sections
MORE

ഇലോൺ മസ്ക്കും സക്കർബർഗും വന്നപ്പോൾ ക്ലബ്‌ഹൗസ് സെർവറിൽ സംഭവിച്ചതെന്ത്?: ആർതി പറയുന്നു...

HIGHLIGHTS
  • ക്ലബ്‌ഹൗസ് റൂമുകളിലേക്ക് കയറാൻ ഇനി പേയ്മെന്റ് നൽകണോ?
  • എങ്ങനെ മികച്ച ക്ലബ്‌ഹൗസ് റൂമുകൾ തയാറാക്കാം? വിഷയം തിരഞ്ഞെടുക്കാം?
Elon-Musk-Mak-and-Arthi
ഇലോൺ മസ്ക്, മാർക്ക് സക്കർബർഗ്, ആർതി രാമമൂർത്തി
SHARE

ന്യൂഡൽഹി∙ ആർതി രാമമൂർത്തിയും ഭർത്താവ് ശ്രീറാം കൃഷ്ണനും വെറുമൊരു ഹോബിയായി ആരംഭിച്ചതാണ് ‘ഗുഡ്ടൈം ഷോ’ എന്ന ക്ലബ്ഹൗസ് റൂം. എന്നാൽ പിന്നീടുള്ള മാസങ്ങളിൽ അതിൽ അതിഥികളായി എത്തിയത് സാക്ഷാൽ ഇലോൺ മസ്ക്കും മാർക്ക് സക്കർബർഗും വരെ. ഇലോൺ മസ്ക് വരുന്നതിനു മുൻപ് സെർവർ ശേഷി വരെ വർധിപ്പിക്കേണ്ടി വന്നു ക്ലബ്ഹൗസിന്. നിലവിൽ ക്ലബ്ഹൗസിന്റെ ഹെഡ് ഓഫ് ഇന്റർനാഷനൽ പദവിയിലാണ് ആർതി രാമമൂർത്തി. മുൻപ് ഫെയ്സ്ബുക്കിന്റെ പ്രോഡക്ട് ഡയറക്ടറായിരുന്നു. ട്വിറ്റർ പ്രോഡക്ട് ഹെഡ് ആയിരുന്ന ഭർത്താവ് ശ്രീറാം കൃഷ്ണൻ നിലവിൽ ക്ലബ്ഹൗസിലെ പ്രധാന നിക്ഷേപകരായ a16zന്റെ ജനറൽ പാർട്ണറുമാണ്. നിലവിൽ 1.7 ലക്ഷം പേരാണ് ഗുഡ്ടൈം ഷോ പിന്തുടരുന്നത്. ക്ലബ്ഹൗസിന്റെ ഭാവിപദ്ധതികളെക്കുറിച്ച് ആർതി ‘മനോരമ ഓൺലൈനി’നോട് മനസ്സുതുറക്കുന്നു.

∙ ക്ലബ്ഹൗസിന്റെ വിശംദാശങ്ങളിലേക്കു പോകുന്നതിനു മുൻപ് ചിലതറിയാൻ താൽപര്യമുണ്ട്. എങ്ങനെയാണ് ഇലോൺ മസ്ക്, മാർക് സക്കർബർഗ് ഉൾപ്പെടെയുള്ള വമ്പൻ സെലിബ്രിറ്റികളെ നിങ്ങളുടെ ക്ലബ്ബിൽ കൊണ്ടുവന്നത്? ഇവരുടെ വരവാണ് ക്ലബ്ഹൗസിന്റെ തലവര തന്നെ മാറ്റിയതെന്നു വേണമെങ്കിൽ പറയാം. അപ്രതീക്ഷിത സെലിബ്രിറ്റി വരവ് മൂലം സെർവർ ശേഷി പോലും അടിയന്തരമായി കൂട്ടേണ്ടി വന്നുവെന്ന് കേട്ടിട്ടുണ്ട്?

