ADVERTISEMENT

അടുത്തുള്ള ഒരു കൂട്ടുകാരനെ കാണാനെന്നു പറഞ്ഞ് ഫോണുമായി പുറത്തേക്കു പോയ പതിമൂന്നുകാരന്‍ മകന്‍ വീടിനു മീറ്ററുകള്‍ അകലെവച്ച് കൊല്ലപ്പെടുകയായിരുന്നു. ഫോണില്‍ ലൊക്കേഷന്‍ ട്രാക്കിങ് എനേബിൾ ചെയ്തിട്ടുണ്ടെന്നു പറഞ്ഞ് ഇറങ്ങിപ്പോയ മകന്‍ ഒലി സ്റ്റീഫന്‍സ് തന്റെ ഫോൺ സ്‌ക്രീനില്‍ എന്തെല്ലാം അക്രമങ്ങളാണു കണ്ടിരുന്നത് എന്നു മനസ്സിലായ മാതാപിതാക്കള്‍ ഞെട്ടിത്തരിച്ചു. സമൂഹ മാധ്യമങ്ങളുടെ അറിയപ്പെടാത്ത മുഖം എന്താണെന്ന് മാതാപിതാക്കള്‍ പിന്നീടാണ് മനസ്സിലാക്കിയത്. ലോകത്തെവിടെയുമുള്ള മാതാപിതാക്കള്‍ക്ക് ഒരു മുന്നറിയിപ്പാണ് ബ്രിട്ടനില്‍ നടന്ന ഈ സംഭവം.

 

∙ 15 മിനിറ്റിനുള്ളില്‍ കൊലപാതകം

 

അമാന്‍ഡയും സ്റ്റ്യുവര്‍ട്ട് സ്റ്റീഫന്‍സും ബ്രിട്ടനിലെ റെഡിങ്ങിലുള്ള തങ്ങളുടെ വീടിന്റെ ജനലിലൂടെ നോക്കിയിരിക്കെ ആയിരുന്നു മകന്‍ ഒലി ഫോണുമായി വീടിനെതിർവശത്തുള്ള സ്ഥലത്തേക്ക് പോയത്. പിന്നീട് ആ ഫോണിൽനിന്നാണ് അവന്റെ കൊലയിലേക്കു നയിച്ച കാര്യങ്ങളെക്കുറിച്ചുളള വിവരങ്ങള്‍ കണ്ടെത്തിയത്. ഒലിയെ കുത്തിക്കൊന്നതും ടീനേജ്കാരായ രണ്ട് ആണ്‍കുട്ടികളായിരുന്നു. അവനെ ആകര്‍ഷിക്കാനായി ഒരു പെണ്‍കുട്ടിയുടെ സഹായവും അവർ തേടിയിരുന്നു. കൊലപാതകത്തിന്റെ മൊത്തം പ്ലാനിങ്ങും നടന്നത് സമൂഹ മാധ്യമം വഴിയാണ്. ഒരു ചാറ്റ് റൂമിലുണ്ടായ തര്‍ക്കമാണ് കൊലയിലേക്കു നയിച്ചത്. 

 

∙ നടക്കുന്ന കാര്യങ്ങള്‍ പേടിപ്പിക്കുന്നത്

 

കൗമാരത്തിലേക്കു കടന്ന മകനും കൂട്ടുകാരും അവരെപ്പോലെയുള്ള കുട്ടികളും എത്ര ഹിംസാത്മകമായ സാഹചര്യങ്ങളിലൂടെയാണ് സമൂഹ മാധ്യമ ആപ്പുകളിലൂടെ കടന്നുപോയിരുന്നത് എന്നു കണ്ടെത്തിയ മാതാപിതാക്കൾ ഞെട്ടി. കുട്ടിയുടെ കൊലയില്‍ സമൂഹ മാധ്യമങ്ങള്‍ വഹിച്ച പങ്കാണ് മാതാപിതാക്കള്‍ അന്വേഷിച്ചത്. മകന്റെ കൊലയില്‍ സമൂഹ മാധ്യമങ്ങള്‍ക്കു നേരിട്ടു പങ്കില്ല. എന്നാല്‍, കൊല ഒഴിവാക്കാന്‍ സമൂഹമാധ്യമങ്ങള്‍ ഒന്നും ചെയ്തില്ല. സമൂഹ മാധ്യമങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ മകന്‍ ഇപ്പോഴും തങ്ങളോടൊപ്പം ഉണ്ടാകുമായിരുന്നു എന്നും മാതാപിതാക്കള്‍ പറയുന്നു.

 

∙ സമൂഹ മാധ്യമങ്ങളുടെ പങ്ക് 

 

ഒലിയുടെ കൊലപാതകം വേറിട്ടതാകുന്നത് അതിലെ സമൂഹ മാധ്യമങ്ങളുടെ പങ്കു മൂലമാണെന്ന് ടെംസ് വാലി പൊലീസ് പറയുന്നു. കൊല നടത്തിയ കുട്ടികളുടെ ഫോണുകളില്‍നിന്ന് അവര്‍ ചെയ്തിരുന്ന കുറ്റകൃത്യങ്ങളുടെയും കണ്ടിരുന്ന ആക്രമണവിഡിയോകളുടെയും തെളിവു കിട്ടിയിരുന്നു. ഇതെല്ലാം സമൂഹത്തിന് താമസിയാതെ വന്‍വിപത്തായി തീര്‍ന്നേക്കാമെന്ന് പൊലീസ് ഭയക്കുന്നുവെന്ന് ബിബിസി റിപ്പോര്‍ട്ടു ചെയ്യുന്നു. അവരുടെ ഒരു റിപ്പോര്‍ട്ടര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ സൃഷ്ടിച്ച ഒരു പതിമൂന്നുകാരന്റെ ഫോട്ടോ ഉപയോഗിച്ച് അഞ്ച് സമൂഹ മാധ്യമങ്ങളില്‍ അക്കൗണ്ട് ഉണ്ടാക്കി, അവിടെ നടക്കുന്നതെന്താണ് എന്നു കണ്ടെത്താനും ശ്രമിച്ചു. സ്‌പോര്‍ട്‌സ്, ഗെയിമിങ്, സംഗീതം അടക്കമുള്ള എന്തെല്ലാം കണ്ടെന്റാണ് കുട്ടിയുടെ അക്കൗണ്ടിലെത്തുന്നത് എന്നും ഇത് കണ്ടെന്റ് മോഡറേറ്റര്‍മാര്‍ കണ്ടെത്തുന്നുണ്ടോ എന്നറിയാനും ആയിരുന്നു ശ്രമം. 

 

∙ മാതാപിതാക്കള്‍ അറിയാന്‍

 

വ്യാജമായി സൃഷ്ടിച്ച പതിമൂന്നുകാരന്റെ അക്കൗണ്ട് ഉപയോഗിച്ച് അക്രമവിരുദ്ധ കണ്ടെന്റ് കാണാന്‍ ശ്രമിച്ചെങ്കിലും ധാരാളമായി ആയുധങ്ങള്‍ ഉപയോഗിക്കുന്നവരുടെ ഗ്രൂപ്പുകളിലേക്കാണ് എത്തിയതെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്‍സ്റ്റഗ്രാമിലും ഫെയ്‌സ്ബുക്കിലും യൂട്യൂബിലും പതിമൂന്നുകാരന്റെ അക്കൗണ്ടിലൂടെ ഹിംസാത്മകതയുള്ള കണ്ടെന്റ് ഇട്ടെങ്കിലും ഈ ആപ്പുകളും സ്‌നാപ്ചാറ്റും അതു നീക്കം ചെയ്തില്ല. പക്ഷേ, ടിക്‌ടോക് അത്തരം കണ്ടെന്റ് നീക്കം ചെയ്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

∙ രഹസ്യലോകം

 

