ഒരു വാട്സാപ് അക്കൗണ്ട് ഇനി നാല് ഫോണുകളിൽ ലോഗിന്‍ ചെയ്യാമെന്ന് മെറ്റ മേധാവി മാർക്ക് സക്കർബർഗ് പ്രഖ്യാപിച്ചു. വാട്സാപ്പിന്റെ ആൻഡ്രോയിഡ്, ഐഒഎസ് പതിപ്പുകളിൽ ഈ ഫീച്ചർ വൈകാതെ ലഭിക്കുമെന്നാണ് അറിയുന്നത്. ഇതുവരെ ഉപയോക്താക്കൾക്ക് ഡെസ്‌ക്‌ടോപ്പുകൾ, ലാപ്‌ടോപ്പുകൾ എന്നിവ പോലുള്ള വിവിധ ഉപകരണങ്ങളിൽ ഒരു അക്കൗണ്ട് ഉപയോഗിക്കാൻ സാധിച്ചിരുന്നെങ്കിലും ഒരേ അക്കൗണ്ട് ഒന്നിൽ കൂടുതൽ ഫോണുകളിൽ ലഭിച്ചിരുന്നില്ല. എന്നാൽ, വാട്സാപ്പിന്റെ പുതിയ പതിപ്പിൽ പുതിയ ഫീച്ചറും ലഭിച്ചേക്കും.
ഒരേ വാട്സാപ് അക്കൗണ്ട് ഉപയോഗിച്ച് സൈൻ ഔട്ട് ചെയ്യാതെ തന്നെ ഒരു ഫോണിൽ നിന്ന് മറ്റൊന്നിലേക്ക് മാറാനും നിർത്തിയിടത്ത് നിന്ന് ചാറ്റുകൾ തുടരാനും സാധിക്കും. കൂടാതെ, നിങ്ങളൊരു ചെറുകിട ബിസിനസ്സ് ഉടമയാണെങ്കിൽ സ്ഥാപനത്തിലെ ഏതൊരു ജീവനക്കാർക്കും അതേ വാട്സാപ് ബിസിനസ് അക്കൗണ്ട് വിവിധ ഫോണുകളിൽ നിന്ന് ഉപയോഗിച്ച് ഉപഭോക്താക്കളോട് പ്രതികരിക്കാൻ കഴിയും.
കഴിഞ്ഞ വർഷം ആഗോളതലത്തിൽ ഉപയോക്താക്കൾക്ക് അവരുടെ എല്ലാ ഉപകരണങ്ങളിലും ഒരേ നിലവാരത്തിലുള്ള സ്വകാര്യതയും സുരക്ഷയും നിലനിർത്തിക്കൊണ്ട് തടസ്സങ്ങളില്ലാതെ മെസേജുകൾ അയയ്ക്കാനുള്ള സംവിധാനം അവതരിപ്പിച്ചു. ഇന്ന് ഒന്നിലധികം ഫോണുകളിൽ ഒരേ അക്കൗണ്ട് ഉപയോഗിക്കാനുള്ള ഫീച്ചർ അവതരിപ്പിച്ചുകൊണ്ട് മൾട്ടി-ഡിവൈസ് ഓഫർ കൂടുതൽ മെച്ചപ്പെടുത്തുകയാണെന്ന് വാട്സാപ് അറിയിച്ചു.
English Summary: WhatsApp introduces ability to use one account on multiple phones, here is how to enable