sections
MORE

പറഞ്ഞത് അനുസരിച്ചില്ലെങ്കിൽ ജയിൽ: രാജിക്ക് പിന്നിൽ സർക്കാരിന്റെ ഭീഷണിയല്ലെന്ന് ട്വിറ്റർ പോളിസി മേധാവി

mahima-kaul
SHARE

കഴിഞ്ഞ ദിവസമാണ് ട്വിറ്ററിന്റെ ഇന്ത്യയിലെ പബ്ലിക് പോളിസി ഡയറക്ടരര്‍ പദവി മഹിമാ കൗള്‍ രാജിവച്ചത്. ട്വിറ്റര്‍ ഈ പദവിയിലേക്ക് പുതിയ ആളെ തേടി പരസ്യം ചെയ്തിട്ടുമുണ്ട്. സർക്കാരുമായുള്ള ഇടപാടുകള്‍ക്ക് മുന്നില്‍ നില്‍ക്കേണ്ട പദവിയിലായിരുന്നു മഹിമയുടേത്. എന്നാൽ, സർക്കാരിന്റെ ഭീഷണിയല്ലെന്നും വ്യക്തിപരമായ കാരണങ്ങളാണ് രാജിയെന്നുമാണ് കൗൾ അനൗദ്യോഗികമായി പ്രതികരിച്ചത്. മഹിമ രാജിക്കത്തു നല്‍കിയ വാര്‍ത്ത ട്വിറ്റര്‍ ശരിവച്ചിട്ടുണ്ട്. അതേസമയം, അവര്‍ മാര്‍ച്ച് വരെ ആ സ്ഥാനത്ത് തുടരുമെന്ന് ട്വിറ്ററും അറിയിച്ചു. എന്നാല്‍, കർഷക സമരം നടക്കുന്ന സമയത്ത് തന്നെ, നിർണായ തീരുമാനമെടുക്കേണ്ട അവസരത്തിൽ എന്തിനാണ് മഹിമ രാജിവച്ചത്?

വ്യക്തിപരമായ കാരണങ്ങളാണ് കൗളിന്റെ രാജിക്കത്തിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. രാജ്യത്ത് ഒരു വർഷത്തിനുള്ളിൽ ഇത്തരത്തിലുള്ള രണ്ടാമത്തെ രാജിയാണ്. നേരത്തെ ഫെയ്സ്ബുക്കിന്റെ അങ്കി ദാസ് ഒക്ടോബറിൽ സോഷ്യൽ മീഡിയ ഭീമന്റെ ഇന്ത്യ പോളിസി മേധാവി സ്ഥാനം ഉപേക്ഷിച്ചിരുന്നു. ഫെയ്സ്ബുക്കിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നതോടെയാണ് അവർ രാജിവെച്ചത്.

കർഷകരുടെ പ്രതിഷേധവുമായി ബന്ധപ്പെട്ട വിഷയമല്ല കൗളിന്റെ രാജിക്ക് പിന്നിലെന്ന് പേരു വെളിപ്പെടുത്താത്ത മറ്റൊരു ട്വിറ്റർ വക്താവും പറഞ്ഞു. സർക്കാർ ആവശ്യപ്പെട്ട അക്കൗണ്ടുകളും ട്വീറ്റുകളും നീക്കം ചെയ്യാൻ ട്വിറ്റർ വിസമ്മതിച്ചിരുന്നു. ഇതിനിടെയാണ് രാജിയെന്നതും ശ്രദ്ധേയമാണ്. ഈ വർഷം തുടക്കത്തിൽ തന്നെ ട്വിറ്ററിന്റെ പബ്ലിക് പോളിസി ഡയറക്ടർ പദവിയിൽ നിന്ന് വിരമിക്കാൻ മഹിമ കൗൾ തീരുമാനിച്ചതാണെന്ന് ട്വിറ്റർ പബ്ലിക് പോളിസി വൈസ് പ്രസിഡന്റ് മോണിക് മേച്ചെ പറഞ്ഞു.

