സക്കർബർഗിന് വൻ നഷ്ടം, 2606 കോടിക്ക് വാങ്ങിയ ജിഫി വിറ്റത് 438.52 കോടി രൂപയ്ക്ക്
Mail This Article
മാർക്ക് സക്കർബര്‍ഗിന് കീഴിലുള്ള കമ്പനിയായ മെറ്റ 31.5 കോടി ഡോളറിന് (ഏകദേശം 2606 കോടി രൂപ) വാങ്ങിയ ജിഫിയെ മൂന്ന് വർഷത്തിനു ശേഷം വിറ്റത് കേവലം 5.3 കോടി ഡോളറിന് (ഏകദേശം 438 കോടി രൂപ). ജിഐഎഫ് സേർച്ച് എൻജിനായ ജിഫിയെ ഷട്ടർസ്റ്റോക്കാണ് വാങ്ങിയത്. ഈ ഇടപാടിൽ മെറ്റയ്ക്ക് 26.2 കോടി ഡോളറിന്റെ നഷ്ടമാണ് നേരിട്ടത്. ബ്രിട്ടന്റെ ആന്റിട്രസ്റ്റ് അതോറിറ്റിയാണ് ജിഫിയെ വിൽക്കാൻ മെറ്റായോട് ആവശ്യപ്പെട്ടത്.
2020 മേയിൽ മെറ്റ വാങ്ങിയ ജിഫി (Giphy) വില്‍ക്കേണ്ടി വന്നേക്കാമെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ വാങ്ങലിനെതിരെ ബ്രിട്ടന്റെ കോംപറ്റീഷന്‍ ആന്‍ഡ് മാര്‍ക്കറ്റ്‌സ് അതോറിറ്റിയും രംഗത്തെത്തിയിരുന്നു. ആനിമേറ്റു ചെയ്ത ചിത്രങ്ങള്‍ അല്ലെങ്കില്‍ ജിഫുകള്‍ പങ്കുവയ്ക്കുന്ന വെബ്‌സൈറ്റാണ് ജിഫി. ഈ ഏറ്റെടുക്കല്‍ പരസ്യങ്ങള്‍ക്കായി ഫെയ്‌സ്ബുക്കിനെതിരെ മത്സരിച്ചേക്കാവുന്ന ഒരു കമ്പനിയെ ഇല്ലാതാക്കിയേക്കുമെന്നാണ് അന്ന് കണ്ടെത്തിയിരുന്നത്.
സ്റ്റോക്ക്-ഇമേജ് ആൻഡ് ഫോട്ടോ ലൈബ്രറിയായ ഷട്ടർസ്റ്റോക്ക് മേയ് 23 നാണ് ജിഫി വാങ്ങിയതായി അറിയിച്ചത്. എന്നാൽ വിൽപനയെക്കുറിച്ച് പ്രതികരിക്കാൻ മെറ്റാ വിസമ്മതിച്ചു. 2021 ജനുവരിയിലാണ് ഏറ്റെടുക്കലിനെതിരെയുള്ള അന്വേഷണം തുടങ്ങിയത്. കമ്മിറ്റിയുടെ കണ്ടെത്തല്‍ പ്രകാരം ഇത് അനുവദിക്കേണ്ടതില്ല എന്നായിരുന്നു. മെറ്റ ജിഫിയെ ഏറ്റെടുത്തതോടെ ഈ കമ്പനിയുമായി സഹകരിക്കുന്ന മറ്റു വെബ്‌സൈറ്റുകളില്‍ നിന്ന് ജിഫുകള്‍ പിന്‍വലിച്ചേക്കാമെന്നും അല്ലെങ്കില്‍ മറ്റു വെബ്‌സൈറ്റുകളിലേക്ക് പ്രവേശിക്കുമ്പോള്‍ ഉപയോക്താക്കളുടെ സ്വകാര്യ ഡേറ്റ ശേഖരിച്ചേക്കാമെന്നുമുള്ള ആശങ്കയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പങ്കുവച്ചിരുന്നത്.
കൂടാതെ, ജിഫിയെ ഏറ്റെടുക്കുക വഴി ഫെയ്‌സ്ബുക്കിന് വെല്ലുവിളി ഉയര്‍ത്താന്‍ സാധ്യതയുള്ള ഒരു കമ്പനിയെ ഇല്ലായ്മ ചെയ്യുകയാണെന്നും അന്വേഷണ കമ്മറ്റിയുടെ ചെയര്‍മാന്‍ സ്റ്റുവര്‍ട്ട് മക്കിന്റോഷ് ആരോപിച്ചിരുന്നു. ഓൺലൈൻ പരസ്യ വിപണിയെ കാര്യമായി ബാധിക്കുമെന്ന് ചൂണ്ടിക്കാണിച്ചാണ് ബ്രിട്ടിഷ് കോംപറ്റീഷന്‍ അതോറിറ്റി ജിഫി വില്‍ക്കാന്‍ മെറ്റയോട് ആവശ്യപ്പെട്ടത്. സ്‌നാപ്ചാറ്റ്, ടിക്ടോക്ക്, ട്വിറ്റര്‍ തുടങ്ങി നിരവധി വെബ്സൈറ്റുകൾ ആനിമേറ്റഡ് ജിഫുകള്‍ക്കായി ആശ്രയിച്ചിരുന്നത് ജിഫിയായിരുന്നു. ഇതെല്ലാം പ്രതിരോധിക്കാൻ മെറ്റയ്ക്ക് സാധിക്കുകയും ഈ സേവനങ്ങളെല്ലാം മെറ്റായുടെ കീഴിലുള്ള ഫെയ്സ്ബുക്, ഇന്‍സ്റ്റാഗ്രാം, വാട്‌സാപ് എന്നിവയിലേക്ക് ചുരുങ്ങുകയും ചെയ്തു.
English Summary: Facebook owner Meta sells Giphy at a loss of more than $260m