sections
MORE

മാസം 7.41 ലക്ഷം രൂപ വരെ വരുമാനം നേടാം, പുതിയ പ്രഖ്യാപനവുമായി യൂട്യൂബ്

youtube
Photo: Shutterstock
SHARE

ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള യൂട്യൂബ് ഉപയോക്താക്കൾക്ക് വരുമാനം ലഭിക്കുന്ന പുതിയ പദ്ധതി പ്രഖ്യാപിച്ചു. യൂട്യൂബിന്റെ ഷോർട്ട്സ് ആപ്പിനായി ജനപ്രിയ വിഡിയോകൾ നിർമിക്കുന്നതിനാണ് പ്രതിമാസം 10,000 ഡോളർ വരെ (ഏകദേശം 7.41 ലക്ഷം രൂപ) സ്രഷ്ടാക്കൾക്ക് നൽകുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.

കമ്പനി 2021-2022 കാലയളവിൽ വിതരണത്തിനായി നീക്കിവച്ച 100 ദശലക്ഷം ഡോളർ ഫണ്ടിൽ നിന്നാണ് യൂട്യൂബ് ഷോർട്ട്സ് വിഡിയോ നിർമാതാക്കൾക്കും പണം നൽകുക. എല്ലാ മാസവും ഈ ഫണ്ടിൽ നിന്ന് പേയ്മെന്റ് ക്ലെയിം ചെയ്യാൻ ഞങ്ങൾ ആയിരക്കണക്കിന് യോഗ്യതയുള്ള സ്രഷ്‌ടാക്കളെ സമീപിക്കും. സ്രഷ്‌ടാക്കൾക്ക് അവരുടെ ഷോർട്ട്‌സിലെ വിഡിയോകളുടെ വ്യൂസും കമന്റുകളും മറ്റു ഇടപെടലുകളും അടിസ്ഥാനമാക്കി 100 ഡോളർ മുതൽ 10,000 ഡോളർ വരെ നൽകുമെന്നാണ് യൂട്യൂബ് അറിയിച്ചിരിക്കുന്നത്.

100 ദശലക്ഷം ഡോളർ ഫണ്ടിലൂടെ യൂട്യൂബ് ഷോർട്ട്സിനായി ഒരു ധനസമ്പാദന മോഡൽ നിർമിക്കാൻ സഹായിക്കും. കൂടാതെ യൂട്യൂബ് പാർട്നർ പ്രോഗ്രാമിലെ (YPP) സ്രഷ്‌ടാക്കൾക്ക് മാത്രമല്ല, ഇതിന്റെ യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്ന ഏതൊരു സ്രഷ്‌ടാവിനും ഇതിൽ പങ്കെടുക്കാമെന്നും യൂട്യൂബ് അറിയിച്ചു. ഷോർട്ട്സ് ഫണ്ട് ആരംഭിച്ചതോടെ സ്രഷ്‌ടാക്കൾക്കും കലാകാരന്മാർക്കും ഇപ്പോൾ യൂട്യൂബിലൂടെ പണമുണ്ടാക്കാനും ബിസിനസ് കെട്ടിപ്പടുക്കാനും സാധിക്കും.

പരസ്യങ്ങൾ സ്രഷ്‌ടാക്കളുടെ വരുമാന സ്രോതസുകളിൽ പ്രധാനമായിരുന്നു. യൂട്യൂബിലെ പരസ്യങ്ങളിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ ഭൂരിഭാഗവും സ്രഷ്‌ടാക്കൾക്ക് ലഭിക്കുന്നുണ്ടെന്നും യൂട്യൂബിന്റെ ചീഫ് ബിസിനസ് ഓഫീസർ റോബർട്ട് കിൻക്ൽ പറഞ്ഞു.