ഒലിയുടെ കാര്യത്തിലേക്ക് തിരിച്ചു വരാം. മരണത്തിനു തൊട്ടുമുൻപുള്ള കാലത്താണ് കുട്ടിക്ക് ഓട്ടിസം ഉണ്ടെന്നു കണ്ടെത്തിയത്. അന്ന് അവന് ഏറ്റവും ഇഷ്ടം തന്റെ ബെഡ്‌ റൂമിലിരുന്ന് ഗെയിം കളിക്കാനും പാട്ടുകേള്‍ക്കാനുമായിരുന്നു. അവന്റെ കൊലപാതകത്തിനു ശേഷമുള്ള രാത്രിയില്‍ അവന്റെ കൂട്ടുകാര്‍ നല്‍കിയ സ്‌ക്രീന്‍ ഷോട്ടുകളില്‍ നിന്നാണ് അവന്‍ ഏതെല്ലാം വഴികളിലൂടെയാണു കടന്നുപോയിരുന്നത് എന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ മാതാപിതാക്കള്‍ക്കു ലഭിച്ചത്. ‘‘ഈ രഹസ്യ ലോകത്ത് നിങ്ങള്‍ക്ക് എന്തും ചെയ്യുകയോ പറയുകയോ ചെയ്യാം. അത്തരത്തിലൊരു ലോകം ഉണ്ടായിരുന്നതായി തങ്ങള്‍ക്ക് ഒരറിവും ഉണ്ടായിരുന്നില്ല. അവനെ ആക്രമിച്ചത് ആ ലോകമായിരുന്നു’’ – അമാന്‍ഡ പറയുന്നു. ഈ അസാധാരണ കേസ് അന്വേഷിച്ചത് ചീഫ് ഇന്‍സ്‌പെക്ടര്‍ ആന്‍ഡി ഹോവഡ് ആണ്.

 

∙ സമാനതകളില്ലാത്ത കേസ്

 

സമാനതകളില്ലാത്ത കേസാണ് ഇതെന്ന് ഇന്‍സ്‌പെക്ടര്‍ ആന്‍ഡി പറയുന്നു. വിചാരണയ്ക്ക് ഉപയോഗിച്ച 90 ശതമാനം തെളിവുകളും മൊബൈല്‍ ഫോണുകളില്‍നിന്ന് ശേഖരിച്ചവയാണ്. കുട്ടികളായ സാക്ഷികള്‍ക്കൊന്നും കോടതിയില്‍ ഹാജരാകേണ്ടി വന്നില്ല. അതേസമയം, കിട്ടിയ ഡിജിറ്റല്‍ തെളിവുകള്‍ കണ്ട് തങ്ങള്‍ ഞെട്ടിപ്പോയെന്ന് ഇന്‍സ്‌പെക്ടര്‍ പറയുന്നു. ഈ തെളിവുകള്‍ ഉപയോഗിച്ച് 13, 14 വയസ്സ് വീതമുളള രണ്ടു കുട്ടികള്‍ കുറ്റക്കാരാണെന്നു കണ്ടെത്തി. കൊലപാതകത്തിനു കൂട്ടുനിന്നതിന് ഒരു പതിമൂന്നുകാരിയും കുറ്റവാളിയാണെന്നു കണ്ടെത്തി. 

 

∙ തെളിവായി ഫോട്ടോകളുടെയും വിഡിയോയുടെയും വൻ ശേഖരം

 

