ADVERTISEMENT

ഓണ്‍ലൈന്‍ സുരക്ഷാ ബില്‍ എന്ന പേരില്‍ ബ്രിട്ടിഷ് ഗവണ്‍മെന്റ് നിയമം പാസാക്കാന്‍ ഒരുങ്ങുകയാണ്. വാട്‌സാപും സിഗ്നലും പോലെയുള്ള ആപ്പുകള്‍ ഉപയോഗിക്കുന്ന എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ നിയമവിരുദ്ധമാക്കാനുള്ള സാധ്യത നിലനില്‍ക്കുന്നു. എന്നാല്‍, തങ്ങളുടെ ആപ്പിന്റെ സുരക്ഷ കുറയ്ക്കുന്നതിനേക്കാള്‍ യുകെയില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കാനാണ് ആഗ്രഹിക്കുന്നത് എന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് വാട്‌സാപ് മേധാവി വില്‍ ക്യാത്കാര്‍ട്ട്. മെറ്റാ കമ്പനിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന വാട്‌സാപ് അതിന്റെ ഏറ്റവും വലിയ ഫീച്ചറുകളിലൊന്നായി എടുത്തുകാട്ടുന്നതാണ് എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍.

 

പ്രവര്‍ത്തനം നിർത്തിയേക്കാമെന്ന് വാട്‌സാപ്

Whatsapp-signal

 

ബിബിസിക്കു നല്‍കിയ അഭിമുഖത്തിലാണ് തങ്ങള്‍ ബ്രിട്ടനില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചേക്കാമെന്ന് ക്യാത്കാര്‍ട്ട് പ്രസ്താവിച്ചത്. ബ്രിട്ടന്റെ പുതിയ ഓണ്‍ലൈന്‍ സുരക്ഷാ ബില്‍ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ അനുവദിച്ചേക്കില്ല. അങ്ങനെ വന്നാല്‍, എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുകളയാനല്ല, ബ്രിട്ടണില്‍ പ്രവര്‍ത്തനം നിറുത്താനാണ് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തങ്ങളുടെ ഉപയോക്താക്കള്‍ക്ക് സുരക്ഷയാണ് വേണ്ടത്. കൂടാതെ, തങ്ങളുടെ 98 ശതമാനം ഉപയോക്താക്കളും ബ്രിട്ടനും വെളിയിലാണ് ഉള്ളത്, ക്യാത്കാര്‍ട്ട് പറഞ്ഞു. അവരാരും വാട്‌സാപിന്റെ സുരക്ഷാ സംവിധാനം കുറയ്ക്കാന്‍ ഇഷ്ടപ്പെടുന്നില്ല. അടുത്തിടെ ഇറാനില്‍ വാട്‌സാപ് നിരോധിച്ചു. എന്നാല്‍, ഇന്നേവരെ ഒരു സ്വതന്ത്ര ജനാധിപത്യ രാഷ്ട്രവും അങ്ങനെ ചെയ്തിട്ടില്ല, ക്യാത്കാര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

 

സിഗ്നലിനെ തോല്‍പ്പിക്കാനോ?

 

ലോകത്തെ ഏറ്റവും വിശ്വസിക്കാവുന്ന സമൂഹ മാധ്യമ ആപ്പുകളിലൊന്നായി അറിയപ്പെടുന്ന സിഗ്നല്‍ ബ്രിട്ടന്റെ നിര്‍ദ്ദിഷ്ട ബില്ലിനെക്കുറിച്ച് ആഴ്ചകള്‍ക്കു മുമ്പ് പ്രതികരിച്ചിരുന്നു. തങ്ങളുടെ ഉപയോക്താക്കള്‍ കൈമാറുന്ന സന്ദേശങ്ങള്‍ പരിശോധിച്ചുകൊണ്ടിരിക്കണം എന്നാണ് ബില്ലിലെ നിര്‍ദ്ദേശമെങ്കില്‍ ബ്രിട്ടനില്‍ പ്രവര്‍ത്തനം അവസാനപ്പിച്ചേക്കാമെന്നായിരുന്നു സിഗ്നലിന്റെ പ്രസിഡന്റെ മെറഡിത് വിറ്റകര്‍ പ്രതികരിച്ചത്. യുകെയിലുള്ള സിഗ്നല്‍ ഉപയോക്താക്കള്‍ തുടര്‍ന്നും ആപ്പ് ഉപയോഗിക്കാനായി കമ്പനി എന്തും ചെയ്യും-അവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നതൊഴികെ എന്നായിരുന്നു മെറഡിത് പറഞ്ഞത്.

