ADVERTISEMENT

ഇത്യോപ്യന്‍ വിമാനത്തിന്റെ അപകടത്തോടെ ബോയിങ് 737 മാക്‌സിന്റെ സർവീസ് തത്കാലം നിർത്തിയിരിക്കുന്നു. അപകട കാരണം ഇതുവരെ ഉറപ്പിച്ചിട്ടില്ലെങ്കിലും, 2018 ഒക്ടോബറില്‍ 189 പേരുമായി പറന്ന ഇന്തൊനീഷ്യന്‍ വിമാനമായ ലയണ്‍ എയര്‍ (ബോയിങ് 737 മാക്‌സ് 8) തകര്‍ന്ന രീതിയോട് ഇതിനു സമ്യമുണ്ടെന്നാണ് കണ്ടെത്തല്‍. എന്താണ് സംഭവിക്കുന്നതെന്ന് കണ്ടുപിടിക്കാന്‍ പൈലറ്റിന് വേണ്ട സമയം കിട്ടിയില്ലത്രെ. പൈലറ്റ് തനിക്കു കിട്ടിയിരുന്ന ഹാന്‍ഡ്ബുക്കിൽ (manual) നോക്കി എന്താണ് സംഭവിക്കുന്നതെന്നു ഭ്രാന്തചിത്തനായി പരിശോധിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആ സമയത്ത് വിമാനത്തിന്റെ സിസ്റ്റം നല്‍കിയ തെറ്റായ വിവരങ്ങള്‍ വച്ച് ഫ്‌ളൈറ്റ് കുതിച്ചകലുകയായിരുന്നു. കോക്പിറ്റ് വോയിസ് റെക്കോഡുകള്‍ കേട്ടവരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇതു വെളിപ്പെടുത്തുന്നത്. തകരുന്നതിന്റെ അവസാന നിമിഷം വിമാനത്തിനകത്ത് സംഭവിച്ചതെല്ലാം കോക്പിറ്റ് വോയിസ് റെക്കോഡുകളിൽ വ്യക്തമാണ്. വോയിസ് റെക്കോഡുകൾ കേട്ടവരെല്ലാം പറഞ്ഞത് അതിദാരുണമായ ദുരന്തമെന്നാണ്.

 

നവംബറില്‍ പുറത്തുവന്ന റിപ്പോര്‍ട്ട് പ്രകാരം വിമാനത്തിലെ ഫസ്റ്റ് ഓഫിസര്‍ എയര്‍ ട്രാഫിക് കണ്ട്രോളറെ വിളിച്ചറിയിച്ചത് വിമാനം നിയന്ത്രിക്കുന്നതില്‍ പ്രശ്‌നം നേരിടുന്നുവെന്നായിരുന്നു. ഇതാകട്ടെ വിമാനം പൊങ്ങി രണ്ടു മിനിറ്റു കഴിഞ്ഞപ്പോഴായിരുന്നു. എന്നാല്‍ എന്തു പ്രശ്‌നമാണ് തങ്ങള്‍ നേരിടുന്നതെന്ന് പൈലറ്റ് പറഞ്ഞില്ല. വേഗമായിരിക്കാം പ്രശ്‌നമെന്നും അതല്ല ക്യാപ്റ്റനു ലഭിച്ച നോട്ടിഫിക്കേഷന്‍ മറ്റാര്‍ക്കും ലഭിക്കാതിരുന്നതാകാം കാരണമെന്നും പറയുന്നു. ഇതേതുടര്‍ന്ന് പ്രശ്‌നപരിഹാരം കണ്ടെത്താല്‍, ഹാന്‍ഡ്ബുക്ക് വായിക്കാന്‍ കോ-പൈലറ്റിനോട് പൈലറ്റ് ആവശ്യപ്പെടുകയായിരുന്നു എന്നും പറയുന്നു.

 

വിമാനത്തിന്റെ ചിറകുകള്‍ക്കു മുകളില്‍ വേണ്ടത്ര വായു സഞ്ചാരമില്ലെന്ന് വിമാനത്തിന്റെ കംപ്യൂട്ടര്‍ മുന്നറിയിപ്പു നല്‍കി. വിമാനത്തിന്റെ ട്രിം സിസ്റ്റം നല്‍കിയ കമാന്‍ഡ് അനുസരിച്ച് വിമാനം താഴാന്‍ തുടങ്ങി. പക്ഷേ, ക്യാപ്റ്റന്‍ വിമാനത്തെ കൂടൂതല്‍ ഉയരത്തിലേക്കു കൊണ്ടുപോകാന്‍ ശ്രമിച്ചു.

