരു പരിപാടിക്കിടയിലേക്ക് സക്ക്23 (Zuck23) എന്ന പേരില്‍ എല്ലാവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ടാണ് സക്കര്‍ബര്‍ഗ് എത്തി നിരവധി കാര്യങ്ങൾ വിശദീകരിച്ചത്. ഫെയ്സ്ബുക്കിന്റെ കീഴിലുള്ള റിയാലിറ്റി ലാബ്‌സ് ഗ്രൂപ്പില്‍ ഇപ്പോള്‍ നടന്നുവരുന്ന ഗവേഷണങ്ങള്‍ ടെലിപോര്‍ട്ടിങ് സാധ്യമാക്കിയേക്കുമെന്നാണ് സക്കര്‍ബര്‍ഗ് നല്‍കുന്ന സൂചന.

 

വെര്‍ച്വല്‍ റിയാലിറ്റി തുറക്കാന്‍പോകുന്ന സാധ്യതകളിലൊന്ന് ലോകത്തെവിടെ ജീവിച്ചാലും, മറ്റൊരു സ്ഥലത്തേക്ക് ടെലിപോര്‍ട്ട് ചെയ്യുകയും, ശരിക്കും മറ്റൊരു സ്ഥലത്ത് എത്തിച്ചേര്‍ന്ന പ്രതീതി ജനിപ്പിക്കാന്‍ സാധിക്കുന്നതുമാണെന്ന് സക്കര്‍ബര്‍ഗ് പറഞ്ഞു. ഇത് സാമ്പത്തികമായ ചില പുതിയ സാധ്യതകളും തുറന്നു നല്‍കും. ആളുകള്‍ക്ക് തങ്ങള്‍ക്ക് ഇഷ്ടമുള്ള സ്ഥലങ്ങളില്‍ ജീവിക്കാനും അവിടെ ജോലിയെടുക്കാനും ടെലിപോര്‍ട്ടിങ് വഴി സാധ്യമാക്കാനാകുമെന്ന് സക്കര്‍ബര്‍ഗ് പറഞ്ഞു.

 

കൊറോണ വൈറസിനേക്കാൾ പേടിപ്പിക്കുന്ന വിപത്ത് കാലാവസ്ഥാ വ്യതിയാനം മൂലം സംഭവിക്കാമെന്നും സക്കർബർഗ് പറഞ്ഞു. എന്നാല്‍, മനുഷ്യരാശി ഇതു തരണംചെയ്യുമെന്നുള്ള കാര്യത്തെക്കുറിച്ച് താന്‍ പ്രത്യാശവച്ചു പുലര്‍ത്തുന്നയാളാണെന്നും സക്കര്‍ബര്‍ഗ് പറഞ്ഞു. ആളുകള്‍ നടത്തുന്ന യാത്രകളാണ് വന്‍തോതിലുള്ള മലിനീകരണത്തിനു കാരണമാകുന്നത്. ഇലക്ട്രിക് കാറുകളുടെ കടന്നുവരവ് മലിനീകരണം കുറയ്ക്കുന്നതില്‍ വളരെ പ്രതീക്ഷ നല്‍കുന്ന ഒന്നാണെന്നും സക്കര്‍ബര്‍ഗ് പറഞ്ഞു. തന്റെ കീഴില്‍ ജോലി ചെയ്യുന്നവര്‍ ഭാവിയിൽ ഇതിനൊരു പരിഹാരം കണ്ടേക്കും. ഇതിനാല്‍ നമ്മൾ ഇനി ഡ്രൈവ് ചെയ്ത് കൂടുതൽ ദൂരം യാത്ര പോകേണ്ടി വരില്ല. പകരം ടെലിപ്പോര്‍ട്ടു ചെയ്താല്‍ മതിയെന്നാണ് സക്കര്‍ബര്‍ഗ് പറഞ്ഞുവയ്ക്കുന്നത്.

 

ഓഗ്‌മെന്റഡ് റിയാലിറ്റിയെക്കുറിച്ചും സക്കര്‍ബര്‍ഗ് സംസാരിച്ചു. സാമൂഹികമായി അംഗീകരിക്കപ്പെട്ട രീതിയില്‍ കട്ടിയുള്ള ഫ്രെയിമുള്ള ഗ്ലാസുകള്‍ ഉപയോഗിച്ച് ഇതു സാധ്യമാക്കാമെന്നാണ് അദ്ദേഹം പറഞ്ഞത്. അതേസമയം, ഫെയ്സ്ബുക് അത്തരത്തിലൊന്ന് ഇപ്പോള്‍ ഉണ്ടാക്കിവരുന്നു എന്നാകാം ഉദ്ദേശിക്കുന്നതെന്ന് റിപ്പോര്‍ട്ടര്‍മാര്‍ പറയുന്നു. ലോകത്തെ ഏറ്റവും തിരക്കുള്ള സമൂഹ മാധ്യമ സേവനം എന്ന വിവരണം ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ സ്വന്തമാക്കിയ ക്ലബ്ഹൗസിലാണ് സക്കര്‍ബര്‍ഗ് എത്തി വിആര്‍, എആര്‍ സാങ്കേതികവിദ്യകളുടെ പുരോഗതിയെക്കുറിച്ച് പറഞ്ഞത്. ക്ഷണം കിട്ടിയാല്‍ മാത്രമെ ക്ലബ്ഹൗസില്‍ എത്തി സംഭാഷണങ്ങള്‍ കേള്‍ക്കാനാകൂ. ഓഡിയോ മാത്രമാണ് സംഭാഷണത്തിന് ഉപയോഗിക്കാനാകുക.