വിവിധ മേഖലകളിലെ വിദഗ്ധരെ ക്ലബ്ഹൗസിൽ കൊണ്ടുവരുന്നത് ഞങ്ങളെ സംബന്ധിച്ച് വലിയ ആവേശം നൽകുന്ന കാര്യമാണ്. എനിക്കും ശ്രീറാമിനും ഇലോണിനെയും സക്കർബർഗിനെയും വ്യക്തിപരമായ അറിയാം. അങ്ങനെയാണ് ക്ലബിലേക്ക് ക്ഷണിച്ചത്. ക്ഷണം വളരെ താൽപര്യത്തോടെയാണ് അവർ സ്വീകരിച്ചത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് മാത്രമാണ് ഇലോൺ മസ്ക് വരുമെന്ന് ഉറപ്പായത്. എങ്കിലും നല്ല രീതിയിൽ അത് പൂർത്തിയാക്കാനായി. ലോകമെങ്ങുള്ള ശ്രോതാക്കൾ ഇവരെ കേൾക്കാനെത്തി.

ശാസ്ത്രജ്ഞനായ ഡോ.ആന്റണി ഫൌചി അടുത്തയിടയ്ക്ക് പങ്കെടുത്ത റൂം അതിന്റെ പരമാവധി ലിമിറ്റിലെത്തിയിരുന്നു. ടെക് സിഇഒമാർ മുതൽ ഗായകർ വരെയുള്ള വലിയൊരു സമൂഹത്തെ കേൾക്കാനാവുകയെന്നത് വലിയ കാര്യമല്ലേ.

∙ ക്ലബ്ഹൗസ് ഉപഭോക്താക്കൾക്കായി ആരംഭിച്ച ക്രിയേറ്റർ ഫസ്റ്റ് പ്രോഗ്രാമിനെക്കുറിച്ച് പറയാമോ? നല്ല കണ്ടന്റിന് പ്രതിമാസം പണം നൽകുന്ന രീതിയാണോ?

ക്ലബ്ഹൗസിൽ കണ്ടന്റ് സ്രഷ്ടിക്കുന്നവരെ പിന്തുണയ്ക്കാനാണ് ക്രിയേറ്റർ ഫസ്റ്റ് പ്രോഗ്രാം. ഒരു ക്ലബ്ഹൗസ് ഷോ വിജയിക്കണമെങ്കിൽ ഒരുപാട് ഘടകങ്ങളുണ്ട്. ക്രിയേറ്റിവ് ബ്രെയിൻസ്റ്റോമിങ്, ഇന്നവേഷൻ, ഫോർമാറ്റ്, സോഷ്യൽ പ്രമോഷൻ അങ്ങനെ പലതും. ഇക്കാര്യങ്ങളിൽ അവർക്ക് പിന്തുണ നൽകുകയാണ് ലക്ഷ്യം.‌ ആയിരക്കണക്കിന് ആളുകളിൽനിന്നാണ് ഷോർട്ട്ലിസ്റ്റ് ചെയ്യുന്നത്. കണ്ടന്റ് ക്രിയേറ്റർ എന്ന നിലയിൽ നിങ്ങളുടെ ഇഷ്ടമേഖല എന്തുമായിക്കോട്ടെ നിങ്ങൾക്കിവിടെ ഒരു ഇടമുണ്ട്. ക്ലബ്ഹൗസ് പേയ്മെന്റ്, സബ്സ്ക്രിപ്ഷൻ എന്നിവ സംബന്ധിച്ച അറിയിപ്പ് ഇന്ത്യയിൽ ഉടനെ പ്രതീക്ഷിക്കാം. ഇതിനായി ഇന്ത്യൻ ടൗൺഹാൾ മീറ്റിങ്ങുകളിലേക്ക് കാതോർക്കൂ.

∙ ക്ലബ്ഹൗസിനെ സംബന്ധിച്ച് ഇന്ത്യ എത്രത്തോളം വലിയ മാർക്കറ്റ് ആണ്?

