ADVERTISEMENT

ടെക് ലോകത്തെ ജനപ്രിയ സമൂഹമാധ്യമ ആപ്ലിക്കേഷനായ വാട്സാപ് ഓരോ പതിപ്പിലും കൂടുതൽ പരിഷ്കാരങ്ങളാണ് നടപ്പിലാക്കുന്നത്. ഉപയോക്താക്കൾ ഏറെ കാലമായി കാത്തിരുന്ന മറ്റൊരു ഫീച്ചർ കൂടി വാട്സാപ് ഉപയോക്താക്കൾക്ക് ലഭ്യമായിട്ടുണ്ട്. മൾട്ടി-ഡിവൈസ് പിന്തുണയാണിത്. ഒരു വാട്സാപ് അക്കൗണ്ട് തന്നെ മറ്റു നാല് ഫോൺ ഇതര ഉപകരണങ്ങളിൽ കൂടി ഉപയോഗിക്കാൻ സാധിക്കുന്നതാണ് ഈ ഫീച്ചർ. ആൻഡ്രോയിഡ്, ഐഒഎസ് പതിപ്പുകളിലെ വാട്സാപ്പിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റിൽ ഈ ഫീച്ചർ ഇപ്പോൾ ഔദ്യോഗികമായി എല്ലാവർക്കും ലഭ്യമാണ്.

 

അതായത് ഫോൺ കൂടാതെ കംപ്യൂട്ടർ, ടാബ്, ലാപ്ടോപ് തുടങ്ങി നാല് ഉപകരണങ്ങളിൽ കൂടി വാട്സാപ് ഉപയോഗിക്കാം. നേരത്തെ കംപ്യൂട്ടറിലും ടാബിലും ബ്രൗസർ വഴി വാട്സാപ് കണക്റ്റ് ചെയ്ത് ഉപയോഗിക്കാമായിരുന്നു. എന്നാൽ, ഇപ്പോഴത്തെ ഫീച്ചർ പ്രകാരം ഫോൺ ഓഫായാലും നെറ്റ് ഇല്ലെങ്കിലും മറ്റു ഉപകരണങ്ങളിൽ വാട്സാപ് ഉപയോഗിക്കാൻ സാധിക്കും. ഫോൺ സമീപത്ത് ഇല്ലെങ്കിലും മറ്റു നാലു ഉപകരണങ്ങളിലും വാട്സാപ് ലഭിക്കും.

 

എന്നാൽ, ഒന്നിൽ കൂടുതൽ സ്മാർട് ഫോണുകളിൽ ഒരേ വാട്സാപ് അക്കൗണ്ട് ഉപയോഗിക്കാൻ സാധിക്കില്ല. നിലവിൽ ഒരു വാട്സാപ് അക്കൗണ്ട് ഒരു ഫോണിൽ മാത്രമാണ് ലഭിക്കുക. വൈകാതെ തന്നെ ഈ സേവനവും ലഭ്യമാക്കിയേക്കും. കൂടുതൽ ഉപകരണങ്ങളിൽ ഉപയോഗിക്കാൻ സാധിക്കുമ്പോഴും വാട്സാപ്പിന്റെ സ്വകാര്യതയും എൻഡ്-ടു-എൻഡ് എൻ‌ക്രിപ്ഷനും സംരക്ഷിക്കുമെന്ന് ഫെയ്സ്ബുക് അവകാശപ്പെടുന്നുണ്ട്. 

 

ഫോണിനു പുറമെ നാല് വ്യത്യസ്ത ഉപകരണങ്ങളിൽ നിന്ന് ഒരൊറ്റ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്നതാണ് ഈ ഫീച്ചർ. നിങ്ങളുടെ ഐപാഡിൽ നിന്നും ഐഫോണിൽ നിന്നും ഒരേ സമയം ലോഗിൻ ചെയ്യാമെന്നാണ് ഇതിനർഥം. നിലവിൽ ഉപയോക്താക്കൾക്ക് ഒരേസമയം വാട്സാപ് വെബിലേക്കും ഫോണിലേക്കും മാത്രമേ ലോഗിൻ ചെയ്യാൻ കഴിയൂ.

 

പുതിയ ഫീച്ചർ വരുന്നതോടെ ഫോണിന്റെ ബാറ്ററി തീർന്നിട്ടുണ്ടെങ്കിൽ പോലും, പുതിയ മൾട്ടി-ഡിവൈസ് ശേഷി ഉപയോഗിച്ച് ലാപ്‌ടോപ്പിൽ വാട്സാപ് ആക്‌സസ് ചെയ്യാൻ കഴിയും. ഫോണിലെ ഇന്റർനെറ്റ് കണക്ഷൻ നഷ്ടപ്പെട്ടാലും ഡെസ്ക്ടോപ്പിൽ ഇന്റർനെറ്റ് ലഭ്യമാണെങ്കിൽ വാട്സാപ് ഉപയോഗിക്കാനാകും. 2019 ജൂലൈ മുതൽ വാട്സാപ് ഈ ഫീച്ചറിന്റെ പരീക്ഷണത്തിലായിരുന്നു.