teleport

 

ദി ഗുഡ് ടൈം ഷോ, എന്ന പരിപാടിയില്‍ പങ്കെടുത്ത ആരും സക്കര്‍ബര്‍ഗിനെ പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍, ഷോയിലേക്ക് അപ്രതീക്ഷിതമായി കടന്നുവന്ന് എല്ലാവരെയും അദ്ഭുതപ്പെടുത്തി 15 മിനിറ്റോളം പുതിയ സാങ്കേതികവിദ്യകളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ഫെയ്‌സ്ബുക്കിന്റെ റിയാലിറ്റി ലാബ്‌സിന്റെ ഇപ്പോഴത്തെ പ്രധാന ശ്രദ്ധ, ഒരു സ്ഥലത്തിരിക്കുന്ന ഒരാള്‍ക്ക് മറ്റൊരു സ്ഥലത്തെത്തിയ പ്രതീതി പകര്‍ന്നു നല്‍കുന്നതിലാണെന്നു തോന്നുന്നു. ഇതുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ നന്നായി പുരോഗമിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. യാത്ര ചെയ്യാതെ തന്നെ മറ്റൊരാളായി മാറി പുതിയ സ്ഥലവും മറ്റും അനുഭവിക്കാവുന്ന സാങ്കേതികവിദ്യയുടെ തുടക്കമാണ് ഇപ്പോള്‍ നടക്കുന്നത്.

 

വേണ്ടത്ര ഗ്രാഫിക്‌സിന്റെയും ദൃശ്യാനുഭൂതിയുടെയും സഹായത്തോടെയായിരിക്കും ഒരാള്‍ മറ്റൊരു യാഥാര്‍ഥ്യത്തിലേക്ക് ലയിക്കുന്നുവെന്ന തോന്നല്‍ വരുത്തുക. എന്നാല്‍ ഇതു യാഥാര്‍ഥ്യമെന്നു വരുത്തിതീര്‍ക്കണമെങ്കില്‍ വെര്‍ച്വല്‍ റിയാലിറ്റിക്ക് ഇനിയും കുറേ ദൂരംകൂടി താണ്ടാനുണ്ടെന്നാണ് സക്കര്‍ബര്‍ഗ് പറയുന്നത്. അതേസമയം, ഓഗ്‌മെന്റഡ് റിയാലിറ്റിയുടെ അഥവാ എആറിന്റേത് പരിപൂര്‍ണമായും മറ്റൊരു കളിയാണെന്ന് അദ്ദേഹം പറയുന്നു. വിആറില്‍ ഡിസ്‌പ്ലെ ഉപയോഗിച്ച് മറ്റൊരു ലോകത്തേക്ക് ഒരാള്‍ക്ക് എത്താനാകുമെങ്കില്‍, എആര്‍ ഉപയോഗിച്ച് തനിക്കു ചുറ്റുമുള്ള സ്ഥലത്ത് ഓരോ സാധനങ്ങള്‍ വയ്ക്കുന്നതായി തോന്നിപ്പിക്കാനാകും. എആര്‍ പൊതുജനത്തിനിടയിലേക്ക് എങ്ങനെ എത്തുന്നുവെന്നും, ഗൂഗിള്‍ ഗ്ലാസ് എന്തുകൊണ്ടു പരാജയപ്പെട്ടു എന്നതിനെക്കുറിച്ചും ചെറിയ വിവരണം നല്‍കാനും സക്കര്‍ബര്‍ഗ് മറന്നില്ല. ഫെയ്‌സ്ബുക് അതിശക്തമായ എആര്‍ ടെക്‌നോളജി കൊണ്ടുവരാനുള്ള സാധ്യതയും സക്കര്‍ബര്‍ഗിന്റെ സംഭാഷണങ്ങളില്‍ നിന്നു മനസ്സിലാക്കാം.

