ADVERTISEMENT

ലോകത്ത് ഏറ്റവുമധികം ആരാധകരുള്ള ഒന്നാണ് ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ്. എന്നാല്‍, സമൂഹ മാധ്യമങ്ങളിലെ വിദ്വേഷ പ്രചാരണങ്ങള്‍ മൂലം പ്രീമിയര്‍ ലീഗ് ഇപ്പോൾ കടുത്ത പ്രതിന്ധിയിലാണെന്ന് റിപ്പോര്‍ട്ട്. കളിക്കാർ, പരിശീലകർ, റഫറിമാർ എന്നിവരെല്ലാം കടുത്ത ഭാഷയിലുള്ള വിമര്‍ശനങ്ങളാണ് ഇന്‍സ്റ്റഗ്രാമിലൂടെയും ട്വിറ്ററിലൂടെയും നേരിടുന്നത്. ഇവയില്‍ വധഭീഷണി മുതല്‍ വംശീയാധിക്ഷേപം വരെ ഉൾപ്പെടും. ഇങ്ങനെ നിരന്തരം ആക്രമിച്ചുകൊണ്ടിരിക്കുന്ന സമൂഹ മാധ്യമ വെബ്‌സൈറ്റുകള്‍ക്കെതിരെ പോലും നടപടികള്‍ ഉണ്ടാകുന്നില്ല എന്നതാണ് കളിക്കാരെയും അവരുടെ കുടുംബങ്ങളെയും വിഷമത്തിലാക്കുന്നത്. ഇതിനെതിരെ പൊലീസും സർക്കാരും വരെ രംഗത്തെത്തി. സമാന സാഹചര്യങ്ങള്‍ ഏതു രാജ്യത്തും സംഭവിക്കാമെന്നതാണ് ഈ പ്രതിസന്ധിയെ കൂടുതല്‍ വാര്‍ത്താ പ്രാധാന്യമുള്ളതാക്കുന്നത്.

 

പ്രീമിയര്‍ ലീഗിന്റെ ഏറ്റവും പ്രിയപ്പെട്ട റഫറികളിലൊരാളെ ആക്രമിക്കുമെന്നു ഭീഷണിപ്പെടുത്തിയിട്ടുണ്ട്. കറുത്ത വംശജരായ കളിക്കാര്‍ക്കു നേരെ വംശീയാധിക്ഷേപങ്ങള്‍ നടക്കുന്നുണ്ട്. ഇതെല്ലാം മുന്‍ വര്‍ഷങ്ങളിലേതിനേക്കാള്‍ പ്രശ്‌നങ്ങളിലേക്കു നയിക്കുകയാണ്. ഇത്തരം ആക്രമണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാമെന്ന് ഇന്‍സ്റ്റഗ്രാം അറിയിച്ചിരുന്നുവെങ്കിലും ഒന്നും വേണ്ടവിധത്തില്‍ ഗുണം കണ്ടില്ല. ഇതേതുടര്‍ന്നാണ് പ്രീമിയര്‍ ലീഗുമായി ബന്ധപ്പെട്ടവര്‍ തങ്ങളുടെ ഉല്‍കണ്ഠ സമൂഹ മാധ്യമ നടത്തിപ്പുകാരെ അറിയിച്ചത്. ഇവര്‍ സംയുക്തമായി അയച്ച കത്ത് ലഭിച്ചവരില്‍ ഫെയ്‌സ്ബുക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗും ട്വിറ്റര്‍ സിഇഒ ജാക് ഡോര്‍സെയും ഉള്‍പ്പെടും. അവരുടെ പ്ലാറ്റ്‌ഫോമുകള്‍ ഇത്തരം സാമൂഹ്യ വിരുദ്ധര്‍ക്ക് അഴിഞ്ഞാടാനുള്ള അവസരം നല്‍കുന്നുവെന്നാണ് ധരിപ്പിച്ചിരിക്കുന്നത്.

