ADVERTISEMENT

സൂര്യനില്‍ നിന്നും പൊട്ടിത്തെറികളും ഊര്‍ജ പ്രവാഹങ്ങളും സംഭവിക്കുകയെന്നത് പുതുമയുള്ള കാര്യമല്ല. എന്നാല്‍ ഇക്കഴിഞ്ഞ മാര്‍ച്ച് 12നുണ്ടായ കൊറോണല്‍ മാസ് ഇജക്ഷന്‍ അതിന്റെ അതിശക്തമായ ശേഷികൊണ്ട് ശ്രദ്ധ നേടുകയാണ്. സെക്കൻഡില്‍ 2,127 കിലോമീറ്റർ വേഗത്തിലാണ് സൂര്യനില്‍ നിന്നും ഊര്‍ജ്ജപ്രവാഹം സംഭവിച്ചത്. ഇത് പാര്‍ക്കര്‍ സോളാര്‍ പ്രോബ് എന്ന സൂര്യനെ നിരീക്ഷിക്കുന്ന പേടകം പിടിച്ചെടുക്കുകയും ചെയ്തു. 

 

സാധാരണ ഭൂമിയുടെ ദിശയിലല്ലാതെ സംഭവിക്കുന്ന സൂര്യനില്‍ നിന്നുള്ള കൊറോണല്‍ മാസ് ഇജക്ഷനുകള്‍ ആശങ്കയാവാറില്ല. എന്നാല്‍ ഈ ഊര്‍ജ പ്രവാഹത്തിന്റെ സിഗ്നലുകള്‍ ഭൂമിയെ വലംവെക്കുന്ന സാറ്റലൈറ്റുകള്‍ പിടിച്ചെടുക്കുക വരെയുണ്ടായി. ഭൂമിയുടെ ദിശയിലാണ് ഈ കൊറോണല്‍ മാസ് ഇജക്ഷന്‍ സംഭവിച്ചിരുന്നതെങ്കില്‍ വലിയ തോതിലുള്ള നാശ നഷ്ടങ്ങള്‍ ഭൂമിയിലുണ്ടാവുമായിരുന്നു. 

 

ഭൂമിക്ക് ചുറ്റും ഭ്രമണം ചെയ്യുന്ന സാറ്റലൈറ്റുകളേയും ബഹിരാകാശ നിലയങ്ങളേയും അത് നേരിട്ട് ബാധിക്കും. ഭൂമിയിലെ വൈദ്യുതി വിതരണ സംവിധാനങ്ങള്‍ താറുമാറാവുകയും ഇരുട്ടിലാവുകയും ചെയ്യും. സാറ്റലൈറ്റുകളെ ഉപയോഗിക്കുന്ന സ്മാര്‍ട് ഫോണുകള്‍ മുതല്‍ ടെലിവിഷന്‍ വരെയുള്ളവയുടെ പ്രവര്‍ത്തനത്തെ ഇത് വലിയ തോതില്‍ ബാധിക്കും. ചുരുക്കത്തില്‍ മനുഷ്യ ജീവിതം ഒറ്റയടിക്ക് പതിറ്റാണ്ടുകള്‍ പിന്നോട്ടുവലിക്കാന്‍ ശക്തമായ ഒരു കൊറോണല്‍ മാസ് ഇജക്ഷന് സാധിക്കും.

 

നിശ്ചിത ഇടവേളകളില്‍ സൂര്യനില്‍ നിന്നും ഇത്തരം അതിശക്തമായ ഊര്‍പ്രവാഹങ്ങള്‍ സംഭവിക്കാറുണ്ട്. ഓരോ പതിനൊന്ന് വര്‍ഷം കൂടുമ്പോഴും സൂര്യന്‍ കൂടുതല്‍ ശക്തമായി കത്തിയെരിയുകയും പിന്നീട് ശാന്തമാവുകയും ചെയ്യാറുണ്ട്. ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ സോളാര്‍ മാക്‌സിമം എന്നു വിളിക്കുന്ന ഈ പ്രതിഭാസം സംഭവിക്കുമെന്ന പ്രതീക്ഷയും ശാസ്ത്രലോകത്തിനുണ്ട്. 

