ADVERTISEMENT

മസ്‌കിന്റെ ട്വിറ്ററിനെ കെട്ടുകെട്ടിക്കാന്‍ ഇന്‍സ്റ്റഗ്രാം; വാട്‌സാപിനെതിരെ ട്വിറ്റര്‍

വ്യക്തികള്‍ മുതല്‍ രാജ്യങ്ങളും ബിസിനസ് സ്ഥാപനങ്ങളും വരെ ഉപയോഗിക്കുന്ന സന്ദേശങ്ങള്‍ പോസ്റ്റു ചെയ്യുന്ന സമൂഹ മാധ്യമമായ ട്വിറ്ററിനു സമാനമായ സേവനങ്ങള്‍ നല്‍കാന്‍ ഒരുങ്ങുകയാണ് ഇന്‍സ്റ്റഗ്രാം എന്ന ഊഹാപോഹം കുറച്ചുകാലമായി പ്രചരിച്ചുവന്നിരുന്നു. ഇപ്പോള്‍ പുതിയ ആപ്പിന്റെ ഒരു സ്‌ക്രീന്‍ഷോട്ട് പുറത്തെത്തിയതോടെ ഈ വാദം ബലപ്പെട്ടു. ഇന്‍സ്റ്റഗ്രാമിന്റെ സവിശേഷതകള്‍ നിലനിര്‍ത്തിയ, എന്നാല്‍ ട്വീറ്ററിന്റെ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയ പുതിയ ആപ്പ് പുറത്തിറക്കാനാണ് മെറ്റാ കമ്പനി ഒരുങ്ങുന്നതെന്നാണ് സൂചന. ഒരാള്‍ ഇടുന്നപോസ്റ്റിനുള്ള മറുപടികള്‍, താഴെ താഴെയായി കോര്‍ത്തു കോര്‍ത്തു കിടക്കുന്നതു പോലെയുള്ള ഒന്നായിരിക്കും പുതിയ ആപ്പ് എന്നാണ് സൂചന.


500 അക്ഷരങ്ങള്‍ വരെയുള്ള പോസ്റ്റുകള്‍

 A view of the Twitter logo at its corporate headquarters in San Francisco, California, U.S. October 27, 2022. REUTERS/Carlos Barria
A view of the Twitter logo at its corporate headquarters in San Francisco, California, U.S. October 27, 2022. REUTERS/Carlos Barria

തുടക്കത്തില്‍ 500 അക്ഷരങ്ങള്‍ വരെയുള്ള പോസ്റ്റുകള്‍ ആയിരിക്കും പുതിയ ആപ്പില്‍ പോസ്റ്റ് ചെയ്യാന്‍ സാധിക്കുക എന്നാണ് മനസിലാകുന്നത്. ട്വിറ്ററില്‍ 280 ക്യാരക്ടേഴ്‌സ് മാത്രം എന്നാണ് നിജപ്പെടുത്തിയിരിക്കുന്നത്. പുതിയ ആപ്പിലും ടെക്‌സ്റ്റിനൊപ്പംചിത്രങ്ങളോ വിഡിയോയോ, ലിങ്കുകളോ പങ്കുവയ്ക്കാനും സാധിക്കും. ഇതെല്ലാം, ക്രിയേറ്റര്‍മാരും, ഫാന്‍സും, ഫ്രണ്ട്‌സും ഒക്കെ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കാനുള്ള ശ്രമമാണെന്നാണ് ഇന്‍സ്റ്റഗ്രാം പറയുന്നത്. താമസിയാതെ, തങ്ങളുടെ ആപ്പ് മാസ്റ്റഡണ്‍ (ട്വിറ്ററിന്റെ എതിരാളി) ആപ്പിനു സമാനമായി പ്രവര്‍ത്തിച്ചേക്കുമെന്നും ഇന്‍സ്റ്റഗ്രാം പറയുന്നു. വികേന്ദ്രീകൃതമായി പ്രവര്‍ത്തിക്കുന്ന ട്വിറ്റര്‍ എന്നാണ് മാസ്റ്റഡണിന്റെ വിവരണം.