അസാധ്യമായ ക്രിയേറ്റിവിറ്റിയും സോഷ്യൽ സ്വഭാവവുമുള്ള രാജ്യമാണ് ഇന്ത്യ. ക്രിയേറ്റർ സപ്പോർട്ട് പ്രോഗ്രാം ഇന്ത്യയിൽ വിപുലീകരിക്കുകയെന്നത് ഞങ്ങളുടെ മുൻഗണനയാണ്. പ്രാദേശിക ഭാഷകളുടെ പിന്തുണയും ഞങ്ങളുടെ പട്ടികയിൽ ആദ്യമുണ്ട്. ലാംഗ്വേജ് സപ്പോർട്ട് ശക്തിപ്പെടുത്തി ക്ലബ്ഹൗസ് അനുഭവം കൂടുതൽ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. രാജ്യം തിരിച്ചുള്ള കണക്കുകൾ പുറത്തുവിടാറില്ലെങ്കിലും ആൻഡ്രോയിഡിൽ റോൾഔട്ട് ചെയ്തതിനു പിന്നാലെ 80 ലക്ഷം പുതിയ യൂസർമാരാണ് ആദ്യ നാളുകളിൽ എത്തിയത്. ഇതിൽ 20 ലക്ഷത്തോളം ഇന്ത്യയിൽ നിന്നായിരുന്നു.

∙ ക്ലബ്ഹൗസിൽ കണ്ട ചില രസകരമായ ഗ്രൂപ്പുകൾ?

ബോളിവുഡ്, തെലുങ്ക്, മലയാളം, തമിഴ് സിനിമാരംഗവുമായി ബന്ധപ്പെട്ട് ഒട്ടേറെ വ്യത്യസ്തമായ റൂമുകൾ കാണാറുണ്ട്. മലയാളത്തിൽ മലയാളിക്കൂട്ടം മുതൽ തൊഴിൽ അന്വേഷകർക്കു വേണ്ടിയുള്ള ഗ്രൂപ്പുകൾ വരെ കണ്ടിട്ടുണ്ട്. ഹനുമാൻ ചാലിസ പാരായണ ഗ്രൂപ്പ് പോലെയുള്ള ആത്മീയ ഗ്രൂപ്പുകളുമുണ്ട്. അന്താക്ഷരി, കോമഡി, ക്രിപ്റ്റോ മുതൽ കോ–ഫൗണ്ടർമാരെ കണ്ടെത്താൻ വരെയുള്ള ഗ്രൂപ്പുകൾ കണ്ടു.

∙ ക്രിയേറ്റർ ഫസ്റ്റ് പ്രോഗ്രാമിനു പുറമേ ക്ലബ്ഹൗസ് പേയ്മെന്റ് സംവിധാനം ഏർപ്പെടുത്തുമോ? ടിപ്പിങ്ങ് അല്ലെങ്കിൽ എൻട്രി ഫീസ് ഏർപ്പെടുത്താൻ കഴിയുമോ?

തീർച്ചയായും. പേയ്മെന്റ്സ് ഇന്ത്യയെ സംബന്ധിച്ച് ഉറപ്പായും ഏർപ്പെടുത്തും. നിലവിൽ അതിന്റെ പ്രാരംഭ നടപടികളിലാണ്. വരുന്ന ടൗൺഹാൾ മീറ്റിങ്ങുകളിൽ കൂടുതലറിയാം.

∙ സൂര്യനു കീഴിലുള്ള എന്തിനെക്കുറിച്ചും ചർച്ച ചെയ്യാൻ ഇഷ്ടപ്പെടുന്ന മലയാളികൾ ക്ലബ്ഹൗസിലെ സജീവ സാന്നിധ്യമാണ്...?

ചർച്ച ചെയ്യാനുള്ള മലയാളികളുടെ ആവേശത്തോട് മാച്ച് ചെയ്യുന്ന ഉൽപന്നമാണ് ക്ലബ്ഹൗസ് എന്നതായിരിക്കാം കാരണം.

Aarthi-and-Sriram
ആർതി രാമമൂർത്തി, ശ്രീറാം കൃഷ്ണൻ

∙ ആരും റെക്കോർഡ് ചെയ്യുന്നില്ലെന്ന വിശ്വാസത്തിലാണ് ക്ലബ്ഹൗസിൽ ആളുകൾ സധൈര്യം സംസാരിക്കുന്നത്. അനുമതിയില്ലാതെ സ്ക്രീൻ റെക്കോർഡിങ് ചെയ്യരുതെന്ന് ക്ലബ്ഹൗസ് ചട്ടമുണ്ടെങ്കിലും അത് പലപ്പോഴും പാലിക്കപ്പെടാറില്ല. ഇത് പലപ്പോഴും പ്രശ്നമാകാറുണ്ട്. വയനാട്ടിൽ ഒരു കേസ് പോലും റജിസ്റ്റർ ചെയ്തിട്ടുണ്ട്?

