sections
MORE

ലൈംഗിക ബന്ധം വേണമെന്ന് രഹസ്യമായി അറിയിക്കാന്‍ ബട്ടണ്‍, മണ്ടന്‍ ചിന്തയെന്നു ചിലര്‍

lovesync
SHARE

ഇങ്ങനെയൊരു കൊച്ചു ബട്ടണെക്കുറിച്ച് അറിയുന്നതിനു മുൻപ് ഈ സങ്കല്‍പ്പത്തെക്കുറിച്ച് ചെറുതായി മനസ്സിലാക്കാം. ഓണ്‍ലൈന്‍ ഷോപ്പിങ് കൂടുതല്‍ എളുപ്പമാക്കാന്‍ ആമസോണ്‍ അവതരിപ്പിച്ച വിദ്യയാണ് ഡാഷ് ബട്ടണുകള്‍. വീട്ടിലേക്ക് ആവശ്യമുളള വിവിധ സാധനങ്ങള്‍ക്കു വേണ്ടി കമ്പനി ഇത്തരം ബട്ടണുകള്‍ നല്‍കുന്നു. ഉദാഹരണം അലക്കാനുള്ള സോപ്പു പൊടി. നിങ്ങളുടെ ഇഷ്ട ബ്രാന്‍ഡിനുള്ള ബട്ടണ്‍ ആമസോൺ ഫ്രീ ആയി നല്‍കും. (വില 4.99 ഡോളറാണ്. പക്ഷേ, ഇതിലൂടെ ആദ്യമായി എന്തെങ്കിലും വാങ്ങുമ്പോള്‍ നല്‍കിയ പണം തിരിച്ചു കിട്ടും.) സെറ്റ്-അപ് ചെയ്ത ശേഷം സോപ്പു പൊടി വേണമെന്നു തോന്നുമ്പോള്‍ ഓര്‍ഡര്‍ ചെയ്യാന്‍ ഈ വൈ-ഫൈയുമായി ബന്ധിപ്പിച്ചിട്ടുള്ള ബട്ടണില്‍ അമര്‍ത്തിയാല്‍ മതി. സൈറ്റിലോ, ആപ്പിലോ പോയി ഓര്‍ഡര്‍ ചെയ്യേണ്ട. ഇത്തരം നൂറോളം ബട്ടണുകളാണ് കമ്പനി ഇറക്കിയിരിക്കുന്നത്. ഇത് ഉപഭോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു.

ഇതിന്റെ പ്രവര്‍ത്തന രീതി മനസ്സിലാക്കി ഒരാളുടെ മനസ്സിലുദിച്ചതാണ് നിങ്ങള്‍ക്ക് ഇപ്പോള്‍ ലൈംഗികബന്ധം വേണമെന്ന് പങ്കാളിയെ അറിയിക്കാനുള്ള ബട്ടണ്‍ എന്ന ആശയം. ലൗസിങ്ക് (LoveSync) എന്നു പേരിട്ടിരിക്കുന്ന ഈ ബട്ടണ്‍ ഒരു പെയര്‍ ആയാണു ലഭിക്കുക. നിങ്ങള്‍ക്കും നിങ്ങളുടെ പങ്കാളിക്കും ഒന്നു വീതം. നിങ്ങള്‍ക്ക് ലൈംഗികതയാകാമെന്നു തോന്നുമ്പോള്‍ ഇതില്‍ അമര്‍ത്താം. പതിനഞ്ചു മിനിറ്റിനുള്ളില്‍ പാര്‍ട്ണറും ബട്ടണില്‍ അമര്‍ത്തുന്നുണ്ടെങ്കില്‍ ഇരു ബട്ടണുകളിലും പച്ച ലൈറ്റ് കത്തുകയും അഭിപ്രായ ഐക്യത്തില്‍ എത്തിച്ചേര്‍ന്നതായി മനസ്സിലാക്കാനും സാധിക്കും.

