ADVERTISEMENT

ജീവിതത്തിൽ ആദ്യമായി ഫോൺ സ്‌ക്രീനിൽ അശ്ലീല ചിത്രം കണ്ടപ്പോൾ അറബ് പെൺകുട്ടിയായ അമൽ (യഥാർഥ പേരല്ല) ഞെട്ടിപോയി. അയച്ചത് വൃദ്ധനായ ഫെയ്സ്ബുക് സുഹൃത്തും. ഫെയ്സ്ബുക്കിൽ പതിവായി തനിക്ക് സന്ദേശമയച്ചുകൊണ്ടിരുന്ന വൃദ്ധനോട് അവൾ ഇതുവരെ മാന്യമായാണ് പ്രതികരിച്ചിരുന്നത്. തന്റെ ജീവിതത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ചോദ്യങ്ങൾക്കെല്ലാം ചുരുക്കത്തിൽ ഒറ്റവാക്കിലാണ് അവൾ മറുപടി നൽകിയിരുന്നത്. അങ്ങനെയെങ്കിലും അയാൾ പിന്തിരിഞ്ഞു പോകുമെന്ന പ്രതീക്ഷയിലാണ് മറുപടി ചുരുക്കിയിരുന്നത്.

 

എന്നാൽ, പല ചാറ്റുകൾക്കും മറുപടി നൽകാതെ വന്നതോടെ അർദ്ധ നഗ്ന ചിത്രങ്ങൾ‌, ചിലത് അശ്ലീല മാസികകളിൽ‌ നിന്നും, മറ്റുള്ളവർ‌ പോൺ വെബ്സൈറ്റുകളിൽ നിന്നുമുള്ള ചിത്രങ്ങൾ അയക്കാൻ തുടങ്ങി. ഇതോടെ എന്തു ചെയ്യണമെന്നറിയാതെ ഭയന്നു എന്നാണ് ജോർദാനിലെ അമ്മാനിലെ ഒരു യൂണിവേഴ്സിറ്റി വിദ്യാർഥിയായ 21 കാരി പറയുന്നത്. ഞാൻ എന്നെത്തന്നെ കുറ്റപ്പെടുത്താൻ തുടങ്ങി, ചാറ്റിങ് കുറച്ചതു കൊണ്ടാണ് അദ്ദേഹം തുടർച്ചയായി അശ്ലീല ചിത്രങ്ങൾ അയക്കാൻ തുടങ്ങിയതെന്നും അവർ പറഞ്ഞു. ഏതോ ഗ്രൂപ്പിൽ നിന്നാണ് ഇവർ തമ്മിൽ പരിചയപ്പെട്ടത്. എന്നാൽ, ഹായ് ൽ തുടങ്ങിയ ചാറ്റിങ് അവസാനം സെക്സ് ചിത്രങ്ങൾ അയക്കുന്നതിലേക്ക് വരെ കാര്യങ്ങള്‍ എത്തി.

 

ഇതറിഞ്ഞാൽ തന്നെ ശിക്ഷിക്കുമെന്നും സമൂഹ മാധ്യമങ്ങളിലേക്കുള്ള പ്രവേശനം തടയുമെന്നും ഭയന്ന് അമൽ രക്ഷിതാക്കളിൽ നിന്നു പോലും സന്ദേശങ്ങൾ രഹസ്യമായി സൂക്ഷിച്ചു. സ്ത്രീ സുഹൃത്തുക്കളെ പോലും അവൾ വിശ്വസിച്ചില്ല. അയാൾ അയച്ച ചിത്രങ്ങളെല്ലാം വളരെ മോശമായിരുന്നു. ഈ മനുഷ്യൻ എന്തിനാണ് തന്നെ തിരഞ്ഞെടുത്തതെന്ന് ചോദിച്ചാൽ ആദ്യമൊക്കെ ഞാൻ അദ്ദേഹത്തിന്റെ ചാറ്റിങ് പ്രോത്സാഹിപ്പിച്ചു എന്നത് തന്നെയാണ് കാരണം. ഇക്കാര്യം പുറത്തുപറഞ്ഞാൽ താൻ തെറ്റുകാരിയാണെന്ന് മുദ്രകുത്തുമെന്നും അമൽ ഭയന്നു.

