ടെസ്‌ല കമ്പനി മേധാവി ഇലോൺ മസ്ക് ഏറ്റെടുത്തതിനു ശേഷം ട്വിറ്ററിൽ വൻ മാറ്റങ്ങളാണ് നടക്കുന്നത്. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി ദിവസങ്ങൾക്ക് മുൻപ് ഏകദേശം 50 ശതമാനം വരുന്ന 3,800 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഇതിനു തൊട്ടുപിന്നാലെ ഇലോൺ മസ്‌ക് കുറഞ്ഞത് 4,400 കരാർ തൊഴിലാളികളെയും കമ്പനിയിൽ നിന്ന് പിരിച്ചുവിട്ടതായാണ് പുതിയ റിപ്പോർട്ട്.
പ്ലാറ്റ്‌ഫോർമർ, ആക്‌സിയോസ് എന്നിവയിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം ട്വിറ്ററിന് കീഴിലെ എല്ലാ കരാർ ജീവനക്കാരെയും പിരിച്ചുവിടുകയാണ് എന്നാണ്. എന്നാൽ കോൺട്രാക്ടർമാർക്ക് ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. അവർക്ക് കമ്പനിയുടെ സ്ലാക്കിലേക്കും ഇമെയിലിലേക്കും ഉള്ള ആക്സസ് റദ്ദാക്കിയിട്ടുണ്ട്. ഇക്കാര്യം ചില ജീവനക്കാർ ട്വിറ്ററിൽ തന്നെ പോസ്റ്റ് ചെയ്തിട്ടുണ്ട്.
എന്നാൽ, കരാർ ജീവനക്കാരെ പിരിച്ചുവിട്ടത് സംബന്ധിച്ച് ഇലോൺ മസ്കോ ട്വിറ്ററോ പ്രതികരിച്ചിട്ടില്ല. ട്വിറ്ററിന്റെ നെറ്റ്‌വർക്കിലേക്കുള്ള ആക്‌സസ് പെട്ടെന്ന് നഷ്‌ടപ്പെട്ടതിനെ തുടർന്ന് കരാർ ജീവനക്കാരിൽ പലരും ജോലി ചെയ്യാനാകാതെ ഇരിക്കുകയാണ്. ചൈൽഡ് സേഫ്റ്റി വർക്ക്ഫ്ലോകളിൽ നിർണായക മാറ്റങ്ങൾ വരുത്തുന്നതിനിടയിലാണ് കരാറുകാരിൽ ഒരാളെ അറിയിപ്പ് കൂടാതെ നെറ്റ്‌വർക്കിൽ നിന്ന് പുറത്താക്കിയതെന്ന് ട്വീറ്റുകളിൽ പറയുന്നുണ്ട്.
കൂട്ടപിരിച്ചുവിടൽ ട്വിറ്ററിൽ വൻ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഓരോ നിമിഷവും നിരവധി കണ്ടെന്റുകൾ പോസ്റ്റ് ചെയ്യപ്പെടുന്ന ട്വിറ്ററിനെ നിയന്ത്രിക്കാൻ നിലവിലെ ജീവനക്കാർക്ക് കഴിയുന്നില്ല. ഇതിനിടെ ട്വിറ്റിറിലെ ചില പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്തിയതും പിൻവലിച്ചതും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്.
English Summary: Twitter now lays off 4,400 contractual workers: Report