സൂക്ഷിക്കുക! സോഷ്യൽ മീഡിയയിലെ തേൻകെണികൾ

Honeytrap-Honey-trap-1248-07
SHARE

സോഷ്യൽ മീഡിയയിൽ ഹണി ട്രാപ്പുകള്‍ കൂടിവരികയാണ്. ഇൻസ്റ്റാഗ്രാം, ഫെയ്സ്ബുക്, സ്‌നാപ് ചാറ്റ് തുടങ്ങി എല്ലാ സോഷ്യൽ പ്ലാറ്റുഫോമുകളിലും 'തേൻകെണികൾ' വ്യാപകമാണ്. പുരുഷന്മാരെ ആകർഷിക്കാൻ അർദ്ധ നഗ്ന ചിത്രങ്ങളും വിഡിയോകളും പോസ്റ്റ് ചെയ്‌ത നിരവധി വ്യാജ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ ഹണി ട്രാപ്പിനായി ഉപയോഗിക്കുന്നതായി കാണാം. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഒന്നിലധികം അക്കൗണ്ടുകളും നിരവധി ഫോളോവേഴ്‌സുമുള്ള വ്യാജ വനിതാ പ്രൊഫൈലുകൾ കാണാം. അല്ലെങ്കിൽ ഒറിജിനൽ അക്കൗണ്ട് ആണെന്ന് തോന്നിപ്പിക്കുന്ന 'ഗെറ്റപ്പ്' വ്യാജ പ്രൊഫൈലിൽ സെറ്റ് ചെയ്‌തിരിക്കുന്നത്‌ കാണാം.

ആകർഷകമായ പ്രൊഫൈൽ ചിത്രങ്ങളുള്ള വനിതാ പ്രൊഫൈലുകൾ സോഷ്യൽ മീഡിയയിലെ മെസഞ്ചർ പ്ലാറ്റ്‌ഫോമുകളിലൂടെ ഇരകളെ ബന്ധപ്പെടുന്നു. ചാറ്റിലൂടെ പെട്ടന്ന് തന്നെ 'ഹോട്ട്' ലൈനിൽ എത്തുകയും ഫോൺ നമ്പർ കൈമാറി മെസേജിങ് ആപ് ആയ വാട്സാപ് തുടങ്ങിയവ വഴി ലൈവ് സെക്സ് വിഡിയോ സെഷനിലേക്ക് ഇരകളെ എത്തിക്കുകയും ചെയ്യുന്നു. പുരുഷന്മാരെ വശീകരിച്ചു വീഴ്ത്തുകയും സംഭാഷണമോ നഗ്ന വിഡിയോ കോളോ നടത്താൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു.

കുറച്ചു പണം നൽകിയാൽ ചെറിയ തോതിൽ ലൈവ് സെക്‌സ്, കൂടുതൽ പണം നൽകിയാൽ ഗ്രേഡ് കൂടിയ സീൻ ഇങ്ങനെ ആളുകളെ ഹണി ട്രാപ്പിൽ വീഴ്ത്തുന്നു. റെക്കോർഡ് ചെയ്തു വച്ചിരിക്കുന്ന വിഡിയോ സെഷനുകളാണ് പ്രലോഭനത്തിൽ വീഴുന്ന ഇരകളെ കാത്തിരിക്കുന്നത്. നഗ്‌നമായി ഓൺലൈൻ സെക്‌സിൽ ഏർപ്പെടാനും തട്ടിപ്പുകാർ നിർബന്ധിക്കും.

നഗ്നമായി വിഡിയോ കോളിൽ പ്രത്യക്ഷപ്പെടുന്ന സ്ത്രീകൾ, അതുപോലെ അനുകരിക്കാൻ ഇരകളോട് പറയുന്നു. പിന്നീട് റെക്കോർഡ് ചെയ്യപ്പെട്ട നഗ്നമായ വിഡിയോ കോളിന്റെ സെഷനുകൾ സോഷ്യൽ മീഡിയയിൽ പങ്കിടും അല്ലെങ്കിൽ രഹസ്യ ചാറ്റുകൾ പുറത്തുവിടുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്താനും സാമ്പത്തികപരമായി വ്യക്തികളെ ദുരുപയോഗം ചെയ്യാനും ആരംഭിക്കുന്നു.

