ADVERTISEMENT

മനോഹരമായി ചിത്രങ്ങൾ വരയ്ക്കുക എന്ന് കേൾക്കുമ്പോൾ എന്തായിരുന്നു ഓർമ്മ വന്നുകൊണ്ടിരുന്നത്? ക്യാൻവാസിൽ ബ്രഷ് ഉപയോഗിച്ച് ചായക്കൂട്ടങ്ങൾ പടർത്തി ചാലിച്ചെടുക്കുന്ന ആ ചിത്രങ്ങളാണ് ആദ്യം മനസ്സിൽ തെളിയുകയെന്നത് ഉറപ്പ്! എന്നാലിപ്പോൾ ചിത്ര രചനയും കാലത്തിനൊപ്പം മാറുകയാണ്. ഡിജിറ്റൽ പെയിന്റിങിന്റെ കാലവും കടന്നു ഇപ്പോൾ ആർട്ടിഫിഷ്യൽ ഇന്റലിജെൻസിൽ വരെ ചിത്ര രചന എത്തി നിൽക്കുന്നു. എന്നാൽ ചിത്രകാരന്മാർക്കിടയിൽ ആശങ്കകളും സംശയങ്ങളും ഇപ്പോഴും ബാക്കിയുണ്ട്. 

എന്താണ് ഇവ തമ്മിലുള്ള വ്യത്യാസം എന്നത് ചിത്രം ആസ്വദിക്കുന്നവരുടെയും ഉള്ളിലുണ്ടാകാം. ഈ മൂന്നു രചനാ സങ്കേതവും ഉപയോഗിക്കുന്ന ചിത്രകാരനാണ് ടി വിവേക്  . വിവേകിന്റെ ചിത്രങ്ങൾ ഒരുപാട് വൈറലാക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്തവയാണ്. മൊബൈൽ ആപ്പ് വഴി തനിക്കിഷ്ടപ്പെട്ട സിനിമകളുടെ പോസ്റ്ററുകൾ ചെയ്താണ് ടി വിവേക് മാധ്യമങ്ങളിൽ വാർത്തയായതും, പ്രശസ്തർ അദ്ദേഹത്തിന്റെ പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ പങ്കു വച്ചതും പുതിയ രചനാ സാങ്കേതങ്ങളെക്കുറിച്ചും വിവേക് സംസാരിക്കുന്നു, 

ആപ്പിലും പടം വരയ്ക്കാം

മൊബൈൽ ആപ്പ് ഉപയോഗിച്ച് വരയ്ക്കാനുമാകുമെന്ന് മനസിലായത് 2017  സമയത്താണ്. ആ സമയത്ത് ഫോട്ടോഷോപ്പ്, ഇല്ലസ്ട്രേറ്ററിലൊക്കെയായിരുന്നു ജോലി ചെയ്തിരുന്നത്. അപ്പോഴേക്കും കോവിഡ് വന്നു. ആ സമയത്താണ് മൊബൈൽ കൂടുതലായി ഉപയോഗിക്കാൻ തുടങ്ങിയത്. അതിനു മുൻപും ആപ്പുകൾ ഉണ്ടെന്നും അതുപയോഗിച്ച് ചിത്രങ്ങൾ ചെയ്യാമെന്നും അറിയാമായിരുന്നു, പക്ഷെ കോവിഡ് വന്നപ്പോഴാണ് കൂടുതലായി ഉപയോഗിക്കാൻ അവസരം ലഭിച്ചത്. 

നടീനടന്മാരുടെ പോർട്രേറ്റ് ആണ് ആ സമയത്ത് കൂടുതലായി ചെയ്തിരുന്നത്. ആദ്യമായി ഡിജിറ്റൽ പെയിന്റിങ് ജോലി ചെയ്തത് ഒരു സുഹൃത്തിനു വേണ്ടിയാണ്. അദ്ദേഹത്തിന്റെ അമ്മയുടെ മരണ ശേഷം  ആ അമ്മയുടെ ഒരു പെയിന്റിംഗ് വേണമെന്ന് അവർ എന്നോട് ആവശ്യപ്പെട്ടിരുന്നു. 

