വാട്സ് ആപിലെ ചാറ്റുകളെല്ലാം പുതിയ ഫോണിലേക്കു മാറ്റേണ്ടി വരുമ്പോൾ ക്ലൗഡ് അല്ലെങ്കിൽ ബാക്അപ് സംവിധാനമില്ലെങ്കിൽ ആകെ ബുദ്ധിമുട്ടാകുമായിരുന്നു. ഇപ്പോഴിതാ ക്യുആർ കോഡ് അധിഷ്ഠിത രീതിയിലൂടെ നിങ്ങളുടെ പഴയ ഫോണിൽ നിന്ന് പുതിയ ഫോണിലേക്ക് ചാറ്റ് ഹിസ്റ്ററി കൈമാറുന്നതിനുള്ള സുരക്ഷിതവും വേഗത്തിലുള്ളതുമായ മാർഗം വാട്സ്ആപ് പ്രഖ്യാപിച്ചു.
അതേ ഓപ്പറേറ്റിംഗ് സിസ്റ്റമുള്ള മറ്റൊരു ഫോണിലേക്ക് വാട്സ് ആപ് മാറ്റുന്ന ഉപയോക്താക്കൾക്ക് വൈഫൈ കണക്ഷൻ ഉപയോഗിച്ച് വാട്സ്ആപ് ഡാറ്റ കൈമാറാൻ കഴിയും. സാധാരണയായി ക്ലൗഡിൽ സൂക്ഷിക്കാൻ കഴിയാത്തത്ര വലുതായ മീഡിയ ഫയലുകളും അറ്റാച്ച്‌മെന്റുകളും ഇത്തരത്തിൽ കൈമാറാനാകുമെന്നതും സവിശേഷതയാണ് .പുതിയ സംവിധാനം ഉപയോഗിച്ച് ചാറ്റ് ഹിസ്റ്ററി കൈമാറുന്നതിന്, രണ്ട് ഫോണുകളും ഒരേ വൈഫൈ നെറ്റ്‌വർക്കിലേക്ക് കണക്‌റ്റ് ചെയ്‌തിട്ടുണ്ടെന്നു ഉപയോക്താക്കൾ ഉറപ്പാക്കിയാൽ മതിയാകും
ഉപയോഗിക്കേണ്ടത് ഇങ്ങനെ
∙പുതിയ ഫോണിൽ വാട്സ്ആപ് തുറക്കുക.
∙ക്രമീകരണം > ചാറ്റുകൾ > ചാറ്റ് ട്രാൻസ്ഫർ എന്നതിലേക്ക് പോകുക.
∙പഴയ ഫോണിലെ ഒരു ക്യുആർ കോഡ് സ്കാൻ ചെയ്യാൻ ഉപയോക്താക്കളോട് ആവശ്യപ്പെടും.
∙ സ്കാൻ പ്രക്രിയ പൂർത്തിയായിക്കഴിഞ്ഞാൽ, Accpet ചെയ്യാൻ ഉപയോക്താക്കളോട് ആവശ്യപ്പെടും.
∙ ടാപ് ചെയ്യുക, കൈമാറ്റ പ്രക്രിയ ആരംഭിക്കും.
∙പൂർത്തിയാകുന്നത് വരെ ഉപയോക്താക്കൾ ട്രാൻസ്ഫർ സ്ക്രീനിൽ തന്നെ തുടരണം എന്നത് ശ്രദ്ധിക്കേണ്ടതാണ്.
കൈമാറ്റ സമയത്ത് ഡാറ്റ പൂർണ്ണമായി എൻക്രിപ്റ്റ് ചെയ്യപ്പെടുമെന്നത് സുരക്ഷ വർദ്ധിപ്പിക്കുമെന്നും തേർഡ് പാർടി ആപ്പുകളുടെ ഉപയോഗം കുറയ്ക്കാനും ഡാറ്റ ചോർച്ച കുറയ്ക്കാനും സഹായകമാകുമെന്നും കമ്പനി പറയുന്നു.
English Summary: To transfer WhatsApp chats from an old device to a new one