ADVERTISEMENT

ഒരുകാലത്ത് ജനങ്ങളുടെ സ്വപ്‌ന ഉപകരണങ്ങളായിരുന്ന ഐഫോണ്‍, ഐപാഡ്, മാക് തുടങ്ങിയ ഡിവൈസുകള്‍ക്ക് മുൻപുണ്ടായിരുന്ന പ്രാധാന്യം ഇനി ലഭിക്കില്ലെന്ന തിരിച്ചറിവിലാണ് ആപ്പിള്‍. സ്റ്റീവ് ജോബ്‌സ് തിയേറ്ററില്‍ തിങ്കളാഴ്ച നടക്കുന്ന ചടങ്ങില്‍ തങ്ങളുടെ ഹാര്‍ഡ്‌വെയറിനപ്പുറമുള്ള ബിസിനസ് താത്പര്യങ്ങള്‍ അവര്‍ വെളിപ്പെടുത്തും. ആമസോണിനെയും നെറ്റ്ഫ്ലിക്‌സിനെയും പോലെ ഒരു ഡിജിറ്റല്‍ സേവനദാതാവാകാനായിരിക്കും കമ്പനി ശ്രമിക്കുക എന്നാണ് അഭ്യൂഹങ്ങള്‍. ഗെയിമിങ്ങിനും വിഡിയോ സ്ട്രീമിങ്ങിനും മാസവരി ഏര്‍പ്പെടുത്തി ഉപയോക്താക്കളെ ആകര്‍ഷിക്കാനായിരിക്കും കമ്പനിയുടെ ശ്രമമെന്നു പറയുന്നു.

 

ഹാര്‍ഡ്‌വെയര്‍ രാജാവ് കിരീടം താഴെവയ്ക്കുന്നു?

 

ഒരു കാലത്ത് ഏറ്റവും മികച്ച ഹാര്‍ഡ്‌വെയര്‍ ഇറക്കുന്ന കമ്പനിയുടേതെന്ന ലേബല്‍ മാത്രം മതിയായിരുന്നു ആപ്പിളിന്റെ ഉപകരണങ്ങള്‍ക്കു തലയെടുപ്പു നൽകാൻ‍. അന്നൊക്കെ ഐഫോണില്‍ അവതരിപ്പിക്കുന്ന പുതിയ ഫീച്ചര്‍ അടിച്ചു മാറ്റാന്‍ കമ്പനികള്‍ കാത്തു നിന്നു. ഇന്നു കഥയാകെ മാറി. നോക്കൂ, ഈ വര്‍ഷം ഇറങ്ങാന്‍ പോകുന്ന ഐഫോണില്‍ മൂന്നു പിന്‍ ക്യാമറ സിസ്റ്റം അവതരിപ്പിക്കുമെന്നാണ് പറയുന്നത്. ഇതാകട്ടെ വാവെയ് കമ്പനി തങ്ങളുടെ മെയ്റ്റ് 20 പ്രോ ഫോണില്‍ കഴിഞ്ഞവര്‍ഷം അവതരിപ്പിച്ച ക്യാമറ സിസ്റ്റത്തിന്റെ അനുകരണം ആയിരിക്കുമെന്നാണ് അഭ്യൂഹക്കാര്‍ പറയുന്നത്. കാലം പോയ പോക്കേ! ആപ്പിള്‍ ഇനി പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കില്ല എന്നോ അവ അദ്ഭുതപ്പെടുത്തില്ല എന്നോ അല്ല പറയുന്നത്. പക്ഷേ, ആപ്പിള്‍ ഇന്ന് മറ്റു പല കമ്പനികളില്‍ ഒന്നു മാത്രമാണ്. മറ്റു കമ്പനികളെ അപേക്ഷിച്ച് തങ്ങളുടെ ഏറ്റവും വലിയ ഗുണം ഉപയോക്താവിന്റെ സ്വകാര്യതയ്ക്കു നല്‍കുന്ന പ്രാധാന്യമാണെന്നാണ് ആപ്പിള്‍ ഇപ്പോള്‍ പരസ്യം ചെയ്യുന്നത്. (സ്വകാര്യത എന്ന ആശയം മനസ്സിലാകുന്ന എത്രയാളുകളുണ്ട് എന്നതാണ് രസം. ഇതു മനസ്സിലാക്കാന്‍ ഐഫോണ്‍ ഉടമകളില്‍ എത്രപേര്‍ സഫാരിയിലെ ഡീഫോള്‍ട്ട് സേര്‍ച് എൻജിന്‍ ഗൂഗിളില്‍ നിന്നു ഡക്ഡക്‌ഗോയിലേക്കു മാറ്റിയിട്ടുണ്ടെന്ന് അന്വേഷിച്ചാല്‍ മതി. ആപ്പിള്‍ ഗൂഗിളിനെ ഡിഫോള്‍ട്ട് സേര്‍ച് എൻജിനാക്കുന്നത് അവര്‍ക്ക് പൈസ ലഭിക്കുന്നതു കൊണ്ടാണ്. 2019ല്‍ മാത്രം ഗൂഗിള്‍ ആപ്പിളിനു നല്‍കുന്നത് 12 ബില്ല്യന്‍ ഡോളറാണ്!)