 

∙ സമൂഹ മാധ്യമങ്ങളെ ബഹിഷ്‌കരിക്കണം

 

പ്രശ്‌നമുണ്ടാക്കുന്നവര്‍ക്ക് അവരെ ആര്‍ക്കും തൊടാനാവില്ലെന്ന ധാരണ നല്‍കിയിരിക്കുകയാണ് നിങ്ങളുടെ (ഫെയ്സ്ബുക്, ട്വിറ്റർ) തണുപ്പൻ പ്രതികരണമെന്ന് കത്തില്‍ പറയുന്നുണ്ട്. ഫുട്‌ബോള്‍ അസോസിയേഷന്‍, പ്രീമിയര്‍ ലീഗ്, വനിതകളുടെ സൂപ്പര്‍ ലീഗ്, കളിക്കാരെയും, മാനേജര്‍മാരെയും, റഫറിമാരെയും പ്രതിനിധീകരിക്കുന്ന സംഘടനകള്‍ തുടങ്ങിയവരാണ് കത്തില്‍ ഒപ്പിട്ടിരിക്കുന്നത്. എന്നാല്‍, അടുത്തെങ്ങും എന്തെങ്കിലും നടപടി സ്വീകരിക്കുമെന്നു കരുതാനാവില്ലെന്നാണ് വിവേചനങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍, എന്തെങ്കിലും തരത്തിലുള്ള നടപടി ഉണ്ടായികാണാന്‍ ആഗ്രഹമുണ്ടെങ്കില്‍ പ്രീമിയര്‍ ലീഗ് ക്ലബുകളും മറ്റും ഫാന്‍സിനോട് ഒരു ദിവസത്തേക്ക് പ്രതീകാത്മകമായി സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കരുതെന്ന് ആവശ്യപ്പെടണം എന്നാണ് ഫെയര്‍ ( FARE) നെറ്റ്‌വര്‍ക്കിന്റെ ഡയറക്ടര്‍ പിയാരാ പൊവാര്‍ ആവശ്യപ്പെടുന്നത്. ഒരു ദിവസത്തേക്ക് സമൂഹ മാധ്യമങ്ങളില്‍ ഒന്നും പോസ്റ്റു ചെയ്യരുതെന്ന് അഭ്യര്‍ഥിക്കണം. അങ്ങനെ ഈ പ്ലാറ്റ്‌ഫോമുകള്‍ വഴങ്ങുന്നതു വരെ പ്രതിഷേധം തുടരണമെന്നാണ് പൊവാര്‍ പറയുന്നത്.

 

∙ സമൂഹ മാധ്യമങ്ങളുടെ ഗുണങ്ങളും മറക്കാനാവില്ല

 

പ്രീമിയര്‍ ലീഗിലെ പ്രശ്‌നങ്ങള്‍ ഫെയ്‌സ്ബുക് ആഗോള തലത്തില്‍ നേരിടുന്ന പ്രതിസന്ധി വെച്ചു നോക്കിയാല്‍ വളരെ ചെറുതാണ്. എങ്കിലും അവര്‍ അതറിയണം. ഫുട്‌ബോള്‍ പ്രേമികള്‍ സമൂഹ മാധ്യമങ്ങളില്‍ നിന്ന് അകലുന്നത് അവയുടെ നടത്തിപ്പുകാര്‍ക്ക് ഇഷ്ടമുള്ള കാര്യമായിരിക്കില്ലെന്നാണ് അഭിപ്രായം. എന്നാല്‍, സമൂഹ മാധ്യമങ്ങളെ ഗുണകരമായ രീതിയില്‍ ഉപയോഗിക്കുന്നവരും ഉണ്ടെന്നതാണ് ഒരു പ്രശ്‌നം. മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ സ്‌ട്രൈക്കര്‍ മാര്‍ക്കസ് റാഷ്‌ഫെഡ് കഴിഞ്ഞ വര്‍ഷം ട്വിറ്റര്‍ ഉപയോഗിച്ച് കുട്ടികളുടെ ദാരിദ്ര്യത്തിനെതിരെ പോരാടിയിരുന്നു. മഹാമാരി സമയത്ത് തന്റെ 40 ലക്ഷത്തിലേറെ വരുന്ന ഫോളോവര്‍മാരെ ഉപയോഗിച്ച് ചില സർക്കാരുകളെക്കൊണ്ട് കുട്ടികള്‍ക്ക് സൗജന്യ ഭക്ഷണം വരെ നൽകി. ഇത്തരം കാര്യങ്ങള്‍ 10-15 വര്‍ഷങ്ങള്‍ക്കു മുൻപ് നടക്കില്ലായിരുന്നു. ലോകമെമ്പാടുമുള്ളവരോട് ഇങ്ങനെ ഒറ്റയടിക്ക് സംവദിക്കാനാകുക എന്നത് വലിയൊരു കാര്യമാണ്. എന്നാല്‍, ആളുകള്‍ ഇത്തരമൊരു സാധ്യത ദുരുപയോഗം ചെയ്യുന്നത് ശരിയല്ലെന്നാണ് റാഷ്‌ഫെഡ് പറയുന്നത്. എല്ലാം ശരിയാകുമെന്ന പ്രത്യാശ അദ്ദേഹം പ്രകടിപ്പിക്കുമ്പോഴും, തനിക്കും തന്റെ മാഞ്ചസ്റ്റര്‍യുണൈറ്റഡ് സംഘാംഗങ്ങളായ അക്‌സല്‍ ടാന്‍സെബെയ്ക്കും ആന്റണി മാര്‍ഷലിനും കഴിഞ്ഞ മാസം സമൂഹ മാധ്യമങ്ങളിൽ നിന്ന് നേരിടേണ്ടി വന്ന ആക്രമണം എത്ര ക്രൂരമായിരുന്നു എന്നും അറിയാം. ഷെഫീല്‍ഡ് യുണൈറ്റഡിനോടു പരാജയപ്പെട്ടുവെന്ന കാരണത്താലാണ് കളിക്കാര്‍ക്കു നേരെ സമൂഹ മാധ്യമങ്ങളിലൂടെ ആക്രമണം അഴിച്ചുവിട്ടത്.

