ADVERTISEMENT

രഹസ്യാത്മകതയ്ക്കു പേരുകേട്ട കമ്പനിയായ ആപ്പിള്‍, പതിവിലേറെ സ്വകാര്യതയോടെയാണ് അവരുടെ സെല്‍ഫ്-ഡ്രൈവിങ് കാറിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിപ്പോന്നത്. എന്നാല്‍, ഇപ്പോള്‍ അമേരിക്കന്‍ ഭരണക്കൂടം പറയുന്നത് ആപ്പിളിന്റെ ജോലിക്കാരനായ ജെസോങ് ചെന്‍ (Jizhong Chen) കാറിന്റെ നിര്‍മാണ രഹസ്യങ്ങള്‍ ചോര്‍ത്തി ചൈനയ്ക്കു നല്‍കിയെന്നാണ്. സാന്‍ഫ്രാന്‍സിസ്‌കോയിലെ ഫെഡറല്‍ കോടതിയില്‍ അടുത്തിടെ നല്‍കിയ പരാതിയില്‍ പറയുന്നത്, ചെന്‍ ആപ്പിളിന്റെ ഏറ്റവും രഹസ്യാത്മകമായ പ്രൊഡക്ടിന്റെ വൈഡ് ആംഗിള്‍ ഫോട്ടോസ് എടുക്കുന്നതു കണ്ടതായി പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു ആപ്പിള്‍ ജോലിക്കാരന്‍ പറഞ്ഞുവെന്നാണ്. കൂടാതെ ആപ്പിള്‍ തനിക്കു നല്‍കിയിരുന്ന കംപ്യൂട്ടറിന്റെ ഹാര്‍ഡ് ഡിസ്‌കിലെ വിവരങ്ങള്‍ തന്റെ സ്വന്തം ഹാര്‍ഡ് ഡ്രൈവിലേക്ക് മാറ്റിയെന്ന് ചെന്‍ സമ്മതിച്ചതായും പറയുന്നു. ഇത് ആപ്പിളിന്റെ സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് പരിപൂര്‍ണ്ണമായും വിരുദ്ധമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ചെനിന്റെ അനുവദാത്തോടെ, അദ്ദേഹത്തിന്റെ സ്വന്തം ഇലക്ട്രോണിക് ഉപകരണങ്ങള്‍ ആപ്പിള്‍ പരിശോധിച്ചിരുന്നു. അവയില്‍ ആപ്പിളിന്റെ അതീവ രഹസ്യാത്മകത വേണ്ട രണ്ടായിരത്തിലേറെ ഫയലുകള്‍ കണ്ടെത്തിയതായും പറയുന്നു. ഇവ ആപ്പിളിന് ഉടമസ്ഥാതാവകാശം ( proprietary) ഉള്ളവയാണെന്നും പറയുന്നു. മാനുവലുകള്‍, സ്‌കിമാറ്റിക്‌സ്, ഡയഗ്രമുകള്‍, കംപ്യൂട്ടര്‍ സ്‌ക്രീനുകളുടെ ഫോട്ടോകള്‍ തുടങ്ങിയവ ഇതില്‍ അടങ്ങുന്നു. ഈ രേഖകള്‍ താന്‍ സൂക്ഷിച്ചത് ആപ്പിള്‍ കമ്പനിക്കകത്ത് കൂടുതല്‍ നല്ല ജോലിക്ക് അപേക്ഷിക്കുമ്പോള്‍ കാണിക്കാനാണ് എന്നാണ്. പക്ഷേ, ആപ്പിളിന്റെ എതിരാളിയും ചൈനയിലെ സ്വയം സഞ്ചരിക്കുന്ന വാഹന നിര്‍മാതാവുമായ കമ്പനിയില്‍ ചെന്‍ ജോലക്ക് അപേക്ഷ നല്‍കിയിരിക്കുന്നതായും കണ്ടെത്തി. ഇദ്ദേഹത്തെ 2018ലാണ് ആപ്പിള്‍ ജോലിക്കെടുത്തത്.

ആരോപണങ്ങള്‍ തെളിഞ്ഞാല്‍ ചെനിനെ കാത്തിരിക്കുന്നത് പരമാവധി 10 വര്‍ഷം ജയില്‍ ജീവിതവും, 250,000 ഡോളര്‍ പിഴയുമാണ്. ഈ വര്‍ത്തയെപ്പറ്റി ആപ്പിള്‍ പ്രതികരിക്കാന്‍ വിസമ്മതിച്ചു. ചെനിന്റെ വക്കീലുമാരും പ്രതികരിച്ചില്ല. ഇത്തരത്തിലുള്ള രണ്ടാമത്തെ കേസാണിത്. ആപ്പിളിന്റെ വാഹന നിര്‍മാണ യൂണിറ്റില്‍ മൂന്നു വര്‍ഷം മുൻപു പ്രവര്‍ത്തിച്ചിരുന്ന സിയാവോലാങ് സാങ് (Xiaolang Zhang) താന്‍ തിരിച്ച് ചൈനയില്‍ ജോലിക്കു പോകുകയാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ഇദ്ദേഹം ആപ്പിളിന്റെ ഫയലുകള്‍ മാത്രമല്ല ഒരു ബോക്‌സ് നിറയെ ഹാര്‍ഡ്‌വെയറും എടുത്തിരുന്നു.

ആപ്പിള്‍ സ്വന്തമായി സെല്‍ഫ്-ഡ്രൈവിങ് കാറുകള്‍ ഇറക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നതായാണ് ആദ്യം വന്ന വര്‍ത്തകളിലൂടെ മനസ്സിലാക്കാന്‍ സാധിച്ചത്. എന്നാല്‍, പിന്നീട് അവര്‍ കാറിനു വേണ്ട സോഫ്റ്റ്‌വെയറും ഹാര്‍ഡ്‌വെയറും നിര്‍മിച്ചു കാണിച്ച് അത് മറ്റാര്‍ക്കെങ്കിലും വില്‍ക്കാനാണ് ലക്ഷ്യമിടുന്നതെന്നും വാര്‍ത്തകളുണ്ട്. ചെനിനെതിരെ ഫയല്‍ ചെയ്ത കേസില്‍ പരാമര്‍ശിക്കുന്നത് ആപ്പിളിന് ഈ പ്രൊജക്ടില്‍ 1,200 ജോലിക്കാരുണ്ടെന്നാണ്.

apple-car

അതേസമയം, തങ്ങളുടെ സെല്‍ഫ്-ഡ്രൈവിങ് കാര്‍ നിര്‍മാണ യൂണിറ്റിലെ 200 ജോലിക്കാരെ ആഴ്ചകൾക്ക് മുൻപ് പിരിച്ചു വിട്ടതായും വാര്‍ത്തകളുണ്ട്. ആപ്പിള്‍ ഉദ്ദേശിച്ച അത്ര എളുപ്പമല്ല സെല്‍ഫ്-ഡ്രൈവിങ് കാര്‍ നിര്‍മാണം എന്നാണ് പറയുന്നത്. ആപ്പിള്‍ ജോലിക്കാരെ പറഞ്ഞു വിടുന്നുവെന്ന വാര്‍ത്ത പോലും പുതുമയുണ്ടാക്കുന്നതാണെന്നു പറയുന്നു. ആപ്പിളിന്റെ പ്രധാന പ്രശ്‌നം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ നിര്‍മാണത്തില്‍ അവര്‍ ഗൂഗിളിനും ആമസോണിനും പിന്നിലാണ് എന്നതാണത്രെ. ഇതിനാല്‍, ഇനി എഐയുടെയും മെഷീന്‍ ലേണിങ്ങിന്റെയും പുരോഗതിക്കു വേണ്ടിയായിരിക്കും കമ്പനി കൂടുതല്‍ ഊന്നല്‍ നല്‍കുക എന്നും പറയുന്നു.  'ടൈറ്റന്‍' എന്നാണ് സെല്‍ഫ്-ഡ്രൈവിങ് വാഹന പ്രൊജക്ടിനെ കമ്പനിക്കകത്തു വിളിച്ചിരുന്നത്. ആപ്പിള്‍ ബ്രാന്‍ഡഡ് വാഹനം ഇറക്കണമെന്നായിരുന്നു 2015ല്‍ തുടങ്ങിയ ഈ പ്രൊജക്ടിന്റെ ലക്ഷ്യം. എല്ലാ എഐ ഉദ്യമങ്ങളെക്കാളും പ്രാധാന്യം ഇതിനായിരിക്കുമെന്നായിരുന്നു ആപ്പിള്‍ മേധാവി ടിം കുക്ക് ആവര്‍ത്തിച്ചു പറഞ്ഞിരുന്നത്. എന്നാല്‍ അടുത്തകാലത്ത് തങ്ങള്‍ ഉദ്ദേശിച്ച രീതിയിലുളള ഒരു പൂര്‍ണ്ണത കൈവരിക്കാന്‍ സാധിക്കുന്നില്ലെന്ന തോന്നല്‍ കമ്പനി മേധവികള്‍ക്കുണ്ടായി തുടങ്ങിയതായി വാര്‍ത്തകളുണ്ട്.

ആപ്പിള്‍ രംഗത്തിറങ്ങിക്കഴിഞ്ഞ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ നിര്‍മാണ രംഗത്ത് വിസ്‌ഫോടനമാണ് നടന്നിരിക്കുന്നത്. ഇതില്‍ ആമസോണും ഗൂഗിളും ബഹുദൂരം മുന്നേറിയതായും പറയുന്നു. ചൈനയും മികച്ച മുന്നേറ്റമാണ് നടത്തുന്നതെന്നും അഭ്യൂഹങ്ങളുണ്ട്. ഗൂഗിള്‍ സേര്‍ച് എൻജിനില്‍ നിന്നും യുട്യൂബില്‍ നിന്നും കിട്ടുന്ന കുന്നുകണക്കിനു തല്‍സമയ ഡേറ്റയിലൂടെ ഗൂഗിളിന്റെ എഐ വളരുമ്പോള്‍ അലക്‌സയുടെ മികവില്‍ ആമസോണ്‍ കുതിക്കുന്നു. ആപ്പിളിന്റെ സിറി വേണ്ടത്ര ഡേറ്റ എത്തിക്കുന്നില്ല. കൂടാതെ തങ്ങള്‍ ഉപയോക്താക്കളുടെ ഡേറ്റ ഉപയോഗിക്കില്ലെന്ന് ആപ്പിള്‍ ആവര്‍ത്തിച്ചു പറയുന്നുമുണ്ടെന്നത് കാര്യങ്ങള്‍ കൂടുതല്‍ വിഷമകരമാക്കുന്നു. ആപ്പിളിന് വേണ്ടത്ര ഡേറ്റാ ശേഖരിക്കാനാകുന്നില്ലെങ്കില്‍ മറ്റേതെങ്കിലും കമ്പനിയുമൊത്തു പ്രവര്‍ത്തിക്കേണ്ടതായി വന്നേക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com