സ്മാർട് ഫോണ്‍ മതി വ്ളോഗറാകാം; വരുമാനം പിന്നാലെ വരും; തുടക്കക്കാരറിയാന്‍

HIGHLIGHTS
  • വ്ളോഗിങ്ങിൽ പണം ലഭിക്കാൻ വ്യത്യസ്ത മാർഗങ്ങൾ
  • അധികവരുമാനത്തിനൊപ്പം കൈനിറയെ സമ്മാനങ്ങളും
Cropped
Image Credit:Tirachard/Istock
SHARE

ആയിരക്കണക്കിന് ഡിജിറ്റൽ സംരഭങ്ങൾക്കുള്ള സാധ്യതയാണ് നിങ്ങളുടെ കൈകളിലിരിക്കുന്ന ചെറിയ സ്മാർട്ഫോൺ തുറന്നു തരുന്നത്. നിങ്ങൾക്ക് ഭംഗിയായി സംസാരിക്കാൻ അറിയാമെങ്കിൽ, ഏതെങ്കിലും വിഷയത്തിൽ അറിവുണ്ടെങ്കിൽ, ഒരു നല്ല അധ്യാപകനാണെങ്കിൽ, ഒരു കലാകാരനാണെങ്കിൽ... ഇത്തരം, നിരവധി മേഖലകളിൽ നിങ്ങൾക്ക് വ്ളോഗിങ് നടത്താം, വിഡിയോകൾ നിർമിക്കാം.

നിരവധി വിഡിയോ പ്ളാറ്റ്ഫോമുകൾ ഓൺലൈനിൽ നമ്മുടെ അഭിരുചിക്കനുസരിച്ചുള്ളത് തിരഞ്ഞെടുക്കാം. യുട്യൂബ്, ഫെയ്സ്ബുക്ക്, ഹലോ, ഇൻസ്റ്റഗ്രാം എന്നിവ അവയിൽ ചിലതു മാത്രമാണ്. വിഡിയോകളുടെ ഗുണനിലവാരമനുസരിച്ചിരിക്കും കാണികളുടെ എണ്ണവും പിൻതുടരുന്നവരുടെ എണ്ണവും. അതനുസരിച്ചായിരിക്കും വരുമാനവുമുണ്ടാകുക.

സ്മാര്‍ട്ഫോണിൽ വിഡിയോ ഷൂട്ട് ചെയ്ത്, എഡിറ്റ് ചെയ്യാം 

അത്യാവശ്യം നല്ലൊരു സ്മാർട്ഫോണുമുണ്ടെങ്കിലും ആയിരം രൂപയിൽ താഴെ വിലയുള്ള ട്രൈപോഡും കോളർമൈക്കും (ഹെഡ്സൈറ്റ് ഉപയോഗിക്കുന്നവരുമുണ്ട്) ഉപയോഗിച്ചാൽ പോലും മികച്ച വിഡിയോകൾ നിർമിക്കാനാകും.

എഡിറ്റിങ് ടൂളുകൾ 

smartphone-night-usage
Photo: Dragana Gordic/ Shutterstock

കിനെ മാസ്റ്റർ– ഏതൊരാൾക്കും എളുപ്പത്തിൽ പഠിച്ചെടുത്ത് ചെയ്യാൻ കഴിയുന്ന നിരവധി എഫക്ടുകളുള്ള ആപ്പാണിത്. വിഡിയോയിൽ വാട്ടർ മാർക് ഉണ്ടാകും. ഇത് മാറ്റണമെങ്കിൽ പെയ്ഡ് വേർഷൻ ഉപയോഗിക്കേണ്ടി വരും.

ക്വിക്– എളുപ്പത്തിൽ വിഡിയോ എഡിറ്റ് ചെയ്യാവുന്ന ആപ്പാണിത്. മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ മാത്രമേ ഇതിൽ എഡിറ്റ് ചെയ്യാൻ കഴിയൂ. മലയാളം എഴുതാൻ കൂടുതൽ എളുപ്പമാണെന്നതാണ് സവിശേഷത. gopro ആണ് ഇൗ ആപ് പുറത്തിറക്കിയിരിക്കുന്നത്. 

