അബദ്ധത്തിൽ അയച്ച മെസേജുകൾ എഡിറ്റ് ചെയ്യാൻ സഹായിക്കുന്ന പുതിയ ഫീച്ചറുമായി വാട്സാപ്. എഡിറ്റ് ബട്ടൺ ഫീച്ചർ ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്കെല്ലാം ലഭിക്കും. ചില സ്വകാര്യ ചാറ്റുകൾ ലോക്ക് ചെയ്യാനുള്ള ഫീച്ചർ അവതരിപ്പിച്ചതിനു തൊട്ടുപിന്നാലെയാണ് എഡിറ്റ് ബട്ടണും ഉൾപ്പെടുത്തിയിരിക്കുന്നത്.
ആർക്കെങ്കിലും അയച്ച തെറ്റായ മെസേജുകളിൽ എന്തെങ്കിലും മാറ്റം വരുത്താൻ 15 മിനിറ്റ് സമയമാണ് ലഭിക്കുക. ഇത് വളരെ ഉപകാരപ്രദമായ ഒരു ഫീച്ചറാണ്. കാരണം അക്ഷരത്തെറ്റുകളും തെറ്റായ വാക്കുകളും നീക്കം ചെയ്യാൻ മെസേജ് ഡിലീറ്റ് ചെയ്യാതെ തന്നെ എഡിറ്റ് ചെയ്യാം. പുതിയ എഡിറ്റ് ബട്ടൺ വന്നതോടെ മെസേജുകളിലെ അക്ഷരത്തെറ്റുകൾ പൂർണമായും ഒഴിവാക്കാന്‍ സാധിക്കും.
അക്ഷര തെറ്റുകൾ തിരുത്തുകയോ മെസേജിലേക്ക് കൂടുതൽ വാക്കുകൾ ചേർക്കുകയോ ചെയ്യാം. അയച്ച മെസേജ് 15 മിനിറ്റിനുള്ളിൽ തന്നെ എഡിറ്റ് ചെയ്യണം. എഡിറ്റ് ചെയ്യേണ്ട മെസേജ് കുറച്ചുനേരം ടാപ്പുചെയ്‌ത് പിടിക്കണം, തുടർന്ന് മെനുവിൽ നിന്ന് 'എഡിറ്റ്' ഓപ്ഷൻ തിരഞ്ഞെടുക്കുകയാണ് വേണ്ടതെന്നും വാട്സാപ് ബ്ലോഗ് പോസ്റ്റിൽ പറയുന്നുണ്ട്.
തെറ്റായ മെസേജുകളുടെ നാണക്കേടിൽ നിന്ന് ഉപയോക്താകളെ രക്ഷിക്കുന്നതാണ് പുതിയ വാട്സാപ് ഫീച്ചർ. വാട്സാപ്പിന്റെ പുതിയ പതിപ്പ് അപ്ഡേറ്റ് ചെയ്യുന്നവർക്കെല്ലാം ഈ ഫീച്ചർ ഉപയോഗിക്കാം. വാട്സാപ്പിൽ അബദ്ധത്തിൽ അയയ്‌ക്കുന്ന സന്ദേശങ്ങൾ എങ്ങനെ എഡിറ്റ് ചെയ്യാമെന്ന് നോക്കാം:
– വാട്സാപ് ഓപ്പൺ ചെയ്ത് ഏതെങ്കിലും ചാറ്റിലേക്ക് പോകുക
– അബദ്ധത്തിൽ അയച്ച മെസേജിൽ കുറച്ചു നേരം ടാപ്പ് ചെയ്യുക
– തുടർന്ന് ഒരു എഡിറ്റ് മെസേജ് ഓപ്‌ഷൻ ലഭിക്കും, ഇവിടെ മെസേജ് എഡിറ്റ് ചെയ്യാം.
ശ്രദ്ധിക്കുക: മെസേജ് എഡിറ്റ് ചെയ്യാൻ വാട്സാപ് നൽകുന്നത് 15 മിനിറ്റ് സമയമാണ്. ഇതിനുശേഷം മാറ്റങ്ങൾ വരുത്താൻ സാധിക്കില്ല. അത്തരം മെസേജുകൾ ഡിലീറ്റ് ചെയ്യേണ്ടിവരും.
English Summary: WhatsApp Edit feature launched, here is how to edit messages you sent by mistake