ഇതിപ്പോഴും ഒരു ആശയം മാത്രമാണ്. കിക്‌സ്റ്റാര്‍ട്ടറിലൂടെ പൈസ സ്വരൂപിക്കാന്‍ ശ്രമിക്കുകയാണിപ്പോള്‍. ഒരു ആപ്പിള്‍ ഉപകരണത്തില്‍ നിന്നു പ്രതീക്ഷിക്കുന്ന നിര്‍മാണത്തികവ് ലൗസിങ്കിന് ഉണ്ടാകുമെന്നാണ് പറയുന്നത്. സ്റ്റീല്‍ നിര്‍മിതിയും കപ്പാസിറ്റീവ് ടച് സെന്‍സറും ഇണക്കിയിരിക്കും. ക്ലിക് ശബ്ദമൊന്നും കേള്‍പ്പിക്കില്ല. സെന്‍സിറ്റീവായ പ്രതലത്തിന്റെ വിസ്തൃതി ആവശ്യത്തിനുണ്ട്.

നിങ്ങള്‍ താത്പര്യമെടുത്തു ചെല്ലുമ്പോള്‍ ഓടിച്ചു വിട്ടാല്‍ ഉണ്ടാകാവുന്ന മാനസിക പ്രശ്‌നങ്ങള്‍ ഒഴിവാക്കാനാണ് ഇതെന്നാണ് ആപ് നിര്‍മാതാക്കള്‍ പറയുന്നത്. ഇനി നിങ്ങള്‍ക്ക് ആത്മവിശ്വാസത്തോടെ ബട്ടണ്‍ അമർത്താം. വാചകങ്ങള്‍ വേണ്ട, ഒരു ശബ്ദവും പുറപ്പെടുവിക്കില്ല തുടങ്ങി കാര്യങ്ങളാണ് നിർമാതാക്കള്‍ ലൗസിങ്കിന്റെ ഗുണങ്ങളായി ഉയര്‍ത്തിക്കാട്ടുന്നത്. എന്നാല്‍, സമൂഹമാധ്യമങ്ങള്‍ ഇതിനെ അത്ര സ്‌നേഹത്തോടെയല്ല സ്വീകരിച്ചിരിക്കുന്നതെന്നു കാണാം. ട്വീറ്റുകള്‍ വിമര്‍ശനാത്മകമാണ്.

മറ്റാരുമറിയാതെ (anonymous) ബട്ടണ്‍ ക്ലിക്ക് ചെയ്യാമെന്നാണ് പരസ്യ വിഡിയോ പറയുന്നത്. എന്നു പറഞ്ഞാല്‍ എന്താണെന്നാണ് ഒരു സംശയം. ബട്ടണുകള്‍ രണ്ടു പേര്‍ക്കാണു നല്‍കുന്നത്. അവര്‍ ഒരുമിച്ച് ഒരു വീട്ടില്‍ താമസിക്കുമ്പോള്‍ പിന്നെയെന്ത് അനോനിമിറ്റി എന്നാണ് ഒരു ചോദ്യം. മറ്റൊന്ന് വിലയാണ്. 57 ഡോളര്‍ വിലയാണ് ഇതിനിട്ടിരിക്കുന്നത്. ഇതെന്തു വിലയാണെന്നാണ് മറ്റൊരു ചോദ്യം. ലൗസിങ്ക് വിപണിയില്‍ എത്തിക്കുന്നത് ക്ലീവ്‌ലന്‍ഡില്‍ നിന്നുള്ള റയന്‍-ജെന്‍ ദമ്പതികളാണ്. പതിനഞ്ചു വര്‍ഷം മുൻപ് വിവാഹിതരായ തങ്ങള്‍ക്ക് റൊമാന്‍സിലുള്ള താത്പര്യം നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് അവര്‍ പറയുന്നു. കാലാകാലമായി നിലനില്‍ക്കുന്ന ഈ പ്രശ്‌നം പരിഹരിക്കാന്‍ ലൗസിങ്കിന് കഴിയുമെന്നാണ് അവര്‍ പറയുന്നത്. ഇതൊരു മണ്ടന്‍ ആശയമാണെന്നും അല്ല ഉപകാരപ്രദമായിരിക്കുമെന്നും വാദിക്കുന്നവരുണ്ട്.

അവര്‍ 7,500 ഡോളര്‍ കിക്‌സ്റ്റാര്‍ട്ടറില്‍ നിന്ന് ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. മാര്‍ച്ച് വരെ ഈ പ്രൊജക്ടിനു പണം നല്‍കാം. പണം ലഭിച്ചാല്‍ ഓഗസ്റ്റില്‍ ആവശ്യപ്പെട്ടവര്‍ക്ക് ഇതു ലഭിക്കും. ഇതുവരെ 4,000 ഡോളര്‍ ലഭിച്ചിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TECHNOLOGY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA