ADVERTISEMENT

ഫെയ്‌സ്ബുക് ചില ഉപയോക്താക്കളുടെ മേല്‍ പുതിയ അല്‍ഗോറിതം പരീക്ഷിക്കുന്നുണ്ടെന്ന് റിപ്പോർട്ട്. ഇതുവഴി സത്യമോ, സത്യമാകാന്‍ സാധ്യതയുള്ളതോ ആയ വിവരങ്ങള്‍ വരെ തരംതാഴ്ത്തപ്പെടുകയോ കുഴിച്ചുമൂടപ്പെടുകയോ ചെയ്തു, ചില കമന്റുകള്‍ ഒളിപ്പിച്ചു, വാക്‌സീന്‍ വിരുദ്ധത പൂര്‍ണമായും ഇല്ലാതാക്കുന്നതിന്റെ ഭാഗമായി സത്യങ്ങളും, സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വരെ മൂടിവച്ചുവെന്നും ആരോപണം. ഈ വിവരങ്ങളെല്ലാം പുറത്തുവിട്ട ജോലിക്കാനെ കമ്പനി പുറത്താക്കി എന്നാണ് പുതിയ റിപ്പോർട്ട്. 

 

മോര്‍ഗന്‍ കാഹ്മാന്‍ (Morgan Kahmann) എന്ന ഉദ്യോഗസ്ഥനെയാണ് കമ്പനി പിരിച്ചുവിട്ടത്. കമ്പനിക്കുള്ളില്‍ നടന്ന വിവരങ്ങള്‍ പുറത്തുവിട്ടുവെന്ന കാരണത്താലാണ് മോര്‍ഗനെ പുറത്താക്കിയത്. കമ്പനിയുടെ രണ്ടു ജോലിക്കാരാണ് ഫെയ്‌സ്ബുക്കിനുള്ളില്‍ നടന്ന കാര്യങ്ങളെക്കുറിച്ചുള്ള 'വിഡിയോ പ്രൊജക്ട് വെരിട്ടാസ'് എന്ന അന്വേഷണാത്മക മാധ്യമ സ്ഥാപനത്തിനു കൈമാറിയതെന്നു കമ്പനി കണ്ടെത്തുകയായിരുന്നു.

 

കമ്പനിക്കുള്ളിലെ വിവരങ്ങള്‍ പുറത്തുവിടുന്ന ജോലിക്കാരെ വിമര്‍ശിച്ച ഫെയ്സ്ബുക് മേധാവി മാര്‍ക്ക്‌ സക്കര്‍ബര്‍ഗിന്റെ വിഡിയോ അടക്കമാണ് പുറത്തുവിട്ടത്. ഫെയ്‌സ്ബുക്കിനുള്ളില്‍ നടക്കുന്നുവെന്ന് ആരോപിക്കപ്പെടുന്ന സെന്‍സറിങ്ങിനെക്കുറിച്ചുള്ള വിഡിയോ ആണ് പുറത്തുവിട്ടത്. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന മാധ്യമസ്ഥാപനമായ പ്രൊജക്ട് വെരിട്ടാസ് വഴിയാണ് വിഡിയോ പുറത്തെത്തിയത്. ഫെയ്സ്ബുക്കിലെ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ സംഭാഷണത്തിനിടയിലാണ് കമ്പനിക്കുള്ളില്‍ നടക്കുന്ന കാര്യങ്ങള്‍ പുറത്തുവിടുന്നവരെ വേരോടെ പിഴുതുകളയണമെന്ന് സക്കര്‍ബര്‍ഗ് പറയുന്നത്. കമ്പനിക്കുളളില്‍ നടക്കുന്ന കാര്യങ്ങള്‍ പുറത്തുപറയുന്നവര്‍ കഴിഞ്ഞവര്‍ഷം സ്ഥാപനത്തിന് നിരവധി തവണ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുവെന്നും സക്കര്‍ബര്‍ഗ് പറയുന്നു. ഇത്തരക്കാരെ കണ്ടെത്തുമ്പോള്‍ത്തന്നെ പുറത്താക്കുക എന്നതാണ് നയമെന്നും സക്കര്‍ബര്‍ഗ് പറഞ്ഞു. മോര്‍ഗന്റെ കാര്യത്തില്‍ അതു നടപ്പാക്കി കഴിഞ്ഞു!