ആ സമയത്ത് ഞാൻ ഹാൻഡ് വർക് ആണ് കൂടുതൽ ചെയ്തുകൊണ്ടിരുന്നത്. പക്ഷേ അങ്ങനെ ചെയ്യുന്നത് വില കൂടുതലായതുകൊണ്ട് ഡിജിറ്റൽ ആയി ചെയ്യാമോ എന്ന് എന്നോട് ചോദിച്ചു. ആ സമയത്ത് ഞാൻ ഡിജിറ്റൽ പെയിന്റിങ് തുടങ്ങിയിട്ടുണ്ടായിരുന്നില്ല. മറ്റൊരു സുഹൃത്തിനോട് അന്വേഷിച്ചപ്പോൾ അന്ന് അദ്ദേഹം അതിന് വലിയ വിലയാണ് പറഞ്ഞത്,  ഇത് നിനക്ക് തന്നെ സ്വയം ചെയ്തു ചെയ്തുകൂടെ എന്നാണ് അദ്ദേഹം എന്നോട് തിരിച്ചു ചോദിച്ചത്. അങ്ങനെയാണ് ആ സമയത്ത് ഞാൻ പോർട്രേറ്റ് ചെയ്യാൻ തുടങ്ങിയത്. സിനിമാ താരങ്ങളുടെ ചിത്രങ്ങൾ ഒന്നിച്ചുവച്ച് ഞാൻ ഒരു ഫിലിം പോസ്റ്റർ ഡിസൈൻ ചെയ്തു നോക്കി. 

cinema-posters–1 - 1

തൂവാനത്തുമ്പികളുടെ പോസ്റ്റർ ആണ് ഞാൻ ആദ്യമായി ഇത്തരത്തിൽ ഡിസൈൻ ചെയ്തത്. പിന്നീട് കളിയാട്ടം സിനിമയുടെ പോസ്റ്റർ ചെയ്തു നോക്കി. കളിയാട്ടത്തിന്റെ പോസ്റ്റർ വൈറലായി അത് ഒരുപാട് ശ്രദ്ധിക്കപ്പെടുകയും ചെയ്തു. പിന്നെ വൈശാലി ചെയ്തിട്ടുണ്ട്. അതിനുശേഷം പിന്നീട് നാൽപ്പതോളം  സിനിമ പോസ്റ്ററുകൾ ചെയ്തു. ഇതിന് ഒരുപാട് സമയം ആവശ്യമുള്ളതുകൊണ്ട് അങ്ങനെ ഒരുപാട് ഒന്നും ചെയ്തിട്ടില്ല. ഒരു പോസ്റ്റർ ചെയ്യാൻ ഒന്ന് അല്ലെങ്കിൽ രണ്ടാഴ്ചയൊക്കെ എടുക്കാറുണ്ട് പക്ഷേ  ഒരുപാട് ഇഷ്ടമുള്ള സിനിമകളുടെ പോസ്റ്ററുകൾ ഇത്തരത്തിൽ ഉണ്ടാക്കുന്നതിൽ എനിക്ക് സന്തോഷമാണ്.

വൈറലായ വരകൾ 

കളിയാട്ടം ചെയ്ത സമയത്തും അധിപൻ ചെയ്ത സമയത്തും ആ രണ്ടു പോസ്റ്ററുകളും ഒരുപാട് വൈറലാക്കപ്പെട്ടിരുന്നു. പല ഗ്രൂപ്പുകളിലേക്കും ഈ പോസ്റ്ററുകൾ ഷെയർ ചെയ്യപ്പെട്ടു പോയിരുന്നു. ഒരുപാട് പേർ അതിനെ സംബന്ധിച്ചിട്ടുള്ള ആശംസകളും അഭിനന്ദനങ്ങളും എന്നെ അറിയിച്ചിരുന്നു. 

കളിയാട്ടം  വളരെ  വലിയ രീതിയിലാണ് ഷെയർ ചെയ്യപ്പെട്ടു പോയത്. കളിയാട്ടത്തിന്റെ സംവിധായകൻ  ജയരാജേട്ടൻ അതുപോലെ സുരേഷ് ഗോപിയേട്ടൻ അതിലെ സ്ക്രിപ്റ്റ് റൈറ്റർ ബാലരാമേട്ടൻ എന്നിവര്‍  എല്ലാവരും ആ പോസ്റ്റർ ഷെയർ ചെയ്യുകയും വിളിച്ചു സംസാരിക്കുകയും ചെയ്തിരുന്നു. 

അതുപോലെ പുതിയ സിനിമ മാളികപ്പുറത്തിന്റെ പോസ്റ്റർ ചെയ്തത് അതിലെ നായകനായ ഉണ്ണിമുകുന്ദൻ പോസ്റ്റർ ഷെയർ ചെയ്തിരുന്നു. സിനിമ പ്രേമികളായ ഒരുപാട് പേർ ഇതിനെ ഇപ്പോൾ തന്നെ ഏറ്റെടുത്തിട്ടുണ്ട്. തേന്മാവിൻ കൊമ്പത്ത് പോസ്റ്ററുകൾ അതേപോലെ ഒരുപാട് വലിയ രീതിയിൽ ഷെയർ ചെയ്തു പോയിട്ടുള്ളവയാണ്.

വര തുടങ്ങിയ കാലം 

cinema-posters–3 - 1

നഴ്സറി സ്കൂളിൽ പഠിക്കുമ്പോൾ തന്നെ വരയ്ക്കാൻ ഇഷ്ടമായിരുന്നു.അന്നുമുതൽ തന്നെ കലോത്സവങ്ങളിലും പങ്കെടുക്കാറുണ്ട്. രണ്ടാം ക്ലാസ് മുതൽ ചിത്രരചനയ്ക്കുള്ള സർട്ടിഫിക്കറ്റുകൾ ലഭിച്ചിട്ടുണ്ട്. അന്നുമുതൽ തന്നെ ചിത്രകലയും ശില്പ കലയും രണ്ടും ഒരുപോലെ കൊണ്ടുപോകുന്ന ഒരാളാണ് ഞാൻ. ജില്ലാ കലോത്സവങ്ങളിലും സ്റ്റേറ്റ് കലോത്സവങ്ങളിലും എല്ലാത്തിലും ഈ രണ്ടു വിഭാഗത്തിലും ഞാൻ പങ്കെടുക്കാറുണ്ടായിരുന്നു. 2010ൽ ആണ് ഞാൻ ആർട്സ് കോളേജിൽ ബിഎഫ്എ പഠിക്കാൻ വേണ്ടി ജോയിൻ ചെയ്യുന്നത്. എൻട്രൻസ് എഴുതി അഡ്മിഷൻ കിട്ടി.

അതിനുശേഷം തിരുവനന്തപുരം ബിഎഫ്എ പഠനകാലമായിരുന്നു. അതിന്റെ പഠനശേഷം ഒരു വർഷത്തോളം അഡ്വർടൈസിങ് ഫീൽഡിൽ ആയിരുന്നു ജോലി ചെയ്തുകൊണ്ടിരുന്നത്. അതിനുശേഷം ആണ് ടീച്ചിങ് ഫീൽഡിലേക്ക് വരുന്നത്. സ്കൂളിലെ ആർട്ട് വിഭാഗത്തിലെ അധ്യാപകനായിരുന്നു അതുകൊണ്ടുതന്നെ അന്നുമുതൽ ഇന്നുവരെയും ആർട്ട് എന്നാൽ ശ്വാസം പോലെ ഞാൻ ജീവിതത്തിൽ കൊണ്ടുനടക്കുന്ന  ഒരു പ്രധാനപ്പെട്ട കാര്യമാണ്, ഏറ്റവും കൂടുതൽ സമയം ഞാൻ ചെലവഴിക്കുന്നതും അതിന് തന്നെ.  അങ്ങനെ ഒരു സപര്യ  തന്നെയാണ് ജീവിതത്തിൽ എനിക്ക് കല.

ഞാൻ എന്നാൽ ...

കൂത്തുപറമ്പ് ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകൻ ആയിട്ട് ആറു വർഷത്തോളമായിജോലി ചെയ്യുന്നു. ചിത്രകലയുമായി ബന്ധപ്പെട്ടു തന്നെയാണ് മുന്നോട്ടുപോകുന്നത്. അതുകൂടാതെ സ്വകാര്യമായ ചിത്രരചനയുമുണ്ട്. വീട്ടിൽ ഭാര്യയും കുഞ്ഞും മാതാപിതാക്കളും ഉണ്ട്. പഠിക്കുന്ന കാലത്ത് ഞാനൊരു ആൽബം സംവിധാനം ചെയ്തിട്ടുണ്ട്. 