പവർ ഡിറൈക്ടർ–  4K, HD ക്വാളിറ്റിയിൽ മികവുറ്റ വിഡിയോകൾ നിർമിക്കാം. ധാരാളം സംവിധാനങ്ങളുള്ള ആപ്പിൽ പൂർണമായി ലഭിക്കാൻ പണം കൊടുത്ത് വാങ്ങണം.

അഡോബ് പ്രീമിയർ ക്ലിപ്പ്– അഡോബിയുടെ പ്രശസ്തമായ മൊബൈൽ പതിപ്പാണിത്. പിസി, മാക് പതിപ്പിനു സമാനമായ പ്രവർത്തനക്ഷമതയും പ്രൊഫഷണലിസവും പ്രതീക്ഷിക്കാനാവില്ലെങ്കിലും നിങ്ങളുടെ എഡിറ്റിങ് മികവ് മെച്ചപ്പെടുത്തുന്നതിനനുസരിച്ച് നല്ല വിഡിയോകൾ ചെയ്യാനാകും.

ഐമൂവി– ആപ്പിൾ ഫോണുകളിൽ ഉപയോഗിക്കാനാവുന്ന സൗജന്യവും എളുപ്പമുള്ളതുമായ വിഡിയോ എഡിറ്ററാണ് ഐമൂവി. 

ലൂമ ഫ്യൂഷൻ–  ക്രോമ കീയിംഗ്, മൾട്ടിക്യാം എഡിറ്റിങ്, 4K സപ്പോർട്ട് തുടങ്ങിയ ഫീച്ചറുകളുള്ള, കൂടുതൽ വിപുലമായ വിഡിയോ എഡിറ്റിങ്ങിനുള്ള നല്ലൊരു  ആപ്.

സിംപിൾ എഡിറ്റിങ്

ഇത്തരം ആപ്പുകൾ ഡൗൺലോഡ് ചെയ്തു നിങ്ങളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുക. മൊബൈൽ ആപ് തുറന്നതിനു ശേഷം നിങ്ങൾക്കാവശ്യമുള്ള വിഡിയോ അതിലേക്ക് ആഡ് ചെയ്യാവുന്നതാണ്. തുടർന്ന് ആവശ്യമില്ലാത്ത ഭാഗം ഒഴിവാക്കാനായി ക്രോപ് ടൂൾ ഉപയോഗിക്കാം. വിഡിയോകൾ കൂടുതൽ രസകരമാക്കുന്നതിന് പശ്ചാത്തല സംഗീതമോ ഓൺ-സ്ക്രീൻ വാചകങ്ങളോ ചേർക്കാൻ ഈ ആപ്ലിക്കേഷനുകൾ ഉപയോഗിക്കാവുന്നതാണ്.

ടൈറ്റിലും ടാഗും

അപ്‌ലോഡ് ചെയ്യുമ്പോൾ വിഡിയോയ്‌ക്ക് നല്ലൊരു ടൈറ്റിൽ നൽകണം. ഉചിതമായ കീവേഡുകൾ ഉപയോഗിച്ച് ടാഗ് ചെയ്യുക. യുട്യൂബിൽ ഒരു വിഷയത്തെക്കുറിച്ച് വിവരം അറിയാൻ സേര്‍ച്ച് ചെയ്യുമ്പോൾ വിഡിയോ എത്തണമെങ്കിൽ ടൈറ്റിലുകളും ടാഗുകളുമാണ് സഹായകമാകുക.

ഇനി വേണ്ടത് ഈ ചാനലിന്റെയും വിഡിയോയുടെയും ലിങ്ക് പരിചയക്കാർക്കും മറ്റുമായി അയച്ചുകൊടുക്കുകയാണ്... ട്യൂബിന്റെ പരസ്യ വരുമാനം കിട്ടണമെങ്കിൽ നിങ്ങളുടെ ചാനലിന് ഗൂഗിൾ ആഡ് സെൻസിന്റെ അംഗീകാരം വേണം...

