സക്കർബർഗിന് അന്നേ അറിയാമായിരുന്നു, ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും കുട്ടികളെ വഴിതെറ്റിക്കുമെന്ന്

Zuckerberg knew Facebook and Instagram were addictive and harmful to children
Photo: facebook/zuck
SHARE

ജനപ്രിയ സമൂഹ മാധ്യമങ്ങളായ ഫെയ്സ്ബുക്കും ഇന്‍സ്റ്റഗ്രാമും കുട്ടികളില്‍ ദുശ്ശീലമായി മാറുമെന്ന് മെറ്റാ സിഇഒ മാര്‍ക് സക്കര്‍ബര്‍ഗിന് അറിയാമായിരുന്നുവെന്നും അതിനെതിരെ കണ്ണടക്കുകയാണ് അദ്ദേഹം ചെയ്തതെന്നും കോടതി രേഖകള്‍. സുക്കര്‍ബര്‍ഗിനെതിരെ 2023 ഫെബ്രുവരിയില്‍ നല്‍കിയ പരാതിയുടെ തുടര്‍നടപടികളുടെ ഭാഗമായി പുറത്തുന്ന രേഖയിലാണ് ഇക്കാര്യമുള്ളതെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടു ചെയ്യുന്നു. സോഷ്യല്‍മീഡിയ സൈറ്റുകള്‍ക്ക് കുട്ടികളെ അടിമകളാക്കാന്‍ സാധിക്കുമെങ്കിലും അതിനെതിരെ നടപടിയെടുക്കേണ്ടതില്ലെന്ന രീതിയില്‍ ജീവനക്കാരോട് സക്കര്‍ബര്‍ഗ് സംസാരിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

കൗമാരക്കാരുടെ സുരക്ഷയും ക്ഷേമവും തങ്ങളുടെ മുന്‍ഗണനാ വിഷയങ്ങളാണെന്ന് മറ്റൊരു കേസില്‍ 2021ല്‍ ഫെയ്സ്ബുക്കിന്റെ പ്രൈവസി ആൻഡ് പബ്ലിക് പോളിസി വൈസ് പ്രസിഡന്റ് സ്റ്റീവ് സറ്റേര്‍ഫീല്‍ഡ് പറഞ്ഞിരുന്നു. എന്നാല്‍, മാനസികാരോഗ്യ ടീമിനെ തന്നെ മെറ്റ പിരിച്ചുവിട്ടുവെന്നതാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. അതേസമയം, ഇതിനെ നിഷേധിച്ചുകൊണ്ട് മെറ്റാ വക്താവ് തന്നെ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. 

'ഉപയോക്താക്കളുടെ ക്ഷേമത്തെക്കുറിച്ച് ഞങ്ങള്‍ പരിഗണിക്കുന്നില്ലെന്ന പ്രചാരണം തെറ്റാണ്. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് പണം ചെലവാക്കുന്നത് വര്‍ധിച്ചിരിക്കുകയാണ്. കൗമാരക്കാര്‍ക്കും കുടുംബത്തിനും ഉപയോഗിക്കാന്‍ സാധിക്കുന്ന മുപ്പതോളം ടൂളുകള്‍ ഞങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. ഞങ്ങളുടെ നൂറുകണക്കിന് ജീവനക്കാരാണ് ഇത്തരം ജോലികളില്‍ മുഴുകിയിരിക്കുന്നത്' എന്നാണ് മെറ്റാ വക്താവിന്റെ വിശദീകരണം. 

tips-to-reduce-mobile-phone-addiction-in-children
Photo Credit : Daniel Jedzura \ shutterstock.com