ഫോണുകളില്‍നിന്നു ലഭിച്ച ഫോട്ടോകളുടെയും വിഡിയോയുടെയും വൻ ശേഖരം പരിശോധിച്ച പൊലീസിന് നഗരപ്രാന്തങ്ങളിലെ പുതിയ യാഥാര്‍ഥ്യം വെളിപ്പെട്ടു. ഇതെല്ലാം കേവലം 13, 14 വയസ്സു മാത്രമുള്ള കുട്ടികള്‍ ഓണ്‍ലൈനില്‍ കണ്ടുകൊണ്ടിരുന്നതാണ് എന്ന് വിശ്വസിക്കാന്‍ അവര്‍ക്ക് പ്രയാസമായിരുന്നു. പ്രതികളായ കുട്ടികള്‍ കത്തിയുമായി നില്‍ക്കുന്ന വിഡിയോകളും ഫോട്ടോകളും സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ആയുധങ്ങളുമായി നിന്ന് ഫോട്ടോയും വിഡിയോയും പകര്‍ത്തുന്നത് കുട്ടികള്‍ക്ക് താത്പര്യമുള്ള കാര്യവുമായിരുന്നു. ഒലിയുടെ മരണത്തിലേക്കു നയിച്ചത് സ്‌നാപ്ചാറ്റില്‍ കിട്ടിയ ‘പാറ്റേണിങ്’ എന്ന വിഡിയോയാണ്. ഒരു യുവാവിനെ നാണംകെടുത്തുന്നതിന്റെ ഫോട്ടോകളും വിഡിയോകളുമായിരുന്നു പാറ്റേണിങ്ങില്‍ ഉണ്ടായിരുന്നത്. ഇത് സമൂഹ മാധ്യമങ്ങള്‍ വഴി കാട്ടുതീ പോലെ പ്രചരിച്ചു. ഇരയെ വളരെയധികം നാണം കെടുത്താനായിരുന്നു ശ്രമം.

 

∙ ഒലിക്ക് ഓണ്‍ലൈനില്‍ സംഭവിച്ചതെന്ത്?

 

കൊല്ലപ്പെടുന്നതിന് ഒരാഴ്ച മുൻപ്, തന്നെക്കാള്‍ പ്രായം കുറഞ്ഞ ഒരു കുട്ടിയെ അപമാനിക്കുന്നതിന്റെ ചിത്രം ഒലിക്കു ലഭിച്ചിരുന്നു. ഒലി ആ കുട്ടിയുടെ മൂത്ത സഹോദരന് ഈ ചിത്രം അയച്ചുകൊടുത്തു. ഇക്കാര്യമറിഞ്ഞ് ഒലിയുടെ സ്‌നാപ്ചാറ്റ് ഗ്രൂപ്പിലുണ്ടായിരുന്ന രണ്ടു കുട്ടികള്‍ ദേഷ്യത്തിലായി. ഇതാണ് കൊലയിലേക്കു നയിച്ചത്. കൊല നടത്തിയ രണ്ടു കുട്ടികളും തമ്മില്‍ നൂറുകണക്കിനു ശബ്ദസന്ദേശങ്ങള്‍ കൈമാറിയിരുന്നു. ഒലിയെ ആക്രമിക്കാന്‍ ഒരു പെണ്‍കുട്ടിയെ കൂട്ടുപിടിക്കാനായിരുന്നു അവരുടെ തീരുമാനം. ഒലിയെ നേരിട്ട് അറിയാവുന്ന ആളായിരുന്നു അവര്‍ കൂട്ടുപിടിച്ച പെണ്‍കുട്ടി. ഇവരെല്ലാം ചുറ്റുവട്ടത്താണ് താമസിച്ചിരുന്നതെങ്കിലും കൊല നടന്ന സമയത്താണ് അവരെല്ലാം ആദ്യമായി പരസ്പരം കാണുന്നത്.

 

∙ കൊലപാതകം ചെയ്ത കുട്ടികള്‍ തമ്മിലുള്ള സംഭാഷണം ഞെട്ടിക്കുന്നത്

 