 

ഒരു കമ്പനിയില്‍ മാറ്റംകൊണ്ടുവരേണ്ട രീതി ഇതുപോലെ പുറത്തുപറയലല്ല. ഇവിടെ ജോലിക്കാരുടെ അഭിപ്രായങ്ങള്‍ സ്വതന്ത്രമായി പങ്കുവയ്ക്കാം. ഇവിടെ നടക്കുന്ന കാര്യങ്ങള്‍ പുറത്തുപറയുന്നവര്‍ കമ്പനി മേധാവികളില്‍ പഴി ആരോപിക്കുകയും, ചരിത്രത്തിന്റെ ഉത്തമമായ ഭാഗത്തു നിലകൊള്ളുന്നുവെന്നു കരുതുകയും ചെയ്യുന്നു. എന്നാല്‍, അത് ഏറെ വ്യാഖ്യാന സാധ്യതകളുള്ള കാര്യമാണ്. അതേസമയം, കമ്പനിയില്‍ നടക്കുന്ന കാര്യങ്ങള്‍ പുറത്തുവിടുന്നവരുടെ കൈവശം പൂര്‍ണവിവരങ്ങള്‍ ഉണ്ടാകണമെന്നില്ലെന്നാണ് ഫെയ്‌സ്ബുക്കിന്റെ ഡെപ്യൂട്ടി ജനറല്‍ കൗണ്‍സില്‍ ആയ ഹെയ്ഡി സ്വാര്‍ട്‌സ് പറയുന്നത്. കമ്പനിക്കുളളിലെ വിവരങ്ങള്‍ പുറത്തുവിടുന്ന വിസില്‍ബ്ലോവര്‍മാര്‍ കമ്പനിക്ക് ദോഷമാണ് ചെയ്യുന്നതെന്നാണ് അവര്‍ പറയുന്നത്. ഹെയ്ഡിയുടെ സംഭാഷണവും പുറത്തുവിട്ട വിഡിയോയില്‍ കാണാം. അതേസമയം, സക്കര്‍ബര്‍ഗിന് മോര്‍ഗന്‍ കാഹ്മാനെ പുറത്താക്കാം. എന്നാല്‍ കൂടുതല്‍ ഹീറോമാര്‍ ഇനിയും വരാമെന്നാണ് വെരിട്ടാസ് ട്വീറ്റു ചെയ്തത്.

 

∙ വിഡിയോ പുറത്തുവന്ന പശ്ചാത്തലം

 

ഫെയ്‌സ്ബുക്കിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും 1.5 ശതമാനം ഉപയോക്താക്കളില്‍ പുതിയൊരു അല്‍ഗോറിതം ഉപയോഗിച്ചു പരീക്ഷണം നടത്തുന്നു എന്നതിനെക്കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവിട്ടത്. സക്കര്‍ബര്‍ഗും മറ്റും സംസാരിക്കുന്ന വിഡിയോ പുറത്തുവന്നതിന്റെ പശ്ചാത്തലം ഇതാണ്. ഇത്തരം മെസേജിങ് സംവിധാനങ്ങളെ കണ്ണടച്ചു വിശ്വസിക്കുന്നവര്‍ ഇങ്ങനെ പരീക്ഷണങ്ങള്‍ക്ക് നിരന്തരം വിധേയരായിക്കൊണ്ടിരിക്കും എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണിതെന്ന് പറയുന്നു. ഫെയ്‌സ്ബുക്, ഗൂഗിള്‍ തുടങ്ങിയ പല സേവനങ്ങളും ഫ്രീയാണ്. ഇവ ഇങ്ങനെ ഫ്രീയായി നിലനിര്‍ത്തുന്നത് ഉപയോക്താക്കളെക്കുറിച്ചുള്ള ഡേറ്റ ശേഖരിക്കാനാണ് എന്നുള്ള ആരോപണം വര്‍ഷങ്ങളായി നിലനില്‍ക്കുന്നു. എന്നാല്‍, ഇങ്ങനെ ശേഖരിക്കുന്ന ഡേറ്റ പൊതുവെ ആളെ അറിഞ്ഞ് പരസ്യം കാണിക്കാനാണെന്നും അതുവഴി കമ്പനികള്‍ക്ക് കാശുണ്ടാക്കാനാണെന്നുമാണ് വയ്പ്പ്. എന്നാല്‍ അതു മാത്രമല്ല ഇത്തരം ഇന്റര്‍നെറ്റ് കമ്പനികളുടെ ഉദ്ദേശമെന്ന ആരോപണവും നിലനില്‍ക്കുന്നു. വരുംകാലത്ത് ഏറ്റവും വിലപിടിച്ചതാകുന്നത് ഡേറ്റയാണ്. സൗജന്യ സേവനങ്ങള്‍ ആസ്വദിക്കുന്നുവെന്നു കരുതുന്നവരുടെ മേല്‍ പരീക്ഷണങ്ങള്‍ നടത്തലും മറ്റും ഇനിയും നടക്കാമെന്നും വിശകലന വിദഗ്ധര്‍ പറയുന്നു. 