സൈബർ ബുള്ളിയിങ്ങിന് അൽപം പോലും ഇടം ക്ലബ്ഹൗസ് നൽകുന്നില്ല. 5 ലക്ഷത്തോളം പുതിയ റൂമുകളാണ് ഓരോ ദിവസവും ക്ലബ്ഹൗസിൽ സൃഷ്ടിക്കപ്പെടുന്നത്. ഇതിൽ ഭൂരിപക്ഷത്തിലും ഇൻസിഡന്റുകൾ റിപ്പോർട്ട് ചെയ്യപ്പെടാറില്ല. എങ്കിലും നിയമലംഘനമുണ്ടായാൽ അപ്പോൾ തന്നെ റിപ്പോർട്ട് ചെയ്യണമെന്നാണ് ഉപയോക്താക്കളോട് പറയാനുള്ളത്. ചട്ടം ലംഘിക്കുന്നവർക്കെതിരെ ഉറപ്പായും നടപടിയുണ്ടാകും.

∙ കേന്ദ്രസർക്കാരിന്റെ ഐടി ഇന്റർമീഡിയറി ഗൈഡ്‍ലൈനുകൾ പാലിക്കുന്നതിനെക്കുറിച്ച്?

തുടക്കക്കാരായതിനാൽ സിഗ്നിഫിക്കന്റ് സോഷ്യൽ മീഡിയ ഇന്റർമീഡിയറി എന്ന കേന്ദ്രസർക്കാർ നിർവചനത്തിൽ ഞങ്ങളിപ്പോൾ ഉൾപ്പെടുന്നില്ല. ഭാവിയിൽ ആ നിലയിൽ എത്തുമ്പോൾ തീർച്ചയായും നിയമം പാലിക്കും. നിലവിൽ ഞങ്ങളൊരു ചെറിയ സ്റ്റാർട്ടപ്പാണ്. ജീവനക്കാരുടെ എണ്ണമുൾപ്പെടെ പരിശോധിച്ചാൽ തീർത്തും ചെറുത്. എങ്കിലും അതത് രാജ്യത്തെ നിയമങ്ങൾ പാലിക്കുകയെന്നതു തന്നെയാണ് ഞങ്ങളുടെ ലക്ഷ്യം.

∙ ഗുഡ്ടൈം ക്ലബിന്റെ അനുഭവപരിചയത്തിൽ ക്രിയേറ്റർമാർക്ക് നൽകാനുള്ള ഉപദേശം എന്തൊക്കെ?

ഗുഡ്ടൈം ഷോ വെറുമൊരു ഹോബിയായി ആരംഭിച്ചതാണ്. ഇഷ്ടമുള്ള വിഷയം വേണം നമ്മൾ ക്ലബ്ബിനായി തിരഞ്ഞെടുക്കാൻ. നിരന്തരമായി നിങ്ങളുടെ ശ്രോതാക്കളിൽനിന്ന് ഫീഡ്ബാക്ക് എടുക്കുകയും അവർക്ക് വേണ്ടതെന്തെന്ന് കണ്ടെത്തുകയും ചെയ്യുക. ഒട്ടേറെ ആളുകൾക്ക് സൗകര്യപ്രദമായി പങ്കെടുക്കാൻ ടൈം സ്ലോട്ട് കണ്ടെത്തുന്നതിനു പോലും നല്ല പ്ലാനിങ് ആവശ്യമാണ്. നല്ല ഗെസ്റ്റുകളെ നിർദേശിക്കാൻ ശ്രോതാക്കളോട് അഭ്യർഥിക്കുകയും ചെയ്യാം. ക്ലബിന്റെ തുടർച്ച നിലനിർത്തുക പ്രധാനമാണ്. തിരക്കേറിയ ആഴ്ചകളിൽ പോലും ഞങ്ങൾ ക്ലബ് മുടക്കാറില്ല.

English Summary: Interview with Aarthi Ramamurthy, Clubhouse Head of International

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SOCIAL MEDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA