ADVERTISEMENT

നോട്ടെണ്ണല്‍ യന്ത്രങ്ങള്‍ പോലും പ്രസിദ്ധമാണെങ്കലും നോട്ടുകള്‍ പ്രിന്റു ചെയ്യുന്ന യന്ത്രങ്ങള്‍ അത്ര പ്രസിദ്ധമല്ല. ലോകത്തെ ഏറ്റവും പ്രശസ്തമായ നോട്ടടി മെഷീനുകള്‍ നിര്‍മിക്കുന്നത് ജര്‍മ്മനിയിലെ കൊയ്‌നിഗ് ആന്‍ഡ് ബാവര്‍ (Koenig & Bauer AG) ആണ്. 201 വര്‍ഷം പ്രായമുള്ള ഈ കമ്പനിയാണ് 90 ശതമാനം കറൻസികൾ പ്രിന്റു ചെയ്യുന്ന മെഷീനുകളും നിര്‍മിക്കുന്നത്. എന്നാല്‍ മൊബൈല്‍ പെയ്‌മെന്റുകളും ഡിജിറ്റല്‍ കറന്‍സികളും തങ്ങളുടെ പ്രദേശം കൈയ്യേറി തുടങ്ങിയതിനാല്‍ അവര്‍ പുതിയ മേഖലകള്‍ ആരായുകയാണെന്നു വര്‍ത്തകള്‍ പറയുന്നു. കൊക്ക കോള ക്യാനുകള്‍ പ്രിന്റു ചെയ്യുന്നതിനും മറ്റുമുള്ള മെഷീനുകളിലാണ് അവര്‍ ഇപ്പോള്‍ ലക്ഷ്യം വച്ചിരിക്കുന്നത്. മദ്യക്കുപ്പികളിലെ കാര്‍ട്ടണുകളാണ് മറ്റൊരു മേഖല.

 

സുരക്ഷ വേണ്ട പ്രിന്റിങ്ങിന്റെ 90 ശതമാനവും തങ്ങളുടെ കമ്പനിയുടെ മെഷീനുകളാണ് നടത്തുന്നതെന്നാണ് അവര്‍ പറയുന്നത്. ഏതെല്ലാം രാജ്യങ്ങളാണ് കൊയ്‌നിഗ് ആന്‍ഡ് ബാവറിന്റെ മെഷീനുകള്‍ ഉപയോഗിക്കുന്നതെന്നു വെളപ്പെടുത്താല്‍ കമ്പനി വിസമ്മതിച്ചു. എന്നാല്‍, അമേരിക്കന്‍ ഡോളറും യൂറൊ ബാങ്ക് നോട്ടുകളും തങ്ങളുടെ മെഷീന്‍ ഉപയോഗിച്ചാണ് പ്രിന്റു ചെയ്യുന്നതെന്ന് കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ക്ലോസ് (Claus Bolza-Schuenemann) പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബത്തിനാണ് കമ്പനിയുടെ ഓഹരികളുടെ അഞ്ചിലെന്നും. 

 

ക്യാഷ്‌ലെസ് പെയ്‌മെന്റ് സിസ്റ്റം പടര്‍ന്നു പിടിക്കുന്നുണ്ടെങ്കിലും തങ്ങളുടെ ബിസിനസ് അത്ര മോശമായിട്ടൊന്നുമില്ല എന്നാണ് കമ്പനി പറയുന്നത്. പല വികസ്വര രാജ്യങ്ങളും അവരുടെ നോട്ട് പ്രിന്റിങ് യന്ത്രം ഉപയോഗിക്കുന്നു. പഴയ തരം സാങ്കേതികവിദ്യയല്ല ഇപ്പോള്‍ കമ്പനി ഉപയോഗിക്കുന്നത്. പ്രിന്റിങ് കുറ്റമറ്റതാക്കാന്‍ നിരന്തരം ഗവേഷണങ്ങളിലും ഏര്‍പ്പെടുന്നു. പുതിയ നോട്ടിന്റെ മാതൃക കമ്പനി കാണിച്ചു. ഇതില്‍ കാണിച്ചിരിക്കുന്ന ഒരു അര്‍ധഗോളം അല്‍പം പൊന്തി നില്‍ക്കുന്നതു പോലെ തോന്നിച്ചു. ഇതാണ് ഇന്നു നോട്ടുകളില്‍ ലഭ്യമായ ഏറ്റവും മികച്ച സുരക്ഷാ ഫീച്ചറുകളിലൊന്ന് എന്ന് കമ്പനിയുടെ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിച്ചു. ഈ സാങ്കേതികവിദ്യയെ സൂസി ഒപ്ടിക്‌സ് (Susi Optics) എന്നാണ് വിളിക്കുന്നതെന്ന് അവര്‍ വിശദീകരിച്ചു. മേയ് മാസം മുതല്‍ പുറത്തിറക്കുന്ന ബാങ്ക് നോട്ടുകളില്‍ ഇത് കാണാമെന്ന് അവര്‍ പറഞ്ഞു.

