ADVERTISEMENT

തീവ്രനിലപാടുകാരായ ജൂതരുടെ രഹസ്യഗ്രൂപ്പുകളിൽ വംശീയവിരോധവും വിദ്വേഷപ്രവർത്തനങ്ങൾക്കുള്ള ആഹ്വാനവും വളർന്നുവരുന്നതായി മുൻനിര അമേരിക്കൻ പോർട്ടൽ സ്കൈന്യൂസ് നടത്തിയ അന്വേഷണത്തിൽ തെളിയുന്നു. പോർട്ടലിൽ പങ്കുവച്ച ലേഖനത്തിലാണ് ഇതിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തു വന്നത്.

 

ഇസ്രയേൽ –പലസ്തീൻ പ്രശ്നം ഉടലെടുത്തതിനു ശേഷം സ്കൈന്യൂസ് തീവ്രദേശീയവാദം പുലർത്തുന്ന ചില ഫെയ്സ്ബുക് കൂട്ടായ്മകൾ സശ്രദ്ധം നിരീക്ഷിച്ചുവരികയായിരുന്നു. ഇവയിൽ പലതും നിരന്തരമായി റിപ്പോർട്ട് ചെയ്തതിനാൽ ഫെയ്സ്ബുക്കിൽ നിന്ന് ഇപ്പോൾ മാറ്റപ്പെട്ടിട്ടുണ്ടെന്നു പോർട്ടൽ പറയുന്നു. ടെലിഗ്രാമിലും ഇത്തരം ചാനലുകളുണ്ടത്രേ. വാർ ഗ്രൂപ്പ്, ഡെത്ത് ടു അറബ്സ് തുടങ്ങി വളരെ പ്രകോപനപരമായ പേരുകളുള്ള ചില ചാനലുകൾ ടെലിഗ്രാം നീക്കം ചെയ്തു.

 

ഇസ്രയേൽ– പലസ്തീ‌ൻ സംഘർഷം ഉടലെടുത്തതോടെ തെരുവുകളിൽ ജൂത–അറബ് വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ നടന്നിരുന്നു. ഇതെല്ലാം രഹസ്യ ഓൺലൈൻ ഗ്രൂപ്പുകളിൽ വലിയ വിഷയമായി മാറി. മേയ് മധ്യത്തി‍ൽ ബാറ്റ് യാം എന്ന മേഖലയിൽ ഒരു അറബി വംശജനു നേരിട്ട ആക്രമണം ഇത്തരം ടെലിഗ്രാം ചാനലുകളിലൂടെയാണു പദ്ധതിയിട്ടതെന്നും റിപ്പോർട്ടുകളുണ്ട്.

 

ഒരു വിഭാഗം ജൂതർക്കിടയിൽ തീവ്രമായ ദേശീയവാദവും വിദ്വേഷവും വളർന്നിട്ടുണ്ടെന്നു സ്കൈന്യൂസ് പറയുന്നു. സിവിലിയൻ ആർമി എന്നു പേരുണ്ടായിരുന്ന ഇത്തരമൊരു ചാനലിൽ അംഗങ്ങളുടെ എണ്ണം ആറായിരത്തിലധികമായിരുന്നു. ടെലിഗ്രാം ഈ ചാനൽ പൂട്ടിയതിനെ തുടർന്ന് ഇതിന്റെ സംഘാടകർ മറ്റേതോ പേരിൽ പുതിയ ചാനൽ തുടങ്ങി.

 

അറബ് വംശജരെ അവഹേളിക്കുകയും, അവർക്കെതിരെ പ്രകോപനം സൃഷ്ടിക്കുകയും ചെയ്യുന്ന തരത്തിലുള്ള യൂസർ നെയിമുകളാണ് ഇത്തരം ചാനലുകളിലെ അംഗങ്ങൾ ഉപയോഗിക്കുന്നത്. ആക്രമണങ്ങളുടെയും മറ്റും ചിത്രങ്ങളും വിഡിയോകളും ഇവയിൽ പങ്കുവയ്ക്കപ്പെടുന്നുണ്ടെന്നു സ്കൈന്യൂസ് പറയുന്നു. കേവലം കൂട്ടായ്മ എന്നതിനപ്പുറം തീവ്രനയങ്ങൾ ഉപയോക്താക്കളിലേക്ക് എത്തിക്കാനും ഗ്രൂപ്പുകൾ ഉപയോഗപ്പെടുത്തുന്നുണ്ടത്രേ. അറബ് ഉടമസ്ഥതയിലുള്ള സ്റ്റോറുകളിൽ നിന്നും കച്ചവടസ്ഥാപനങ്ങളിൽ നിന്നും സാധനങ്ങൾ വാങ്ങുന്നതു നിർത്താനൊക്കെ ഇവയിൽ ആഹ്വാനമുണ്ട്. ഇസ്രയേലിലെ തീവ്ര വലതുപക്ഷ ജൂതാഭിമുഖ്യമുള്ള പാർട്ടിയായ ഒറ്റ്സ്മ യെഹൂദിറ്റ്സുമായി ബന്ധമുള്ള  വാട്സാപ് ഗ്രൂപ്പിലും പ്രക്ഷോഭങ്ങളിൽ ആയുധം ഉപയോഗിക്കാനും മറ്റുമുള്ള ആവശ്യങ്ങളടങ്ങിയ പോസ്റ്റുകൾ പ്രത്യക്ഷപ്പെടുന്നുണ്ടെന്നു മാധ്യമം വെളിപ്പെടുത്തുന്നു. അറബ് വംശജരെ ശത്രുക്കൾ എന്നാണു ഇത്തരം ഗ്രൂപ്പുകളിൽ വിശേഷിപ്പിക്കപ്പെടുന്നത്.

 

വിദ്വേഷസന്ദേശങ്ങൾ പ്രചരിപ്പിച്ചതിന് ഇസ്രയേലിലെ ഫുട്ബോൾ ക്ലബ്ബായ ബെയ്റ്റർ ജറുസലമിന്റെ ഫാൻ ഗ്രൂപ്പായ ‘ലാ ഫമിലിയ’യെയും ഫെയ്സ്ബുക് വിലക്കിയിട്ടുണ്ട്.ബാറ്റ് യാം മേഖലയിൽ അറബ് വംശജന്റെ വ്യാപാരസ്ഥാപനം നശിപ്പിച്ചതിലും ലാ ഫമിലിയ അംഗങ്ങൾക്കു പങ്കുണ്ടെന്ന് ആരോപണമുണ്ട്.

 

രഹസ്യഗ്രൂപ്പുകളിൽ ശക്തമായ വെരിഫിക്കേഷൻ നടപടികൾക്കു ശേഷമേ ആളുകളെ ചേർക്കൂ. ഇസ്രയേൽ രാഷ്ട്രത്തിനു പിന്തുണ നൽകിക്കൊണ്ടുള്ള സന്ദേശമടങ്ങിയ വിഡിയോകളും അംഗമാകാനായി നൽകേണ്ടി വരും. ഇത്തരം ഗ്രൂപ്പുകൾക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും തങ്ങളുടെ പ്ലാറ്റ്ഫോമുകളിൽ വംശീയവിഷ്വേദം വച്ചുപൊറുപ്പിക്കില്ലെന്നും ഫെയ്സ്ബുക് വ്യക്തമാക്കിയിട്ടുണ്ട്.

 

English Summary: Israeli ultranationalists creating 'secret' online groups to organise violence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com