‘‘നീ നാളെ മരിക്കാന്‍ പോകുന്നു, ഒലി. ഞാനവനെ ഇടിച്ചു വീഴിക്കും. അല്ലെങ്കില്‍ വെറുതെ കുത്തിക്കൊല്ലും’’ – എത്ര ലാഘവത്തോടെയാണ് കുട്ടികള്‍ ഇതു പറയുന്നതെന്നതും ശ്രദ്ധേയമാണെന്ന് പൊലീസ് പറയുന്നു. ഇതു കൂടാതെയാണ് പെണ്‍കുട്ടിയുടെ സംഭാഷണം. ‘‘ആണ്‍കുട്ടി (2) എന്നോടു പറയുന്നത് ഒലിയെ വിളിച്ചുവരുത്തണമെന്നാണ്. തുടര്‍ന്ന് ആണ്‍കുട്ടി (2) അവനെ ഇടിക്കും. ഇക്കാര്യത്തില്‍ എനിക്കുളള ഉത്സാഹം പറഞ്ഞറിയിക്കാനാവില്ല’’ എന്നാണ് അവള്‍ പറയുന്നത്. കൊലപാതകത്തിലേക്കു നയിച്ച ഈ സംഭാഷണമൊന്നും സ്‌നാപ്ചാറ്റിന്റെ കണ്ടെന്റ് മോഡറേഷന്‍ സിസ്റ്റം പിടിച്ചെടുത്തില്ല. കുട്ടിക്കുറ്റവാളികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാനുള്ള തെളിവുകള്‍ തങ്ങള്‍ക്ക് ഇപ്പോള്‍ത്തന്നെ ലഭിച്ചുവെന്ന് ഇന്‍സ്‌പെക്ടര്‍ ആന്‍ഡി പറയുന്നു. പക്ഷേ, ഈ കേസിന്റെ ആഴത്തിലേക്കൊന്നും ഇതുവരെ പോയിട്ടില്ലെന്ന തോന്നലാണ് തങ്ങള്‍ക്കെന്നും പൊലീസ് പറയുന്നു. ഇനിയും എത്രയോ അധികം കാര്യങ്ങള്‍ വെളിപ്പെട്ടേക്കാം.

 

∙ കുട്ടികളെ കുറ്റവാളികളാക്കാൻ സമൂഹ മാധ്യമങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നോ?

 

ഹഡര്‍സ്ഫീല്‍ഡ് യൂണിവേഴ്‌സിറ്റിയുടെ പഠനത്തില്‍ പറയുന്നത് 18 വയസ്സില്‍ താഴെയുള്ളവര്‍ നടത്തുന്ന കുറ്റകൃത്യങ്ങളില്‍ ഏകദേശം നാലിലൊന്നിനും വളംവയ്ക്കുന്നതില്‍ സമൂഹ മാധ്യമങ്ങളുടെ പങ്കുണ്ടെന്നാണ്. ഓണ്‍ലൈനില്‍ തുടങ്ങുന്ന വഴക്കുകൾ കായികമായ ഏറ്റുമുട്ടലുകളിലാണ് കലാശിക്കുന്നത്. ഇത്തരം സംഭവങ്ങള്‍ നടക്കാതിരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന അഭിപ്രായക്കാരാണ് ഒലിയുടെ മാതാപിതാക്കള്‍. ബ്രിട്ടനില്‍ കുട്ടികള്‍ക്ക് സംരക്ഷണമൊരുക്കാന്‍ ഒരു ഓണ്‍ലൈന്‍ സുരക്ഷാ നിയമം ഉടനെ പാസാക്കിയേക്കും. എന്നാല്‍, ഇപ്പോള്‍ പാസാക്കാനിരിക്കുന്ന ബില്‍ ഒലിയുടെ ജീവന്‍ രക്ഷിക്കില്ലായിരുന്നു എന്നും മാതാപിതാക്കള്‍ പറയുന്നു. കുട്ടികളുടെ യഥാര്‍ഥ പ്രായം തിരിച്ചറിയാനുള്ള ശ്രമം  സമൂഹ മാധ്യമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കണം എന്നാണ് അവര്‍ പറയുന്നത്. കുട്ടികള്‍ തെരുവില്‍ മരിക്കുമ്പോഴും സമൂഹ മാധ്യമങ്ങള്‍ തങ്ങളുടെ ലാഭത്തില്‍ മാത്രം ശ്രദ്ധിക്കുന്നുവെന്ന ആരോപണവും ഉയരുന്നു.

 

English Summary: A social media murder: Olly’s story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com