 

മികച്ച ഹാര്‍ഡ്‌വെയര്‍ നിര്‍മാതാക്കളില്‍ ഒരാള്‍ എന്ന പേരോ, സ്വകാര്യത നല്‍കാമെന്നു പറഞ്ഞുള്ള ക്ഷണമോ ഇനി തങ്ങള്‍ക്ക് ആറു വര്‍ഷം മുൻപുള്ള പ്രാധാന്യം നല്‍കില്ലെന്ന് ആപ്പിളിനു മനസ്സിലായി കഴിഞ്ഞതിനാലാണ് അവര്‍ പുതിയ വഴി തേടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതിലൂടെ ഹാര്‍ഡ്‌വെയര്‍ വില്‍പ്പനയിലെ വരുമാനത്തില്‍ ഉണ്ടാകുന്ന കുറവു നികത്തുക മാത്രമല്ല വാര്‍ഷിക വരുമാനം വര്‍ധിപ്പിക്കുകയും ചെയ്യാമെന്ന തിരിച്ചരിവാണ് കമ്പനിയെ പുതിയ തീരുമാനത്തിലേക്കു നയിച്ചിരിക്കുന്നതത്രെ. ഹാര്‍ഡ്‌വെയറിന്റെ തമ്പുരാനായ ആപ്പിള്‍ തിങ്കളാഴ്ച നടത്തുന്ന ചടങ്ങില്‍ ഹാര്‍ഡ്‌വെയറിന് ആയിരിക്കില്ല പ്രാധാന്യം നല്‍കുന്നതെന്നും മറ്റൊരു വന്‍മാറ്റത്തിനു തുടക്കമിടുമെന്നുമാണ് ടെക് ജേണലിസ്റ്റുകള്‍ പറയുന്നത്. 1976 മുതലുള്ള കമ്പനിയുടെ അവതരണ ചടങ്ങുകളില്‍ നിന്ന് അടുത്ത മീറ്റിങ് വ്യത്യസ്തമാകുന്നത് ഇങ്ങനെയാണ്.

 

2011ല്‍ സ്റ്റീവ് ജോബ്‌സിൽ നിന്ന് കമ്പനി മേധാവിയായ ബാറ്റണ്‍ ഏറ്റെടുത്ത ടിം കുക്കിനും ഇതൊരു പരീക്ഷണഘട്ടമാണ്. അദ്ദേഹത്തിന്റെ കമ്പനി, ഇനി ഹോളിവുഡ് സ്റ്റുഡിയോകള്‍, സിനിമാ താരങ്ങള്‍, പത്രങ്ങള്‍, മാസികകള്‍ തുടങ്ങിയവയുമായി കുട്ടുകെട്ടിലേര്‍പ്പെടാന്‍ പോകുകയാണ്. ഇവരില്‍ പലര്‍ക്കും ടെക് കമ്പനികളെ പേടിയാണ്. എന്നാല്‍ ചിലര്‍ പുതിയ മേഖല‌യില്‍ ആപ്പിളിന്റെ എതിരാളികാളായ ആമസോണും നെറ്റ്ഫ്ലിക്‌സുമായി ഇപ്പോഴേ ധാരണയിലാണു താനും.

 

