സിബിൽ സ്കോർ വേണ്ട,ലോൺ നൽകി കുടുക്കും!;കുട്ടി ക്രിമിനലുകളെ സൃഷ്ടിക്കുന്ന ലോൺ ആപ്പുകൾ

Photo Credit: istockphoto/grinvalds
SHARE

പണം ഉടനടി നൽകും. സിബിലും പാൻ കാർഡും രേഖകളും ഒന്നും ആവശ്യമില്ല!– കുട്ടികൾക്കായി വലവിരിച്ചുകൊണ്ടു ആകർഷകമായ പരസ്യങ്ങൾ ഇങ്ങനെയാണ് പ്രത്യക്ഷപ്പെടുന്നത്.  രു സെൽഫി വിഡിയോയും ഫോൺ നമ്പരും പിന്നെ ഫോണിലെ സ്വകാര്യ ഫയലുകളിലേക്കും കോണ്ടാക്ടുകളിലേക്കും പ്രവേശനവും മാത്രമായിരിക്കും ഇത്തരം ലോണ്‍ ആപ്പുകളുടെ ആവശ്യം. പണം കിട്ടുന്ന ആവേശത്തിൽ ഒന്നും ചിന്തിക്കാതെ എല്ലാത്തിനും' പ്രവേശനം എനേബിൾ ചെയ്യുന്നതോടെ സ്വകാര്യ വിവരങ്ങളെല്ലാം  'ഫ്രോഡ് ലോൺ ആപ് കമ്പനികളുടെ കൈവശമെത്തും. ഒരു ഊരാക്കുടുക്കിലാണ് ചെന്നുപെട്ടിരിക്കുന്നതെന്നു പലരും അറിയുമ്പോഴേക്കും കടക്കെണിയിലും ബ്ലാക്മെയിലിലും അകപ്പെട്ടിരിക്കും.

500 രൂപ വായ്പ, 350 കൈയ്യില്‍

പ്രലോഭനത്തിൽ കുട്ടികളെ വീഴിക്കാനായി ഓൺലൈൻ ഗെയിമുകളിലും അതേപോലെയുള്ള പുതു തലമുറ വിഡിയോ പ്ലാറ്റ്ഫോമുകളിലുമായിരിക്കും പരസ്യങ്ങൾ നൽകുക.500 രൂപ വായ്പ ചോദിച്ചാൽ പ്രോസസിങ് ചാർജ്, ജിഎസ്ടി എന്നിങ്ങനെ പലവിധ കാരണങ്ങൾ പറഞ്ഞു 350 രൂപയാകും ഒരാഴ്ചത്തെ കാലാവധിക്കു ബാങ്ക് അക്കൗണ്ടിലേക്കു നൽകുക. 500 രൂപയ്ക്കു ഇരട്ടി തുകയോളം കൊള്ള പലിശ നൽകണം. മാത്രമല്ല തിരിച്ചടവു ദിവസം കഴിഞ്ഞാൽ ലേറ്റ് ഫീ എന്ന പേരിൽ തുക ഇരട്ടിക്കും.

ചെറിയ തുക കുട്ടികൾ എങ്ങനെയെങ്കിലും തിരിച്ചടയ്ക്കും എന്നാൽ വലിയ തുകകൾ നൽകുകയും തിരിച്ചടവ് 2 ഇരട്ടിയോ 3 ഇരട്ടിയോ ഒക്കെ ആവുകയും ചെയ്യുന്നതോടെ കുട്ടികള്‍ ഇവരുടെ കെണിയിൽ വീഴും.താമസിയാതെ ഭീഷണി ആരംഭിക്കും, സുഹൃത്തുക്കളെയും ബന്ധുക്കളെയും വിളിക്കാനാരംഭിക്കുന്നതോടെ എങ്ങനെയെങ്കിലും പണം തിരിച്ചടക്കാനുള്ള വെപ്രാളമായിരിക്കും. വീട്ടുകാർ വഴക്കുപറയുമോ എന്ന ഭീതിയും ബ്ലാക്മെ​യിലിങും ഒരുപക്ഷേ വലിയ കുറ്റകൃത്യങ്ങളിലേക്കാകും കുട്ടികളെ നയിക്കുക.

ഒരു തവണ വായ്പയെടുത്തിട്ട് തിരിച്ചടച്ചാലും,ആവശ്യപ്പെടാതെ തന്നെ വലിയ തുകകൾ വീണ്ടുമെത്തിക്കൊണ്ടിരിക്കുമെന്നാണ് ഇതിന്റെ പിടിയിൽപ്പെട്ടവരുടെ അനുഭവം. 5000 രൂപ വായ്പ എടുത്തശേഷം  എത്രയടച്ചാലും പുറത്തുകടക്കാനാവാത്ത വിധം ഇവരുടെ വലയിൽ കുടുങ്ങും. എങ്ങനെയെങ്കിലും ഇവരുടെ പിടിയിൽ നിന്നു രക്ഷപ്പെടാൻ വലിയ കുറ്റകൃത്യങ്ങളിലേക്കു കുട്ടികൾ നീങ്ങാതിരിക്കാനും ഇത്തരക്കാരെ കൃത്യമായി റിപ്പോർട്ടു ചെയ്യാനും വലിയ ബോധവൽക്കരണം നടത്തേണ്ടതുണ്ട്.

നിങ്ങളുടെ സുഹൃത്തുക്കൾക്കോ പരിചയത്തിലുള്ളവർക്കോ  ഇത്തരത്തിലുള്ള അനുഭവം ഉണ്ടായിട്ടുണ്ടോ. പരാതി നൽകിയിരുന്നോ?. അനുഭവങ്ങൾ പങ്കു വയ്ക്കാം

തട്ടിപ്പ് വായ്പാ ആപ്പുകളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാൻ

Trap-

തട്ടിപ്പ് വായ്പാ ആപ്പുകളുടെ അപകടങ്ങളെക്കുറിച്ച് നിങ്ങളുടെ കുട്ടികളോട് സംസാരിക്കുക. അനുമതിയില്ലാതെ  ഒരിക്കലും ഒരു ലോൺ ആപ്പ് ഡൗൺലോഡ് ചെയ്യരുതെന്നു വിശദീകരിക്കുക.

കുട്ടികളുടെ ഓൺലൈൻ പ്രവർത്തനം നിരീക്ഷിക്കുക. അവർ ഡൗൺലോഡ് ചെയ്യുന്നതും ഉപയോഗിക്കുന്നതുമായ ആപ്പുകൾ ഏതൊക്കെയാണെന്ന് അറിഞ്ഞിരിക്കുക.

ചില വെബ്‌സൈറ്റുകളിലേക്കും ആപ്പുകളിലേക്കുമുള്ള കുട്ടികളുടെ ആക്‌സസ് നിയന്ത്രിക്കാൻ അവരുടെ ഉപകരണങ്ങളിൽ രക്ഷാകർത്ത്യ നിയന്ത്രണങ്ങൾ സജ്ജീകരിക്കുക.എങ്ങനെയെന്നറിയാൻ– സ്ക്രീൻ സമയം നിർണയിക്കാം

ലോൺ ആപ്പ് തട്ടിപ്പിനിരയായാൽ

കുട്ടി ഒരു തട്ടിപ്പ് ലോൺ ആപ്പിന്റെ ഇരയായിരിക്കാമെന്ന് കരുതുന്നുവെങ്കിൽ ഉടൻ തന്നെപൊലീസിൽ  പരാതി നൽകാന്‍ മടിക്കരുത്, ബാങ്കുമായി ബന്ധപ്പെട്ടു കുട്ടികളുടെ അക്കൗണ്ട് ഇടപാടുകൾ പരിശോധിക്കുക

ഇവർ പുറത്തുവിടുന്ന ചിത്രങ്ങൾ മോർഫ് ചെയ്തവയാണെന്നു പൊതുസമൂഹത്തിനു വ്യക്തമായ ധാരണയുള്ളതിനാൽ ഭയപ്പെടേണ്ടതില്ലെന്നു കുട്ടികളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്.

തട്ടിപ്പ് വായ്പകൾ സിബിൽ സ്കോറിനെ ബാധിക്കില്ല. cybercrime.gov.in വഴി പരാതി നൽകുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS
FROM ONMANORAMA