ADVERTISEMENT

പുതിയ മാക് പ്രോയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ശക്തിമുറ്റിയ ആപ്പിള്‍ കംപ്യൂട്ടര്‍ വേണമെന്ന ആഗ്രഹക്കാര്‍. പുതിയ മാക്‌പ്രോയിലൂടെ ആപ്പിള്‍ അവരുടെ ആഗ്രഹം സഫലീകരിച്ചിരിക്കുകയാണ്. തുടക്ക മോഡലിന് ശക്തിപകരുന്നത് ഇന്റലിന്റെ എട്ടുകോറുള്ള സിയോണ്‍ പ്രൊസസറാണ്. 32ജിബി റാമും 256ജിബി എസ്എസ്ഡിയും റാഡിയോണ്‍ പ്രോ 580X ഗ്രാഫിക്‌സ് കാര്‍ഡുമുണ്ട്. ആഫ്റ്റര്‍ബേണര്‍ എന്ന ഹാര്‍ഡ്‌വെയര്‍ ആക്‌സിലറേറ്റര്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് വിഡിയോ എഡിറ്റര്‍മാർക്ക് വളരെ സന്തോഷം പകരുന്ന കാര്യമായിരിക്കും. ഇതിലൂടെ മാക് പ്രോയില്‍ 4കെ വിഡിയോയുടെ 12 സ്ട്രീമുകള്‍ പ്ലേ ചെയ്യാം. ഈ മോഡലിന്റെ വില 5,999 ഡോളറായിരിക്കും. 32-ഇഞ്ച് വലുപ്പമുള്ള, 6കെ റെറ്റിനാ ഡിസ്‌പ്ലേയും മാക് പ്രോയ്ക്കു വേണ്ടി പുറത്തിറക്കിയിട്ടുണ്ട്. ഇതിന്റെ വില 4,999 ഡോളറായിരിക്കും.

മാക് ഒഎസ് കാറ്റലീന

മാക് ഒഎസിന്റെ പുതുക്കിയ പതിപ്പിനെ കാറ്റലീന എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ ഐട്യൂണ്‍സിന് പ്രവര്‍ത്തിക്കാനാവില്ല എന്നാണ് മനസിലാക്കുന്നത്. അതിനു പകരം മ്യൂസിക്, ടിവി, പോഡ്കാസ്റ്റ് എന്നീ മൂന്നു ലോക്കല്‍ ലൈബ്രറികള്‍ സൃഷ്ടിച്ചു മുന്നോട്ടുപോകാനാണ് കമ്പനിയുടെ തീരുമാനം. ഐപാഡും ആപ്പിള്‍ പെന്‍സിലും മാക് ആപ്പുകള്‍ക്ക് വരയ്ക്കാനുള്ള ക്യാന്‍വാസാക്കാന്‍ സാധിക്കും. സ്വരത്തിലൂടെയുള്ള നിയന്ത്രണം കൂടുതല്‍ മികവുറ്റതാക്കാനുള്ള ശ്രമവും നടന്നിട്ടുണ്ട്.

apple-watch

ആപ്പിള്‍ വാച്ച്

ആപ്പിള്‍ വാച്ചിന് അതിനു മാത്രമുള്ള ആപ് സ്‌റ്റോര്‍ തുറക്കുകയാണ്. പുതിയ വാച്ച്ഒഎസ് 6 വരുമ്പോള്‍, ആപ്പിള്‍ വാച്ച് ഐഫോണില്‍ നിന്നു സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തും. ഉപയോക്താക്കള്‍ക്ക് വാച്ചിലേക്ക് ഐഫോണിന്റെ സഹായമില്ലാതെ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. തങ്ങളുടെ വാച്ചിനായി ചില പുതിയ ആപ്പുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഓഡിയോ ബുക്‌സ്, വോയിസ് മെമോ, കാല്‍കുലേറ്റര്‍ തുടങ്ങിയവ അതില്‍ ഉള്‍പ്പെടും. തേഡ്-പാര്‍ട്ടി ആപ്പുകളെ ആശ്രിയിച്ചാല്‍ വാച്ചിലൂടെ ഓഡിയോ ബ്രോഡ്കാസ്റ്റ് ചെയ്യാനും ഇനി സാധിക്കും. കൂടുതല്‍ വാച്ച് ഫെയ്‌സുകളും വാച്ച് ഉപയോക്താക്കള്‍ക്കു ലഭിക്കും. ചില ഫെയ്‌സുകളില്‍ പകലുടനീളം വാച്ചില്‍ നോക്കിയാല്‍ സൂര്യന്റെ സ്ഥാനം കാണാനുള്ള ശേഷിയുമുണ്ടായിരിക്കും. ആരോഗ്യ പരിപാലനത്തിലും കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയാണ് പുതിയ ആപ് നിര്‍മ്മിച്ചിരിക്കുന്നത്. ലൗഡ്‌നെസ് മോണിട്ടര്‍ സേവനം ഉപയോഗിച്ചാല്‍ ഒരാള്‍ നില്‍ക്കുന്ന സ്ഥലത്തെ ശബ്ദത്തിന്റെ അളവ് അറിയാന്‍ സാധിക്കും. ആവശ്യപ്പെട്ടാല്‍ എല്ലാ മണിക്കൂറും അറിയിച്ച് മണിയടിക്കാനും ആപ്പിള്‍ വാച്ചിന് സാധിക്കും.

ടിവിഒഎസ്

ടിവികാണലും ഇനി കൂടുതല്‍ വ്യക്തി കേന്ദ്രീകൃതമാക്കാം. കുടുംബത്തിലുള്ള ഓരോരുത്തരുടെയും ഇഷ്ടമറിഞ്ഞ് റെക്കമെന്‍ഡേഷന്‍സ് നടത്താന്‍ ആപ്പിള്‍ ടിവിയ്ക്കു സാധിക്കും. ഈ ഫീച്ചറിനെ മള്‍ട്ടി യൂസര്‍ സപ്പോര്‍ട്ട് എന്നാണ് വിളിക്കുന്നത്. ആപ്പിള്‍ ടിവിയ്ക്കുള്ള പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്ലേസ്റ്റേഷന്‍ മുതലായ ഗെയ്മിങ് കണ്‍സോളുകളെ സപ്പോര്‍ട്ടു ചെയ്യും. കരിയോക്കി കൂടുതല്‍ എളുപ്പമാക്കി. ആപ്പിള്‍ ടിവിയില്‍ പാട്ടുകേള്‍ക്കുമ്പോള്‍ വേണമെങ്കില്‍ ലിറിക്‌സ് കാണാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.

apple-pro

ഹോം കിറ്റ്

വീട്ടിലെ നിരീക്ഷണ ക്യാമറകള്‍ കൂടുതല്‍ സ്വകാര്യമാക്കാനുള്ള നടപടികള്‍ ഹോംകിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ആപ്പിള്‍ ഹോംകിറ്റ് സെക്യൂവര്‍ വിഡിയോ, ഹോംകിറ്റ് ഫോര്‍ റൂട്ടേഴ്‌സ് എന്നിങ്ങനെ രണ്ടു പ്രധാന ഫീച്ചറുകളാണ് പ്രധാനമായി ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഹോംകിറ്റ് ഫോര്‍ സെക്യുവര്‍ വിഡിയോ വീട്ടിലെ വിഡിയോ ഫീഡിനെ എന്‍ക്രിപ്റ്റു ചെയ്ത് ഐക്ലൗഡില്‍ സൂക്ഷിക്കും. ഹോംകിറ്റ് ഫോര്‍ റൂട്ടേഴ്‌സ് നിങ്ങളുടെ ഉപകരണത്തിനും നെറ്റ്‌വര്‍ക്കിനുമടിയില്‍ വെര്‍ച്‌വല്‍ ഫയര്‍വോളുകള്‍ സൃഷ്ടിക്കും.

സിറി

ഗൂഗിളിന്റെയും ആമസോണിന്റെയും വെര്‍ച്‌വല്‍ അസിസ്റ്റന്റുകളേക്കാള്‍ പിന്നിലാണ് ആപ്പിളിന്റെ സിറി എന്നാണ് പൊതുവെ പറയുന്നത്. സിറിയുടെ പുതിയ ഫീച്ചറുകളില്‍ അതിന് കാര്‍പ്ലേ, എയര്‍പോഡ്, ഹോംപോഡ് സ്പീക്കര്‍ തുടങ്ങിയവയുമായി കൂടുതല്‍ സമന്വയം കൊണ്ടുവന്നിരിക്കുകയാണ് ആപ്പിള്‍. ഇനിമേല്‍ സിറിയുടെ നിയന്ത്രണത്തില്‍ ഒന്നിലേറെ യൂസര്‍മാര്‍ക്ക് ഹോംപോഡിനെ നിയന്ത്രിക്കാനാകും. വീട്ടിലെ ഓരോരുത്തരുടെയും സ്വരം സിറിക്കു തിരിച്ചറിയാനുമാകും. നിങ്ങള്‍ എയര്‍പോഡുകള്‍ അണിഞ്ഞിട്ടുണ്ടെങ്കില്‍ സിറിക്ക് മെസെജുകള്‍ വായിച്ചു കേള്‍പ്പിക്കാനാകും. ന്യുറല്‍ ടെക്സ്റ്റ് ടു സ്പീച്ച് ഉപയോഗിക്കുന്നതിനാല്‍ സിറി കൂടുതല്‍ സ്വാഭാവികമായ സ്വരത്തിലായിരിക്കും മറുപടികള്‍ നല്‍കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com