മാസവരി നിര്‍ബന്ധമാക്കാന്‍ എക്‌സ്; പണം നൽകി ഉപയോക്താക്കൾ തുടരുമോ? അറിയേണ്ടതെല്ലാം

Mail This Article
സമൂഹ മാധ്യമമായ എക്‌സ് ( ട്വിറ്റര്‍) ഉപയോക്താക്കളെല്ലാം താമസിയാതെ മാസവരി അടയ്‌ക്കേണ്ടി വന്നേക്കും. ടെസ്‌ല മേധാവി ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിനു ശേഷം, ദിവസമെന്നോണം ഓരോ മാറ്റങ്ങളായിരുന്നു. മസ്‌കിന്റെ അടുത്ത ഭരണപരിഷ്‌കാരം ചില ട്വിറ്റര്‍ ഉപയോക്താക്കളെയെങ്കിലും ദു:ഖത്തിലാഴ്ത്തിയേക്കും.
ഒന്നും ഫ്രീയല്ല

ഇപ്പോള്‍ എക്‌സ് ഫ്രീയായി ഉപയോഗിക്കാം. നിലവിലെ പ്രീമിയം സബ്സ്ക്രിപിഷനുള്ളവർ പ്രതിവർഷം നല്‍കേണ്ടത് ഏകദേശം 6,800 രൂപയാണ്. ഈ തുക താങ്ങാനാവില്ലെന്നു പറഞ്ഞ് പലരും ഫ്രീ ഓപ്ഷനിലാണ് ഇപ്പോള്‍ തുടരുന്നത്.
മസ്‌കിന്റെ ഏറ്റവും പുതിയ ഭരണപരിഷ്‌കാരം നിലവില്‍ വന്നാല്‍, പണമടയ്ക്കാനില്ലാത്തവര്‍ക്ക് ഈ പ്ലാറ്റ്‌ഫോമില്‍ വര്‍ഷങ്ങളായി നടത്തിയ അധ്വാനം പാഴാക്കി, അക്കൗണ്ട് പൂട്ടേണ്ടിവന്നേക്കും. 'നാമമാത്രമായ തുക'യാണ് നല്‍കേണ്ടത് എന്നാണ് മസ്‌ക് പറയുന്നത്. പക്ഷെ അതിലേക്കു മാറാൻ തയാറാകുന്നവര്‍ എത്ര പേരുണ്ടാകുമെന്നതു സംശയമാണ്.
എന്താണ് പുതിയ സൂചനകള്‍?

ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി നടത്തിയ സംഭാഷണത്തിനിടയിലാണ് മസ്‌ക് മനസ്സു തുറന്നത്. ട്വിറ്റര്‍ ഫ്രീ ആയിരിക്കില്ല, ഉപയോക്താക്കള്‍ 'ചെറിയൊരു മാസവരി' അടയ്‌ക്കേണ്ടി വരും എന്നാണ് അദ്ദേഹം പറഞ്ഞത്. എക്‌സ് പ്ലാറ്റ്‌ഫോമില്‍ ഡേറ്റാ ശേഖരണത്തിനായി 'ബോട്ടുകള്‍' മേഞ്ഞു നടക്കുന്നത് പാടെ ഒഴിവാക്കണമെങ്കില്‍ ഇത് കൂടിയെ തീരൂ എന്നാണ് മസ്‌കിന്റെ കണക്കുകൂട്ടല്‍.
ബോട്ടുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ചെറിയ ചിലവു മതി. എന്നാല്‍, ഓരോ തവണയും ഇത്തരക്കാരില്‍ നിന്ന് ഏതാനും ഡോളര്‍ വച്ച് ശേഖരിക്കാന്‍ സാധിച്ചാല്‍ അവ പ്രവര്‍ത്തിപ്പിക്കുന്നവരുടെ ചിലവ് വര്‍ദ്ധിപ്പിക്കാമെന്നാണ് മസ്‌കിന്റെ വാദം. ഉപയോക്താക്കള്‍ ഗവണ്‍മെന്റ് ഐഡി ഉപയോഗിച്ചുളള വേരിഫിക്കേഷന്‍ അടക്കമുള്ള കാര്യങ്ങള്‍ നടത്തണമെന്ന തീരുമാനവും എക്‌സ് നടപ്പാക്കിയേക്കും.
ആളുകളുടെ പേമെന്റ് വിശദാംശങ്ങള്‍ ശേഖരിക്കാനുള്ള രഹസ്യ പദ്ധതി?
ചൈനീസ് വാസത്തിനിടയ്ക്ക് മസ്‌കിന്റെ മനസില്‍ കുടിയേറി ആശയമാണ് വീചാറ്റിനെ പോലെയൊരു ആപ്പ് തനിക്കും സൃഷ്ടിക്കണമെന്ന്. വാട്‌സാപും ഫ്‌ളിപ്കാര്‍ട്ടും ഗൂഗിള്‍ പേയും ഒറ്റ ആപ്പായാലോ? അങ്ങനെ ഒട്ടനവധി സേവനങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ഒരു ആപ് തനിക്കും സൃഷ്ടിക്കാനായി എക്‌സ് എന്ന പേരും കണ്ടുവച്ചിരുന്നു. അതിനിടയില്‍ അദ്ദേഹം ട്വിറ്റര്‍ ഏറ്റെടുക്കാന്‍ നിര്‍ബന്ധിതനായി.
ഇനിയിപ്പോള്‍ ട്വിറ്ററിനെ തന്റെ സങ്കല്‍പ്പത്തിലുള്ള എക്‌സ് ആക്കി പരിവര്‍ത്തനം ചെയ്‌തേക്കാമെന്നാണ് മസ്‌ക് കരുതുന്നത് എന്നതിനെക്കുറിച്ചുള്ള സൂചനകള്‍ ധാരാളമുണ്ട്. വീചാറ്റിന് ചൈനയില്‍ കൊടികുത്തി വാഴാന്‍ സാധിച്ചത് ഉപയോക്താക്കളുടെ പണമിടപാട് വിവരങ്ങളും ശേഖരിക്കാനായതിനാലാണ് എന്ന് വിലയിരുത്തലുകളുണ്ട്. ഇതായിരിക്കാം മസ്‌കിന്റെ മനംമാറ്റത്തിനു പിന്നില്‍, അല്ലാതെ ബോട്ട് കഥ മാത്രമായിരിക്കില്ലെന്ന് എഓഎല്‍ വാദിക്കുന്നു.
കൊള്ളുന്നത് സാധാരണക്കാര്‍ക്ക്
പുതിയ തീരുമാനം നടപ്പായാല്‍ എക്‌സ് ഫ്രീയായി ഉപയോഗിക്കുന്നവര്‍ക്ക് വരിസംഖ്യ അടയ്‌ക്കേണ്ടതായി വരും. പണമടച്ച് ഉപയോഗിക്കുന്നില്ലെന്ന് ഇതുവരെ പറഞ്ഞിരുന്നവരും അക്കൗണ്ട് നിലനിര്‍ത്താന്‍ മാസവരി അടയ്‌ക്കേണ്ടിവരും. വര്‍ഷങ്ങളായി ഉണ്ടാക്കിയെടുത്ത ശീലങ്ങളും, ട്വിറ്ററില്‍ വളര്‍ത്തിയെടുത്ത ബന്ധങ്ങളും എളുപ്പത്തില്‍ പിഴുതുകളയാന്‍ സാധ്യമല്ലാത്തതിനാല്‍ മാസവരി നല്‍കാന്‍ നിര്‍ബന്ധിതരാകും.
ട്വിറ്റര്‍ അടിമുടി മാറി
ഇപ്പോള്‍ ഇസ്രോയുടെ പുതിയ ട്വീറ്റ് കണ്ടേക്കാമെന്നു വച്ചാല്‍ ഇപ്പോള്‍ ലോഗ്-ഇന്‍ ചെയ്യാതെ സാധിക്കില്ല. ലോഗ്-ഇന്‍ ചെയ്യാത്തവര്‍ക്ക് ഏകദേശം 2021ന് മുമ്പുള്ള ട്വീറ്റുകള്‍ മാത്രമെ പല അക്കൗണ്ടുകളിലും ലഭിക്കൂ. അതേസമയം, ആരെങ്കിലും ഇസ്രോയുടെ പുതിയ ട്വീറ്റിന്റെ ലിങ്ക് അയച്ചു തന്നാല്‍ അത് തുറക്കാന്‍ സാധിക്കുകയും ചെയ്യും.
∙ഇന്റര്‍നെറ്റ് സേര്‍ച്ചിന്റെ അധിപനായി തുടരാന്‍ ഗൂഗിള്‍ നിയമലംഘനം നടത്തിയോ?

ടെക്‌നോളജി ഭീമനായ ഗൂഗിള്‍ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. കമ്പനിക്കെതിരെ അമേരിക്കയില്‍ ആന്റിട്രസ്റ്റ് കേസിന്റെ വിചാരണ നടക്കുകയാണ്. അമേരിക്കന്‍ ഗവണ്‍മെന്റ് തന്നെയാണ് കമ്പനിയുടെ എതിര്‍ കക്ഷി. ആഗോള തലത്തില്‍ തന്നെ ഇന്റര്‍നെറ്റ് പരസ്യങ്ങളുടെ സിംഹഭാഗവും കൈകാര്യം ചെയ്യുന്നത് ഗൂഗിള്‍ ആണ്.
'ഇന്റര്‍നെറ്റ് സേര്‍ച്ചിന്റെ ആധിപത്യം കൈവിടാതിരിക്കാന്‍ ആന്റിട്രസ്റ്റ് നിയമം കമ്പനി ലംഘിച്ചിട്ടുണ്ടാകാം. പരസ്യവരുമാനത്താല്‍ കൊഴുത്ത് ഒരു 1 ട്രില്ല്യന്‍ കമ്പനിയായി തീര്‍ന്നു ഗൂഗിള്‍', അമേരിക്കന്‍ ഗവണ്‍മെന്റ് ആരോപിക്കുന്നു. വാഷിങ്ടണില്‍ ഇപ്പോള്‍ വിചാരണ നടക്കുന്ന കേസില്‍ വളരെയധികം വിവരങ്ങള്‍ രഹസ്യമാക്കി വയ്ക്കാന്‍ കമ്പനി ശ്രമിക്കുന്നു എന്നും ഗവണ്‍മെന്റ് ആരോപിച്ചു എന്ന് റോയിട്ടേഴ്‌സ്.
പാനെയ്: മൈക്രോസോഫ്റ്റിന്റെ നഷ്ടം ആമസോണിന്റെ നേട്ടം?
രണ്ടു പതിറ്റാണ്ടോളം മൈക്രോസോഫ്റ്റില്‍ ജോലിചെയ്യുകയും പല പ്രധാന വിഭാഗങ്ങളുടെയും മേധാവി ആയിരിക്കുകയും ചെയ്ത പാനോസ് പാനെയ് കമ്പനി വിടുന്ന കാര്യം ബ്ലൂംബര്‍ഗ് ആണ് റിപ്പോര്‍ട്ട് ചെയ്തത്. അദ്ദേഹം ആമസോണിലേക്ക് ആയിരിക്കും പോകുക എന്നും കമ്പനിയുടെ അലക്‌സാ, എക്കോ ഉല്‍പ്പന്നങ്ങളുടെ ചുമതല ഏറ്റേക്കുമെന്നും പറയുന്നു. ഇരു കമ്പനികളും ഇതേക്കുറിച്ച് പ്രതികരിക്കാന്‍ വിസമ്മതിച്ചു. മൈക്രോസോഫ്റ്റിന്റെ സര്‍ഫസ്, വിന്‍ഡോസ് വിഭാഗങ്ങളുടെ അടുത്ത മേധാവി യുസുഫ് മെഹ്ദി ആയിരിക്കുമെന്നും സൂചനകള്‍ ഉണ്ട്.
വില കുറഞ്ഞ റോഗ് അലൈ വില്‍പ്പനയ്ക്ക്
ഹാന്‍ഡ്‌ഹെല്‍ഡ് ഗെയിമിങ് കണ്‍സോള്‍ ആയ റോഗ് അലൈയുടെ താരതമ്യേന വല കുറഞ്ഞ വേര്‍ഷന്‍ പുറത്തിറക്കിയിരിക്കുകയാണ് അസ്യൂസ് കമ്പനി. എഎംഡി സെഡ്1 പ്രൊസസര്‍ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന പുതിയ വേരിയന്റിന് വിലയിട്ടിരിക്കുന്നത് 600 ഡോളര്‍ ആണ്. ഇപ്പോള്‍ വില്‍പ്പനയിലുള്ള റോഗ് അലൈ മോഡല്‍, സെഡ്1 എക്ട്രീം പ്രൊസര്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അതിന് വില 79,990 രൂപയാണ്.
സാംസങ് ഗ്യാലക്‌സി എസ്24ന്റെ സൂം ശേഷി കുറയും?
സാംസങ് എസ്22 അള്‍ട്രാ, എസ്23 അള്‍ട്രാ മോഡലുകള്‍ക്ക് 10 മടങ്ങ് ഒപ്ടിക്കല്‍ സൂം ആയിരുന്നു നല്‍കിയിരുന്നത്. എന്നാല്‍, ഇനി ഇറക്കാന്‍ പോകുന്ന എസ്24 അള്‍ട്രായ്ക്ക് 5 മടങ്ങ് സൂമേ കാണൂ എന്ന പ്രവചിച്ചിരിക്കുന്നത് ഐസ് യൂണിവേഴ്‌സ് എന്ന പേരില്‍ അറിയപ്പെടുന്ന ടിപ്സ്റ്റര്‍ ആണ്. അതേസമയം, പഴയ ഫോണുകള്‍ക്ക് 10എംപി സെന്‍സര്‍ ഉപയോഗിച്ചായിരുന്നു 10 മടങ്ങ് സൂം നല്‍കിയിരുന്നത് എന്നും ഓര്‍ത്തിരിക്കണം. എന്നാല്‍, എസ്24 മോഡലില്‍ 50എംപി സെന്‍സറിനായിരിക്കും 5 മടങ്ങ് സൂം നല്‍കുക.
ഐപാഡില്‍ വാട്‌സാപ് ബീറ്റ
പല ആന്‍ഡ്രോയിഡ് ടാബുകളിലും വാട്‌സാപ് പ്രവര്‍ത്തിപ്പിക്കാമെങ്കിലും, ആപ്പിളിന്റെ ഐപാഡില്‍ വാട്‌സാപ് ഇതുവരെ ലഭ്യമല്ലായിരുന്നു. എന്നാല്‍, താമസിയാതെ ഇതു മാറിയേക്കും. ബീറ്റാ ടെസ്റ്റര്‍മാര്‍ക്ക് ഇപ്പോള്‍ ടെസ്റ്റ്ഫ്‌ളൈറ്റ് ആപ്പ് ഉപയോഗിച്ച് ഐപാഡില്‍ വാട്‌സാപ് ബീറ്റാ ആപ് ഇപ്പോള്‍ ഇന്‍സ്‌റ്റോള്‍ ചെയ്യാമെന്ന് വാബീറ്റാഇന്‍ഫോ റിപ്പോര്‍ട്ടു ചെയ്യുന്നു. വിന്‍ഡോസ് കംപ്യൂട്ടറുകളില്‍ പോലും വാട്‌സാപ് പ്രവര്‍ത്തിപ്പിക്കാമെങ്കിലും, 2009ല്‍ അവതരിപ്പിച്ച ഈ ആപ്പ് ഇപ്പോഴും ഐപാഡില്‍ ലഭ്യമല്ലെന്നുള്ളത് ഒരു അത്ഭുതമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്തായാലും ആ പരിഭവം ഉടന്‍ മാറ്റാന്‍ ഒരുങ്ങുകയാണ് വാട്‌സാപിന്റെ ഉടമയായ മെറ്റാ
English Summary: X platform latest updates.