ADVERTISEMENT

രാജ്യത്തെ പുതിയ ഐടി നയങ്ങളും നിയമങ്ങളും അനുസരിക്കാൻ ട്വിറ്റർ ഇന്ത്യ (Twitter India) സമ്മതിച്ചതായി പിടിഐ റിപ്പോർട്ട്. പുതിയ ഐടി നയങ്ങളും നിയമങ്ങളും അനുസരിക്കാൻ ട്വിറ്ററിന് ‘അന്ത്യശാസനം’ നൽകി കേന്ദ്ര സർക്കാർ നോട്ടീസ് അയച്ചിരുന്നു. ജൂലൈ നാലോടെ മുൻകാല ഉത്തരവുകളെല്ലാം നടപ്പാക്കണമെന്നായിരുന്നു കേന്ദ്രം ട്വിറ്ററിനു നോട്ടിസ് നൽകിയിരുന്നത്. ഐടി മന്ത്രാലയം (IT Ministry)  പലതവണ ആവശ്യപ്പെട്ടിട്ടും നടപടിയെടുക്കാത്ത സാഹചര്യത്തിലാണു സർക്കാർ അന്ത്യശാസനം നൽകിയത്.

 

ജൂൺ 27 നാണ് ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം ട്വിറ്ററിന് നോട്ടിസ് അയച്ചത്. ഇതുവരെ സർക്കാർ ഇറക്കിയ ഉത്തരവുകളെല്ലാം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് ട്വിറ്ററിനു നോട്ടിസ് നൽകിയത്. ജൂൺ ആദ്യത്തിലും നോട്ടിസ് നൽകിയെങ്കിലും ട്വിറ്റർ നടപടിയെടുത്തിരുന്നില്ല. ഇതോടെയാണ് അവസാന നോട്ടിസ് അയച്ചത്. 

 

സർക്കാരിന്റെ ഉത്തരവ് നടപ്പിലാക്കിയില്ലെങ്കില്‍ ട്വിറ്ററിന് ഇന്ത്യയിലെ ‘ഇന്റർമീഡിയറി പദവി’ നഷ്ടപ്പെടും. ഉപയോക്താക്കളുടെ അധിക്ഷേപകരമായ കമന്റുകൾക്കു കമ്പനി ബാധ്യസ്ഥരാകുമെന്നും സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചിരുന്നു. എന്നാൽ സർക്കാർ‍ പറയുന്നതെല്ലാം അനുസരിക്കാൻ തയാറാണെന്ന് ട്വിറ്റർ അറിയിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ പിടിഐയോട് പറഞ്ഞു.

 

2021ൽ സർക്കാരിന്റെ അഭ്യർഥന പ്രകാരം ബ്ലോക്ക് ചെയ്ത 80ലേറെ ട്വിറ്റർ അക്കൗണ്ടുകളുടെയും ട്വീറ്റുകളുടെയും പട്ടിക കമ്പനി ജൂൺ 26ന് കൈമാറിയിരുന്നു. നയങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ‘അനന്തരഫലങ്ങള്‍’ ഉണ്ടാകുമെന്നു പലകുറി സർക്കാർ മുന്നറിയിപ്പു നൽകിയിരുന്നെങ്കിലും ട്വിറ്റർ കൂസാക്കിയില്ല.

 

ഈ ട്വീറ്റുകളിൽ ഭൂരിഭാഗവും രാജ്യാന്തര അഭിഭാഷക ഗ്രൂപ്പായ ഫ്രീഡം ഹൗസ്, രാഷ്ട്രീയക്കാർ, മാധ്യമപ്രവർത്തകർ, കർഷകരുടെ സമരത്തിന് പിന്തുണ നൽകിയവർ എന്നിവരുടേതാണ്. ഖാലിസ്ഥാനെയും കശ്മീരിലെ തീവ്രവാദത്തെയും കുറിച്ചുള്ള ഉള്ളടക്കത്തിൽ നടപടിയെടുക്കാൻ മേയിൽ സർക്കാർ ട്വിറ്ററിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ട്വിറ്റർ ഒടുവിൽ സർക്കാരിന്റെ സമ്മർദങ്ങൾക്ക് വഴങ്ങിയെന്നാണ് തോന്നുന്നത്.

 

English Summary: Twitter Has Complied With Indian Government's Final Notice On Content Removal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com