ADVERTISEMENT

നേരിട്ടു ചെന്ന് സ്ത്രീകളോട് അവരെ തനിക്കിഷ്ടമാണെന്നു പറയാനോ, അല്ലെങ്കില്‍ അവരോട് തന്നോടിഷ്ടമാണോ എന്നു ചോദിക്കാനോ കഴിയില്ലാത്തവരെ സഹായിക്കുന്ന സേവനമാണ് ഡേറ്റിങ് ആപ്പുകൾ. 'സ്ത്രീ, പുരുഷ രഹസ്യ സൗഹൃദം' ആഗ്രഹിക്കുന്നവരാണ് ഇത്തരം ആപ്പുകളുടെ ഉപഭോക്താക്കളും. ഇവിടെ സാധാരണക്കാർ മുതൽ സെലിബ്രിറ്റികൾ വരെയുണ്ട്. പരിചയപ്പെടുന്നവരിൽ വിദേശികളും സ്വദേശികളുമായ 'സ്ത്രീകളും പുരുഷൻമാരും' ഉണ്ടാകും. ഇതിൽ പലരും പല തട്ടിപ്പുകൾക്കും ഇരയാകുകയും ചെയ്യുന്നു. സാമ്പത്തികവും ശാരീരികവുമായി ചൂഷണങ്ങൾ വിധേയമാകുന്നു.

 

ഓണ്‍ലൈന്‍ ഡേറ്റിങ് സൈറ്റുകളില്‍ മേയുന്ന ചിലര്‍ക്കെങ്കിലും അബദ്ധങ്ങൾ സംഭവിക്കാറുണ്ട്. ഇതു കൂടാതെ പലതരം അപകടങ്ങളും ഇത്തരം സേവനങ്ങളില്‍ പതിയിരിക്കുന്നു. ഇതു തന്നെയാണ് അമേരിക്കയില്‍ അടുത്തിടെ നടത്തിയ അന്വേഷണങ്ങള്‍ വെളിവാക്കുന്നത്. തട്ടിപ്പുകാര്‍ യഥേഷ്ടം വിലസുന്നയിടമാണ് ഡേറ്റിങ് സൈറ്റുകള്‍ എന്നാണ് പഠനങ്ങളില്‍ നിന്നു മനസ്സിലായിരിക്കുന്നത്. ഓണ്‍ലൈനിലെ പ്രേമാര്‍ഥികള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ചും മുന്നറിയിപ്പു നല്‍കാനും ഗവേഷകര്‍ മറക്കുന്നില്ല.

 

അല്‍പ്പം പരിചയത്തിലായിക്കഴിഞ്ഞാല്‍ അങ്ങേത്തലയ്ക്കലുള്ളയാള്‍ സ്വകാര്യ വിവരങ്ങള്‍ ചോദിക്കാനും പൈസ ചോദിക്കാനും എല്ലാം തുടങ്ങിയാല്‍ ഇട്ടിട്ടോടുന്നതായിരിക്കും ബുദ്ധിയെന്നാണ് അവര്‍ പറയുന്നത്. ചിലര്‍ തങ്ങള്‍ക്ക് പെട്ടെന്നു സംഭവിച്ച ദുരന്തത്തെക്കുറിച്ച്, അല്ലെങ്കില്‍ അലിവു കാത്ത് ആശുപത്രിയില്‍ കഴിയുന്ന തന്റെ കുട്ടിയെക്കുറിച്ചൊക്കെയുള്ള കഥകളായിരിക്കും എടുത്തിടുക. പ്രേമക്കണ്ണടയണിഞ്ഞ് ഈ സന്ദേശങ്ങള്‍ പരിശോധിക്കുന്ന ഇരയാകട്ടെ വീഴുകയും ചെയ്‌തേക്കും.

 

മാച്‌ഡോട്‌കോം (match.com), ടിന്‍ഡര്‍, ഓകെക്യുപിഡ്, പ്ലെന്റിഓഫ്ഫിഷ് തുടങ്ങിയ വെബ്‌സൈറ്റുകളില്‍ വ്യാജ പ്രൊഫൈലുകള്‍ക്കു പിന്നില്‍ തമ്പടിച്ചിരിക്കുന്ന പല റോമിയോകളും ജൂലിയറ്റുകളും തട്ടിപ്പിന്റെ മുഖംമൂടിയണിഞ്ഞവരാണ്. നിഷ്‌കളങ്കരെ ഇവര്‍ തട്ടിപ്പിനിരയാക്കുന്നുവെന്നു വ്യക്തമാക്കുന്നതാണ് പുതിയ പഠനങ്ങള്‍. ഇത്തരം വെബ്‌സൈറ്റുകളില്‍ കാണുന്ന പ്രൊഫൈലുകളില്‍ 25 മുതല്‍ 30 ശതമാനം വരെ വ്യാജമാണെന്നാണ് അമേരിക്കയുടെ ഫെഡറല്‍ ട്രേഡ് കമ്മിഷന്‍ (എഫ്ടിസി) നല്‍കുന്ന മുന്നറിയിപ്പ്. അവര്‍ മാച്ച് ഗ്രൂപ്പിനെതിരെ കേസു നല്‍കുകയും ചെയ്തിരുന്നു.

 

∙ ഡേറ്റിങ് വെബ്സൈറ്റുകളില്‍ എടുക്കേണ്ട പ്രതിരോധ നടപടികള്‍ എന്തെല്ലാമാണ്?