 

വിആര്‍ തുറന്നിടാന്‍ പോകുന്നത് എവിടെയെങ്കിലും ജീവിച്ചിരിക്കുകയും, അതേസമയം മറ്റൊരു സ്ഥലത്ത് സന്നിഹിതനാകാനുമുള്ള കഴിവാണ്. ഒരാള്‍ ശരിക്കും പുതിയ സ്ഥലത്തെത്തിയ പ്രതീതി ജനിപ്പിക്കാന്‍ വിആറിനു സാധിക്കുമെന്നാണ് സക്കര്‍ബര്‍ഗ് പറയുന്നത്. അതേസമയം, എആറിന് അധികം ഭാരമില്ലാത്ത, ദിവസം മുഴുവന്‍ അണിയാവുന്ന ഒരു ഹെഡ്‌സെറ്റ് അല്ലെങ്കില്‍ ഗ്ലാസ് ഉണ്ടാക്കിയെടുക്കണം എന്നതാണ് ഏറ്റവും വലിയ പ്രതിബന്ധമെന്നാണ് ഫെയ്സ്ബുക് മേധാവി പറയുന്നത്. സാധാരണ ഗ്ലാസ് പോലെയായിരിക്കണം അതെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം.

 

എന്നാല്‍, നമ്മള്‍ ഇപ്പോള്‍ സംസാരിക്കുന്നത് നിലവിലില്ലാത്ത സാങ്കേതികവിദ്യയെക്കുറിച്ചാണെന്നും, അത് സുഗമമായി പ്രവര്‍ത്തിപ്പിക്കാനായ ശേഷം ചെറിയൊരു ഗ്ലാസിലേക്കും മറ്റും ഒതുക്കുന്നതിനെക്കുറിച്ചാണെന്നും ഓര്‍മപ്പെടുത്താൻ സക്കര്‍ബര്‍ഗ് മറന്നില്ല. അത് ദിവസം മുഴുവന്‍ ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാനാകണം എന്നതാണ് ലക്ഷ്യമെന്നാണ് സക്കര്‍ബര്‍ഗ് പറയുന്നത്. ലോക്ഡൗണ്‍ ഓഫിസുകളെക്കുറിച്ചുള്ള സങ്കല്‍പം പുനര്‍വിചിന്തനം ചെയ്യാനുള്ള അവസരമായി മാറി. ഒരിക്കലും ഓഫിസ് കെട്ടിടങ്ങൾ വേണ്ടാത്ത ലോകമായിരിക്കും വരുന്നത്. ഈ പതിറ്റാണ്ടിന്റെ അവസാനം ഫെയ്‌സ്ബുക്കിന്റെ 50 ശതമാനം ജോലിക്കാരും സ്ഥിരമായി റിമോട്ടായി ജോലി ചെയ്യുന്ന ഭാവിയാണ് താന്‍ മുന്നില്‍ക്കാണുന്നത്. അത് വിആര്‍ സാങ്കേതികവിദ്യ വഴി സാധ്യമാക്കാമെന്നുമാണ് സക്കര്‍ബര്‍ഗ് പറഞ്ഞത്.

 

∙ ക്ലബ്ഹൗസിലെത്തിയ സക്കര്‍ബര്‍ഗിനു ലക്ഷ്യം വേറെ കാണും!

 

സമൂഹ മാധ്യമങ്ങള്‍ തന്റെ കാല്‍ക്കീഴില്‍ നിന്നാല്‍ മതിയെന്ന ഭാവമുള്ളയാളാണ് സക്കര്‍ബര്‍ഗ്. അദ്ദേഹം ക്ലബ്ഹൗസിലെത്തിയത് ഭാവിയില്‍ കമ്പനി ഈ ആപ്പിന്റെ ഫീച്ചറുകള്‍ തന്റെ കീഴിലുള്ള ഫെയ്‌സ്ബുക്, വാട്‌സാപ്, ഇന്‍സ്റ്റാഗ്രാം ഇവയിലേതിലെങ്കിലും ഉള്‍ക്കൊള്ളിക്കാനോ, ഇത്തരം പുതിയൊരു ആപ് തുടങ്ങാനോ, അല്ലെങ്കില്‍ ക്ലബ്ഹൗസ് വാങ്ങാനോ പോലുമായിരിക്കാമെന്നും സംസാരം തുടങ്ങിക്കഴിഞ്ഞു. തന്റെ കീഴിലുള്ള ആപ്പുകളിള്‍ ഉടനെ തന്നെ സക്കര്‍ബര്‍ഗ് ഓഡിയോ റൂംസ് തുറക്കാനുള്ള സാധ്യതയാണ് പലരും കാണുന്നത്. സക്കര്‍ബര്‍ഗ് ഇത്തരത്തിലൊന്ന് പുറത്തിറക്കാതിരിക്കാനുളള ഒരു സാധ്യതയും കാണുന്നില്ലെന്നാണ് മറ്റൊരു പ്രതികരണം.

 

English Summary: Mark Zuckerberg wants you to teleport with AR and VR instead of normal transport

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com