 

ട്രിം താഴുന്നതായി ക്രൂവിനു മനസിലായില്ല. അവര്‍ വിമാനവേഗത്തെക്കുറിച്ചും സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരത്തെക്കുറിച്ചും (altitude) മാത്രം ചിന്തിച്ചു. അതേപ്പറ്റിമാത്രമാണ് ക്രൂ സംസാരിച്ചതെന്നാണ് പറയന്നുത്. അത്രനേരം ശാന്തയായിരുന്ന 41-വയസുകാരനാ, ഇന്ത്യന്‍ വംശജനായ പൈലറ്റ് തന്റെ കോ-പൈലറ്റിനോടു വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ പറഞ്ഞ ശേഷം മാനുവലിന്റെ പേജുകളില്‍ പരിഹാരമാര്‍ഗം കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. നൂറു ചോദ്യങ്ങളുളള ഒരു പരീക്ഷ എഴുതിക്കൊണ്ടിരിക്കുന്നു. 75 എണ്ണത്തിന് ഉത്തരം എഴുതിക്കഴിഞ്ഞപ്പോള്‍ സമയം തീര്‍ന്നുവെന്നു മനസ്സിലാകുമ്പോഴുണ്ടാകുന്ന പരിഭ്രാന്തിയാണ് അദ്ദേഹം നേരിട്ടതെന്ന് ഒരാള്‍ പറയുന്നു. അവസാന നിമഷങ്ങളില്‍ പൈലറ്റ് നിശബ്ദനായിരുന്നു. എന്നാല്‍ ഇന്തൊനീഷ്യക്കാരനായ കോ-പൈലറ്റ് ഉച്ചത്തില്‍ ദൈവത്തെ വിളിച്ചു ( 'അള്ളാഹു അക്ബര്‍') പറയുന്നതു കേള്‍ക്കാമായിരുന്നു. ലയന്‍ എയറും ബോയിങും ഈ റിപ്പോര്‍ട്ടിനെ പറ്റി പ്രതികരിക്കാന്‍ തയാറായില്ല.

 

പക്ഷേ, ബോയിങ് പറയുന്നത് ഈ സാഹചര്യത്തെ നേരിടാനുള്ള മാര്‍ഗ്ഗം വ്യക്തമായി എഴുതിവച്ചിട്ടുണ്ടെന്നാണ്. ഈ അപകടം സംഭവിക്കുന്നതിനു തൊട്ടുമുന്നിലെ ദിവസം മറ്റൊരു വിമാനം സമാനമായ സാഹചര്യത്തിലൂടെ കടന്നു പോകുകയും അവരതിനെ തരണം ചെയ്യുകയും ചെയ്തു. പക്ഷേ, തങ്ങള്‍ സ്വീകരിച്ച നടപടികള്‍ മുഴുവന്‍ അവര്‍ കൈമാറിയില്ല. ലയണ്‍ എയറിന്റെ സഹോദര സ്ഥാപനമായ ബാറ്റിക് എയറിന്റെ കീഴിലുള്ള വിമാനം പറത്തിയ പൈലറ്റ് ഈ വിമാനത്തിന്റെ കോക്പിറ്റില്‍ ഉണ്ടായിരുന്നു. അദ്ദേഹമാണ് പ്രശ്‌നപരിഹാര നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്.

 

ഇപ്പോള്‍ നടക്കുന്ന അന്വേഷണങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നത് കേടുവന്ന സെന്‍സര്‍ മൂലമാണോ വിമാനത്തിന്റെ സിസ്റ്റത്തിനു പ്രശ്നം സംഭവിച്ചതെന്നും അതോടൊപ്പം പൈലറ്റുകള്‍ക്ക് ഇത്തരം സാഹചര്യങ്ങളെ എങ്ങനെ നേരിടണം എന്നതിനെപ്പറ്റി വേണ്ടത്ര പരിശീലനം ലഭിച്ചിട്ടില്ലാത്തതും ഒരു കാരണമാണോ എന്നുമാണ്. ഫ്രാന്‍സിന്റെ അന്വേഷണ ഏജന്‍സി ഇത്യോപ്യന്‍ വിമാനത്തിന്റെയും ഇന്തൊനീഷ്യന്‍ വിമാനത്തിന്റെയും അപകടത്തിൽ സമാനതകകള്‍ കണ്ടെത്തിയിരുന്നു. ഇത്യോപ്യന്‍ വിമാനത്തില്‍ 35 രാജ്യങ്ങളില്‍ നിന്നുളള 157 പേര്‍ ഉണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com