 

ഒരുമിച്ച് പോരാടുമെന്ന് ക്യാത്കാര്‍ട്ട്

 

പരസ്പരം മത്സരിക്കുന്ന ആപ്പുകളാണെങ്കിലും, സിഗ്നല്‍ പ്രസിഡന്റിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്താണ് ക്യാത്കാര്‍ട്ട് രംഗത്തെത്തിയത്. തങ്ങള്‍ സുരക്ഷ കുറയ്ക്കില്ല. ഇതിനു മുമ്പ് ഒരിക്കലും അങ്ങനെ ചെയ്തിട്ടില്ല. ലോകത്തിന്റെ പല ഭാഗങ്ങളിലും ആപ്പ് നിരോധിക്കപ്പെട്ടിട്ടുണ്ട്. അത് അങ്ങ് അംഗീകരിക്കുകയാണ് തങ്ങള്‍ ചെയ്തത്, ക്യാത്കാര്‍ട്ട് പറയുന്നു.

 

മറ്റു രാജ്യങ്ങള്‍ ബ്രിട്ടന്റെ പാത പിന്തുടരുമോ എന്ന് പേടി

 

അതേസമയം, മറ്റു ലോക രാഷ്ട്രങ്ങളും ബ്രിട്ടന്റെ പാത പിന്തുടരുമോ എന്ന പേടി വാട്‌സാപിന് ഉണ്ടെന്നാണ് സൂചന. ഏതാനും വര്‍ഷം മുമ്പ് ഇന്ത്യ ഇങ്ങനെ ആരാണ് വാട്‌സാപില്‍ ഒരു സന്ദേശം ആദ്യം പോസ്റ്റ് ചെയ്യണം എന്നറിയണം എന്നു പറഞ്ഞ് എത്തിയപ്പോഴും കമ്പനി സ്വീകരിച്ച നിലപാട് എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ പൊളിക്കാനാവില്ല, അങ്ങനെ നിര്‍ബന്ധമാണെങ്കില്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം നിറുത്താമെന്നായിരുന്നു.

 

സ്വതന്ത്ര ജനാധിപത്യ രാഷ്ട്രം എന്ന് അഭിമാനിക്കുന്നവര്‍ക്കും പൗരന്മാരുടെ സ്വകാര്യത 'പുല്ലാ'ണോ?

 

തങ്ങളുടെ രാജ്യത്തുള്ള എല്ലാവരും കൈമാറുന്ന സ്വകാര്യ സന്ദേശങ്ങള്‍ നിയമവിരുദ്ധ ഉള്ളടക്കത്തിന്റെ പേരില്‍ പരിശോധിക്കുന്നതില്‍ തെറ്റില്ലെന്ന്, ഒരു സ്വതന്ത്ര ജനാധിപത്യ രാഷ്ട്രം എന്ന് അഭിമാനിക്കുന്ന ബ്രിട്ടൻ പറഞ്ഞാല്‍, ഇതുവരെ പത്തി താഴ്ത്തി നിന്നിരുന്നവര്‍ തലപൊക്കിലഐ എന്ന് ക്യാത്കാര്‍ട്ട് ചോദിക്കുന്നു. ബ്രിട്ടൻ നിയമവിരുദ്ധമായി പ്രഖ്യാപിക്കുന്ന കണ്ടെന്റിന്റെ ലിസ്റ്റിലുള്ളവ പൗരന്മാര്‍ കൈമാറുന്നുണ്ടോ എന്നറിയാന്‍ വാട്‌സാപും സിഗ്നലും ഒക്കെ ഫോണുകളില്‍ സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റോള്‍ ചെയ്താല്‍, അടുത്ത രാഷ്ട്രം അടുത്ത ലിസ്റ്റുമായി എത്തും. മറ്റൊരു രാഷ്ട്രം നിയമവിരുദ്ധമായി കാണുന്നത് മറ്റൊരു ലിസ്റ്റിലുള്ളവയായിരിക്കും.