 

വംശീയാധിക്ഷേപങ്ങള്‍ നടത്തുന്നവരുടെ അക്കൗണ്ടുകള്‍ അപ്പോള്‍ത്തന്നെ ഡിലീറ്റു ചെയ്യണമെന്നാണ് റാഷ്‌ഫെഡ് പറയുന്നത്. എന്തായാലും, തങ്ങള്‍ ഇനി വംശീയാധിക്ഷേപങ്ങള്‍ നടത്തുന്നവരുടെ അക്കൗണ്ടുകള്‍ പൂട്ടുമെന്ന് ഫെയ്സ്ബുക് കഴിഞ്ഞയാഴ്ച അറിയിച്ചിട്ടുണ്ട്. പല തവണ മോശം പെരുമാറ്റം ഉണ്ടായാല്‍ മാത്രമെ അക്കൗണ്ട് നീക്കംചെയ്യൂ എന്ന ഫെയ്‌സ്ബുക്കിന്റെ നിലപാടാണ് ഒരു പ്രശ്‌നം. ഇത് എല്ലാവര്‍ക്കും അംഗീകരിക്കാനാകുന്ന ഒരു നയമല്ലെന്നാണ് പൊവാര്‍ പറയുന്നത്. സ്വാണ്‍സിയുടെ കളിക്കാരന്‍ യാന്‍ ഡന്‍ഡയ്‌ക്കെതിരെ ആക്രമണം നടത്തിയ ഇസ്റ്റഗ്രാം അക്കൗണ്ട് ഇപ്പോഴും പ്രവര്‍ത്തിക്കുന്നത് ഇതിനാലാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അക്കൗണ്ടിലെ ഏതാനും ഫങ്ഷനുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കാത്തത്. ആളുകള്‍ക്ക് അവരുടെ തെറ്റുകളില്‍ നിന്ന് പഠിക്കാന്‍ അവസരം നല്‍കുക എന്നത് പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണെന്നാണ് തങ്ങള്‍ കരുതുന്നതെന്നാണ് ഇന്‍സ്റ്റഗ്രാമിന്റെ ഉടമയായ ഫെയ്‌സ്ബുക് ഇക്കാര്യത്തില്‍ പ്രതികരിച്ചത്. ഇത്തരം ഉപയോക്താക്കള്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചാല്‍ അവരുടെ അക്കൗണ്ട് നീക്കംചെയ്യുമെന്നാണ് കമ്പനി പറയുന്നത്. എന്നാല്‍, ഇത് സ്വാണ്‍സിക്ക് ഒട്ടും ഇഷ്ടപ്പെട്ടിട്ടില്ല. ഫെയ്‌സ്ബുക് ഇരയോടു കണിക്കുന്നതിനേക്കാളേറെ സഹതാപം ആക്രമണകാരിയോടു കാണിക്കുന്നു എന്നാണ് ക്ലബ് പറയുന്നത്. 

 

∙ പൊലീസ്, സർക്കാർ

 

എന്തായാലും, ഇത്തരം ആക്രമണങ്ങള്‍ കൂടി വരുന്ന സാഹചര്യത്തില്‍ പൊലീസും കൂടുതല്‍ ഇടപെടലുകള്‍ നടത്താന്‍ ഒരുങ്ങുകയാണ്. ഓണ്‍ലൈനിലൂടെ വിദ്വേഷം പ്രചരിപ്പിക്കുന്ന പോസ്റ്റുകളിടുന്നവരെ തേടിപ്പിടിക്കാന്‍ തന്നെയാണ് അവരുടെ തീരുമാനം. സർക്കാരും പുതിയ നിയമനിര്‍മാണം നടത്തുകയാണ് - ഓണ്‍ലൈന്‍ സേഫ്റ്റി ബില്‍. സമൂഹ മാധ്യമങ്ങള്‍ക്ക് പിഴ ചുമത്തുക എന്നതായിരിക്കും ഒരു നടപടി.

 

∙ സെന്‍ഡ് ഓഫ് നല്‍കിയ റഫറിക്ക് വധഭീഷണി

 

ഫുട്‌ബോള്‍ അധികാരികള്‍ സക്കര്‍ബര്‍ഗിനും മറ്റും അയച്ച കത്തില്‍ പറയുന്നത് ഉപയോക്താക്കള്‍ ആരാണെന്നത് വ്യക്തമായി അറിഞ്ഞുവയ്ക്കണമെന്നാണ്. അപ്പോള്‍ മാത്രമെ അവര്‍ പുതിയൊരു അക്കൗണ്ട് എടുക്കുന്നതു തടയാനാകൂ. കളിക്കാരും, റഫറിമാരും മറ്റും സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കാതിരുന്നാലും അവര്‍ക്കു നേരെ ആക്രമണങ്ങള്‍ ഉണ്ടാകാം. റഫറി മൈക് ഡീനിന് കുടുംബത്തിലുള്ളവരുടെ അക്കൗണ്ടുകള്‍ വഴിയാണ് വധ ഭീഷണി എത്തിയത്. ഒരു കളിക്കാരനെ സെന്‍ഡ് ഓഫ് നല്‍കിയതിനാണ് വധ ഭീഷണി. ഓണ്‍ലൈനിലൂടെയുള്ള ആക്രമണങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നാണ് മുന്‍ പ്രീമിയര്‍ലീഗ് റഫറിയായ മൈക് റിലി പറയുന്നത്. ഈ പ്രശ്‌നത്തില്‍ കൂടുതല്‍ നടപടികള്‍ ഉണ്ടാകണമെന്നാണ് അദ്ദേഹം പറയുന്നത്. 

 

ന്യൂകാസില്‍ മാനേജര്‍ സ്റ്റീവ് ബ്രൂസിന് ഭീഷണി സന്ദേശങ്ങള്‍ എത്തിയത് മകന്‍ അലക്‌സിന്റെ അക്കൗണ്ട് വഴിയാണെന്നതാണ് അദ്ദേഹത്തെ പേടിപ്പിക്കുന്നത്. വല്ലാത്തൊരു പ്രശ്‌നമാണിത്. ചിലര്‍ ശപിക്കുന്നത് ഞാന്‍ കോവിഡ് വന്നു മരിച്ചുപോകട്ടെ എന്നാണെന്ന് സ്റ്റീവ് പറയുന്നു. ആര്‍സണല്‍ മാനേജര്‍ പറയുന്നത് തനിക്ക് സമൂഹ മാധ്യമ അക്കൗണ്ടുകള്‍ ഉണ്ടെങ്കിലും അവ പേടിച്ച് തുറക്കാറില്ല എന്നാണ്. ഞാനിത്തരം സന്ദേശങ്ങള്‍ വായിക്കാതിരിക്കാന്‍ ശ്രമിക്കുന്നു. കാരണം എന്റെ കുടുംബത്തെക്കൂട്ടി അയയ്ക്കുന്ന സന്ദേശങ്ങള്‍ എന്നെ വല്ലാതെ ഉലയ്ക്കുന്നു എന്നാണ്.

 

English Summary: English Premier League in big crisis as attacks through social media increases

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com