 

വാട്സാപ്പ് ഉപയോഗിക്കുന്ന എല്ലാ ഉപകരണങ്ങളിലും മെസേജ്, മെസേജ് ഹിസ്റ്ററി, കോണ്ടാക്ട് നെയിം, സ്റ്റാർഡ് മെസേജുകൾ എന്നിവയ്ക്കെല്ലാം എൻഡ് ടു എൻഡ് എൻക്രിപ്ഷൻ സുരക്ഷ ലഭ്യമാക്കുമെന്നാണ് വാട്സാപ്പിന്റെ ബ്ലോഗിൽ പറയുന്നത്. മെസേജുകളൊന്നും സെർവറിൽ സൂക്ഷിക്കില്ലെന്നും ഉപയോക്താക്കളുടെ സ്വകാര്യത ഉറപ്പുവരുത്തുമെന്നും അറിയിച്ചു. വാട്സാപ് അക്കൗണ്ടിലേക്ക് ലിങ്കു ചെയ്‌തിരിക്കുന്ന ഓരോ ഉപകരണത്തിനും പ്രത്യേകം എൻക്രിപ്ഷൻ കീകൾ ഉണ്ടായിരിക്കും.

 

ഒരു ഉപകരണത്തിന്റെ എൻ‌ക്രിപ്ഷൻ കീ‌ മോഷ്ടിക്കാനോ ഇതുപയോഗിച്ച് മറ്റ് ഉപയോക്താക്കൾ‌ക്ക് അയച്ച സന്ദേശങ്ങൾ‌ ഡീക്രിപ്റ്റ് ചെയ്യാനോ ഹാക്കർ‌ക്ക്‌ കഴിയില്ലെന്നും കമ്പനി ഉറപ്പു നൽകുന്നു. ഫോണിനെയും മറ്റു ഉപകരണങ്ങളെയും ബന്ധിപ്പിക്കുന്നത് ക്യുആർ കോഡ് വഴിയാണ്. സൈൻ ഇൻ ചെയ്യാൻ ഫോണിന്റെ ക്യുആർ കോഡ് ഉപയോഗിക്കാം. പ്രൈമറി സ്‌മാർട് ഫോൺ ഇല്ലാതെ ഉപകരണങ്ങളെ ബന്ധിപ്പിക്കുന്നതിനുള്ള ഫീച്ചർ ഇപ്പോൾ ബീറ്റാ ഘട്ടത്തിലാണ്. വാട്സാപ്പിലെ സെറ്റിങ്സ് മെനുവിലെ ലിങ്ക് ചെയ്‌ത ഉപകരണങ്ങളുടെ ഓപ്‌ഷനിൽ ‘ബീറ്റ’ എന്ന് ലേബൽ ചെയ്‌തിരിക്കുന്ന ഫീച്ചറാണിത്. ഈ ഓപ്‌ഷൻ പ്രവർത്തനക്ഷമമാക്കുകയാണെങ്കിൽ നിലവിലെ എല്ലാ ഉപകരണങ്ങളിൽ നിന്നും അൺലിങ്ക് ചെയ്യും. പുതിയ ലിങ്കിങ്ങിന് ശേഷം ഇത് പഴയതുപോലെ ഉപയോഗിക്കാൻ കഴിയും.‌ നേരിട്ട് ലോഗ് ഔട്ട് ചെയ്യുന്നില്ലെങ്കിൽ ലിങ്ക് ചെയ്‌ത ഉപകരണങ്ങൾക്ക് 14 ദിവസം വരെ സന്ദേശങ്ങൾ സ്വീകരിക്കാനും അയയ്‌ക്കാനും കഴിയും.

 

സ്‌മാർട് ഫോൺ നഷ്‌ടപ്പെടാനിടയുള്ള സാഹചര്യങ്ങളിൽ ഈ ഫീച്ചർ വളരെ ഉപയോഗപ്രദമാകും. സ്‌മാർട് ഫോണിന്റെ ബാറ്ററി തീർന്നുപോകുമ്പോഴും ഇതു സഹായകമാകും. എന്നാൽ, ആപ്പിന്റെ ഐഒഎസ് പതിപ്പിൽ ലിങ്ക് ചെയ്‌ത ഉപകരണത്തിൽ നിന്ന് സന്ദേശങ്ങളോ മറ്റു ത്രെഡുകളോ ഡിലീറ്റ് ചെയ്യാൻ കഴിയില്ല. കൂടാതെ മറ്റൊരു സ്മാർട് ഫോണോ ടാബ്‌ലെറ്റോ പ്രൈമറി ഉപകരണത്തിലേക്ക് ലിങ്ക് ചെയ്യാനും കഴിയില്ല. നിങ്ങളുടെ പൈമറി സ്മാർട് ഫോണിനെ ലാപ്‌ടോപ്പിലേക്ക് മാത്രമാണ് ലിങ്ക് ചെയ്യാൻ കഴിയുക. ഇത് ഐഒഎസ്-ന്റെ കാര്യത്തിൽ മാത്രമാണ്.

 

English Summary: WhatsApp rolls out feature to link devices without needing a smartphone to be online

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com