ഒരു കംപ്യൂട്ടര്‍ കമ്പനിയായിരുന്ന ആപ്പിള്‍, 2007ല്‍ ആദ്യ ഐഫോണ്‍ അവതരിപ്പിക്കുന്നതിനു സമാനമായ ഒരു സാഹചര്യമാണ് ഇപ്പോഴുള്ളതെന്നു പറയുന്നു. തങ്ങളുടെ ബിസിനസിന്റെ കേന്ദ്രം, ഹാര്‍ഡ്‌വെയറില്‍ നിന്ന് സോഫ്റ്റ്‌വെയറിലേക്ക്, സമീപ ഭാവിയില്‍ തന്നെ മാറ്റി പ്രതിഷ്ഠിക്കാനുള്ള ഒരു നീക്കമായി പോലും ഇതിനെ ചിലര്‍ കാണുന്നു. കുക്കിനും കമ്പനിക്കും മേല്‍ വന്‍ സമ്മര്‍ദ്ദമാണുള്ളത്. പ്രതീക്ഷിക്കുന്ന വളര്‍ച്ച നേടാനായില്ലെങ്കില്‍ കമ്പനി വന്‍ പ്രശ്‌നങ്ങള്‍ നേരിട്ടേക്കാമെന്നു പറയുന്നു. നിലവിലുള്ള ഹാര്‍ഡ്‌വെയര്‍ ബിസിനസ് മന്ദീഭവിക്കുകയാണെന്ന കാര്യം കുക്കിനേക്കാള്‍ നന്നായി ആര്‍ക്കും മനസ്സിലാവില്ലത്രെ. വളര്‍ച്ച തുടരാനായി ഇപ്പോള്‍ തന്നെ കമ്പനിക്ക് പല സേവനങ്ങളും ഉണ്ട്. ആപ്പിള്‍ മ്യൂസിക്, ഐക്ലൗഡ് സ്റ്റോറേജ്, ആപ്പിള്‍കെയര്‍ തുടങ്ങിയവ നോക്കുക. തിങ്കളാഴ്ച വിഡിയോ സ്ട്രീമിങ്, വാര്‍ത്താ സബ്‌സ്‌ക്രിപ്ഷന്‍ എന്നിവ ആയിരിക്കും കൊണ്ടുവരിക എന്നാണ് കേള്‍ക്കുന്നത്. ക്രെഡിറ്റ് കാര്‍ഡുമായി ബന്ധപ്പെട്ട ഒരു സേവനവും പ്രതീക്ഷിക്കുന്നുണ്ട്. ഇവയെല്ലാം ചേര്‍ത്ത് ഒറ്റ മാസവരി എന്ന സാധ്യതയുമുണ്ട്. ആമസോണ്‍ പ്രൈം ആണ് ഇത്തരം 'ബണ്‍ഡില്‍ഡ്' സേവനങ്ങള്‍ക്ക് ഉത്തമോദാഹരണം. പല തരം ഡിസ്‌കൗണ്ടുകള്‍ നല്‍കാമെന്നതാണ് ഇിതിന്റെ ഗുണം.

 

2007ലെ ഐഫോണ്‍ അവതരണം ആപ്പിളിനെ പുതിയൊരു മേഖലയിലെ രാജാക്കന്മാരാക്കുകയായിരുന്നു ചെയ്തതെങ്കില്‍, തിങ്കളാഴ്ച ആപ്പിള്‍ ഇറങ്ങുന്നത് നെറ്റ്ഫ്ലിക്‌സ്, ആമസോണ്‍, വാള്‍ട്ട് ഡിസ്‌നി, ഹുലു, എറ്റിആന്‍ഡ്റ്റി തുടങ്ങിയ കമ്പനികള്‍ കുറച്ചു നാളായി സജീവമായി നിൽക്കുന്ന ഇടത്തിലേക്കാണ്. ഇവരെല്ലാം കൂടെ പ്രതിവര്‍ഷം കുറഞ്ഞത് 20 ബില്ല്യന്‍ ഡോളറിലേറെയാണ് പങ്കിട്ടെടുക്കുന്നത്. ആപ്പിള്‍ പ്രതീക്ഷിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ നീങ്ങണമെങ്കില്‍ ഒരു വമ്പന്‍ വിഡിയോ കമ്പനിയെ ഏറ്റെടുക്കുന്നതാണ് നല്ലതെന്ന് ചിലര്‍ നിരീക്ഷിക്കുന്നു. എന്നാല്‍ ഇത്തരം വലിയ ഏറ്റെടുക്കലുകളോട് അത്ര വലിയ താത്പര്യം കാണിക്കുന്ന കമ്പനിയല്ല ആപ്പിളെന്ന് അവരുടെ ചരിത്രം ചികഞ്ഞാല്‍ കാണാം.

 

ആപ്പിള്‍ വിഡിയോ

 

മറ്റെവിടെയും ലഭ്യമല്ലാത്ത കണ്ടെന്റ് ലഭ്യമാക്കാന്‍ കമ്പനി ശ്രമിക്കും. പുതിയ ടിവി ഷോകള്‍, സിനിമകള്‍ തുടങ്ങിയവ നിര്‍മിച്ചേക്കുമെന്നും കേള്‍ക്കുന്നു. മനോജ് നൈറ്റ് ശ്യാമളന്‍, ഓപറാ തുടങ്ങിയവര്‍ ആപ്പിളുമായി സഹകരിച്ചേക്കുമെന്നും കേള്‍ക്കുന്നു. ആപ്പിളിന്റെ ഒറിജിനല്‍ കണ്ടെന്റ് ചിലപ്പോള്‍ ആന്‍ഡ്രോയിഡ് ഉപകരണങ്ങളിലും ലഭ്യമാക്കിയേക്കും.