പരസ്യരഹിത ഉള്ളടക്കം, പ്ലേബാക്ക്, ഡൗൺലോഡുകൾ, യൂട്യൂബ് മ്യൂസിക് ആപ്പിലേക്ക് പ്രീമിയം ആക്സസ് എന്നിവ ആസ്വദിക്കാൻ അംഗങ്ങളെ പ്രാപ്തരാക്കുന്ന ഒരു പണമടച്ചുള്ള സബ്സ്ക്രിപ്ഷൻ ഓപ്ഷനാണ് യൂട്യൂബ് പ്രീമിയം. സബ്സ്ക്രിപ്ഷൻ വരുമാനത്തിന്റെ ഭൂരിഭാഗവും യൂട്യൂബ് പാർട്നർമാക്കാണ് നൽകുന്നതെന്നും കമ്പനി പറഞ്ഞു.

കഴിഞ്ഞ വർഷം ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ച ടിക് ടോക്കിന് സമാനമായ ഹ്രസ്വ വിഡിയോ അപ്ലിക്കേഷൻ യൂട്യൂബ് ഷോർട്ട്സിന് പ്രതിദിനം 150 കോടിയിലധികം ‘വ്യൂസ്’ ലഭിക്കുന്നുണ്ടെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ തന്നെ വെളിപ്പെടുത്തിയിരുന്നു. പുതിയ അപ്ലിക്കേഷൻ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ലോകമെമ്പാടുമുള്ള നൂറിലധികം രാജ്യങ്ങളിൽ യൂട്യൂബ് ഷോർട്ട്സ് അവതരിപ്പിക്കുമെന്നും പിച്ചൈ പറഞ്ഞു.

അപ്ലിക്കേഷൻ ഇപ്പോഴും അതിന്റെ ബീറ്റ വേർഷനിലാണ്. സേവനം വ്യാപിക്കുന്നതോടെ യൂട്യൂബ് ഷോർട്ട്സ് ടെക് ലോകത്ത് തരംഗമായേക്കും. ഷോർട്ട്സ് സ്രഷ്‌ടാക്കൾക്ക് യൂട്യൂബ് വിഡിയോകളിൽ നിന്ന് ഓഡിയോ സാംപിൾ ചേർക്കാനുള്ള ഫീച്ചറും ഇപ്പോൾ ലഭ്യമാണ്. ഇതോടൊപ്പം തന്നെ ഷോർട്ട്സിൽ നിന്ന് ഓഡിയോ സാംപിളുകളെടുത്ത യൂട്യൂബ് വിഡിയോകളിലേക്ക് ലിങ്കുകൾ നൽകുന്നതിനുള്ള ഫീച്ചറുകളും ലഭ്യമാക്കുമെന്ന് പിച്ചൈ പറഞ്ഞു.

മാർച്ചിലെ കണക്കനുസരിച്ച് 650 കോടി വ്യൂസ് ആണ് ജനപ്രിയ യൂട്യൂബ് ഷോർട്ട്സിന് ലഭിച്ചത്. 2020 അവസാനത്തിൽ ഇത് 350 കോടി ആയിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ഇന്ത്യയിൽ ആദ്യമായി യൂട്യൂബ് ഷോർട്ട്സ് അപ്ലിക്കേഷൻ പുറത്തിറക്കിയത്.

ജൂൺ പാദത്തിൽ യൂട്യൂബിന്റെ പരസ്യ വരുമാനം 700 കോടി ഡോളറായും ഉയർന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 380 കോടി ഡോളറായിരുന്നു പരസ്യ വരുമാനം. പ്രതിമാസം 200 കോടി പ്രതിമാസ സജീവ ഉപയോക്താക്കളുമായി ഓൺലൈൻ വിഡിയോ സ്ട്രീമിങ്ങിൽ വൻ മുന്നേറ്റം തുടരുകയാണ് യൂട്യൂബ്. യൂട്യൂബിൽ ദിവസവും 100 കോടി മണിക്കൂർ വിഡിയോയാണ് കാണുന്നതെന്നും പിച്ചൈ പറഞ്ഞു.

English Summary: Creators can now earn up to $10K a month on YouTube Shorts

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SOCIAL MEDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA