ADVERTISEMENT

'മെയ്ക് ഇന്‍ ഇന്ത്യ' പദ്ധതിയിലെ നിബന്ധനകളില്‍ ഇളവ് ലഭിക്കാത്തതിൽ വൻകിട കമ്പനികൾ ഇന്ത്യ വിടാനൊരുങ്ങുന്നതായി റിപ്പോർട്ട്. ദക്ഷിണ കൊറിയന്‍ ഇലക്ട്രോണിക്‌സ് ഉപകരണ നിര്‍മാണ ഭീമന്‍ സാംസങ്ങാണ് ലിസ്റ്റിൽ ഒന്നാമതുള്ളത്. ചില ചൈനീസ് കമ്പനികൾക്കും ആപ്പിളിനും ഇതേ വെല്ലുവിളിയാണ് ‘മെയ്ക് ഇന്‍ ഇന്ത്യ’ പദ്ധതിയിൽ നിന്നും നേരിട്ടുകൊണ്ടിരിക്കുന്നത്.

make-in-india

ആപ്പിള്‍ ചെറിയ രീതിയില്‍ മാത്രമാണ് ഇന്ത്യയില്‍ ഫോണ്‍ നിര്‍മാണം തുടങ്ങിയത്. കൂടുതല്‍ നിര്‍മാണം തുടങ്ങാന്‍ ലോകത്തെ സുപ്രധാന ഫോണ്‍ നിര്‍മാതാക്കളില്‍ ഒരാളായ ആപ്പിൾ സർക്കാരിനോടു കൂടെക്കൂടെ ചില നിബന്ധനകളില്‍ ഇളവു ചോദിച്ചുകൊണ്ടിരുന്നു. പക്ഷേ, ലോകത്തെ ഒന്നാം നമ്പര്‍ ഫോണ്‍ നിര്‍മാതാവായ സാംസങ് മെയ്ക് ഇന്‍ ഇന്ത്യ പദ്ധതി വന്നപ്പോൾ തന്നെ ചാടിക്കയറി എല്ലാത്തരം ഫോണുകളും ഇന്ത്യയില്‍ നിര്‍മാണവും തുടങ്ങി. പുതിയ റിപ്പോർട്ട് പ്രകാരം ദക്ഷിണ കൊറിയന്‍ ഇലക്ട്രോണിക്‌സ് ഉപകരണ നിര്‍മാണ ഭീമന്‍ സർക്കാരിനോട് തങ്ങള്‍ ഇന്ത്യയിലെ മൊബൈല്‍ ഫോണ്‍ നിര്‍മാണം കുറയ്ക്കാൻ നിർബന്ധിതരാകുമെന്ന് അറിയിച്ചിരിക്കുകയാണ്. മുന്തിയ മോഡലുകളുടെ (ഉദാഹരണം ഗ്യാലക്‌സി S9, നോട്ട് 9) നിര്‍മാണം നിർത്തുകയും കയറ്റുമതി കുറയ്ക്കുകയും ചെയ്യാനും സാധ്യതയുണ്ടെന്നും കമ്പനി വ്യക്തമാക്കുന്നു. 'മെയ്ക് ഇന്‍ ഇന്ത്യ' പ്ലാനിലെ ചില നിബന്ധനകളില്‍ ഇളവു വരുത്തണമെന്നാണ് അവരുടെ ആവശ്യം.

ഡിസ്‌പ്ലെകള്‍, ടച് പാനലുകള്‍ തുടങ്ങയിവ ഇറക്കുമതി ചെയ്യാന്‍ അനുവദിക്കണമെന്നാണ് സാംസങ്ങിന്റെ ആവശ്യം. സർക്കാരിന്റെ ഉത്തരവു പ്രകാരം ഫെയ്‌സ്ഡ് മാനുഫാക്ചുറിങ് പ്രോഗ്രാം (Manufacturing Programme (PMP), ഫെബ്രുവരി മുതല്‍ നിലവില്‍ വരികയാണ്. ഇത് 2019-20ല്‍ എപ്പോഴെങ്കിലും നിലവില്‍ വരുമെന്നാണ് നേരത്തെ പറഞ്ഞിരുന്നത്. അതാണ് കഴിഞ്ഞ മാസം ഇറക്കിയ പുതിയ ഉത്തരവിലൂടെ, അടുത്ത ഫെബ്രുവരി മുതല്‍ എന്നാക്കി മാറ്റിയിരിക്കുന്നത്. എല്ലാ ഘടകഭാഗങ്ങളും ഇന്ത്യയില്‍ തന്നെ നിര്‍മിക്കണമെന്നാണ് സർക്കാർ ആവശ്യപ്പെടുന്നത്. അല്ലാത്തപക്ഷം ഇവിടെ നിര്‍മിച്ച ഉപകരണങ്ങള്‍ കയറ്റുമതി ചെയ്യുമ്പോള്‍ 10 ശതമാനം ചുങ്കം ചുമത്തും. (സര്‍ചാര്‍ജും കൂട്ടി 11 ശതമാനം.) സാംസങ് അടക്കമുള്ള മൊബൈല്‍ ഫോണ്‍ നിര്‍മാണ കമ്പനികള്‍ തങ്ങള്‍ മാര്‍ച്ച് 31, 2020 മുതല്‍ പിഎംപി അംഗീകരിക്കാമെന്ന് പറഞ്ഞിരുന്നു. ഇതു പ്രകാരമാണ് അവര്‍ ഇന്ത്യയില്‍ മുതല്‍ മുടക്കിയതും.

2017ല്‍ ആണ് പിഎംപി അവതരിപ്പിച്ചത്. പൂര്‍ണമായും പ്രാദേശികമായി ഫോണ്‍ നിര്‍മിക്കുന്നതു പ്രോത്സാഹിപ്പിക്കാനായിരുന്നുവിത്. ഇതിലൂടെ ഇന്ത്യയില്‍ ഫോണുകളുടെ വില കുറച്ചു വില്‍ക്കാനാകുമെന്ന കണ്ടെത്തലാണ് ഈ തീരുമാനത്തിനു പിന്നില്‍. എന്നാല്‍ ഫോണുകളുടെ ചില പ്രധാന ഭാഗങ്ങള്‍ പെട്ടെന്ന് ഇന്ത്യയില്‍ തന്നെ നിര്‍മിക്കുക എന്നത് പ്രയാസമുള്ള കാര്യമായാണ് കമ്പനികള്‍ പറയുന്നത്. ഉദാഹരണത്തിന് ഡിസ്‌പ്ലെ പാനല്‍ നിര്‍മിക്കുന്നതിന് ചില തടസങ്ങള്‍ പറയുന്നു. ഒരു ഫോണിന്റെ നിര്‍മാണച്ചിലവിന്റെ 25-30 ശതമാനം ഡിസ്‌പ്ലെ പാനലിന്റെ നിര്‍മിതിക്കാണ് ചിലവാക്കുന്നത്. നിലവില്‍ ഇന്ത്യയില്‍ ഒരിടത്തും ഡിസ്‌പ്ലെ പാനലുകള്‍ നിര്‍മിക്കുന്നില്ല. അതുകൊണ്ട് ഇവ അടുത്ത വര്‍ഷം വരെയെങ്കിലും ഇറക്കുമതി ചെയ്യാന്‍ അനുവദിക്കണമെന്നാണ് സാംസങ് അടക്കമുള്ള കമ്പനികള്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിരുന്നത്. മറ്റു ചില ഘടകഭാഗങ്ങളുടെ നിര്‍മിതി വര്‍ധിപ്പിക്കാനും കമ്പനികള്‍ സമയം ചോദിച്ചിരുന്നു.

സാംസങ് പറഞ്ഞത് 2019ല്‍ ഇന്ത്യയില്‍ നിന്ന് ഫോണുകളുടെ കയറ്റുമതി വര്‍ധിപ്പിക്കാനുള്ള പ്ലാനുകളും നിർത്തിവയ്ക്കാന്‍ പോകുന്നുവെന്നാണ്. നിലവിലുള്ള 15 ശതമാനത്തില്‍ നിന്ന് ഈ വര്‍ഷം 40 ശതമാനത്തിലേറെ ഫോണുകള്‍ കയറ്റുമതി ചെയ്യാനായിരുന്നു കമ്പനിയുടെ ഉദ്ദേശം. ഇന്ത്യയില്‍ നിര്‍മിക്കുന്ന ഫോണുകള്‍ക്ക് വിയറ്റ്‌നാം പോലെ ചിലവു കുറച്ചു നിര്‍മിക്കാവുന്ന രാജ്യങ്ങളില്‍ ഉണ്ടാക്കുന്ന ഫോണുകളുമായി മത്സരിക്കാനാവില്ലെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. പ്രധനമന്ത്രിയുടെ ഓഫിസിലേക്കും മറ്റു ഡിപ്പാര്‍ട്ട്‌മെന്റുകളിലേക്കും സാംസങ് തങ്ങളുടെ വിഷമസ്ഥിതി അറിയിച്ചു കത്തയച്ചിരിക്കുകയാണ്.

ഏറെ പ്രതീക്ഷകളോടെയാണ് സാംസങ് 4,915 കോടി രൂപ മുടക്കി നോയിഡയില്‍ ലോകത്തെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ നിര്‍മാണ യൂണിറ്റ് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ തുടങ്ങിയത്. 2020തോടെ ഈ യൂണിറ്റില്‍ നിന്ന് പ്രതിവര്‍ഷം 120 ദശലക്ഷം ഹാന്‍ഡ്‌സെറ്റുകള്‍ നിർമിക്കാനായിരുന്നു ഉദ്ദേശം. ഇപ്പോള്‍ 68 ദശലക്ഷം ഹാന്‍ഡ്‌സെറ്റുകള്‍ ഇറക്കുന്നുണ്ട്. തങ്ങളുടെ ഈ യൂണിറ്റില്‍ നിന്ന് 2020തില്‍ 1000 കോടി ഡോളര്‍ വരെ വിറ്റുവരവു പ്രതീക്ഷിക്കാമെന്നും അവര്‍ തങ്ങളുടെ കത്തില്‍ പറഞ്ഞിട്ടുണ്ട്.

സാംസങ് ഇന്ത്യയിലെ ടിവി നിര്‍മാണം കഴിഞ്ഞ വര്‍ഷം അവസാനം നിർത്തിയിരുന്നൂ. ഓപ്പണ്‍ സെല്‍ എല്‍ഇഡി പാനലകുള്‍ക്ക് 5 ശതമാനം നികുതി ചുമത്തിയതാണ് കാരണം. ഒരു ടിവി നിര്‍മിക്കുന്നതിനു മൊത്തം ചിലവാകുന്ന പൈസയില്‍ 70 ശതമാനം വരെ പാനലുകള്‍ക്കാണു ചിലവാകുന്നത്. കമ്പനിയിപ്പോള്‍ വിയറ്റ്‌നാമില്‍ നിന്ന് ടിവി ഇറക്കുമതി ചെയ്ത് ഇന്ത്യയില്‍ വില്‍ക്കുന്നു. അധിക നികുതി വെട്ടിക്കുറയ്ക്കാന്‍ സർക്കാർ ഇപ്പോള്‍ ചിന്തിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിക്കു ലഭിച്ച അടിയാണിതെന്നു മനസ്സിലാക്കിയാണ് മാറ്റത്തിനൊരുങ്ങുന്നത്.

make-in-india-

പിഎംപി അവതരിപ്പിച്ചത് ചൈനീസ് കമ്പനികള്‍ ചൈനയില്‍ ഉണ്ടാക്കിയ ഫോണുകള്‍ ഇവിടെ നിര്‍ബാധം വിറ്റഴിക്കാന്‍ തുടങ്ങിയപ്പോഴാണ്. ഇറക്കുമതിക്കു തടയിടാനായിരുന്നു ഉദ്ദേശം. ഇന്ത്യയിലെ മൊബൈല്‍ ഫോണ്‍ വിപണിയുടെ മൂല്യം 1.3 ലക്ഷം കോടി രൂപയാണന്നാണു വിലയിരുത്തല്‍. ചൈന കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും വലിയ വിപണി ഇന്ത്യയാണ്. കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് അപ്ലൈയന്‍സസ് മാനുഫാക്ചുറേസ് അസോസിയേഷനും ഇന്ത്യാ സെല്ലുലാര്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് അസോസിയേഷനും (ഐസിഇഎ) പിഎംപി നടപ്പാക്കുന്നത് 2020 ലേക്കു മാറ്റിവയ്ക്കണമെന്ന് സർക്കാരിനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.

പിഎംപി ഇപ്പോള്‍ നടപ്പിലാക്കിയാല്‍ പല മൊബൈല്‍ ഫോണ്‍ നിര്‍മാണ യൂണിറ്റുകളും അടച്ചുപൂട്ടേണ്ടി വരുമെന്നാണ് ഐസിഇഎ ഭയപ്പെടുന്നത്. ഡേറ്റാ കടത്തല്‍ തുടങ്ങിയ ആരോപണം നേരിടുന്നവയാണ് പല ചൈനീസ് കമ്പനികളും. പേരുള്ള ഒരു കമ്പനിയുടെ ഫോണ്‍ വാങ്ങണമെന്ന് ആഗ്രഹിച്ചിരുന്നവര്‍ വാങ്ങിയിരുന്നത് സാംസങ് ഫോണുകളാണ്. അവര്‍ക്കും ചൈനീസ് നിര്‍മാതാക്കളെ പോലെ വിലയിടിച്ച് ഫോണ്‍ നിര്‍മിക്കാന്‍ കഴിഞ്ഞിരുന്നു. ഇപ്പോള്‍ പന്ത് സർക്കാരിന്റെ കോര്‍ട്ടിലാണ്. സർക്കാരിന്റെ നയങ്ങളിൽ വേണ്ടത്ര മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ മെയ്ക് ഇൻ ഇന്ത്യക്ക് കീഴിൽ പ്ലാന്റുകൾ തുടങ്ങിയ വൻകിട കമ്പനികൾ ഇന്ത്യ വിടുമെന്ന് ചുരുക്കം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com