 

എന്നാല്‍ തങ്ങള്‍ ഒരു കുതിപ്പു നടത്തുമെന്ന് ആപ്പിള്‍ കരുതുന്നത് ലോകത്തെമ്പാടുമായുള്ള 1.4 ബില്ല്യന്‍ ആപ്പിള്‍ ഉപകരണ ഉടമകളുടെ സാന്നിധ്യമാണ്. ഇവരിലേക്ക് മറ്റേതു കമ്പനിയെയും പോലെയല്ലാതെ എത്താമെന്നാണ് ആപ്പിള്‍ കരുതുന്നത്. ഇനി വരുന്ന അപ്‌ഡേറ്റുകളില്‍ സ്ട്രീമിങ് ആപ്പുകള്‍ പ്രീ ഇന്‍സ്റ്റാള്‍ഡ് ആയിരിക്കുമെന്നാണ് കരുതുന്നത് (ഉദാഹരണം ഐഒഎസ് 13). ഇപ്പോഴുള്ള ഇത്തരം ആപ്പുകളായ ആപ് സ്റ്റോര്‍, ആപ്പിള്‍ മ്യൂസിക് എന്നിവയില്‍ നിന്ന് കമ്പനി 11 ബില്ല്യന്‍ ഡോളര്‍ പ്രതിവര്‍ഷം നേടുന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്. പത്തു കോടി സബ്‌സ്‌ക്രൈബര്‍മാരെ അഞ്ചു കൊല്ലത്തിനുള്ളില്‍ നേടാനും 10 ബില്ല്യന്‍ ഡോളര്‍ വരെ പ്രതിവര്‍ഷം നേടാനുമാണ് ആപ്പിളിന്റെ ആദ്യ ശ്രമമത്രെ.

 

ഗെയിമിങ്ങിനും ഇത്തരമൊരു സാധ്യത കമ്പനി കാണുന്നുണ്ട്. ഗൂഗിള്‍ സ്റ്റേഡിയ പോലെയുള്ള വമ്പന്‍ നീക്കമായിരിക്കില്ല ഇത്. കുറെയധികം ഗെയിമുകള്‍ക്ക് ഒരു മാസവരി എന്നതായിരിക്കാം നീക്കം. ഇത്തരത്തില്‍ നേടുന്ന മാസവരി ശേഖരിച്ച ശേഷം അത് കണ്ടെന്റ് ഡെവലപ്പര്‍മാരുമായി പങ്കുവയ്ക്കാനായിരിക്കും ആപ്പിള്‍ ശ്രമിക്കുന്നത്.

 

ആപ്പിള്‍ ന്യൂസ്

 

പത്രങ്ങളിലെയും വെബ്‌സൈറ്റുകളിലെയും കണ്ടെന്റ് ഐഫോണിലും ഐപാഡിലും മാക്കിലും എത്തിച്ചു നല്‍കുക എന്നതായിരിക്കും ചെയ്യുക. പ്രീമിയം കണ്ടെന്റും ഉള്‍പ്പെടുന്ന ഈ സര്‍വീസിന് ഏകദേശം 10 ഡോളറായിരിക്കും മാസവരി എന്നു കരുതുന്നു. അടുത്തു വരുന്ന ഐഒഎസ് 12.2ല്‍ തന്നെ പുതുക്കിയ ന്യൂസ് ആപ് കാണാനായേക്കും. തുടക്കത്തില്‍ ന്യൂ യോര്‍ക് ടൈംസ്, വാഷിങ്ടണ്‍ പോസ്റ്റ് തുടങ്ങിയ വമ്പന്മാര്‍ ആപ്പിളിനൊപ്പമുണ്ടാവില്ല എന്നും വാള്‍സ്ട്രീറ്റ് ജേണല്‍, വോക്‌സ് തുടങ്ങയിവര്‍ ഉണ്ടാകുമെന്നുമാണ് കേള്‍ക്കുന്നത്.

 

പണം കൈമാറ്റത്തിന് ഇടനിലക്കാരാകാൻ ആപ്പിളിനു താത്പര്യമുണ്ടെന്നും കേള്‍ക്കുന്നു. എന്തായാലും അടുത്ത പതിറ്റാണ്ടു കഴിയുന്നതോടെ ആപ്പിളിന് സമൂലമാറ്റം വന്നാല്‍ അദ്ഭുതപ്പെടേണ്ട എന്നാണ് വിലയിരുത്തല്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com