 

കഴിഞ്ഞ ഒരു വർഷമായി മിഡിൽ ഈസ്റ്റിലും വടക്കേ ആഫ്രിക്കയിലും ഓൺലൈൻ വഴിയുള്ള ആക്രമണങ്ങൾ വ്യാപകമായിട്ടുണ്ട്. നിരവധി സ്ത്രീകളെയും പെൺകുട്ടികളെയും ഓൺലൈനിൽ ടാർഗെറ്റുചെയ്യുന്നുണ്ട്. ജോർദാൻ ഉൾപ്പെടെയുള്ള മേഖലയിലെ ഒൻപത് രാജ്യങ്ങളിൽ നടത്തിയ സർവെയിൽ പകർച്ചവ്യാധി സമയത്ത് സ്ത്രീകൾക്കെതിരായ ഓൺലൈൻ ആക്രമണങ്ങൾ ഗണ്യമായി വർധിച്ചതായി കണ്ടെത്തിയിരുന്നു. സാമൂഹിക അകലം പാലിക്കലും മറ്റ് കോവിഡ് നിയന്ത്രണങ്ങളും സമൂഹ മാധ്യമങ്ങൾ ദുരുപയോഗം ചെയ്യുന്നവർക്ക് അവസരമൊരുക്കി. പ്രധാനമായും സ്ത്രീകളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണങ്ങൾ.

 

ഇത് സ്ത്രീകൾക്കെതിരായ ഇരട്ട ആക്രമണമാണെന്നാണ് വിദഗ്ധർ പറയുന്നത്. ഓൺലൈൻ ദുരുപയോഗത്തിന്റെ പ്രത്യാഘാതങ്ങൾ നേരിടുമ്പോൾ തന്നെ അവരുടെ കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും ഇരയെ കുറ്റപ്പെടുത്തുമെന്ന ഭയവും നേരിടേണ്ടിവരുന്നുണ്ട്. ഒരു പരമ്പരാഗത സമൂഹത്തിലുള്ള കുടുംബം ഇത്തരം സംഭവം അറിഞ്ഞാൽ ആദ്യം കുറ്റപ്പെടുത്തുക പെൺകുട്ടിയെ ആയിരിക്കും. ചിലപ്പോൾ മാനസികമായും ശാരീരികമായും വരെ ഉപദ്രവിച്ചേക്കാം. ഇങ്ങനെ വരുമ്പോൾ ഇത്തരം സൈബർ ആക്രമണങ്ങളൊന്നും കുട്ടികൾ രക്ഷിതാക്കളോട് പറയാൻ ഭയക്കും.

 

മിക്കപ്പോഴും ഇരകൾ മാതാപിതാക്കളോട് പറയാൻ ഭയപ്പെടുന്നു, ഇത് അവരെ കൂടുതൽ ദുർബലനാക്കുന്നു, ഉപദ്രവിക്കുന്ന വ്യക്തി അവളെ കൂടുതൽ നിയന്ത്രിക്കാൻ ഇത് ഉപയോഗിക്കുകയും ചെയ്യുന്നു. മിക്ക സ്ത്രീകളും അന്യരുമായി ചാറ്റിങ് തുടങ്ങുന്നത് ഫെയ്സ്ബുക് ഗ്രൂപ്പുകളിലെ ഒരു സാധാരണ സംഭാഷണത്തിലൂടെയാണ്. ഇത് പിന്നീട് മെസഞ്ചറിലേക്കും വാട്സാപ്പിലേക്കും  സ്വകാര്യത കൈമാറുന്നതിലേക്കും നീങ്ങുന്നു. ‍ചിലപ്പോൾ ഇത് അടുത്ത സുഹൃത്ത് തന്നെയാകാം, അല്ലെങ്കിൽ കൂടെ പഠിക്കുന്നവരാകാം. എന്നാൽ ചാറ്റിൽ ഒരു പതിവ് സംഭാഷണം പോലെയാണ് ആരംഭിക്കുന്നത്. തുടർന്ന് ചാറ്റിങ് കൂടുകയും വൈകാതെ അത് ഒരു ലൈംഗിക ചർ‌ച്ചകളിലേക്ക് പോകുകയും ചെയ്യുന്നു.

 

English Summary: Facebook abuse agianst women

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com