ADVERTISEMENT

പൊലീസുകാരുടെ സ്വപ്‌ന സാക്ഷാത്കാരമാണ് ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ അഥവാ മുഖം തിരിച്ചറിയല്‍ ടെക്‌നോളജി. ഒരു കുറ്റവാളിയെ അല്ലെങ്കില്‍ സംശയിക്കുന്ന വ്യക്തികളെ പരമ്പരാഗത രീതിയില്‍ നിരീക്ഷിക്കുന്നതിനേക്കാള്‍ ഏറെ എളുപ്പമാണ് ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ ഉപയോഗിച്ചു കണ്ടെത്തുക എന്നത്. താന്‍ നിരീക്ഷിക്കപ്പെടുന്നുവെന്ന സംശയത്തിനു യാതൊരിടവും കൊടുക്കാത്ത രീതിയില്‍, അയാളുടെ ഫോട്ടോകളും ചിത്രകാരന്മാര്‍ തയാറാക്കുന്ന രേഖാ ചിത്രങ്ങളും പോലും സോഫ്റ്റ്‌വെയറിലൂടെ കടത്തി വിട്ട് സംശയിക്കപ്പെടുന്നയാളിനെപ്പറ്റി പഠിക്കാമെന്നതാണ് ഇതിന്റെ മേന്മ.

ഏതെങ്കിലും സുരക്ഷാ ക്യാമറ ഫൂട്ടേജിലുള്ള ചിത്രം ഫെയ്‌സ്ബുക് അടക്കമുള്ള സമൂഹമാധ്യമ സൈറ്റുകളില്‍ നല്‍കിയിരിക്കുന്ന ചിത്രം എന്നിവയൊക്കെ തമ്മില്‍ തട്ടിച്ചു നോക്കി ചില നിഗമനങ്ങളിൽ എത്താനാകുമെന്നതാണ് ഈ രീതി പൊലീസുകാര്‍ക്ക് ആകര്‍ഷകമാകുന്നത്. എന്നാല്‍, സാങ്കേതികവിദ്യ പൂര്‍ണതയില്‍ എത്താത്തതിനാല്‍ നിഷ്‌കളങ്കര്‍ പിടിയാലായേക്കാമെന്ന ആശങ്ക പടരുകയാണ്. അമേരിക്കയിലെ വാഷിങ്ടണ്‍ കൗണ്ടിയിലെ പൊലീസാണിപ്പോള്‍ മുഖം തിരിച്ചറിയല്‍ ഉപയോഗിക്കുന്നത്. സ്വകാര്യ കമ്പനിയായ ആമസോണ്‍ പുറത്തിറക്കിയ റെക്കഗ്‌നിഷന്‍ എന്ന സോഫ്റ്റ്‌വെയറാണ് പൊലീസ് ഉപയോഗിക്കുന്നതെന്നത് ചിലര്‍ക്ക് ഇഷ്ടപ്പെടുന്നില്ല. പൗരന്മാരെ നിരന്തരം നിരീക്ഷിക്കുക എന്നത് ഇന്ത്യയും അമേരിക്കയും അടക്കം പല രാജ്യങ്ങളിലെയും വ്യക്തി സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ്.

മറ്റൊരു ആരോപണം ആമസോണിന്റെ ടെക്‌നോളജി വെളുത്ത വര്‍ഗക്കാരുടെ കാര്യത്തില്‍ ഭേദപ്പെട്ട കൃത്യത കാണിക്കുന്നുണ്ടെങ്കിലും മറ്റു രാജ്യക്കാരുടെ മുഖങ്ങളും മറ്റും തിരിച്ചറിയുന്നതില്‍ കൂടുതല്‍ പരാജയപ്പെടുന്നു എന്നതാണ്. ഇതു കൂടാതെ, അന്യരാജ്യക്കാരെയും ന്യൂനപക്ഷങ്ങളെയും മറ്റും നിരീക്ഷണ വിധേയരാക്കുമോ എന്ന സംശയവും ഉയരുന്നുണ്ട്.

തിരിച്ചറിയുന്നതെങ്ങനെ?

ആമസോണിന്റേത് അടക്കമുള്ള സിസ്റ്റങ്ങള്‍ ഒരാളുടെ മുഖത്തെ കോഡുകളാക്കുന്നു. ഇവയെ ഫീച്ചര്‍ വെക്ടറുകള്‍ അല്ലെങ്കില്‍ ഫെയ്‌സ്പ്രിന്റുകള്‍ എന്നു വിളിക്കുന്നു. ഇതിനെയാണ് തങ്ങളുടെ കയ്യിലുള്ള അല്ലെങ്കില്‍ പുതിയതായി കിട്ടിയ ചിത്രവും വിഡിയോയും എല്ലാമായി താരതമ്യം ചെയ്യുന്നത്. ക്യംപൂട്ടര്‍-വിഷന്‍ അല്‍ഗോറിതങ്ങള്‍ക്ക് പാറ്റേണ്‍ റെക്കഗ്‌നിഷന്‍ എളുപ്പമാണെങ്കിലും മറ്റു ചില വ്യത്യാസങ്ങള്‍ കണ്ടെത്താനാകുന്നില്ല. ഇവയാകട്ടെ മനുഷ്യര്‍ക്ക് ഒറ്റ നോട്ടത്തില്‍ മനസ്സിലാകുകയും ചെയ്യും എന്നതാണ് പ്രധാന സാങ്കേതിക പ്രശ്‌നം. പക്ഷേ, ഇപ്പോള്‍ റെക്കഗ്‌നിഷന്‍ സോഫ്റ്റ്‌വെയറിലൂടെ ലഭിക്കുന്ന ഫലങ്ങള്‍ പല കമ്പനികള്‍ക്കും തള്ളിക്കളയാനാകാത്തതാണ്.

മൈക്രോസോഫ്റ്റിന്റെ സാങ്കേതികകവിദ്യ

ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സാങ്കേതികവിദ്യ നിര്‍മിച്ചു നല്‍കുന്ന 127 സിസ്റ്റങ്ങളില്‍ നടത്തിയ പരീക്ഷണങ്ങളില്‍ നിന്നു കണ്ടെത്താനായത് മൈക്രോസോഫ്റ്റിന്റെയും ചൈനീസ് കമ്പനിയായ യിറ്റു ടെക്‌നോളജിയുടെയും (Yitu Technology) സോഫ്റ്റ്‌വെയറിന് കോടിക്കണക്കിന് ചിത്രങ്ങളില്‍ നിന്ന് ഒരു മുഖത്തെ 99 ശതമാനം കൃത്യതയോടെ തിരിച്ചറിയാനാകുമെന്നാണ്. കാലിഫോര്‍ണിയയിലെ നിയമപാലകര്‍ മൈക്രോസോഫ്റ്റിന്റെ സാങ്കേതികകവിദ്യ ചോദിച്ചു ചെന്നെങ്കിലും അവര്‍ നല്‍കിയില്ല. എന്നാല്‍ പിന്നീട് ഒരു ജയിലില്‍ ഇതു പിടിപ്പിക്കാന്‍ കമ്പനി സമ്മതിച്ചതായും വാര്‍ത്തകളുണ്ട്. ഇതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ കമ്പനി വിസമ്മതിച്ചു.

ആമസോണിന്റെ സിസ്റ്റം ഹിറ്റ്?

ആമസോണിന്റെ സോഫ്റ്റ്‌വെയര്‍ വളരെ ചെറിയ പൈസയ്ക്കാണ് പൊലീസിനു നല്‍കിയിരിക്കുന്നത്. ഇതിനെതിരെ ജനരോഷമുയര്‍ന്നിരുന്നു. നിക്ഷേപകരുടെ അടുത്ത മീറ്റിങ്ങില്‍ അവര്‍ ഇക്കാര്യം വോട്ടിനിടും. 2016ല്‍ ആണ് ആമസോണ്‍ തങ്ങളുടെ റെക്കഗ്‌നിഷന്‍ ആദ്യമായി പുറത്തിറക്കിയത്. ഇന്ദ്രജാലം പോലെ എന്നായിരുന്നു ഇതേപ്പറ്റിയുള്ള ആദ്യ പ്രതികരണം. ഇതാണ് വാഷിങ്ടണ്‍ കൗണ്ടി ഷെറിഫിന്റെ ഓഫിസിനു വേണ്ടി ജോലിയെടുക്കുന്ന പ്രോഗ്രാമറായ ക്രിസ് അഡിസ്മയുടെ ശ്രദ്ധ പിടിച്ചത്. പൊലീസിന്റെ കയ്യിലുള്ള ലക്ഷക്കണക്കിനു ചിത്രങ്ങള്‍ പരിശോധിക്കാനുള്ള ഒരു എളുപ്പമാര്‍ഗമെന്ന നിലയിലാണ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചു തുടങ്ങിയത്. ആമസോണിന്റെ സിസ്റ്റം ഒരു വമ്പന്‍ ഹിറ്റാണ് എന്നാണ് പറയുന്നത്.

പൂര്‍ണമായി വിശ്വസിക്കരുത്

ഇതിനെ പൂര്‍ണ്ണമായി വിശ്വസിക്കരുത് എന്നാണ് ഉദ്യോഗസ്ഥര്‍ക്ക് നിരന്തരം നല്‍കുന്ന ഉപദേശം. മുന്‍ നടനും കറുത്ത വംശജനുമായ ഒ.ജെ. സിംപ്‌സണ്‍ന്റെ ചിത്രം സിസ്റ്റത്തിനു നല്‍കിയാല്‍, താടിക്കാരനായ ഒരു വെളളക്കാരനെ ചൂണ്ടിക്കാണിക്കുന്നതാണ് പരിശീലന വേളയില്‍ പൊലീസിനെ കാണിച്ചു കൊടുക്കുന്നത്. മനുഷ്യന്റെ ഇടപെടല്‍ ധാരാളം ഉണ്ടായെങ്കില്‍ മാത്രമെ ഇതിനെ പ്രശ്‌നമില്ലാതെ ഉപയോഗിക്കാനാകൂ എന്നാണ് പറയുന്നത്. അമിതോത്സാഹം കാണിക്കരുതെന്ന മുന്നറിയിപ്പാണ് നിയമപാലകര്‍ക്ക് നിരന്തരം നല്‍കുന്നത്. കുറ്റവാളികളെ കണ്ടെത്താന്‍ മാത്രമേ ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാവൂ എന്നും നിബന്ധനയുണ്ട്. ആളുകളുടെ മതം, രാഷ്ട്രീയ ചായ്‌വ്, ത്വക്കിന്റെ നിറം എന്നിവ നോക്കി അവരുടെ പ്രവൃത്തികള്‍ നിരീക്ഷിക്കാനായി ഉപയോഗിക്കരുതെന്നും പറയുന്നു. ഒരു ചിത്രം കിട്ടിയാല്‍ വളരെ പെട്ടെന്ന് സോഫ്റ്റ്‌വെയറിലൂടെ വിശകലനം നടത്താമെന്നതാണ് നിയമപാലകര്‍ക്ക് ഇതൊരു അനുഗ്രഹമായി തോന്നാന്‍ കാരണം.

എന്നാല്‍, ഇതുപയോഗിക്കുന്നത് ചില കേസുകളെയെങ്കിലും സങ്കീര്‍ണ്ണമാക്കുന്നുവെന്ന് സാങ്കേതിക വിദഗ്ധനായ ഫ്രെഡറികെ കാല്‍തനര്‍ പറയുന്നു. ആമസോണിന്റെ റെക്കഗ്‌നിഷന്‍ സോഫറ്റ്‌വെയറിന് റെയ്റ്റിങ് ഉണ്ട്. അതായത് 50 ശതമാനം കൃത്യത, 99 ശതമാനം കൃത്യത എന്നൊക്കെ റിസള്‍ട്ടിനെക്കുറിച്ച് അതു പറയും. എന്നാല്‍ ഇതു പോലും കാര്യമാക്കാതെയാണ് പൊലീസ് ഇത് ഉപയോഗിക്കുന്നതെന്ന ആരോപണവുമുണ്ട്. ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ പൊലീസ് ഉപയോഗിക്കുന്നതില്‍ തങ്ങള്‍ക്ക് ഉത്കണ്ഠയുണ്ടെന്ന് കാല്‍തനര്‍ പറയുന്നത്. അതു ശരിക്കു പ്രവര്‍ത്തിക്കുമ്പോഴും പ്രവര്‍ത്തിക്കാത്തപ്പോഴും പ്രശ്‌നമാണ്. ശരിയായി പ്രവര്‍ത്തിക്കുമ്പോള്‍ അതൊരു ഒപ്പം നടക്കുന്ന ഐഡന്റിറ്റി കാര്‍ഡ് പോലെയാണ്. അല്ലാത്തപ്പോള്‍ നിഷ്‌കളങ്കരെ കുറ്റവാളികളായി ചിത്രീകരിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com