ഒരു ഡിവോഷണൽ ആൽബം ആണ്.  ഡിഗ്രിക്ക് ഫോട്ടോഗ്രാഫി പഠിക്കാനുണ്ട് കുറെ നാളായി തന്നെ ചിത്രമെടുക്കുന്നതിൽ ഒരുപാട് താൽപര്യവും ഉണ്ടായിരുന്നു അങ്ങനെയാണ് അതിലേക്ക് ഇറങ്ങിയത്. അതുപോലെ കൊറോണ കാലം വരെ ഞാൻ വിഡിയോ  എഡിറ്റിംഗ് വർക്കുകളും ചെയ്യാറുണ്ടായിരുന്നു.

ചെയ്യാൻ പറ്റുന്നത് ചിത്രകലയ്ക്കായ് ..

cinema-posters–2 - 1

നമ്മളെക്കൊണ്ട് ചെയ്യാൻ പറ്റുന്നത് പുതിയ തലമുറയ്ക്ക് വേണ്ടി ചെയ്യുക എന്നുള്ളതാണ് എനിക്കിഷ്ടം. കലയിൽ ഇനിയും ഒരുപാട് ചെയ്യാനുണ്ട്. ഒരിക്കലും കലയിൽ പൂർണമായ ഒരു സംതൃപ്തി കിട്ടുക എന്ന് ഒന്ന് ഇല്ല എന്ന് തോന്നുന്നു. ആ പൂര്‍ണതയാണ് ഓരോ ചിത്രകാരന്മാരും സ്വന്തം വരകളിൽ അന്വേഷിക്കുന്നത്. ഞാനും അത് തന്നെയാണ് എന്റെ കലയിൽ തിരയുന്നത്.  ഡിജിറ്റൽ പെയിന്റിങിനും പലപ്പോഴും കൈകൊണ്ട് ചെയ്യുന്ന ചിത്രങ്ങളുടെ അത്രയും ഒരു സ്വീകാര്യത കിട്ടുന്നില്ല എന്നത് ഒരു യാഥാർത്ഥ്യമാണ് പ്രത്യേകിച്ച് ചിത്രകാരന്മാർക്കിടയിൽ തന്നെ. കൈകൊണ്ട് മാത്രം ചിത്രം വരയ്ക്കുന്നവരും ഡിജിറ്റൽ ചിത്രം വരയ്ക്കുന്നവരും തമ്മിൽ സത്യത്തിൽ ഒരു ഈഗോ ക്ലാഷ് പലപ്പോഴും ഉണ്ടാവുന്നതായി തോന്നിയിട്ടുണ്ട്. ഇത് രണ്ടും ശരിക്കും പറഞ്ഞാൽ രണ്ടായി തന്നെ ആസ്വദിക്കേണ്ടതാണ്. 

രണ്ടിനും അതിന്റെതായുള്ള സാങ്കേതികവിദ്യകൾ ഉണ്ട്. ഞാനിത് രണ്ടും ചെയ്യുന്ന ഒരാൾ ആയതുകൊണ്ട് ഇതിനെ രണ്ടിനെ കുറിച്ചും എനിക്ക് മറ്റുള്ളവരോട് പറഞ്ഞു മനസ്സിലാക്കാൻ കഴിയാറുണ്ട് ഞാനത് ചെയ്യാറുണ്ട്. വളരെ വേഗതയുള്ള ഒരു ലോകമാണ് നമുക്ക് ചുറ്റുമുള്ളത് അതുകൊണ്ടുതന്നെ ഡിജിറ്റൽ ആയിട്ടുള്ള ജോലികൾ പെട്ടെന്ന് ചെയ്തുതീർക്കാൻ സൗകര്യമുണ്ട്. പെട്ടെന്ന് വർക്കുകൾ വേണ്ടവർക്ക് ഇത്തരം രീതികൾ വഴി നമുക്ക് പെട്ടെന്ന് തന്നെ വർക്ക് ചെയ്തു തീർക്കാനാകും. മാത്രമല്ല ഇതിന് കോസ്റ്റ് വളരെ കുറവാണ്. 