 

നിശ്ചിത ഇടവേളയില്‍ സൂര്യനില്‍ സംഭവിക്കുന്ന ഈ ഊര്‍ജവ്യതിയാനങ്ങള്‍ക്ക് പിന്നില്‍ സൂര്യന്റെ കാന്തികമണ്ഡലത്തിനുണ്ടാവുന്ന മാറ്റമാണ് കാരണം. ഓരോ 11 വര്‍ഷം കൂടുമ്പോഴും സൂര്യന്റെ ധ്രുവങ്ങള്‍ അന്യോനം മാറും. ഇത് എന്തുകൊണ്ട് സംഭവിക്കുന്നുവെന്ന് ഇതുവരെ ശാസ്ത്രലോകത്തിന് വ്യക്തമായിട്ടില്ല. സോളാര്‍ മാക്‌സിമത്തിന്റെ സമയത്ത് ധ്രുവപ്രദേശങ്ങളിലെ കാന്തികമണ്ഡലം ക്ഷയിച്ച് പൂജ്യത്തിലെത്തുകയും പിന്നീട് തെക്കും വടക്കും പരസ്പരം മാറുകയുമാണ് ചെയ്യുന്നത്. 

 

സൂര്യനില്‍ ഈ കാലഘട്ടം വലിയ മാറ്റങ്ങള്‍ക്കും ഇടയാക്കാറുണ്ട്. പ്രധാനമായും സൂര്യനില്‍ നിന്നുള്ള അതിശക്തമായ ഊര്‍ജ്ജ പ്രവാഹങ്ങളുടേയും പ്ലാസ്മയുടേയും സൂര്യവാതങ്ങളുടേയുമെല്ലാം അളവ് കൂടുന്നത് ഇക്കാലത്താണ്. സണ്‍സ്‌പോട്ടുകള്‍ എന്നുവിളിക്കുന്ന സൗരകളങ്കങ്ങളുടെ എണ്ണവും ഇക്കാലത്ത് കൂടുകയും പരമാവധിയിലെത്തുകയും ചെയ്യും. സണ്‍സ്‌പോട്ട് മാക്‌സിമം എന്നും ഇക്കാലഘട്ടം അറിയപ്പെടുന്നുണ്ട്. സൂര്യനില്‍ നിലവില്‍ നൂറ് സൗര കളങ്കങ്ങളെങ്കിലും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇതില്‍ ചിലവ സൗരകളങ്കങ്ങളുടെ കൂട്ടങ്ങളായും കാണപ്പെടുന്നു. 

 

നാസയുടെ സൂര്യ നിരീക്ഷണ പേടകമായ പാര്‍ക്കര്‍ സോളാര്‍ പ്രോബാണ് ഈ അസാധാരണ കൊറോണല്‍ മാസ് ഇജക്ഷനെ തിരിച്ചറിഞ്ഞത്. നാസയുടെ തന്നെ സോളാര്‍ ആന്‍ഡ് ഹെലിയോസ്‌ഫെറിക് ഒബ്‌സര്‍വേറ്ററി (SOHO), സോളാര്‍ ഡൈനാമിക്‌സ് ഒബ്‌സര്‍വേറ്ററി (SDO) എന്നിവയും യൂറോപ്യന്‍ സതേണ്‍ ഒബ്‌സര്‍വേറ്ററിയുടെ സോളാര്‍ ഓര്‍ബിറ്ററും ഈ പ്രതിഭാസത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. സൂര്യനില്‍ നിന്നുള്ള വലിയ ഊര്‍ജ പ്രവാഹങ്ങള്‍ എത്രയും വേഗത്തില്‍ കണ്ടെത്താനോ പ്രവചിക്കാനോ കഴിയുകയെന്നതാണ് ശാസ്ത്ര ലോകത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രാധാന്യമുള്ള കാര്യം.

 

English Summary: An Eruption on The The Far Side of The Sun Was So Powerful Its Shockwave Hit Earth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com