 

എന്താണ് ബ്രിട്ടന്റെ ഓണ്‍ലൈന്‍ സുരക്ഷാ ബില്‍?

 

പുതിയ പാത വെട്ടിത്തുറക്കുന്ന ഒന്നാണ് തങ്ങളുടെ പുതിയ ഓണ്‍ലൈന്‍ സുരക്ഷാ ബില്‍ എന്നാണ് ബ്രിട്ടൻ പറയുന്നത്. സമൂഹ മാധ്യമങ്ങളുടെയും, ഉപയോക്താക്കള്‍ സൃഷ്ടിച്ചു കൈമാറുന്ന കണ്ടെന്റിന്റെയും കാര്യത്തില്‍ ചില നിയന്ത്രണങ്ങള്‍ കൊണ്ടുവരിക എന്നതാണ് ബ്രിട്ടന്റെ ലക്ഷ്യം. നിയമവിരുദ്ധമായ ഉള്ളടക്കം, പ്രത്യേകിച്ചും കുട്ടികളെ ഉപദ്രവിക്കുന്ന കണ്ടെന്റ് സമൂഹ മാധ്യമങ്ങള്‍ വഴി  പ്രചിരിക്കരുത് എന്നതാണ് ബ്രിട്ടൻ മുന്നോട്ടുവയ്ക്കുന്ന ഒരു കാര്യം. അതൂ കൂടാതെ, ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം തുടങ്ങിയ വമ്പന്‍ പ്ലാറ്റ്‌ഫോമുകള്‍, നിയമാനുസൃതം ആണെങ്കില്‍ പോലും ഹാനികരമായേക്കാവുന്ന കണ്ടെന്റ് പ്രചരിക്കുന്നത് തടയണമെന്നും ബില്‍ പറഞ്ഞേക്കും. ഇത്തരം ഉള്ളടക്കങ്ങള്‍ ഒരു പ്ലാറ്റ്‌ഫോമിലുണ്ടെങ്കില്‍ അത് നീക്കിക്കളയുന്നതിന്റെ ഉത്തരവാദിത്വം അതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായിരിക്കും. ഇതെല്ലാം നടക്കുന്നുണ്ടെന്നറിയാന്‍ ഓഫ്‌കോം (Ofcom) എന്ന പേരില്‍ ഒരു ബോര്‍ഡും സ്ഥാപിച്ചേക്കും. ബില്ലിന്റെ കരടു രൂപം 2021 മെയിലാണ് പുറത്തുവിട്ടത്. ഇതിലെ നിര്‍ദ്ദേശങ്ങള്‍ പാര്‍ലമെന്റ് ചര്‍ച്ച ചെയ്തുവരികയാണ്.

 

ബ്രിട്ടൻ നിരോധിക്കാന്‍ ഉദ്ദേശിക്കുന്നത് കുട്ടികളെ ഉപദ്രവിക്കുന്ന കണ്ടെന്റ്

തങ്ങള്‍ അംഗീകരിച്ച ടെക്‌നോളജി ഉപയോഗിച്ച് വാട്‌സാപും സിഗ്നലും ഒക്കെ ഉപയോക്താക്കള്‍ കുട്ടികളെ ഉപദ്രവിക്കുന്ന കണ്ടെന്റ് കൈമാറുന്നുണ്ടോ എന്ന് അറിയണം എന്നും, അത്തരം ഉള്ളടക്കം എടുത്തുകളയണം എന്നുമാണ് ബ്രിട്ടൻ കൊണ്ടുവരാന്‍ ഒരുങ്ങുന്ന ബില്ലില്‍ പറയുന്നതെന്ന് ബിബിസി റിപ്പോര്‍ട്ടു ചെയ്യുന്നു. സിഗ്നലിന്റെയും വാട്‌സാപിന്റെയും എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ ഉള്ളടക്കത്തെ 'ചിതറിക്കുക'യാണ് ചെയ്യുന്നത്. ഇത് കൂട്ടിയെടുക്കാന്‍ കമ്പനികള്‍ക്കു പോലും സാധിക്കില്ലെന്നാണ് വയ്പ്പ്.

