ADVERTISEMENT

തൃശൂർ പൊലീസ് വാർത്താവിനിമയ സംവിധാനം ആധുനിക സാങ്കേതികവിദ്യയിലേക്കു ചുവടുവയ്ക്കുന്നു. വർഷങ്ങളായി ഉപയോഗിച്ചുവരുന്ന അനലോഗ് സംവിധാനം പൂർണമായും ഇതോടെ വഴിമാറും. പുതിയ സംവിധാനത്തിൽ സിഗ്നലുകൾക്കു കൂടുതൽ വ്യക്തതയും ഗുണമേന്മയും കൈവരും. സിഗ്നലുകൾ ചോർത്താനും കഴിയില്ല. 

ഫലപ്രദമായി സന്ദേശം കൈമാറാൻ ജിപിഎസ് സംവിധാനവും ഉണ്ട്. വിദേശത്തുനിന്നു ഇറക്കുമതി ചെയ്ത ഉപകരണങ്ങളാണ് ഉപയോഗപ്പെടുത്തുന്നത്. അത്യാധുനിക സർവറും സിഗ്നൽവാഹക ഉപകരണങ്ങളും ഇതോടെ തൃശൂരിന് സ്വന്തമാകും. വിലങ്ങൻകുന്നിൽ പുതിയ സംവിധാനത്തിന്റെ പ്രത്യേകതകൾ, ഉപകരണങ്ങളുടെ പരിചയം, ട്രയൽ എന്നിവ വിദഗ്ധർ വിശദീകരിച്ചു. 

പൊലീസിന് ഇനി ചോരാത്ത വയർലെസ്

സന്ദേശങ്ങൾ ചോരുന്ന വയർലെസ് സെറ്റുകളെല്ലാം മാറ്റാൻ തന്നെയാണ് പൊലീസിന്റെ തീരുമാനം. ഡിജിറ്റൽ മൊബൈൽ റേഡിയോ (ഡിഎംആർ) വയർലെസ് സെറ്റുകൾ സന്ദേശ ചോർച്ച തടയുന്നതിനൊപ്പം പൊലീസുകാരുടെ ‘കള്ളക്കളി’കളും നടക്കില്ല.

തൃശൂരിലും തലസ്ഥാനത്തു ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലും നേരത്തെ തന്നെ ഇവ വിജയകരമായി പരീക്ഷിച്ചിരുന്നു. കാൽ നൂറ്റാണ്ടായി ഉപയോഗിക്കുന്ന അനലോഗ് വയർലെസ് സെറ്റുകളാണ് ഉപേക്ഷിക്കുന്നത്. അനലോഗ് സെറ്റുകളിലെ സംഭാഷണം ആർക്കും ചോർത്താനാവും. അതേ തരംഗദൈർഘ്യമുള്ള സെറ്റോ റേഡിയോയോ ഉണ്ടായാൽ മതി. പൊലീസിന് ഇതു പ്രവർത്തിപ്പിക്കാൻ വിവിധ ഫ്രീക്വൻസികളും ചാനലുകളും വേണം. ഇതിനായി വർഷം തോറും കോടികൾ കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിനു നൽകണം. 

ഈ പ്രശ്നങ്ങൾ മറികടക്കുന്നതാണു പുതിയ ഡിഎംആർ സാങ്കേതികവിദ്യ. കേരള പൊലീസ് ഇന്ത്യയിലാദ്യമായി ഡിഎംആറിന്റെ ടയർ 3 സാങ്കേതികവിദ്യയാണു നടപ്പിലാക്കുന്നത്.

സവിശേഷതകൾ

∙ ചോർത്താൻ കഴിയില്ല. സംഭാഷണം കോഡ് ചെയ്താണു വയർലെസ് സെറ്റിൽനിന്നു പുറത്തേക്കു പോകുന്നത്. മറ്റുള്ളവർക്കു കേൾക്കാൻ കഴിയില്ല. 

∙ ഏതു സെറ്റിൽനിന്ന് ആര്, എവിടെനിന്നു വിളിക്കുന്നു എന്നു കൺട്രോൾ റൂമിൽ അറിയാം. സെറ്റ് കയ്യിലുള്ളവർക്കും ഉറവിടം സ്ക്രീനിൽ കാണാം. 

∙ ഒരു വിവരം ലഭിച്ചാൽ പൊലീസ് സംഘം എത്ര മിനിറ്റിനകം സ്ഥലത്തെത്തിയെന്ന് അറിയാം. 

∙ എസ്എംഎസ്, ചിത്രങ്ങൾ, വോയ്സ് മെസേജ്, ഡേറ്റ എന്നിവ കൈമാറാം.

∙ ഒരു ഫ്രീക്വൻസിയിൽ രണ്ട് ആശയവിനിമയമാകാം. കേന്ദ്ര സർക്കാരിനു വർഷം തോറും ഫ്രീക്വൻസി ഇനത്തിൽ നൽകുന്ന തുക പകുതിയാകും.

∙ സെറ്റ് നിശ്ചിത സമയത്തിലേറെ പ്രവർത്തിക്കാതിരുന്നാലോ മറിഞ്ഞുവീണു കിടന്നാലോ കൺട്രോൾ റൂമിൽ അലർട്ട് ലഭിക്കും. ഉപയോഗിക്കുന്നയാൾക്ക് അപകടം പറ്റിയതായി അതുവഴി മനസ്സിലാക്കാം. 

∙ കളഞ്ഞുപോവുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താൽ റിമോട്ട് കില്ലിങ് വഴി പ്രവർത്തനരഹിതമാക്കാം. തിരികെ ലഭിക്കുമ്പോൾ വീണ്ടും പ്രവർത്തിപ്പിക്കാം. 

∙ പ്രത്യേക ഗ്രൂപ്പുകൾ ഉണ്ടാക്കി സംസാരിക്കാം. കമ്മിഷണർക്കു വേണമെങ്കിൽ എസ്ഐമാരുമായി മാത്രമായും ഡിസിപിക്ക് എസിമാരുമായും സംസാരിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com