രണ്ടിനും അതിന്റേതായിട്ടുള്ള ഗുണങ്ങളുണ്ട്. ഡിജിറ്റൽ ആണെന്നുണ്ടെങ്കിൽ പെട്ടെന്ന് ചീത്തയാവാതെ ഡിസ്കിൽ തന്നെ എത്ര കാലം വേണമെങ്കിലും സൂക്ഷിച്ചു വയ്ക്കാൻ കഴിയും.രണ്ടും ചെയ്യുന്നതുകൊണ്ട്  പലപ്പോഴും ഡിജിറ്റൽ വർക്കിന്റെ ഗുണങ്ങളെപ്പറ്റി പലരോടും പറയണ്ടതായി വന്നിട്ടുണ്ട്. പലർക്കും അത്  മനസ്സിലാക്കി കൊടുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.

പുതിയ കാലം എ ഐ കാലം 

ഡിജിറ്റൽ മേഖല വളരെയധികം വളർന്നുകൊണ്ടിരിക്കുന്നു. ഇപ്പോൾ എഐ എന്ന രീതിയിൽ വരെ അത് എത്തിയിട്ടുണ്ട്. കാലം മാറുകയാണ് സാങ്കേതികവിദ്യകൾ ഒരുപാട് പുരോഗമിക്കുന്നു അതുകൊണ്ടുതന്നെ കാലത്തിനനുസരിച്ച്, സാങ്കേതികവിദ്യക്കനുസരിച്ച് ചിത്രകാരന്മാർ മാനസികമായി മുന്നോട്ടു പോയാൽ മാത്രമേ ഇനിയും അതിജീവിക്കാൻ കഴിയുകയുള്ളൂ. അതൊരു ഭീഷണിയാണോ എന്ന് ചിന്തിക്കുന്നതിനു പകരം അതിനപ്പുറത്തേക്ക് ഒരു കലാകാരന് എന്ത് ചെയ്യാൻ കഴിയും എന്നാണ് ഇനി ചിന്തിക്കേണ്ടത്. 

എഐയിൽ കലാകാരന് വരയ്ക്കാനുള്ള അവസരങ്ങൾ ഒന്നുമില്ലത്ത രീതിയിലാണല്ലോ അതിൽ ചിത്രങ്ങൾ ഉണ്ടാവുന്നത്. നമ്മൾ എന്തു പറഞ്ഞാലും അത് ചിത്രങ്ങൾ ആയിട്ട് വരും. ഒരു സാധാരണ മനുഷ്യന്റെ ഒരു സാധാരണ ആവശ്യത്തിനുവേണ്ടി ഒരു  ചിത്രം വേണമെന്നുണ്ടെങ്കിൽ അതിനുള്ള കമാൻഡ് നമുക്ക് കൊടുത്ത് ആ ചിത്രം വരച്ചെടുക്കാൻ കഴിയും. പക്ഷേ സർഗാത്മകത അതിന്റേതായ രീതിയിൽ കിട്ടണമെന്നുണ്ടെങ്കിൽ അത് ഒരു കലാകാരന്റെ ഉള്ളിലുള്ള കലയിൽ നിന്ന് തന്നെ വരേണ്ടി വരും. 

എന്തുതന്നെയായാലും ഒരു കലാകാരന് ഈ പുതിയ ലോകം  തുറന്നു നൽകുന്നത് ഒരുപാട് അവസരങ്ങളും വലിയൊരു ചലഞ്ചുമാണ്.കലാകാരന്മാർക്കിടയിൽ തന്നെ ഈ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ കുറിച്ച് ഒരുപാട് ചർച്ചകൾ നടക്കുന്നുണ്ട്. വരയ്ക്കുക എന്നൊരു ഓപ്ഷൻ അതിനകത്തില്ല നമ്മൾ കൊടുക്കുന്ന ഉത്തരവുകൾ അനുസരിച്ച് അത് ഒരു ചിത്രം നമുക്ക് നൽകുക എന്ന് മാത്രമേയുള്ളൂ. ആ സാഹചര്യത്തിൽ നിന്നും ഒരു കലാകാരന്റെ കലയ്ക്ക് ഒരുപാട് ദൂരം ഉണ്ട്. 