ജൂണില്‍ പുറത്തിറക്കിയേക്കാം

ഇന്‍സ്റ്റഗ്രാമിന്റ കീഴില്‍ പ്രവര്‍ത്തിപ്പിക്കാന്‍ പോകുന്ന പുതിയ ആപ്പിന്റെ പേര് വ്യക്തമല്ല. കമ്പനിക്കുളളില്‍ ഇത് 'പി92' എന്ന കോഡ് നാമം ഉപയോഗിച്ചാണ് വികസിപ്പിച്ചുവരുന്നത്. പുതിയ ആപ്പ് ജൂണില്‍ പുറത്തിറക്കിയേക്കുമെന്നു കരുതുന്നവരും, ഏതാനും മാസം കൂടെ കാത്തിരിക്കേണ്ടി വന്നേക്കുമെന്നു കരുതുന്നവരും ഉണ്ട്. ട്വിറ്ററിന് എതിരെ കണ്ടുവരാന്‍ ശ്രമിച്ച് പരാജയപ്പെട്ട ആപ്പുകളെപ്പോലെയല്ലാതെ, ഇന്‍സ്റ്റഗ്രാമിന് തങ്ങളുടെ 235 കോടി ഉപയോക്താക്കളില്‍ കുറേ പേരെ ആകര്‍ഷിക്കാന്‍ സാധിച്ചാല്‍ പോലും പുതിയ ആപ്പ് വിജയിപ്പിക്കാന്‍സാധിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.

whatsapp

വാട്‌സാപ്പിനെ പോലെയാകാന്‍ ട്വിറ്റര്‍

ട്വിറ്ററിന്റെ ഇപ്പോഴത്തെ ഉടമ ഇലോണ്‍ മസ്‌കിന്റെ ഭരണപരിഷ്‌കാരങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന് എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ കൊണ്ടുവരാനുള്ള ശ്രമമാണെന്ന് ദി വേര്‍ജ്. മുന്നോട്ടുള്ള യാത്രയില്‍ കാണാന്‍ ആഗ്രഹിക്കുന്ന പല ഫീച്ചറുകളും മസ്‌ക്കമ്പനിയുടെ ജോലിക്കാര്‍ക്ക് പരിചയപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ വാട്‌സാപിനെയും സിഗ്നലിനെയും പോലെ എന്‍ഡ്-ടുഎന്‍ഡ് എന്‍ക്രിപ്ഷനുള്ള ഡിഎം (ഡയറക്ട് മെസേസജ്), നേരിട്ടുള്ള വോയിസ്, വിഡിയോ കോളുകള്‍ തുടങ്ങിയവ ഉള്‍പ്പെടുത്താനുള്ള താത്പര്യം കോടീശ്വരന്‍ വെളിപ്പെടുത്തി. രണ്ടുപേര്‍ എന്‍ഡ്-ടുഎന്‍ഡ് എന്‍ക്രിപ്റ്റഡ് സന്ദേശങ്ങള്‍ കൈമാറുമ്പോള്‍ അത് അവര്‍ക്കു മാത്രമെ കാണാനാകൂ. ട്വിറ്ററിനു പോലും അത് കാണാനാവില്ല. ട്വിറ്റര്‍ ഇപ്പോള്‍ മാറ്റിവരുന്ന കോഡുകള്‍ ഈ ഫീച്ചറിനുള്ള പണി തുടങ്ങിയെന്നതിന്റെ സൂചനയാണെന്നും പറയുന്നു.