ട്വിറ്ററിൽ നമുക്കെല്ലാവർക്കും ഇതൊരു വലിയ നഷ്ടമാണ്, പക്ഷേ അഞ്ച് വർഷത്തിലേറെയായി അവർ ഇതേ പദവിയില്‍ പ്രവർത്തിക്കുന്നു, അവരുടെ വ്യക്തിപരമായ ജീവിതത്തിലെ ആഗ്രഹങ്ങളെ ഞങ്ങൾ മാനിക്കുന്നു. മാർച്ച് അവസാനം വരെ മഹിമ തന്റെ റോളിൽ തുടരുമെന്നും അവർ പറഞ്ഞു. സർക്കാർ മുന്നറിയിപ്പ് നൽകുന്നതിനുമുൻപ് തന്നെ രാജിവയ്ക്കാൻ കൗൾ തീരുമാനിച്ചതായി ട്വിറ്റർ ജീവനക്കാർ പറഞ്ഞു.

∙ കർഷക സമരം: സർക്കാർ പറയുന്നത് അനുസരിച്ചില്ലെങ്കിൽ ജയിലിൽ കിടക്കേണ്ടിവരും!

കർഷക സമരവുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെയുള്ള പോസ്റ്റുകളും പ്രധാനമന്ത്രി മോദിക്കെതിരായ ഹാഷ്ടാഗുകളും നീക്കം ചെയ്തില്ലെങ്കിൽ ട്വിറ്റർ ജീവനക്കാർ ജയിലിൽ കിടക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ്. കർഷക വംശഹത്യയെന്ന് ആരോപിക്കുന്ന അക്കൗണ്ടുകളും ട്വീറ്റുകളും നീക്കം ചെയ്യാനുള്ള സർക്കാറിന്റെ ഏറ്റവും പുതിയ ഉത്തരവ് കമ്പനി പാലിച്ചില്ലെങ്കിൽ ഏഴ് വർഷം തടവും പിഴയും ഉൾപ്പെടുന്ന ശിക്ഷാനടപടികളാണ് ട്വിറ്റർ മാനേജ്‌മെന്റിന് നേരിടേണ്ടി വരികയെന്ന് നിയമ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

അടിസ്ഥാനരഹിതമായ കാരണങ്ങളുടെ പേരിൽ, സമൂഹത്തെ ദുരുപയോഗം ചെയ്യാനും പ്രകോപിപ്പിക്കാനും പിരിമുറുക്കമുണ്ടാക്കാനും പ്രേരിപ്പിച്ചുവെന്നാരോപിച്ച് ഇന്ത്യയിലെ ട്വിറ്റർ പോലുള്ള സമൂഹമാധ്യമങ്ങൾ വേണമെങ്കിൽ നിരോധിക്കാനും സർക്കാരിന് കഴിയുമെന്ന് ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയം നൽകിയ നോട്ടീസിൽ പറയുന്നുണ്ട്.

ഐടി ആക്ടിലെ സെക്ഷൻ 69 എ, മറ്റു ചി നിയമങ്ങൾ പ്രകാരം ട്വിറ്റർ ഉൾപ്പടെയുള്ള എല്ലാ ടെക് കമ്പനികളും അതോറിറ്റി പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണ് എന്നാണ് മുൻ ആർ‌എസ്‌എസ് പ്രത്യയശാസ്ത്രജ്ഞനായ അഭിഭാഷകൻ വിരാഗ് ഗുപ്ത പറയുന്നത്. ട്വിറ്റർ പോലെയുള്ള കമ്പനികൾ ഈ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ, ഇത്തരം ആപ്ലിക്കേഷനുകളോ വെബ്‌സൈറ്റുകളോ താൽക്കാലികമായി നിർത്തിവയ്ക്കുന്നതിനോ തടയുന്നതിനോ നടപടിയെടുക്കാൻ സർക്കാരിന് കഴിയും. കമ്പനി വക്താക്കൾക്ക് സെക്ഷൻ 69 എ (3) അനുസരിച്ച് ഏഴ് വർഷം തടവും പിഴയും ലഭിച്ചേക്കുമെന്നും ഗുപ്ത പറഞ്ഞു.