യുട്യൂബിൽ ചാനൽ തുടങ്ങാൻ 

പുതിയ ജിമെയിൽ അക്കൗണ്ട് എടുക്കുകയോ, നിലവിലെ ജിമെയിൽ ഐഡി ഉപയോഗിക്കുകയോ ചെയ്യാം. അതുപയോഗിച്ച് യുട്യൂബിൽ(youtube) സൈൻ ഇൻ ചെയ്യുക. ക്രിയേറ്റ് യുവർ ചാനൽ എന്ന ടാബിൽ നിങ്ങൾക്ക് പുതിയ ചാനൽ തുടങ്ങാനാവും. നല്ലൊരു കവർ‌ ചിത്രവും ചാനലിന് ഒരു പേരും, പിന്നെ  ചാനൽ ലോഗോയുമൊക്കെ നേരത്തേ തയാറാക്കി വയ്ക്കണം. ഇത്രയുമായാൽ നിങ്ങളുടെ വിഡിയോ അപ്‌ലോഡ് ചെയ്യാനുള്ള ഒരുക്കങ്ങളിലേക്കു കടക്കാം. 

ഇരുപത് മിനിറ്റെ‌ങ്കിലും ദൈർഘ്യമുള്ള വിഡിയോകളാണ് പരസ്യങ്ങൾ ലഭിക്കാൻ വേണ്ടത്. സബ്സ്ക്രൈബേഴ്സും കാഴ്ചക്കാരും യുട്യൂബ് നിഷ്കർഷിക്കുന്ന എണ്ണം ആയാൽ മാത്രമേ പരസ്യം ലഭിക്കുകയുള്ളെന്നതിനാൽ ആദ്യം ചെറിയ വിഡിയോകൾ‌ നൽ‌കിയാലും മതിയാകും. കൃത്യമായ ഇടവേളകളിൽ വിഡിയോകൾ അപ്‌ലോഡ് ചെയ്യണം. നല്ല സബ്ടൈറ്റിലുകൾ, നല്ല ശബ്ദ സംവിധാനം എന്നിവ നിങ്ങളുടെ വിഡിയോകളുടെ കാഴ്ച കൂട്ടും.

∙എന്താണ് ആഡ്സെൻസ്?.

ഗൂഗിൾ എന്ന പരസ്യദാതാവ് നമ്മുടെ പ്ളാറ്റ്ഫോം (യുട്യൂബ്, ഫെയ്സ്ബുക്, ബ്ളോഗ്) ഉപയോഗിക്കുന്നതിന് നൽകുന്ന വരുമാനമാണ് ആഡ്സെൻസിലൂടെ കിട്ടുന്നത്. നമ്മുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചാണ് നമുക്ക് പണം തരുന്നത്. നിങ്ങളുടെ യുട്യൂബ്, ബ്ളോഗ്, വെബ്സൈറ്റ് എന്നിവയുടെയൊക്കെ വ്യൂസ്, ആക്റ്റിവിറ്റി എന്നിയൊക്കെ നോക്കിയാകും അവർ അപ്രൂവൽ തരുന്നത്.

cash-in-hand1

വ്ളോഗിങ്ങിൽ പണം ലഭിക്കാൻ  വ്യത്യസ്ത മാർഗങ്ങൾ

ഡിസ്പ്ലേ പരസ്യങ്ങൾ: നിങ്ങളുടെ വീഡിയോകൾക്ക് മുമ്പോ സമയത്തോ ശേഷമോ ദൃശ്യമാകുന്ന പരസ്യങ്ങളാണ് ഇവ.

പ്രെമോഷൻ വിഡിയോകൾ: നിരവധി കാഴ്ചക്കാരുള്ള നിങ്ങളുടെ വിഡിയോകളിലൂടെ ഒരു പ്രൊഡക്ടോ ഒരു സേവനമോ മറ്റുള്ളവരെ അറിയിക്കാനാകും. അതുവഴി വരുമാനവും നേടാം.