ഗവണ്‍മെന്റുകള്‍ക്കും സന്ദേശങ്ങള്‍ വായിക്കാനാവില്ല

സന്ദേശം കൈമാറുന്ന രണ്ടു വ്യക്തികള്‍ക്കിടയില്‍ ആര്‍ക്കും ഇടപെടാന്‍ സാധിക്കാത്ത തരത്തിലുള്ളതായിരിക്കും ട്വിറ്ററിന്റെയും എന്‍ക്രിപ്ഷന്‍. ഗവണ്‍മെന്റിനോ, നിയമപരിപാലകര്‍ക്കൊ, എന്തിന് ഹാക്കര്‍മാര്‍ക്കോ പോലും ഈ സന്ദേശങ്ങള്‍ വായിക്കാന്‍ സാധിക്കാത്തരീതിയില്‍ കൊണ്ടുവരാനാണ് ശ്രമം. മസ്‌ക് ട്വിറ്റര്‍ ജോലിക്കാര്‍ക്കായി നടത്തിയ പ്രസന്റേഷനിലാണ് വരുത്താനാഗ്രഹിക്കുന്ന പുതിയ മാറ്റങ്ങളെക്കുറിച്ച് പറഞ്ഞത്. 'ട്വിറ്റര്‍ 2.0' എന്നാണ് മസ്‌ക് പുതിയ മാറ്റങ്ങള്‍ അടങ്ങിയ ആപ്പിനെ വിശേഷിപ്പിച്ചതത്രെ. ആരെങ്കിലും (ട്വിറ്ററിന്റെഉടമയായ) എന്റെ തലയില്‍ തോക്കുവച്ചിട്ട് ഒരു ട്വിറ്റര്‍ ഉപയോക്താവിന്റെ ഡിഎം വായിക്കാന്‍ പറഞ്ഞാല്‍ എനിക്കു പോലും വായിക്കാന്‍ സാധിക്കാത്ത തരത്തിലായിരിക്കണം എന്‍ക്രിപ്ഷന്‍ എന്നാണ് മസ്‌ക് പറയുന്നത്.

signal-app

സിഗ്നലിന്റെ സഹായം തേടിയേക്കും

ട്വിറ്റര്‍ ഉപയോക്താക്കള്‍ക്ക് തങ്ങളുടെ സ്വകാര്യതയെക്കുറിച്ച് ഒരു ഉത്കണ്ഠയുമില്ലാതെ യഥേഷ്ടം സന്ദേശങ്ങള്‍ കൈമാറാന്‍ സാധിക്കുന്നതരം എന്‍ക്രിപ്ഷന്‍ കൊണ്ടുവരണമെന്നാണ് മസ്‌ക് ആഗ്രഹിക്കുന്നത്. അതേസമയം, മസ്‌കിന്റെ വരവിനു മുമ്പ് 2018ല്‍ ട്വിറ്റര്‍ഈ ഫീച്ചര്‍ കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, അത് പരാജയപ്പെടുകയും, കൈമാറിയ സന്ദേശങ്ങള്‍ വായിക്കപ്പെടുകയും ചെയ്തു എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വാട്‌സാപിനെക്കാള്‍ സുരക്ഷിതമായ സന്ദേശക്കൈമാറ്റ ആപ്പ് എന്നു വിലയിരുത്തപ്പെടുന്ന സിഗ്നലുമായി സഹകരിച്ചായിരിക്കാംപുതിയ മാറ്റം ട്വിറ്റര്‍ ഇനി കൊണ്ടുവരിക എന്നും കേള്‍ക്കുന്നു. സിഗ്നലിനെ മസ്‌ക് പുകഴ്ത്തിയത് ഇതിന്റെ സൂചനയാണെന്നും വ്യാഖ്യാനിക്കപ്പെടുന്നു.

എക്‌സ് ആപ്പിന്റെ തുടക്കമോ?

അതേസമയം, ഇത്തരം സന്ദേശങ്ങളും, ഇകൊമേഴ്‌സും, പണക്കൈമാറ്റവും എല്ലാം ഉള്‍പ്പെടുത്തിയ, എന്തും ചെയ്യാവുന്ന ഒരു ആപ്പ് പുറത്തിറക്കാന്‍ മസ്‌കിന് ഉദ്ദേശമുണ്ട്. എക്‌സ് ആപ്പ് എന്നായിരിക്കാം അതിന്റെ പേര്. എക്‌സ് ആപ്പിന്റെ തുടക്കമെന്ന നിലയില്‍ട്വിറ്ററില്‍ ഇപ്പോള്‍ കൊണ്ടുവന്നു തുടങ്ങിയിരിക്കുന്ന മാറ്റങ്ങളെ കാണാമെന്നും വാദമുണ്ട്.

എക്‌സ് കോര്‍പ്

ട്വിറ്ററിനെ മസ്‌ക് അധികം താമസിയാതെ ഉപേക്ഷിച്ചാലും അത്ഭുതപ്പെടേണ്ടി വന്നേക്കില്ല. താന്‍ ഏറ്റെടുത്ത ട്വിറ്റന്‍ ഇന്‍ക് നു പകരം മസ്‌ക് 2023ല്‍ തുടങ്ങിയ കമ്പനിയാണ് എക്‌സ് കോര്‍പ്. എക്‌സ് കോര്‍പ് ആകട്ടെ, എക്‌സ് ഹോള്‍ഡിങ്‌സ് കോര്‍പ് എന്നകമ്പനിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു. ഇതിന്റെയും ഏക ഉടമ മസ്‌ക് തന്നെയാണ്. എക്‌സ് കോര്‍പിനു കീഴിലാണ് ഇപ്പോള്‍ ട്വിറ്റര്‍ പ്രവര്‍ത്തിക്കുന്നത്.

ഗൂഗിളിനെതിരെ ഇന്ത്യന്‍ വംശജര്‍ സ്ഥാപിച്ച നീവ പൂട്ടുന്നു

സേര്‍ച്ച് ഭീമന്‍ ഗൂഗിളിനെതിരെ, പരസ്യങ്ങളില്ലാതെ, അതേസമയം സ്വകാര്യതയ്ക്ക് ഊന്നല്‍ നല്‍കി, പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചുവന്ന നീവ സേര്‍ച്ച് എഞ്ചിന്‍ നിറുത്തുന്നു. ഇന്ത്യന്‍ വംശജരായ ശ്രീധര്‍ രാമസ്വാമിയും, വിവേക് രഘുനാഥനുമായിരുന്നുനീവയ്ക്കു പിന്നില്‍. ദീര്‍ഘകാലം ഗൂഗിളില്‍ ഉദ്യോഗസ്ഥരായിരുന്ന ഇവരാണ്, ആ സേര്‍ച്ച് ഭീമനെ ഇന്നു കാണുന്ന തരം പരസ്യങ്ങളുടെ രാജാവാക്കി തീര്‍ത്തത് എന്നും വാദമുണ്ട്. നീവയ്ക്കു പിന്നലുള്ള ആശയം, മാസ വരിസംഖ്യ നല്‍കുക എന്നുള്ളതായിരുന്നു. ആദ്യ മൂന്നു മാസത്തേക്ക് ഫ്രീയായിഉപയോഗിക്കാം. തുടര്‍ന്നുള്ള മാസങ്ങളില്‍ 4.95 ഡോളര്‍ വീതം എന്നായിരുന്നു വരിസംഖ്യ നിശ്ചയിച്ചിരുന്നത്.