ആക്ടിന്റെ സെക്ഷൻ 69 എ പ്രകാരം പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ പാലിക്കാത്ത സാഹചര്യത്തിൽ നിർദ്ദിഷ്ട ശിക്ഷാനടപടികൾക്ക് വകുപ്പ് 69 എ (3) വ്യവസ്ഥ ചെയ്യുന്നുവെന്ന് ട്വിറ്ററിന് നൽകിയ കത്തിൽ പറയുന്നുണ്ട്. എന്നാൽ പുതിയ സർക്കാർ അറിയിപ്പിനെക്കുറിച്ച് പ്രതികരിക്കാൻ ട്വിറ്റർ വിസമ്മതിച്ചു.

ഇൻഫർമേഷൻ ടെക്നോളജി ആക്റ്റ് 2000 ലെ സെക്ഷൻ 69 എ പ്രകാരം, ഏതെങ്കിലും ഡിജിറ്റൽ ഉള്ളടക്കത്തിലേക്കുള്ള പൊതു പ്രവേശനം തടയാനുള്ള അധികാരം സർക്കാരിന് നൽകിയിട്ടുണ്ട് എന്നാണ് രാജ്യത്തെ മുൻനിര സൈബർ നിയമ വിദഗ്ധരിൽ ഒരാളായ പവൻ ദുഗ്ഗൽ പറഞ്ഞത്. ഇത്തരം വ്യാജ പ്രചരണങ്ങൾ തടയുന്നതിനുള്ള നിർദ്ദേശങ്ങൾ പാലിക്കാത്തത് ഗുരുതരമായതും ജാമ്യമില്ലാ കുറ്റവുമാണ്. ഏഴ് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റവുമാണ് ഇതെന്നാണ് അദ്ദേഹം പറയുന്നത്. എന്നാൽ, ഇന്ത്യയുടെ ചരിത്രത്തിൽ ഇന്നുവരെ, ഐടി ആക്റ്റ് 2000 ലെ സെക്ഷൻ 69 (എ) (3) പ്രകാരം റിപ്പോർട്ട് ചെയ്യപ്പെട്ട ഒരു ശിക്ഷാ നടപടിയും കണ്ടിട്ടില്ലെന്നും നിയമവിദഗ്ധർ പറയുന്നു. 

2004 ൽ, ഇന്ത്യയിലെ ഇബെയുടെ അനുബന്ധ സ്ഥാപനമായ ബാസി.കോമിന്റെ സിഇഒ ആയിരുന്ന അവ്നിഷ് ബജാജിനെ ഇൻഫർമേഷൻ ടെക്നോളജി ആക്ടിന്റെ 67-ാം വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തിരുന്നു. ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ അശ്ലീല ഉള്ളടക്കം കൈമാറുന്നതുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്.

അതേസമയം, ട്വിറ്ററിനെതിരെ നടപടിയെടുക്കാൻ, ട്വിറ്ററിന്റെയും മറ്റ് ഇടനില കമ്പനികളുടെയും നിയുക്ത ഉദ്യോഗസ്ഥരുടെ വിശദാംശങ്ങൾ സർക്കാർ വെളിപ്പെടുത്തേണ്ടിവരുമെന്ന് ഗുപ്ത പറഞ്ഞു. ഈ കമ്പനികളുടെ നിയുക്ത ഉദ്യോഗസ്ഥൻ ഇന്ത്യക്ക് പുറത്താണെങ്കിൽ, സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാത്തതിന് ശിക്ഷാനടപടി സ്വീകരിക്കാൻ പ്രയാസമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

English Summary: Twitter’s India policy head resigns, no link to govt warning over unblocking users -says company

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SOCIAL MEDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പോഞ്ഞിക്കരയും പ്യാരിയും പിന്നെ കല്യാണരാമനും | Rewind Reels | Kalyanaraman movie

MORE VIDEOS
FROM ONMANORAMA