എവിടെയായാലും ഗെയിം ചേഞ്ചർ തന്നെ!. ക്രിക്കറ്റ് താരം എം എസ് ധോണിയുടെ ഇൻഡിഗോ വിമാനത്തിലെ ഒരു വിഡിയോ വൈറലായതോടെ കോളടിച്ചത് കാൻഡി ക്രഷ് സാഗയ്ക്കാണ്.വിമാനത്തിൽ മഹേന്ദ്ര സിങ് ധോണി കാൻഡി ക്രഷ് എന്ന വിഡിയോ ഗെയിം കളിക്കുന്ന ഒരു വിഡിയോ വൈറലായതോടെ ഗെയിം ട്വിറ്ററിൽ ട്രെൻഡ് ആകുകയും മൂന്ന് മണിക്കൂറിനുള്ളിൽ 3.6 ദശലക്ഷത്തിലധികം ഡൗൺലോഡുകൾ ലഭിക്കുകയും ചെയ്തു.
ഇൻഡിഗോ എയർലൈനിലെ ഒരു എയർഹോസ്റ്റസ് ധോണിക്ക് ചോക്ലേറ്റ് നൽകുന്നതായിരുന്നു വിഡിയോയിലുള്ളത്. അതേ വിഡിയോയിൽ, ക്യാൻഡി ക്രഷ് ഗെയിം ഓപ്പണായ ഒരു ടാബ് ധോണിയുടെ സീറ്റിന് മുന്നിൽ കാണാമായിരുന്നു. ഇതോടെയാണ് കാൻഡി ക്രഷ് ഗെയിം ട്രെൻഡിങായത്.
വെറും മൂന്ന് മണിക്കൂറിനുള്ളിൽ 30 ലക്ഷത്തിലധികം ആളുകൾ തങ്ങളുടെ ആപ്പ ഡൗൺലോഡ് ചെയ്തതായി മൊബൈൽ ഗെയിമിംഗ് ആപ്ലിക്കേഷൻ അവകാശപ്പെട്ടു. കാൻഡി ക്രഷിന്റെ ട്വിറ്റർ പേജ് ഗെയിം ട്രെൻഡ് ചെയ്തതിന് ധോണിക്ക് നന്ദിയും പറഞ്ഞു. "ഇപ്പോൾ - വെറും 3 മണിക്കൂറിനുള്ളിൽ ഞങ്ങൾക്ക് 3.6 ദശലക്ഷം പുതിയ ഡൗൺലോഡുകൾ ലഭിച്ചു.
ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം @msdhoniക്ക് നന്ദി. നിങ്ങൾ കാരണം ഞങ്ങൾ ഇന്ത്യയിൽ ട്രെൻഡുചെയ്യുന്നു"– ഇങ്ങനെയാണ് ഗെയിം കമ്പനി ട്വിറ്ററിൽ കുറിച്ചത്. ധോണി ക്രിക്കറ്റിന്റെ, വിഡിയോ ഗെയിമുകളുടെ കടുത്ത ആരാധകനാണ്. കോൾ ഓഫ് ഡ്യൂട്ടി, ഫിഫ, പബ്ജി ഒക്കെയാണ് ധോണിയുടെ ഇഷ്ട ഗെയിമുകൾ.
English Summary: Candy Crush is trending, all thanks to MS Dhoni