 

ഇടപെടുന്ന ആളുകളുടെ പ്രൊഫൈലുകള്‍ സൂക്ഷ്മമായി പരിശോധിക്കുക. തങ്ങള്‍ വിദ്യാസമ്പന്നരും വിശ്വസിക്കാവുന്നവരും തൃപ്തികരമല്ലാത്ത പ്രവര്‍ത്തനങ്ങള്‍ നടത്താത്തവരുമാണ് തുടങ്ങിയ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നവരായിരിക്കും മിക്ക തട്ടിപ്പുകാരും. ഇവരുമായി ഇടപെടാന്‍ തുടങ്ങിക്കഴിഞ്ഞാല്‍ അധികം താമസിയാതെ സ്വകാര്യ വിവരങ്ങള്‍ ചോദിച്ചു തുടങ്ങും. തട്ടിപ്പിനു വേണ്ട വിവരശേഖരണമാണിത്.

 

യഥാര്‍ഥ ലോകത്ത് എടുക്കുന്ന അതേ പ്രതിരോധ നടപടികള്‍ തന്നെയാണ് നിങ്ങള്‍ സ്വീകരിക്കേണ്ടതെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഉദാഹരണത്തിന് നിങ്ങള്‍ റോഡില്‍ വച്ച് ഒരു അപരിചിതനെ കാണുന്നു. അയാള്‍ പറയന്നു, 'നിങ്ങള്‍ എത്ര സുന്ദരിയായിരിക്കുന്നു, അല്ലെങ്കില്‍ സുന്ദരനായിരിക്കുന്നു. എനിക്കു നിങ്ങളുടെ ഫോണ്‍ നമ്പറും വിലാസവും ബാങ്ക് അക്കൗണ്ട് നമ്പറും വേണം'. ആരും ഇതു നല്‍കില്ല എന്നുറപ്പാണ്. ഇതേ രീതിയില്‍ തന്നെയാകണം ഓണ്‍ലൈനിലെ കാണാമറയത്തുള്ള അപരിചിതരോട് ഇടപെടുന്നതും എന്നാണ് അവര്‍ പറയുന്നത്.

 

സ്വന്തം അഡ്രസ്, വ്യക്തിപരമായ വിവരങ്ങള്‍, കുടംബത്തെക്കുറിച്ചുള്ള വിവരങ്ങള്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ തുടങ്ങയിവയൊന്നും ഓണ്‍ലൈനിലൂടെ ഒരു കാരണവശാലും നല്‍കരുതെന്നാണ് ഇന്‍ഫ്‌ളുവന്‍സറായ സ്റ്റെഫാനി ലി പറയുന്നത്. 

 

ഡേറ്റിങ്ങിലൂടെ ആരെയെങ്കിലും നിങ്ങള്‍ പരിചയപ്പെടുകയും അയാളെ നേരിട്ടു കാണാന്‍ തീരുമാനിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ അത് പകല്‍ സമയത്തും പൊതു സ്ഥലത്തും വച്ചായിരിക്കണം എന്നതാണ് രണ്ടാമത്തെ ഉപദേശം. സ്വകാര്യ സ്ഥലങ്ങളിലേക്കുള്ള ക്ഷണം കര്‍ശനമായും നിരസിക്കണം.

 

∙ ഡേറ്റിങ് വെബ്സൈറ്റില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ ഇനി പറയുന്ന നടപടികള്‍ സ്വീകരിക്കണം

 

നിങ്ങളുമായി ബന്ധപ്പെടുന്ന ആളുകളുടെ പ്രൊഫൈല്‍ വിശദമായി പരിശോധിക്കണം. അവയില്‍ ഭയപ്പെടുത്തുന്ന ഒന്നുമില്ല എന്നുറപ്പിക്കണം. ആ വ്യക്തി നല്‍കിയിരിക്കുന്ന ചിത്രങ്ങള്‍ എല്ലാം നോക്കുക. ഒന്നിലേറെ ആളുകളുടെ ചിത്രങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കില്‍ നിങ്ങള്‍ ഒരു തട്ടിപ്പുകാരനെ അല്ലെങ്കില്‍ തട്ടിപ്പുകാരിയെ കണ്ടെത്തിക്കഴിഞ്ഞതായി മനസ്സിലാക്കുക.

 

നിങ്ങള്‍ ഓണ്‍ലൈനില്‍ ഒരു സുഹൃത്തിനെ കണ്ടെത്തി. നിങ്ങള്‍ തമ്മില്‍ നേരില്‍ കാണുന്നതിനു മുൻപ് അയാള്‍ അല്ലെങ്കില്‍ അവള്‍ പണം ചോദിച്ചു തുടങ്ങിയാല്‍ നിങ്ങള്‍ ഒരു തട്ടിപ്പുകാരനോട് അല്ലെങ്കില്‍ തട്ടിപ്പുകാരിയോട് ആണ് ഇടപെട്ടുകൊണ്ടിരിക്കുന്നതെന്ന് ഉറപ്പിക്കാം. ഉറ്റവരോട് ആരോടെങ്കിലും ഈ പുതിയ സൗഹൃദത്തെക്കുറിച്ച് പറഞ്ഞു വയ്ക്കുന്നത് വളരെ ഉചിതമായിരിക്കും. അവര്‍ എന്തെങ്കിലും മുന്നറിയിപ്പു നല്‍കിയാല്‍ അത് ഗൗരവത്തിലെടുക്കണം.

 

English Summary: If You’re Looking for Love Online, Here’s What to Know About Dating App Safety

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com