ADVERTISEMENT

ദിനംപ്രതി വർധിച്ചുവരുന്ന ഓൺലൈൻ വിദ്വേഷപ്രസംഗങ്ങൾക്കെതിരെ സോഷ്യൽ മീഡിയ ആപ്ലിക്കേഷനായ പിക്സ് സ്റ്റോറി സംഘടിപ്പിക്കുന്ന 'പ്ലേ യുവർ പാർട്' ക്യാംപെയ്നുമായി സഹകരിക്കാനൊരുങ്ങി ഇംഗ്ലിഷ് പ്രീമിയർ ലീഗ് ക്ലബ്ബ് ആഴ്സണൽ. ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത ആപ്പാണ് പിക്‌സ്‌സ്റ്റോറി. ഞായറാഴ്ച എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ നടക്കുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് – ആഴ്സണല്‍ മത്സരത്തിന്റെ ഭാഗമായും പിക്സ് സ്റ്റോറി ഉപയോഗിക്കും.

 

എന്‍ബിഎ താരവും പിക്‌സ്‌സ്റ്റോറി അംബാസഡറുമായ ഡ്വിറ്റ് ഹോവഡ് ആണ് ക്യാംപെയിന് തുടക്കമിടുക. കൂടുതല്‍ സുതാര്യമായ, ശുദ്ധമായ സോഷ്യല്‍ മീഡിയ എന്ന സങ്കല്‍പമാണ് അദ്ദേഹം മുന്നോട്ടുവയ്ക്കുക. പിന്നാലെ അൻപതിനായിരത്തിലധികം ഗണ്ണേഴ്‌സ് ആരാധകർ ക്ലാപ്പറുകൾ ഉപയോഗിച്ച് നിറകയ്യടികളോടെ ഓൺലൈൻ വിദ്വേഷത്തിനും വിവേചനത്തിനുമെതിരെ ശബ്ദമുയർത്തും.

 

അമേരിക്കന്‍ പ്രസിഡന്റ് ജോ ബെയ്ഡന്റെ മുന്‍ ഉപദേഷ്ടാവ് അമിത് മിത്തല്‍, സോഫ്റ്റ് ബാങ്കിന്റെ ചീഫ് ഓഫ് സ്റ്റാഫ് യൊസുകെ സസാകി, കൊക്കകോളയുടെ സീനിയര്‍ ഉദ്യോഗസ്ഥനായ കാരാ സ്വീനി എന്നിവരെല്ലാം കളി കാണാനെത്തും. അവര്‍ക്കൊപ്പം രാജ്യാന്തര മാധ്യമപ്രവര്‍ത്തകരും ഉണ്ടാകും.

 

ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ വ്യക്തമായ ആധിപത്യത്തോടെ കുതിക്കുന്ന ആഴ്‌സനലിന്റെ ഒദ്യോഗിക സോഷ്യൽ മീഡിയ പാർട്ണറാണ് 2022 മുതൽ പിക്സ് സ്റ്റോറി. ഇന്ത്യൻ നിർമിതമായ ഈ സോഷ്യൽമീഡിയ പ്ലാറ്റ്ഫോം ഉപയോക്താക്കൾക്കിടയിൽ അഖണ്ഡത ഉറപ്പുവരുത്താൻ പരിശ്രമിക്കുന്നു. മറ്റു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്ന് വിഭിന്നമായി കൃത്രിമ ബുദ്ധിയുടെ സഹായത്തോടെ പിക്‌സ് സ്റ്റോറി വിദ്വേഷ പ്രസംഗങ്ങളെയും വ്യാജവാർത്തകളെയും ചെറുത്തുനിർത്തുന്നു. ആഴ്‌സനലിനെ കൂടാതെ മുൻനിര ക്ലബ്ബുകളായ യുവന്റസ്, പിഎസ്ജി വിമൻ തുടങ്ങിയവരും വിദ്വേഷരഹിത സോഷ്യൽ മീഡിയ എന്ന സ്വപ്നവുമായി പിക്‌സ് സ്റ്റോറിയുമായി കൈകോർക്കുന്നുണ്ട്.

 

ഓണലൈനിൽ വിദ്വേഷപ്രസംഗങ്ങൾ ഏറ്റവുമധികം നടക്കുന്നയിടങ്ങളാണ് ഫുട്‌ബോൾ ചർച്ചാവേദികൾ. ഇക്കഴിഞ്ഞ ഖത്തർ ലോകകപ്പിൽ ഫ്രഞ്ച് സൂപ്പർതാരമായ കിലിയൻ എംബാപ്പെ അടക്കമുള്ള താരങ്ങൾ ശക്തമായ വംശീയാധിക്ഷേപത്തിന് ഇരയായിരുന്നു. 2022 വിമൻ യൂറോ കപ്പിനിടെ ഇംഗ്ലണ്ട് ടീമിലെ 92 ശതമാനം പേരും വിദ്വേഷപ്രസംഗങ്ങൾക്ക് ഇരയായിരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത്തരത്തിൽ ഓൺലൈനിലൂടെ വെറുപ്പും വംശീയതയും അതിരുകടക്കുമ്പോൾ നന്മയുടെ ബദലാകാൻ ആഹ്വനം ചെയ്യുകയാണ് പിക്‌സ് സ്റ്റോറി 'പ്ലേ യുവർ പാർട്' ക്യാംപെയിനിലൂടെ.

 

അതേസമയം, പിക്‌സ്‌സ്റ്റോറി ഇപ്പോൾ കൂടുതല്‍ സുരക്ഷിതത്വവും സഹകരണ സാധ്യതയുമുള്ള സമൂഹ മാധ്യമം എന്ന ആശയം മുന്നോട്ടുകൊണ്ടുപോകാനായി ഓക്‌സ്‌ഫഡ് ഇന്റര്‍നെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. പിക്‌സ്‌ സ്റ്റോറി എന്ന ആശയം നാസയുടെ ജെറ്റ് പ്രൊപള്‍ഷണ്‍ ലബോറട്ടറിയുടെ ചീഫ് ടെക്‌നോളജി ഓഫിസര്‍ ക്രിസ് മാറ്റ്മാന്‍ അടക്കമുള്ളവരുടെ ചിന്തയില്‍ നിന്നുദിച്ചതാണ്. കണ്ടെന്റ് തിരിച്ചറിയാനും വിശകലനം ചെയ്യാനുമുള്ള ഫ്രെയിംവര്‍ക്കായ അപാഷെടികയുടെ (Apache Tika) സ്ഥാപകനുമാണ് അദ്ദേഹം.

 

ആപ്പിന്റെ ആഗോള ബോര്‍ഡില്‍ യുഎസ് ഇന്റര്‍നാഷണല്‍ ഡവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പറേഷന്റെ മുന്‍ മേധാവി പീറ്റര്‍ വാട്‌സണ്‍, ജപ്പാന്റെ മുന്‍ അംബാസഡര്‍ കോജി സൂരുഓക, മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയ്ക്ക് പ്രസംഗം എഴുതി നല്‍കിയിരുന്ന കോഡി കീനന്‍ തുടങ്ങി പല പ്രശസ്തരും ഉള്‍പ്പെടുന്നു.

 

ഓണ്‍ലൈനില്‍ വിദ്വേഷക കമന്റുകള്‍ക്ക് ഇരയാകുന്നവര്‍ സ്‌പോര്‍ട്‌സ് മേഖലയിലും ധാരാളമാണ്. യൂറോ 2022 നടന്ന സമയത്ത് ഇംഗ്ലണ്ടിന്റെ വനിതാ ടീമിലെ 92 ശതമാനം പേര്‍ക്കുമെതിരെ വിദ്വേഷക ആക്രമണം ഉണ്ടായി എന്നതാണ് ഞെട്ടിക്കുന്ന മറ്റൊരു കണക്ക്. കായിക മത്സരങ്ങളുടെ ലോകത്ത് വിദ്വേഷക ആക്രമണങ്ങളും വംശീയതയും കടന്നുവരുമ്പോള്‍ പിക്‌സ്‌സ്റ്റോറി മറ്റൊരു സാധ്യതയാണ് മുന്നോട്ടുവയ്ക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള പ്രതികരണങ്ങളിലൊന്ന് ശുദ്ധമായ ഊര്‍ജ്ജം ഉപയോഗിക്കുക എന്നതാണെങ്കില്‍‍ വിഷലിപ്തമായ സമൂഹ മാധ്യമ പരിസ്ഥിതിക്ക് മറുമരുന്നാകുകയാണ് പിക്‌സ്‌സ്റ്റോറി. ഇപ്പോള്‍ത്തന്നെ, 120 രാജ്യങ്ങളില്‍ നിന്നായി 10 ലക്ഷത്തോളം ആളുകള്‍ ഉപയോഗിക്കുന്ന പിക്‌സ്‌സ്റ്റോറി പുതിയൊരു പ്രതീക്ഷയാകുകയാണ്. ഓണ്‍ലൈനില്‍ പരസ്പരവിശ്വാസം പുനഃസ്ഥാപിക്കാനുള്ള പുതിയ രീതിയാണ് പിക്‌സ്‌സ്റ്റോറി മുന്നോട്ടുവയ്ക്കുന്നത്.

 

English Summary: Indian app Pixstory takes the centre stage in Arsenal-ManU game

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com