മെറ്റായുടെ കീഴിലുള്ള സോഷ്യല്‍മീഡിയ ആപ്ലിക്കേഷനുകള്‍ 13നും 17നും ഇടക്ക് പ്രായമുള്ളവരില്‍ മൂന്നിലൊന്നു പേര്‍ നിയന്ത്രിക്കാനാവാത്ത വിധത്തില്‍ ഉപയോഗിക്കുന്നുവെന്നാണ് ഓക്‌ലന്‍ഡില്‍ ഫയല്‍ ചെയ്ത പരാതിയില്‍ പറയുന്നത്. ഫെയ്സ്ബുക്കും ഇന്‍സ്റ്റഗ്രാമും ഉപയോഗിച്ചതിന്റെ പേരില്‍ ബുദ്ധിമുട്ടുന്ന കുട്ടികളുടെ മാതാപിതാക്കളാണ് ആദ്യം കോടതിയെ സമീപിച്ചത്. അപകടകരമാം വിധം കുട്ടികളെ അടിമപ്പെടുത്തും വിധമാണ് ഫെയ്സ്ബുക്കും ഇന്‍സ്റ്റഗ്രാമും ഡിസൈൻ ചെയ്തിരിക്കുന്നതെന്നും ഇത് കുട്ടികളില്‍ ഉറക്കവും ഭക്ഷണവും താളം തെറ്റുന്നതിനും മാനസിക സമ്മര്‍ദത്തിനും ആത്മഹത്യാ പ്രേരണക്കുമെല്ലാം കാരണമാകുമെന്നും പരാതിയില്‍ പറയുന്നു. 

തന്റെ മകള്‍ ഏഴാം വയസ്സുമുതല്‍ സോഷ്യല്‍മീഡിയയുടെ അടിമയായെന്നാണ് പരാതിക്കാരില്‍ ഒരാളായ സിസിലിയ ടെഷ്‌ക് പറയുന്നത്. ഈ പ്രശ്‌നം മാറ്റി വന്നപ്പോഴേക്കും കുട്ടിയില്‍ ഭക്ഷണം കഴിക്കുന്നത് താളം തെറ്റിയെന്നും കാണിച്ച് 2020ലാണ് ഒറേഗോണില്‍ നിന്നുള്ള ബ്രിട്‌നി ഡോഫിങ് എന്ന രക്ഷിതാവിനൊപ്പം ചേര്‍ന്ന് ഇവര്‍ കോടതിയെ സമീപിച്ചത്. 

സ്‌നാപ്പിനെതിരെയും മെറ്റാക്കെതിരെയുമാണ് ഡോഫിങ് പരാതി നല്‍കിയത്. തന്റെ മകളെ അപകടകരമാം വിധം സ്മാര്‍ട് ഫോണ്‍ അടിമയാക്കിയെന്നു കാണിച്ചാണ് ഡോഫിങ് കോടതിയെ സമീപിച്ചത്. ഇതേത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷങ്ങളില്‍ പലതവണ മനശാസ്ത്രവിദഗ്ധരെ കാണിക്കേണ്ടി വന്നെന്നും ഡോഫിങ് പറയുന്നു. 

US-BUSINESS-FACEBOOK-LAYOFFS-INTERNET-COMPUTERS-META
Photo by JOSH EDELSON / AFP

പരാതികള്‍ വ്യാപകമായതിനെ തുടര്‍ന്ന് മെറ്റാ ഇക്കാര്യത്തില്‍ നടപടികള്‍ സ്വീകരിച്ചിരുന്നു. 2022 നവംബറില്‍ 16 വയസ്സില്‍ താഴെ പ്രായമുള്ള എല്ലാ കുട്ടികളുടേയും അക്കൗണ്ടുകളുടെ സ്വകാര്യതാ നയത്തില്‍ മെറ്റാ മാറ്റം വരുത്തി. സംശയം ജനിപ്പിക്കുന്ന ഏതെങ്കിലും മുതിര്‍ന്ന വ്യക്തിയില്‍ നിന്നുള്ള ചാറ്റ് ബ്ലോക്കു ചെയ്യിക്കാനും ഇത്തരം ചാറ്റുകളെ കുട്ടികള്‍ക്ക് റിപ്പോര്‍ട്ടു ചെയ്യാനായി പ്രോത്സാഹിപ്പിക്കാനും ശ്രമിക്കുന്നുണ്ടെന്നും മെറ്റാ പറയുന്നു. ദീര്‍ഘസമയം ആപ്ലിക്കേഷേന്‍ ഉപയോഗിക്കുമ്പോള്‍ മുന്നറിയിപ്പ് നല്‍കുന്ന സംവിധാനം കൊണ്ടുവന്നുവെന്നും മെറ്റാ അറിയിക്കുന്നുണ്ട്.

English Summary: Zuckerberg knew Facebook and Instagram were addictive and harmful to children, did nothing

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS