ADVERTISEMENT

വ്യാജ വര്‍ത്തക്കെതിരെയുള്ള നീക്കങ്ങള്‍ ഇന്ത്യയിലും ലോകവ്യാപകമായും കൊടുമ്പിരിക്കൊള്ളുകയാണ്. ഫെയ്‌സ്ബുക്കും യുട്യൂബും വാട്‌സാപ്പും ട്വിറ്ററുമൊക്കെ ഇതിന്റെ പേരില്‍ തല്ലുകൊള്ളുന്നുമുണ്ട്. എന്നാല്‍, ഇപ്പോഴിതാ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരിലുള്ള നമോ (NaMO) ആപ് യാതൊരു എതിര്‍പ്പുമില്ലാതെ യഥേഷ്ടം വ്യാജവാര്‍ത്ത പ്രചരിപ്പിക്കകയാണെന്ന ആരോപണം ഉയര്‍ന്നിരിക്കുന്നു. നമോ ആപ്പിന് ട്വിറ്ററിനെയും മറ്റും പോലെ ഒരു സമൂഹമാധ്യമമായി പ്രവര്‍ത്തിക്കാനുള്ള ശേഷിയുണ്ട്. ഈ ആരോപണം മുന്നോട്ടുവയ്ക്കുന്നവര്‍ ഉന്നയിക്കുന്ന വാദങ്ങള്‍ നോക്കാം.

ഫെയ്‌സ്ബുക്കും മറ്റും വ്യാജവാര്‍ത്ത ഒഴിവാക്കാനായി അക്ഷീണം യത്‌നിക്കുമ്പോള്‍ നമോ ആപ് ആരുടെയും കണ്ണില്‍ പെടുന്നു പോലും ഇല്ലെന്നതാണ് ആരോപണം ഉന്നയിക്കുന്നവരുടെ ആദ്യ കണ്ടെത്തലുകളില്‍ ഒന്ന്. ദേശീയ മാധ്യമങ്ങൾ തന്നെയാണ് ഈ രഹസ്യം പുറത്തുവിട്ടിരിക്കുന്നത്.

'ഇന്ത്യയില്‍ കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ നടന്ന 40,000 മാനഭംഗ കേസുകളില്‍ 39,000 വും നടത്തിയത് മുസ്‌ലിങ്ങളാണ്. രാഹുല്‍ ഗാന്ധി പറയുന്നത് ഹിന്ദുക്കളാണ് മാനഭംഗം നടത്തുന്നവരും ഭീകരപ്രവര്‍ത്തകര്‍ എന്നുമാണ്. നാണമില്ലല്ലോ കോണ്‍ഗ്രസേ, ഗാന്ധി കുടുംബക്കാരെ', ഗൂഗിള്‍ പ്ലസില്‍ കഴിഞ്ഞ ഓഗസ്റ്റില്‍ 'നരേന്ദ്ര ദാമോദര്‍ ദാസ് മോദി' ('Narendra Damodar Das Modi') എന്ന ഗ്രൂപ്പില്‍ സഞ്ജയ് ഗുപ്ത എന്നയാള്‍ ഷെയർ ചെയ്ത കമന്റാണിത്.

ഇത് വ്യാജ വാര്‍ത്തയാണ്

1. ഇന്ത്യയില്‍ കുറ്റകൃത്യങ്ങള്‍ രേഖപ്പെടുത്തുമ്പോള്‍ നടത്തുന്നയാളുടെ മതം രേഖപ്പെടുത്തുന്നില്ല.

2. രാഹുല്‍ ഗാന്ധി ഹിന്ദുക്കളെ കുറ്റവാളികളാക്കുന്ന തരത്തിലുള്ള ഒരു പ്രസ്താവനയും ഇറക്കിയിട്ടില്ല.

ഈ ഗ്രൂപ്പിന്റെ മോഡറേറ്ററാണ് ഗുപ്ത. ഇിതല്‍ 26 ലക്ഷം ഫോളോവേഴ്‌സുമുണ്ട്. കര്‍ണ്ണാടകത്തിലെ തിരഞ്ഞെടുപ്പിനു ശേഷം ഗുപ്ത ഷെയർ ചെയ്ത മറ്റൊരു പോസ്റ്റ് നോക്കാം: കര്‍ണ്ണാടകത്തിലെ 92 ശതമാനം മുസ്‌ലിങ്ങളും, 86 ശതമാനം ക്രിസ്ത്യാനികളും വോട്ടു ചെയ്തു. 58 ശതമാനം ഹിന്ദുക്കളേ വോട്ടു ചെയ്തുള്ളു. 42 ശതമാനം പേര്‍ വോട്ടു ചെയ്‌തേയില്ല.

ഇതും മതപരമായ വേര്‍തിരിവുണ്ടാക്കാനുള്ള ശ്രമമാണെന്നു വ്യക്തമാണ്. കാരണം ഇലക്‌ഷന്‍ കമ്മിഷന്‍ മതം നോക്കി വോട്ടു ചെയ്തവരുടെ കണക്കെടുക്കുന്നില്ല. ഗുപ്ത ദിവസവും ഷെയർ ചെയ്യുന്ന ഇത്തരം വാര്‍ത്തകളുടെ പ്രധാന ഉറവിടം നരേന്ദ്ര മോദി ആപ് (NaMo App) ആണെന്നാണ് ഇപ്പോള്‍ ദേശീയ തലത്തില്‍ ചിലര്‍ ഉയര്‍ത്തുന്ന ആരോപണം. ഈ ആപ്പില്‍ രജിസ്റ്റര്‍ ചെയ്ത ചില ഉപയോക്താക്കളാണ് ഇത്തരം അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ പോസ്റ്റു ചെയ്യുന്നതെന്ന് അവര്‍ ആരോപിക്കുന്നു. ഫെയ്‌സ്ബുക് പോലത്തെ അമേരിക്കന്‍ സമൂഹമാധ്യമങ്ങളെ സൂക്ഷ്മപരിശോധന നടത്താന്‍ തുടങ്ങിയിട്ടുണ്ടെങ്കിലും, നമോ ആപ് ഇതുവരെയും ആരുടെയും കണ്ണില്‍ പെട്ടിട്ടില്ല എന്നാണ് അവര്‍ പറയുന്നത്. വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്ന സമൂഹമാധ്യമങ്ങള്‍ക്കെതിരെയുള്ള നിയമങ്ങളുടെ ഡ്രാഫ്റ്റ് തയാറായിരിക്കുകയാണ്. വ്യാജവാര്‍ത്താ വിഷയം അതീവ ഉത്കണ്ഠയോടെയാണ് രാജ്യസഭ ചര്‍ച്ച ചെയ്തതും.

നമോ ആപ്പിന്റെ പ്രശ്‌നം ഉപയോക്താക്കള്‍ പോസ്റ്റു ചെയ്യുന്ന കണ്ടെന്റാണ്. മറ്റു വെബ്സൈറ്റുകളും ഇതു തന്നെയാണ് നേരിടുന്നത്. ഇത്തരം അക്കൗണ്ടുകള്‍ക്ക് പ്രധാനമന്ത്രിയുടെ പേരിലുള്ള ആപ്പില്‍ ഇടം നല്‍കുന്നതിനെതിരെയാണ് എതിര്‍പ്പു പടരുന്നത്. എന്നാല്‍, ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യയുടെ പ്രതികരണം ഏറെ പ്രതീക്ഷ നല്‍കുന്നുവെന്നും നമോ ആപ്പിന്റെ വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. അദ്ദേഹം പറഞ്ഞത് നമോ ആപ്പിലൂടെ തെറ്റായ വാര്‍ത്തകള്‍ പടരാനുള്ള ഒരു സാധ്യത നിലനില്‍ക്കുന്നുണ്ടെന്നാണ്. തങ്ങള്‍ ഇത്തരം നിരവധി പോസ്റ്റുകള്‍ എടുത്തു കളഞ്ഞിട്ടുമുണ്ടെന്ന് അദ്ദേഹം പറയുന്നു.

ഒരു വിവിധോദ്ദേശ ആപ്പായി നമോ ആപ് 2015 ജൂണില്‍ പുറത്തിറക്കിയതാണ്. പുതിയ വാര്‍ത്തകള്‍ എത്തിക്കുന്നു, പല ലക്ഷ്യങ്ങള്‍ക്കും പിന്തുണ നല്‍കാം, പ്രധാനമന്ത്രിയുടെ സന്ദേശങ്ങള്‍ വായിക്കാം തുടങ്ങി, ബിജെപിക്ക് സംഭാവന വരെ കൊടുക്കാവുന്ന രീതിയിലാണ് ഇതിറക്കിയിരിക്കുന്നത്. ഈ ആപ്പിലേക്ക് മറ്റുള്ളവരെ കൊണ്ടുവന്നാലും ഈ ആപ്പിലെ കണ്ടെന്റ് വാട്‌സാപ് പോലത്തെ പ്ലാറ്റ്‌ഫോമുകളില്‍ ഷെയര്‍ ചെയ്താലും ഉപയോക്താക്കള്‍ക്ക് ആക്ടിവിറ്റി പോയിന്റുകളും ലഭിക്കും. ആപ് ഒരു കോടിയിലേറെ പേര്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെന്നു പറയുന്നു. 15 ലക്ഷത്തോളം പേര്‍ ഇത് ദിവസവും ഉപയോഗിക്കുന്നുണ്ടെന്നും കരുതുന്നു.

ചില സംസ്ഥാന സർക്കാരുകളും, മൊബൈല്‍ഫോണ്‍ നര്‍മാതാക്കളും നമോ ആപ്പിനെ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. ജിയോയുടെ വില കുറഞ്ഞ ഹാന്‍ഡ്‌സെറ്റിലും ഇത് പ്രീ ഇന്‍സ്റ്റാള്‍ഡായി എത്തുന്നു. ആപ് സർക്കാരിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചോ, പ്രധാനമന്ത്രിയെ അടുത്തറിയാനായോ ഉപയോഗിച്ചിരുന്നെങ്കില്‍ നല്ലതായിരുന്നുവെന്ന് വിമര്‍ശകര്‍ പോലും പറയുന്നു. ആപ്പില്‍ രാഷ്ട്രീയം കളിക്കുന്നതിനെയാണ് അവര്‍ എതിര്‍ക്കുന്നത്. മറ്റു പാര്‍ട്ടികള്‍ക്കൊന്നും ഇത്തരത്തില്‍ ആളുകളിലേക്ക് എത്തിച്ചേരാനാകുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.

നമോ ആപ്പിലെ ഉള്ളടക്കം

കഴിഞ്ഞവര്‍ഷം നവംബര്‍ 14ന്, ഹരിയാന ബിജെപിയുടെ സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗവും നമോ ആപ്പിലെ അഞ്ചാമത്തെ പ്രമുഖ ഉപയോക്താവുമായ വിജേതാ മാലിക് (Vijeta Malik)  ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെ ഒരു ഉദ്ദരണി നമോ ആപ്പില്‍ പോസ്റ്റു ചെയ്തു. താന്‍ വിദ്യാഭ്യാസം കൊണ്ട് ഒരു ക്രിസ്ത്യാനിയും സംസ്‌കാരം കൊണ്ട് ഒരു മുസ്‌ലിമുമാണെന്നും വെറും യാദൃശ്ചികമായാണ് ഹിന്ദുവായത് എന്നുമായിരുന്നു അവര്‍ നല്‍കിയ വാചകം. നെഹ്‌റു ഒരിക്കലും ഇങ്ങനെ പറഞ്ഞിട്ടില്ല.

നവംബര്‍ 9ന് ഇവര്‍ നടത്തിയ മറ്റൊരു പോസ്റ്റില്‍, രാജസ്ഥാന്‍ കോണ്‍ഗ്രസ് നേതവായ സച്ചിന്‍ പൈലറ്റിന്റെ ഒരു ചിത്രവും അതോടൊപ്പം അദ്ദേഹത്തിന്റെ പ്രസ്താവനയും കൊടുത്തിരിക്കുന്നു. സര്‍ദാര്‍ പട്ടേലിന്റെ പ്രതിമ നിര്‍മിക്കുന്നതിനു പകരം ആ പണം കടം കയറി മുടിഞ്ഞു നില്‍ക്കുന്ന പാക്കിസ്ഥാനു നല്‍കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. സച്ചിന്‍ ഇത്തരത്തിലുള്ള ഒരു പ്രസ്താവനയും നടത്തിയിട്ടില്ല. ഇത്തരം പോസ്റ്റുകള്‍ നടത്തുന്ന വിജേതയോട് ഇതേക്കുറിച്ച് പ്രതകരിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ വിസമ്മതിച്ചുവെന്നും പറയുന്നു.

നമോ ആപ്പിലെ കണ്ടെന്റ് ഫെയ്‌സ്ബുക്, വാട്‌സാപ്, ഷെയര്‍ചാറ്റ്, ഗൂഗിള്‍ പ്ലസ് തുടങ്ങിയ മറ്റു പ്ലാറ്റ്‌ഫോമുകളിലും പ്രചരിക്കുന്നുണ്ട്. ഇത്തരം കണ്ടെന്റ് കണ്ടുപിടിക്കലും എളുപ്പമാണ്. അവ ഷെയർ ചെയ്യപ്പെടുന്നത് 'via MyNt' അല്ലെങ്കില്‍ 'via NaMo app' എന്ന പദാവലികള്‍ ഉപയോഗിച്ചാണ്.

ബിജെപിയുടെ നിലപാട്

നമോ ആപ്പിലെ മൈ നെറ്റ്‌വര്‍ക്ക് (My Network) വിഭാഗത്തില്‍ വളണ്ടിയര്‍മാര്‍, കാര്യകര്‍ത്താക്കള്‍, ബിജെപി ഫാന്‍സ് തുടങ്ങിയവര്‍ക്ക് പല കാര്യങ്ങളിലും അവരുടെ പ്രതികരണം അറിയിക്കാം. ഇവിടെ വ്യാജവാര്‍ത്തകള്‍ (misinformation) കടന്നു വരാനുള്ള സാധ്യതയുണ്ടെന്നാണ് ബിജെപിയുടെ ഐടി സെല്‍ തലവന്‍ മാളവ്യ തുറന്നു സമ്മതിക്കുന്നത്.

ഏതു പ്ലാറ്റ്‌ഫോമിലും ഒരു വാര്‍ത്താ വെബ്‌സൈറ്റിന്റെ കമന്റ് സെക്‌ഷനില്‍ പോലും ഇത്തരം പ്രശ്‌നം നിലനില്‍ക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. പല തവണയായി ഇത്തരം പല പോസ്റ്റുകളും തങ്ങള്‍ നീക്കം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. നമോ ആപ്പിലെ കണ്ടെന്റ് മോഡറേഷന്‍ നടത്തുന്നത് വോളണ്ടിയര്‍മാരാണെന്നും അദ്ദേഹം പറയുന്നു.

മൈ നേറ്റ്‌വര്‍ക്കിലെ സജീവ സാന്നിധ്യമാണ് ദി ഇന്ത്യന്‍ ഐ (The Indian Eye). അവരുടെ പല വാര്‍ത്തകളും തെറ്റാണെന്നു തെളിഞ്ഞിട്ടുണ്ടെന്നതു കൂടാതെ, സില്‍വര്‍ ടച് ടെക്‌നോളജീസ് ('Silver Touch Technologies Ltd') എന്ന കമ്പനിയുമായി ആവര്‍ക്കുള്ള ബന്ധം ആള്‍ട്ട് ന്യൂസ് പുറത്തുകൊണ്ടുവന്നിരുന്നു. സില്‍വര്‍ ടച് ടെക്‌നോളജീസ് ആണ് നമോ ആപ് പുറത്തിറക്കിയത്. സില്‍വര്‍ ടച്ചിന്റെ വരുമാനത്തില്‍ 53 ശതമാനവും സർക്കാർ കോണ്‍ട്രാക്ട് ആണെന്നും വാര്‍ത്തകളുണ്ട്. ഇത് ഏകദേശം 62.5 കോടി രൂപയ്ക്കുള്ളതുണ്ടെന്നാണ് എന്‍ഡിടിവി റിപ്പോർട്ട് പറയുന്നത്. എന്നാല്‍, ദി ഇന്ത്യന്‍ ഐയുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് സില്‍വര്‍ ടച് പറയുന്നു.

ദി ഇന്ത്യന്‍ ഐയുടെ വാര്‍ത്തകള്‍ അണ്‍ഫോളോ ചെയ്താലും അത് മൈ നെറ്റ്‌വര്‍ക്കില്‍ ഉണ്ടായിരിക്കുമെന്ന് ചില ഉപയോക്താക്കള്‍ ചൂണ്ടിക്കാണിച്ചതും വാര്‍ത്തയായിട്ടുണ്ട്. നമോ ആപ്പില്‍ വരുന്നവ വിശ്വസിക്കാന്‍ ആഗ്രഹിക്കുന്നവര്‍ വിശ്വസിക്കും. പക്ഷേ, നരേന്ദ്ര മോദിയിലും ബിജെപിയിലും പ്രതീക്ഷകാണുന്ന പലരെയും അസ്വസ്ഥരാക്കന്‍ പോന്ന ഉള്ളടക്കവും ഇതിലൂടെ പ്രചരിക്കുന്നുവെന്ന് ചിലര്‍ വാദിക്കുന്നു. ബിജെപി ഐടി സെല്‍ വ്യാജവാര്‍ത്താ പ്രചാരണത്തിനെതിരെ ഉണര്‍ന്നു പ്രവര്‍ത്തിക്കുമെന്നു തന്നെയാണ് പലരും പ്രതീക്ഷിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com