അതുകൊണ്ടുതന്നെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കടന്നുവരവിനെ കലാകാരന്മാർ ഭയക്കേണ്ടതില്ല.മാത്രമല്ല  ഇത്തരം സാങ്കേതിക വിദ്യകളെ കലാകാരന്മാർക്ക് ഗുണപ്രദമായി ഉപയോഗിക്കാനും കഴിയും. പണ്ട് ത്രീഡി മാക്സും മായയും ഒക്കെ വന്ന സമയത്ത് ഇതൊക്കെ ആദ്യം ഭയപ്പെട്ടിരുന്നു, എങ്കിലും പിന്നീട് കലാകാരന്മാർക്ക് ഗുണകരമായെ വന്നിട്ടുള്ളൂ.

വരയുടെ ആപ്പുകൾ 

 ഉപയോഗിക്കുന്ന ആപ്പുകൾ ഐബിഎസ് പെയിൻടെക്സ്, ഫോട്ടോഷോപ്പ്, ഇല്ലസ്ട്രെയിറ്റർ, കോറൽ ഡ്രോ അതുപോലെ ത്രീ ഡി എസ് മാക്സും ഇപ്പോൾ മിഡ്ജർണിയും ഉപയോഗിക്കാറുണ്ട്. അതുപോലെ സ്കെച്ചസ് എന്നു പറയുന്ന ഒരു ആപ്പും ഉപയോഗിക്കാറുണ്ട്. ഓരോ ആപ്പിലും ബ്രഷുകളും ടെക്സ്റ്ററുകളും എല്ലാം വ്യത്യസ്തമാണ് അതുകൊണ്ടുതന്നെ ഓരോ ചിത്രങ്ങൾ അനുസരിച്ച് അതിന്റെ ആവശ്യങ്ങൾ അനുസരിച്ച് ആപ്പുകൾ മാറി മാറി ഉപയോഗിക്കും..

മുച്ചിലോട്ടു ഭഗവതി തെയ്യം

ആദ്യമായി ഞാൻ ഫോണിൽ വരച്ചത് മുച്ചിലോട്ട് ഭഗവതിയുടെ ചിത്രമായിരുന്നു. കണ്ണൂരിൽ കെട്ടിയാടുന്ന ഒരു തെയ്യമാണ് ഭഗവതിയുടേത്. കേരളത്തിൽ തന്നെ ഏറ്റവും ഭംഗിയുള്ള അലങ്കാര ഭംഗിയുള്ള ഒരു തെയ്യമാണിത്. അത് കൈവിരലുകൾ കൊണ്ട് തന്നെയാണ് ഫോണിൽ മുഴുവനായി വരച്ച് എടുത്തത്. അത് ആദ്യത്തെ വര മുതൽ അവസാനത്തെ വര വരെ നമുക്ക് അതിൽ റെക്കോർഡ് ചെയ്യാൻ പറ്റും. എന്റെ പേരിൽ ആദ്യമായി ശ്രദ്ധിക്കപ്പെട്ട ഒരു ചിത്രവും അതുതന്നെയാണ്. 

vivek-t - 1
ടി വിവേക്

അതിനുശേഷം ഒരുപാട് തെയ്യങ്ങളുടെ ചിത്രങ്ങൾ വരച്ചിരുന്നു. കണ്ണൂർ മേഖല തെയ്യങ്ങളുടെ ഇടം ആയതുകൊണ്ട് തന്നെ ഒറ്റപ്പെട്ട് നിൽക്കുന്ന ചില തെയ്യങ്ങളുടെ ചിത്രങ്ങൾ ഒരുപാട് പേരിലേക്ക് എത്തപ്പെടുകയും അത് ഒരുപാട് പേർക്ക് ഇഷ്ടപ്പെടുകയും ചെയ്തു. അതേക്കുറിച്ച് പത്രവാർത്തകളും വന്നിട്ടുണ്ടായിരുന്നു. പിന്നീടാണ് ഡിജിറ്റൽ പോർട്രേറ്റ് എന്നതിലേക്ക് വന്നത് അത് ഓരോ ആവശ്യങ്ങൾക്ക് വേണ്ടി ഓരോരുത്തരും ചോദിച്ചു വരച്ചു കൊടുത്തതാണ് അങ്ങനെയാണ് തുടക്കം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com