ആദ്യം വനിതാ പ്രൊഫൈലുകളിൽ നിന്ന് ഫ്രണ്ട് റിക്വസ്റ്റ് ലഭിക്കുന്നു. അഭ്യർഥനകൾ സ്വീകരിച്ചു കഴിഞ്ഞാൽ മറുവശത്തുള്ള ആളുകൾ സന്ദേശമയയ്‌ക്കാൻ തുടങ്ങുന്നു. പിന്നീട് ഫോൺ നമ്പറുകൾ പങ്കിടുന്നു. വാട്സാപ്പിൽ വിഡിയോ കോൾ ചെയ്യാൻ പിന്നീട് തുടങ്ങുന്നു. സംഗതി 'ഹോട്ട്' ആയി മാറുന്നതോടെ പുരുഷന്മാർ തേൻ കെണിയിലാകുന്നു. ചുരുക്കിപ്പറഞ്ഞാൽ സംഭവിക്കുന്നത് ഇതാണ്.

പല തരത്തിലുള്ള ഹണി ട്രാപ്പ് പരിപാടികളാണ് സോഷ്യൽ നെറ്റ്‌വർക്കുകളിൽ അരങ്ങേറുന്നത്.

സംഭാഷണങ്ങളോ വിഡിയോകളോ ഇവരുമായി ചെയ്തിട്ടില്ലെങ്കിൽപ്പോലും ഇരയെ ബ്ലാക്ക്‌മെയിൽ ചെയ്യാൻ മോർഫ് ചെയ്‌ത ചിത്രങ്ങൾ നിർമിച്ച് ഭീഷണിപ്പെടുത്തുന്ന പരിപാടിയും ഉണ്ട്.

അതുപോലെ ഡേറ്റിങ് ആപ്പുകളും ബോയ്/ഗേൾ എസ്‌കോർട്ട് വെബ്‌സൈറ്റുകളും ഹണി ട്രാപ്പ് സങ്കേതങ്ങളാണെന്ന് നമ്മൾ ഓർക്കുക. ഇത്തരം വെബ്‌സൈറ്റുകളിൽ നമ്പർ നൽകിയും ആപ്പുകൾ വഴി ആകർഷിച്ചും നമ്മളെ വലയിലാക്കാൻ വൻ മാഫിയ തന്നെ പ്രവർത്തിക്കുന്നുണ്ട്.

ഹണി ട്രാപ്പിൽ വീണു ഇര പണം നൽകാൻ സമ്മതിക്കുകയും പണം നൽകുകയും ചെയ്താലും ബ്ലാക്ക് മെയിൽ അവിടെ അവസാനിക്കുന്നില്ല. അത് അനന്തമായ ചുഴിയാണെന്ന് നമ്മൾ മനസ്സിലാക്കുക.

പണവും മാനവും മനസ്സമാധാനവും നഷ്ടപ്പെട്ടു ജീവിതം കളയാതെ ഹണി ട്രാപ്പ് തട്ടിപ്പു സംഘങ്ങളുടെ വലയിൽ വീഴാതെ നാം ഓരോരുത്തരും നമ്മളെ സൂക്ഷിക്കുക എന്നതാണ് പ്രധാനം.

fake-account

∙ ഹണി ട്രാപ്പിൽ വീഴാതിരിക്കാനുള്ള നുറുങ്ങുകൾ

- അജ്ഞാതർ അയയ്ക്കുന്ന സന്ദേശങ്ങൾക്ക് റെസ്പോണ്ട് ചെയ്യാതിരിക്കുക

- സോഷ്യൽ മീഡിയയിൽ കാണുന്ന അനാവശ്യ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുക

- വിഡിയോ കോളിനുള്ള ക്ഷണം നിരസിക്കുക

- വിഡിയോ കോൾ ലഭിക്കുകയാണെങ്കിൽ, അത് എടുക്കാതിരിക്കുക

- സംശയം തോന്നുകയാണെങ്കിൽ നിങ്ങളുടെ ഉപകരണങ്ങളുടെ ക്യാമറകൾ കവർ ചെയ്യുക

- ഓൺലൈൻ ഡേറ്റിങ് സൈറ്റുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക

- അതിരുവിട്ട ചിത്രങ്ങളോ വിഡിയോകളോ ആരുമായും പങ്കിടാതിരിക്കുക

- അറിയാവുന്നവരുമായി മാത്രം ഓൺലൈനിൽ ബന്ധപ്പെടുക

- സോഷ്യൽ മീഡിയ സ്വകാര്യതാ ക്രമീകരണങ്ങൾ ഉപയോഗിക്കുക

English Summary: Tips to remain safe from Honey Trap on social media

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

‘വർക്ക് ഇല്ലാതെ പൂപ്പൽ പിടിച്ചതാ; പച്ച പിടിച്ചതല്ല’

MORE VIDEOS
FROM ONMANORAMA