 

∙ വാക്‌സീന്‍ വൈമുഖ്യം

 

പ്രൊജക്ട് വെറിട്ടാസ് പുറത്തുവിട്ട രേഖകളിലെ മുഖ്യ പരാമര്‍ശങ്ങളിലൊന്ന് ചില ആളുകള്‍ക്ക് വാക്‌സീന്‍ എടുക്കാനുള്ള വൈമുഖ്യമാണ്. ഇവരില്‍ ചിലര്‍ ഉന്നയിക്കുന്നത് സത്യമോ, സത്യമാകാന്‍ സാധ്യതയുള്ളതോ ആയ കാര്യങ്ങളാണെന്നും പറയുന്നു. എന്നാല്‍ ഇത്തരം കമന്റുകള്‍ അധികമാരും കാണാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവെന്നും പറയുന്നു. ഇതുവരെ 37 ലക്ഷത്തിലേറെ പേര്‍ മരിച്ച വൈറസ് ബാധയ്‌ക്കെതിരെ വാക്‌സിനേഷന്‍ നടക്കേണ്ടത് ആവശ്യമാണ്. എങ്കിലും, വാക്‌സീനേഷനെക്കുറിച്ചുള്ള ന്യായമായ ആശങ്കകള്‍ രേഖപ്പെടുത്താന്‍ അനുവദിക്കണമെന്നാണ് ഒരുവിഭാഗം പറയുന്നത്. അതേസമയം തങ്ങള്‍ വാക്‌സീനേഷന്റ കാര്യത്തില്‍ സ്വീകരിച്ച നയം ബ്ലോഗ് വഴി വിശദീകരിച്ചതാണെന്ന വാദമാണ് ഫെയ്‌സ്ബുക് നടത്തുന്നത്. പുറത്താക്കപ്പെട്ട മോര്‍ഗന്‍ പറയുന്നത്, തങ്ങളുടെ കമന്റുകള്‍ പ്രചരിക്കാതിരിക്കാന്‍ ശ്രമിക്കുന്നതിനെക്കുറിച്ച് ഉപയോക്താക്കള്‍ക്ക് ഒരു ധാരണയുമില്ലെന്നാണ്. ഫെയ്‌സ്ബുക് ചെയ്യുന്നത് തികച്ചും അധാര്‍മികമായ പ്രവര്‍ത്തിയാണെന്നാണ് മോര്‍ഗന്‍ പറയുന്നു.

 

ഫെയ്‌സ്ബുക്കിന്റെ പുതിയ അല്‍ഗോറിതം അവരുടെ 380 കോടി ഉപയോക്താക്കളില്‍ 1.5 ശതമാനം പേരിലാണ് പരീക്ഷിച്ചത്. ഇങ്ങനെ ചെയ്യുക വഴി പല തരം പ്രതിഷേധങ്ങള്‍ക്കും തലപൊക്കാന്‍ അനുവദിക്കാതരിക്കാന്‍ ഫെയ്‌സ്ബുക്കിനു സാധിക്കുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതിനായി ആക്ഷന്‍ മാപ്പിങ് ആണ് നടപ്പാക്കുന്നത്. ഉദാഹരണത്തിന് വാസ്‌കീന്‍ വൈമുഖ്യമുള്ളവരുടെ സ്‌കോറുകള്‍ താഴ്ത്തുന്നു. പിന്നെ അവരുടെ കമന്റുകളുടെ പ്രചാരം കുറയ്ക്കും. ഇത്തരക്കാരുടെ ആശയങ്ങള്‍ക്ക് ഫെയ്സ്ബുക്കില്‍ അധികം പ്രചരിക്കാനാവില്ല. ടയര്‍ 0 ('Tier 0') അഥവാ ടി0, ടയര്‍ 1, (ടി1, ടയര്‍ 2, (ടി2) എന്നിങ്ങനെ പല വിഭാഗങ്ങളായി ഫെയ്‌സ്ബുക് ഉപയോക്താക്കളെ അവരറിയാതെ വേര്‍തിരിക്കുന്നുണ്ട്. ഫെയ്‌സ്ബുക് ഇതു ചെയ്യുന്നുവെന്ന കാര്യം ഉപയോക്താക്കള്‍ അറിയാന്‍ കമ്പനിക്കു താത്പര്യമില്ലെന്നും മോര്‍ഗന്‍ വെളിപ്പെടുത്തുന്നു.

 

English Summary: Facebook whistleblower fired after leaking secrets

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com