ആളുകള്‍ വരിസംഖ്യ തന്നേക്കുമായിരുന്നു, പക്ഷെ പുതിയ സേര്‍ച്ച്, വേണ്ടത്ര ആളുകളെകൊണ്ട് ഒന്നു പരിശോധിപ്പിച്ചു നോക്കാന്‍ പോലും സാധിക്കുന്നില്ല എന്നതാണ് നിറുത്താനുള്ള ഒരു കാരണമായി ശ്രീധറും, വിവേകും ചൂണ്ടിക്കാട്ടിയത്. കൂടാതെ, എഐ സേര്‍ച്ച്സംവിധാനങ്ങളും എത്തിയതോടെ, ലോകത്തിന്റെ സാമ്പത്തിക പരിസ്ഥിതിയും മാറി. ഒരു സേര്‍ച്ച് എഞ്ചിന്‍ ഉണ്ടാക്കുക എന്നത് ഒരു കാര്യം, എന്നാല്‍ അത് സാധാരണ ഉപയോക്താക്കളെക്കൊണ്ട് പരിശോധിപ്പിച്ചു നോക്കുക എന്നത് മറ്റൊരു വിഷയം തന്നെയാണ് എന്ന് അവര്‍ പറയുന്നു. കോവിഡിന്റെ കാലത്ത് 2019ല്‍ ആണ് നീവ തുടങ്ങിയത്. ഇപ്പോള്‍ ചാറ്റ്ജിപിറ്റിയും, ഗൂഗിള്‍ ബാര്‍ഡും സേര്‍ച്ചിനെ മറ്റൊരു ദിശയിലേക്ക് നയിക്കുകയുമാണ് എന്നതും നീവ പൂട്ടാനുള്ള തീരുമാനത്തെ ബാധിച്ചു.

പിക്‌സല്‍ ബഡ്‌സ് പ്രോയ്ക്ക് ക്ലീയര്‍ കോളിങ് ഫീച്ചര്‍ കിട്ടിയേക്കും

ഗൂഗിളിന്റെ പ്രീമിയം വയര്‍ലെസ് ഇയര്‍ഫോണ്‍ ആയ പിക്‌സല്‍ ബഡ്‌സ് ഉടമകള്‍ക്ക് സന്തേഷവാര്‍ത്ത. ശബ്ദായമാനമായ പരിസ്ഥിതിയില്‍ ലഭിക്കുന്ന കോളുകളും കൂടുതല്‍ വ്യക്തതയോടെ കേള്‍ക്കാന്‍ അനുവദിക്കുന്നതാണ് ഇനി സോഫ്റ്റ്‌വെയര്‍ അപഡേറ്റ് വഴി നല്‍കാന്‍ഒരുങ്ങുന്ന ക്ലീയര്‍ കോളിങ് ഫീച്ചര്‍. ചുറ്റുമുളള ശബ്ദത്തെ പൂര്‍ണ്ണമായി ഇല്ലാതാക്കിയല്ല കോളിന്റെ സ്വരസ്ഫുടത വര്‍ദ്ധിപ്പിക്കുന്നത്. അതേസമയം, നല്ലയൊരളവില്‍ ചുറ്റുമുള്ള ശബ്ദം കുറയ്ക്കുകയും ചെയ്യും എന്ന് 9ടു5ഗൂഗിള്‍.

ഒരു തവണ ഗംഭീര അപ്‌ഡേറ്റ് നല്‍കി കഴിഞ്ഞു

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ആണ് പിക്‌സല്‍ ബഡ്‌സ് പ്രോ അവതരിപ്പിച്ചത്. അതിനു ശേഷം സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് വഴി, 5-ബാന്‍ഡ് ഇക്യു, ഇടതു-വലതു ചെവികളുടെ വോളിയം ബാലന്‍സ്, സ്‌പേഷ്യല്‍ ഓഡിയോ സപ്പോര്‍ട്ട്, തലയുടെ ചലനം അറിയാനുള്ള ശേഷി തുടങ്ങിപല ഫീച്ചറുകളും ഇക്കഴിഞ്ഞ മാര്‍ച്ചില്‍ പുറത്തിറക്കിയ അപ്‌ഡേറ്റില്‍ നല്‍കിയിരുന്നു. അതുപോലെ ഒരു വലിയ അപ്‌ഡേറ്റാണ് ഇനി നല്‍കാന്‍ പോകുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com