ADVERTISEMENT

രാജ്യത്തെ ടെലികോം വിപണിയെ ഒന്നടങ്കം പ്രതിസന്ധിയിലാക്കിയ മുകേഷ് അംബാനിയുടെ റിലയൻസ് ജിയോയുടെ കുതിപ്പ് തുടരുകയാണ്. കമ്പനി ലക്ഷ്യമിട്ട ഓരോ ലക്ഷ്യവും കൃത്യമായി നടപ്പിലാക്കിയാണ് ജിയോ മുന്നേറുന്നത്. രണ്ടര വർഷം കൊണ്ട് 30 കോടി വരിക്കാരെ സ്വന്തമാക്കി എന്നതാണ് ജിയോയുടെ ഏറ്റവും വലിയ നേട്ടമായിരിക്കുന്നത്. എയർടെൽ പോലുള്ള മുൻ നിര കമ്പനികൾ 19 വർഷം കൊണ്ട് സ്വന്തമാക്കിയ നേട്ടമാണ് ജിയോ കേവലം രണ്ടര വർഷം കൊണ്ട് നേടിയിരിക്കുന്നത്.

 

ടെലികോം കമ്പനികളെ എല്ലാം അമ്പരിപ്പിക്കുന്ന നേട്ടമാണ് വരിക്കാരെ സ്വന്തമാക്കുന്നതിൽ ജിയോ നടത്തിയിരിക്കുന്നത്. ഐപിഎല്ലിനിടയിൽ 30 കോടി വരിക്കാരെ ആഘോഷിക്കുന്ന എന്ന ടാഗിൽ ജിയോയുടെ പരസ്യങ്ങൾ വരുന്നുണ്ട്. ലഭ്യമായ കണക്കുകൾ പ്രകാരം 30 കോടി വരിക്കാരെ സ്വന്തമാക്കാൻ എയർടെൽ കാത്തിരിക്കേണ്ടി വന്നത് 19 വർഷമാണ്. എയർടെല്ലിന് ജനുവരിയിലെ കണക്കുകൾ പ്രകാരം 34.03 കോടി വരിക്കാരുണ്ട്. 40 കോടി വരിക്കാരാണ് വോഡഫോൺ–ഐഡിയ കമ്പനികൾക്കുള്ളത്.

 

അടുത്ത വർഷത്തിൽ തന്നെ 40 കോടി വരിക്കാരെന്ന നേട്ടവും ജിയോ സ്വന്തമാക്കുമെന്നുറപ്പാണ്. 2016 സെപ്റ്റംബറിൽ തുടങ്ങിയ ജിയോ കേവലം 170 ദിവസം കൊണ്ടാണ് പത്ത് കോടി വരിക്കാരെ കൂട്ടിച്ചേർത്തത്. ഇതേ തന്ത്രം പരീക്ഷിക്കാൻ തന്നെയാണ് ജിയോ ഇപ്പോഴും നടപ്പിലാക്കുന്നത്.

 

പത്ത് കോടിക്ക് ശേഷം 20 കോടിയിലെത്താൻ ജിയോ കുറച്ചു ബുദ്ധിമുട്ടി. എന്നാൽ 2020ൽ ജിയോ വരിക്കാരുടെ എണ്ണം 40 കോടി കടത്തണമെന്നതാണ് ജീവനക്കാർക്ക് നൽകിയിട്ടുള്ള ജിയോ ടാർഗറ്റ്. അടുത്ത 24 മാസത്തിനുള്ളിൽ 20 കോടി വരിക്കാരെ സ്വന്തമാക്കി ജിയോ രാജ്യത്ത് ഒന്നാം സ്ഥാനത്തെത്തിയേക്കുമെന്നാണ് കരുതുന്നത്.

 

അടുത്ത 10 കോടി വരിക്കാരെ സ്വന്തമാക്കാൻ ജിയോയ്ക്ക് ഏറെ ബുദ്ധിമുട്ടേണ്ടി വരും. കാരണം വരിക്കാരുടെ എണ്ണം കൂടുന്നതോടെ മികച്ച നെറ്റ്‌വർ‍ക്ക് സേവനം നൽകാൻ ജിയോ പാടുപെടുകയാണ്. ഇപ്പോള്‍ തന്നെ നെറ്റ്‌വർക്ക് വേഗത്തെ കുറിച്ച് മിക്ക സ്ഥലങ്ങളിലും പരാതികളുടെ പ്രളയമാണ്. 

 

ഗ്രാമങ്ങളിലേക്ക് ഇറങ്ങി വരിക്കാരെ പിടിക്കാനുള്ള വിദ്യകളും ജിയോ പരീക്ഷിക്കുന്നുണ്ട്. വീടുകൾ സന്ദർശിച്ച് സിമ്മുകളും ഓഫറുകളും നൽകി വരിക്കാരുടെ എണ്ണം കുത്തനെ ഉയർത്താനാകുമെന്നാണ് ജിയോ പ്രതീക്ഷ. ഇതോടെ 40 കോടിയും 50 കോടിയും മറികടക്കാൻ ജിയോയ്ക്ക് സാധിക്കും. കുറഞ്ഞ വിലയ്ക്ക് ഫോണും സിമ്മും താരിഫ് പ്ലാനുകളും നല്‍കിയാൽ ടെലികോം വിപണി ജിയോയുടെ കൈപ്പിടിയിൽ ഒതുങ്ങും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com