ADVERTISEMENT

ജനപ്രിയ മെസേജിങ് സേവനമായ വാട്സാപ് പുതിയ ഫീച്ചറുകളും സുരക്ഷാ സംവിധാനങ്ങളുമാണ് ഓരോ പതിപ്പിലും പരീക്ഷിക്കുന്നത്. വരാനിരിക്കുന്ന പതിപ്പുകളിലും നിരവധി ഫീച്ചറുകൾ പ്രതീക്ഷിക്കാം. ഗ്രൂപ്പ് അഡ്മിനുകൾക്ക് കൂടുതൽ അധികാരം നൽകുന്നതാണ് പുതിയ ഫീച്ചറുകളിലൊന്ന്. ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം ഗ്രൂപ്പിലെ എല്ലാവരുടെയും മെസേജുകൾ ഒരാൾക്കും കാണാനാകാത്ത രീതിയിൽ ഡിലീറ്റ് ചെയ്യാൻ ഗ്രൂപ്പ് അഡ്മിനുകൾക്ക് സാധിച്ചേക്കും.

2021ൽ, ഗ്രൂപ്പ് അഡ്മിന് വാട്സാപ്പിൽ നിലവിലുള്ള അധികാരത്തെക്കുറിച്ചുള്ള ആശങ്ക ബോംബെ ഹൈക്കോടതി പങ്കുവെച്ചിരുന്നു. നിലവിൽ, ഒരു അഡ്മിന് ഗ്രൂപ്പിൽ നിന്ന് ഉപയോക്താക്കളെ ചേർക്കാനും നീക്കം ചെയ്യാനും മാത്രമാണ് കഴിയുക. ഗ്രൂപ്പ് ചാറ്റിൽ വരുന്ന ഉള്ളടക്കം മോഡറേറ്റ് ചെയ്യാനോ നിയന്ത്രിക്കാനോ അവർക്ക് അധികാരമില്ല.

ഗ്രൂപ്പിൽ ഒരു മെസേജ് പോസ്റ്റ് ചെയ്താൽ ആ വ്യക്തിക്ക് മാത്രമാണ് ഗ്രൂപ്പിലെ എല്ലാവർക്കും കാണാത്ത രീതിയിൽ ഡിലീറ്റ് ചെയ്യാനാകുക. എന്നാൽ, ഇനി മുതൽ ആ ജോലി ഗ്രൂപ്പ് അഡ്മിനുകൾക്ക് ചെയ്യാനാകും. ഇതു വഴി വലിയൊരു തലവേദന ഒഴിവാക്കാനും സാധിക്കും. മിക്കവരും അറിയാതെ എന്തെങ്കിലും പോസ്റ്റ് ചെയ്താൽ നിമിഷങ്ങൾക്കുള്ളിൽ മെസേജുകൾ നീക്കം ചെയ്യാൻ ഗ്രൂപ്പ് അഡ്മിന് സാധിക്കും. ഗ്രൂപ്പ് അഡ്മിൻ കണ്ടില്ലെങ്കിലും വിളിച്ച് അറിയിച്ചും പോസ്റ്റ് നീക്കം ചെയ്യിപ്പിക്കാം.

ഫീച്ചർ കൊണ്ടുവരാൻ പോകുന്നുവെന്ന് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ആപ്ലിക്കേഷന്റെ ബീറ്റാ പതിപ്പിലാണ് പുതിയ ഫീച്ചർ കണ്ടെത്തിയിരിക്കുന്നത്. വാബീറ്റാഇൻഫോ യുടെ റിപ്പോർട്ടുകൾ പ്രകാരം വാട്സാപ്പിന്റെ പുതിയ 2.22.1.1 പതിപ്പിൽ ഇത് ലഭ്യമാകും. സന്ദേശം ഡിലീറ്റ് ചെയ്യപ്പെടുമ്പോൾ ‘അത് അഡ്‌മിൻ നീക്കം ചെയ്‌തതാണ്’ എന്ന സന്ദേശം ഗ്രൂപ്പിൽ കാണിക്കുകയും ചെയ്യും. ഒരു ഗ്രൂപ്പിൽ എത്ര അഡ്മിൻമാർ ഉണ്ടായാലും എല്ലാവർക്കും സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യാനുള്ള അവകാശം ഉണ്ടായിരിക്കും. അതേസമയം, പുതിയ ഫീച്ചറിന്റെ ടെസ്റ്റിങ് തുടങ്ങിയിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്.

ഈ ഫീച്ചർ വന്നാൽ അശ്ലീലമോ ആക്ഷേപകരമോ ആയ സന്ദേശങ്ങൾ ഇല്ലാതാക്കാൻ ഗ്രൂപ്പ് അഡ്മിൻമാർക്ക് എളുപ്പമായിരിക്കും. ഗ്രൂപ്പിന്റെ താൽപര്യങ്ങൾക്ക് വിരുദ്ധമായ സന്ദേശങ്ങൾ നീക്കം ചെയ്യാനും ഇത് അഡ്മിൻമാരെ സഹായിക്കും. ' ഡിലീറ്റ് ഫോർ ഓൾ' ഫീച്ചറിന്റെ സമയപരിധി നീട്ടാനുള്ള സാധ്യതയെക്കുറിച്ച് കുറച്ച് ദിവസങ്ങൾക്ക് മുൻപ് റിപ്പോർട്ട് വന്നിരുന്നു. നിലവിൽ ഒരു മണിക്കൂറും എട്ട് മിനിറ്റും പതിനാറ് സെക്കൻഡുമാണിത്. ഇതിന്റെ സമയപരിധി ഏഴ് ദിവസം വരെ നീട്ടാനാണ് നീക്കം നടക്കുന്നത്. ഭാവിയിലെ ഒരു അപ്‌ഡേറ്റിൽ സമയപരിധി ഏഴ് ദിവസവും എട്ട് മിനിറ്റുമായി മാറ്റാൻ വാട്സാപ് നീക്കം നടത്തുന്നതായി വാബീറ്റാഇൻഫോ റിപ്പോർട്ട് ചെയ്തിരുന്നു.

 

English Summary: WhatsApp Might Add Support for This New Much Needed Feature

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com