ADVERTISEMENT

വാട്സാപ്പിന്റെ എതിരാളികളായ സിഗ്നലും ടെലഗ്രാമും വൻ മുന്നേറ്റം നടത്തുന്നുവെന്ന് റിപ്പോർട്ട്. കഴിഞ്ഞ കുറച്ചു മാസങ്ങളിലെ കണക്കുകൾ നോക്കുമ്പോൾ സിഗ്നൽ, ടെലഗ്രാം ആപ്പുകൾ വാട്സാപ്പിനേക്കാൾ 1,200 ശതമാനം മുന്നേറ്റം നടത്തി. വാട്സാപ്പിൽ പുതിയ സ്വകാര്യതാ നയം വരുമെന്ന് ഭയന്ന് മിക്കവരും രണ്ടാമത്തെ ബദലായി സിഗ്നൽ, ടെലഗ്രാം ആപ്പുകളും ഉപയോഗിക്കാൻ തുടങ്ങി. ഇതോടെയാണ് ഇന്ത്യ ഉൾപ്പടെയുളള രാജ്യങ്ങളിൽ പുതിയ സ്വകാര്യതാ നയത്തിൽ വാട്സാപ് അയവ് വരുത്തിയതെന്നും സൂചനയുണ്ട്. ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സാപ്പിനെ ഏറെ ചിന്തിപ്പിക്കുന്ന കണക്കുകളാണ് പുറത്തുവന്നത്.

 

വാട്സാപ് ഡൗൺലോഡ് ചെയ്യുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. വാട്സാപ്പിനെതിരെ ജനുവരിയിൽ തുടങ്ങിയ പൊതുജനങ്ങളുടെ പ്രതിഷേധം കാരണം രക്ഷപ്പെട്ടത് സിഗ്നലും ടെലഗ്രാമുമാണ്. വാട്സാപ്പാനെതിരെ സിഗ്നൽ വ്യാപകമായി ക്യാംപെയ്നും നടത്തിയിരുന്നു. തുടർന്ന് സിഗ്നലിന്റെ പരസ്യങ്ങൾ ഫെയ്സ്ബുക് വിലക്കുകയും ചെയ്തു.

 

മൊബൈൽ ആപ്ലിക്കേഷൻ അനലിറ്റിക്സ് കമ്പനിയായ സെൻസർ ടവർ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം  ജനുവരിയിൽ സിഗ്‌നലും ടെലഗ്രാമും ഇൻസ്റ്റാൾ ചെയ്യുന്നതിൽ വൻ വർധനവ് രേഖപ്പെടുത്തി. വാട്സാപ് ഉപയോക്താക്കളുടെ ഡേറ്റ ഫെയ്സ്ബുക്കിനും കൈമാറുമെന്ന് ഔദ്യോഗികമായ അറിയിപ്പ് വന്നതോടെയാണ് എതിരാളികൾ മുന്നേറ്റം നടത്തിയത്.

 

2021 ന്റെ ആദ്യ നാല് മാസങ്ങളിൽ സിഗ്നലിന്റെ ഡൗൺ‌ലോഡുകൾ 1,192 ശതമാനം (YOY) വർധിച്ച് ലോകമെമ്പാടും 64.4 ദശലക്ഷമായി ഉയർന്നു. ഇതേസമയം ടെലഗ്രാമിന്റെ ഇൻസ്റ്റാളുകൾ 98 ശതമാനം വർധിച്ച് 161 ദശലക്ഷമായി ഉയർന്നുവെന്നും സെൻസർ ടവർ കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ, ജനുവരി– ഏപ്രിൽ വരെയുള്ള നാല് മാസങ്ങളിൽ ആഗോളതലത്തിൽ വാട്സാപ് ഇൻസ്റ്റാൾ ചെയ്യുന്നവരുടെ എണ്ണം 43 ശതമാനം താഴോട്ടുപോയി 172.3 ദശലക്ഷമായി.

 

ജനുവരിയിൽ സിഗ്നൽ ഇൻസ്റ്റാളുകൾ 5,001 ശതമാനം വർധിച്ച് 50.6 ദശലക്ഷമായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 992,000 ആയിരുന്നു ഇൻസ്റ്റാളുകൾ. എന്നാൽ, ജനുവരിയിലെ വർധനവിന് ശേഷം ഓരോ മാസവും സിഗ്നലിന്റെ ഇൻസ്റ്റാളുകൾ കുറഞ്ഞുവെങ്കിലും ശരാശരി മുന്നേറ്റം തുടർന്നു. ഏപ്രിലിൽ ആഗോളതലത്തിൽ സിഗ്നലിന് ലഭിച്ചത് 2.8 ദശലക്ഷം ഡൗൺലോഡുകളാണെന്ന് സെൻസർ ടവർ കണക്കുകൾ വ്യക്തമാക്കുന്നു. 2020 ഏപ്രിലിൽ റിപ്പോർട്ട് ചെയ്ത 1.3 ദശലക്ഷം ഡൗൺലോഡുകളുടെ ഇരട്ടിയാണിത്.

 

സിഗ്നലിനു സമാനമായി, ടെലഗ്രാം ഡൗൺ‌ലോഡുകൾ‌ 16.6 ദശലക്ഷത്തിൽ‌ നിന്നും 283 ശതമാനം വർധിച്ച് 63.5 ദശലക്ഷമായി. എന്നാൽ, ടെലഗ്രാമിന്റെ ഏപ്രിലിലെ ഡൗൺ‌ലോഡ് മൂന്ന് ശതമാനം കുറഞ്ഞ് 26.2 ദശലക്ഷത്തിലെത്തി. കഴിഞ്ഞ വർഷം ഇക്കാലയളവിൽ ഇത് 27 ദശലക്ഷമായിരുന്നു.

 

സെൻസർ ടവർ പുറത്തുവിട്ട ഡേറ്റയിൽ ജനുവരിയിൽ കുറച്ച് വളർച്ച കൈവരിച്ചതിന് തൊട്ടുപിന്നാലെ സിഗ്നലിന്റെയും ടെലിഗ്രാമിന്റെയും ഡൗൺലോഡ് വേഗത്തിൽ കുറവുണ്ടായതായി കാണിക്കുന്നു. എന്നാൽ, കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ജനപ്രിയ ആപ്ലിക്കേഷനായ വാട്സാപ്പിനു വെല്ലുവിളിയാകാൻ ഈ രണ്ട് ആപ്പുകൾക്കും സാധിച്ചു.

 

English Summary: WhatsApp Rivals Signal, Telegram Saw Nearly 1,200 Percent Growth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com