ട്വിറ്ററിലെ പിരിച്ചുവിടലുകൾ നവംബർ ഒന്നിന് മുൻപ് നടന്നേക്കുമെന്ന് റിപ്പോർട്ട്. പിരിച്ചുവിടേണ്ടവരുടെ ലിസ്റ്റ് തയാറാക്കാൻ മസ്ക് മാനേജർമാരോട് ആവശ്യപ്പെട്ടതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. മസ്‌ക് ട്വിറ്ററിന്റെ ചില ഉന്നത എക്‌സിക്യൂട്ടീവുകളെ ഇതിനകം തന്നെ പുറത്താക്കിയിട്ടുണ്ട്. അടുത്ത ഘട്ടത്തിൽ നിരവധി ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുകയാണ്. നവംബർ ഒന്നിന് മുൻപ് ട്വിറ്ററിലെ പിരിച്ചുവിടലുകൾ നടന്നേക്കുമെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
കമ്പനിക്ക് ആവശ്യമില്ലാത്തതും എത്രയും വേഗം പുറത്താക്കാവുന്നതുമായ ടീം അംഗങ്ങളുടെ പട്ടിക തയാറാക്കാനാണ് മസ്ക് മാനേജർമാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. എത്ര ജീവനക്കാരെ പിരിച്ചുവിടുമെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. മസ്‌ക് ഏറ്റെടുത്താൽ 75 ശതമാനം ട്വിറ്റർ ജീവനക്കാരെയും പിരിച്ചുവിടുമെന്ന് ആഴ്ചകൾക്ക് മുൻ റിപ്പോർട്ട് വന്നിരുന്നു. എന്നാൽ, പിന്നീട് ഈ കിംവദന്തിയെ മസ്ക് നിഷേധിച്ചിരുന്നു. തനിക്ക് അത്തരം പദ്ധതികളൊന്നുമില്ലെന്നും ഇത്രയും കൂടുതൽ ജീവനക്കാരെ വെട്ടിക്കുറയ്ക്കില്ലെന്നും മസ്ക് വ്യക്തമാക്കി.
നഷ്ടപരിഹാരത്തിന്റെ ഭാഗമായി സാധാരണയായി ലഭിക്കുന്ന സ്റ്റോക്ക് ഗ്രാന്റുകൾ അവർക്ക് നൽകാതിരിക്കാൻ നവംബർ 1ന് മുൻപ് ജീവനക്കാരെ പിരിച്ചുവിടാൻ മസ്‌ക് പദ്ധതിയിടുന്നതായും റിപ്പോർട്ടുണ്ട്. എന്നാൽ, ലയന കരാറിലെ വ്യവസ്ഥകൾ പ്രകാരം മസ്‌ക് ജീവനക്കാർക്ക് അവരുടെ ഓഹരിക്ക് പകരം പണമായി നൽകേണ്ടതുണ്ടെന്ന് പറയപ്പെടുന്നു.
ട്വിറ്ററിൽ നിലവിൽ 7,500 ജീവനക്കാരുണ്ട്. ഇതിൽ നിന്ന് 50 ശതമാനം കുറയ്ക്കാൻ മസ്കിന് കഴിയുമെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ പറയുന്നത്. ട്വിറ്റർ ചീഫ് എക്‌സിക്യൂട്ടീവ് പരാഗ് അഗ്രവാൾ, ചീഫ് ഫിനാൻഷ്യൽ ഓഫീസർ നെഡ് സെഗാൾ, നിയമകാര്യ, നയ മേധാവി വിജയ ഗഡ്ഡെ എന്നിവരെയാണ് മസ്‌ക് ഇതിനകം പുറത്താക്കിയത്.
ഈ ഉന്നത ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടാൽ 2 കോടി മുതൽ 6 കോടി ഡോളർ വരെ നഷ്ടപരിഹാരം നല്‍കേണ്ടിവരും. പക്ഷേ, ചില കാരണങ്ങളാൽ അവർക്ക് ഈ പണം ലഭിച്ചേക്കില്ലെന്നും റിപ്പോർട്ടുകളുണ്ട്. ജീവനക്കാരുടെ കാര്യത്തിൽ തന്റെ മുൻഗണനകൾ എന്താണെന്ന് മസ്‌ക് ഇതുവരെ വ്യക്തത നൽകിയിട്ടില്ല. എന്നാൽ, പ്രധാന പ്രോഡക്ടിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അടുത്തിടെ അദ്ദേഹം സൂചന നൽകിയിരുന്നു. അതേസമയം, തിരഞ്ഞെടുത്ത ടീമുകളുമായി മസ്ക് മീറ്റിങ് നടത്തിയതായി റിപ്പോർട്ടുണ്ട്.
English Summary: Layoffs at Twitter to take place before November 1, Elon Musk reportedly asks managers to prepare lists