അഫിലിയേറ്റ് പ്രോഗ്രാം∙ നിങ്ങളുടെ പ്രൊഫൈലിൽ ഉദാഹരണമായി  യുട്യൂബ്, ഫെയ്സ്ബുക്, ബ്ളോഗ് എന്നിവയുടെ ഡിസ്ക്രിപ്ഷൻ ബോക്സിലും മറ്റുമായി സ്ഥാപിക്കുന്ന പ്രോഡക്ട് വിവരങ്ങളും വാചക ലിങ്കുകളും വെബ്സൈറ്റിൽ നിന്നു ലഭിക്കും. ലിങ്കുകളിൽ  ക്ലിക്കുചെയ്യുമ്പോൾ ഷോപ്പിങ് വെബ്സൈറ്റിലേക്ക് പോകും. അവർ ഉപയോക്താവ് ആകുന്നതിലൂടെ കമ്മീഷൻ നേടാനാകും.

ചാനൽ അംഗത്വങ്ങൾ: നിങ്ങളുടെ കാഴ്ചക്കാർക്ക് എക്‌സ്‌ക്ലൂസീവ് ഉള്ളടക്കത്തിലേക്കും ഫീച്ചറുകളിലേക്കും ആക്‌സസ് നൽകുന്ന പണമടച്ചുള്ള സബ്‌സ്‌ക്രിപ്‌ഷനുകളാണ് ഇവ.

സൂപ്പർ ചാറ്റ്: ലൈവ് സ്ട്രീമുകൾക്കിടയിൽ നിങ്ങളുടെ ചാനലിലേക്ക് സംഭാവന നൽകാൻ കാഴ്ചക്കാരെ അനുവദിക്കുന്ന ഫീച്ചറാണിത്.

സൂപ്പർ സ്റ്റിക്കറുകൾ: തത്സമയ സ്ട്രീമുകൾക്കിടയിൽ കാഴ്ചക്കാർക്ക് വാങ്ങാനും നിങ്ങളുടെ ചാനലിലേക്ക് അയയ്‌ക്കാനും കഴിയുന്ന ആനിമേറ്റഡ് സ്റ്റിക്കറുകളാണ് ഇവ.

സൂപ്പർ താങ്ക്സ്: വ്യക്തിപരമാക്കിയ സന്ദേശത്തോടൊപ്പം നിങ്ങളുടെ ചാനലിലേക്ക് ഒരു ചെറിയ സംഭാവന അയയ്ക്കാൻ കാഴ്ചക്കാരെ അനുവദിക്കുന്ന ഫീച്ചറാണിത്.

അധികവരുമാനത്തിനൊപ്പം കൈനിറയെ സമ്മാനങ്ങളും

അഫിലിയേറ്റ് പ്രോഗ്രാമിൽ ചേരുമ്പോൾ പലപ്പോഴും പല സൈറ്റുകളും അവരുടെ ഉത്പന്നങ്ങളുടെ റിവ്യൂ ചെയ്യാനായി ഗാഡ്ജറ്റുകള്‍ സമ്മാനമായി നല്‍കാറുണ്ട്. ഏറ്റവും മികച്ച വരുമാനമാർഗമാണ് അഫിലിയേറ്റ് പ്രോഗ്രാമുകൾ.

മുടക്കുമുതൽ പരമാവധി കുറയ്‌ക്കുക. ചെയ്‌തു വിജയം നേടിയതിനുശേഷം കൂടുതൽ ഗാഡ്ജറ്റുകളും മറ്റും വാങ്ങുക. പണമുണ്ടാക്കുകയെന്നതിനുപരി നല്ല വിഡിയോകളുണ്ടാക്കുക ലക്ഷ്യമാക്കുക, പരിശ്രമം ഉണ്ടെങ്കിൽ പണം പിന്നാലെ വന്നുകൊള്ളും.

English Summary: How can make money on YouTube through the following features

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

കല്യാണ തേൻനിലാ...

MORE VIDEOS