 

തങ്ങളുടെ കമ്പനിയുടെ വലുപ്പം കൊയ്‌നിഗ് ആന്‍ഡ് ബാവര്‍ ഈ പതിറ്റാണ്ടിന്റെ ആദ്യം തന്നെ കുറച്ചിരുന്നു. അതു ഗുണകരമായി എന്നു വേണം കരുതാന്‍. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലും കമ്പനിക്ക് സാമ്പത്തിക വളര്‍ച്ചയുണ്ടായി. പത്രങ്ങള്‍ പ്രിന്റു ചെയ്യുന്ന കാര്യത്തിലും അവര്‍ ശ്രദ്ധിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് കമ്പനിയുടെ പ്രവര്‍ത്തനത്തിന്റെ ഒരു ശതമാനം മാത്രമാണ്. 2019ന്റെ ആദ്യ രണ്ടു മാസങ്ങള്‍ തങ്ങള്‍ക്ക് വളരെ സന്തോഷം തരുന്നവയായിരുന്നുവെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. നോട്ടടി മെഷീനുകള്‍ക്ക് നല്ല ഓര്‍ഡര്‍ ലഭിച്ചു എന്നാണ് അവര്‍ പറഞ്ഞത്.

 

ഇതൊക്കെയാണെങ്കിലും തങ്ങളുടെ മുട്ടകള്‍ പല കുട്ടകളില്‍ സൂക്ഷിക്കാനാണ് അവര്‍ ഇനി ആഗ്രഹിക്കുന്നത്. നോട്ടടി മെഷീനെ മാത്രം അശ്രയിക്കുന്നതിനു പകരം കൂടുതല്‍ പരിവര്‍ത്തനാത്മകമായ മേഖലകള്‍ തേടുകയാണ് കമ്പനി ഇപ്പോള്‍. പ്രിന്റിങ്ങില്‍ പുതുമകളുള്ള സാങ്കേതികവിദ്യയും അവതരിപ്പിക്കും. ഈ വര്‍ഷം നാലു ശതമാനം വരുമാന വര്‍ധനയാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇപ്പോള്‍ കൊയ്‌നിഗ് ആന്‍ഡ് ബാവര്‍ വ്യവസായ മേഖലയ്ക്ക് യന്ത്രങ്ങള്‍ നിര്‍മിച്ചു നല്‍കുന്ന മറ്റു പല കമ്പനികളെയും പോലെയാണ്. എന്നു പറഞ്ഞാല്‍ നേരത്തെ നോട്ട് പ്രിന്റിങ് മെഷീനുകള്‍ നിര്‍മിച്ചു നല്‍കുമ്പോള്‍ കോടികൾ ലാഭം ലഭിച്ചിരുന്നു. ഇന്ന് അധിക ലാഭം ഇല്ല. 

 

എന്തായാലും ലോകത്തെ ഏറ്റവും വലിയ കറന്‍സി പ്രിന്റര്‍ നിര്‍മാതവ് ഇപ്പോഴും ബിസിനസ് വിട്ടിട്ടില്ല. ക്യാഷ്‌ലെസ് സമൂഹങ്ങള്‍ വരുമ്പോള്‍ തങ്ങളുടെ നിലനില്‍പ് പ്രശ്‌നത്തിലാകുമെന്ന് അവര്‍ക്ക് നന്നായി അറിയാം. അതുകൊണ്ടാണ് മറ്റു തരം ബിസിനസിലും ശ്രദ്ധിക്കുന്നത്. ജര്‍മ്മന്‍ ഉല്‍പന്നങ്ങളുടെ നിര്‍മാണത്തികവ് ഐതിഹാസിക പ്രശസ്തിനേടിയതാണല്ലോ. ക്യാമറ നിര്‍മാതാവായ ലൈക്ക മുതല്‍ നിരവധി കമ്പനികള്‍ ദോഷമറ്റ പ്രകടനത്തിന്റെ ഉത്തമ മാതൃകകളാണ്. കൊയ്‌നിഗ് ആന്‍ഡ് ബാവര്‍ ഇത്രകാലം തങ്ങളുടെ മേഖലയില്‍ മുടിചൂടാമന്നന്മാരായി വിലസിയിരുന്നെങ്കില്‍ അതിനു പിന്നിലും അവര്‍ പിടിച്ചു പറ്റിയ വിശ്വാസവും നിര്‍മാണത്തികവും തന്നെയാകണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com