 

ഉപയോക്താക്കളുടെ സ്വകാര്യത നിലനിര്‍ത്തി തങ്ങള്‍ പറയുന്നതു പോലെ ചെയ്യണമെന്ന് ബ്രിട്ടൻ

കുട്ടികള്‍ക്കെതിരെയുള്ള ആക്രമണം ചെറുക്കാനുള്ള തങ്ങളുടെ പരിശ്രമത്തിനി വിലങ്ങുതടിയാണ് എന്‍ക്രിപ്ഷന്‍ എന്നാണ് ബ്രിട്ടന്റെ ആഭ്യന്തര വകുപ്പിന്റെ നിലപാട്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കലും, സ്വകാര്യത നല്‍കലും ഒരുമിച്ചു കൊണ്ടുപോകാമെന്നും ബ്രിട്ടൻ പറയുന്നു.

 

എത്ര നല്ല നടക്കാത്ത സ്വപ്‌നമെന്ന് സിഗ്നൽ

 

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും, മെഷീന്‍ ലേണിങും ഉപയോഗിച്ച് എന്‍ക്രിപ്റ്റു ചെയ്ത സ്വകാര്യ സന്ദേശങ്ങളെ നിരീക്ഷിച്ചി വിവിധ തരം കുറ്റകൃത്യങ്ങള്‍ കണ്ടെത്തണം എന്നാണ് ബ്രിട്ടൻ പറയുന്നത്. എന്നാല്‍, നിരീക്ഷിക്കലും സ്വാകാര്യതയും ഒരേ സമയ്ത്ത് നല്‍കാന്‍ സാധ്യമാവില്ലെന്ന് കട്ടായം പറഞ്ഞിരിക്കുകയാണ് സിഗ്നല്‍ പ്രസിഡന്റ്.

 

ഇന്ത്യയിലോ?

 

ഇന്ത്യയില്‍ മുന്‍ ഐടി വകുപ്പു മന്ത്രി രവിശങ്കര്‍ പ്രസാദിന്റെ കാലത്ത് ഇത്തരം നീക്കം നടന്നിരുന്നു. ആ സമയത്തും വാട്‌സാപ് സമാന സമീപനമായിരുന്നു സ്വീരിച്ചത്. എന്‍ക്രിപ്ഷന്‍ എടുത്തു കളയണമെങ്കില്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം നിറുത്തിയേക്കാം എന്നായിരുന്നു കമ്പനിയുടെ നിലപാട്. ജനാധിപത്യ രാഷ്ട്രങ്ങള്‍ ഇത്തരം നിലപാടുകള്‍ സ്വീകരിക്കില്ല, അങ്ങനെ ചെയ്താല്‍ അന്താരാഷ്ട്ര തലത്തില്‍ രാജ്യത്തിന്റെ പേരു മോശമാകും എന്നതടക്കമുള്ള കാരണങ്ങളാലാണ് ഇന്ത്യ ഇക്കാര്യത്തില്‍ കടുപിടുത്തം അക്കാലത്ത് ഉപേക്ഷിച്ചത് എന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍, ഇപ്പോള്‍ സ്ഥിതിഗതികള്‍ മാറുകയാണ്. വര്‍ഷങ്ങളായി നിയമമാക്കാന്‍ ശ്രമിക്കുന്ന ഇന്ത്യയുടെ ഡേറ്റാ പരിപാലന നിയമവും അതിന്റെ അന്തിമ ഘട്ടത്തിലേക്ക് ഉടനെ എത്തിയേക്കും. വിദേശ കമ്പനികള്‍ ഇന്ത്യക്കാരുടെ ഡേറ്റ പുറത്തുകൊണ്ടു പോകരുത് എന്നതടക്കമുള്ള പല മുന്‍ നിര്‍ദ്ദേശങ്ങളിലും കടുംപിടുത്തം വെടിഞ്ഞാണ് പുതിയ ബില്‍ വരുന്നതെന്നാണ് സൂചന. എന്നാല്‍ ബ്രിട്ടനിലെ പുതിയ സംഭവവികാസങ്ങള്‍ കൂടെ കണക്കിലെടുത്ത് എന്‍ക്രിപ്റ്റഡ് ആപ്പുകള്‍ക്കെതരെ ഇന്ത്യ വീണ്ടും രംഗത്തെത്തുമോ എന്ന് കാത്തിരുന്നു കാണാം.

 

English summary: WhatsApp and Signal would leave the UK rather than comply with potential requirement for weakened encryption

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com