ADVERTISEMENT

ജിമെയില്‍ ഉപയോക്താവിന് ഒരു സൂചന പോലും നല്‍കാതെ അയാള്‍ ഓണ്‍ലൈനിലൂടെ നടത്തിയ വാങ്ങലുകളുടെ മുഴുവന്‍ കണക്കു സൂക്ഷിച്ചിരിക്കുകയാണ് ഗൂഗിള്‍. ഗൂഗിളിന്റെതല്ലാത്ത വെബ്‌സൈറ്റുകളായ ആമസോണ്‍, ഫ്ലിപ്കാര്‍ട്ട്, സ്വിഗി മുതലായില്‍ നിന്നു വാങ്ങിയവയെക്കുറിച്ചു പോലുമുള്ള കണക്കുകള്‍ സൂക്ഷിക്കുന്നുവെന്നാണ് കണ്ടെത്തിയത്. ഈ കണക്കുകളെല്ലാം ഗൂഗിൾ രഹസ്യമായി രേഖപ്പെടുത്തുകയായിരുന്നു. ഓണ്‍ലൈന്‍ സ്ഥാപനങ്ങള്‍ ജിമെയില്‍ അക്കൗണ്ടിലേക്ക് അയയ്ക്കുന്ന ബില്ലുകളില്‍ 'കണ്ണോടിച്ചാണ്' വിവരങ്ങള്‍ ശേഖരിച്ചു വന്നത്. പര്‍ചെയ്‌സസ് (Purchases) എന്ന പേജിലാണ് ഗൂഗിള്‍ ഈ കണക്കുകള്‍ മുഴുവന്‍ കാണിച്ചിരിക്കുന്നത്. കുറഞ്ഞത് 2012 മുതല്‍ വാങ്ങിയ സാധനങ്ങളുടെ കണക്കാണ് കമ്പനി സൂക്ഷിച്ചിരിക്കുന്നത്. അതായത് ഓൺലൈനിൽ നിന്ന് നിക്കർ വാങ്ങിയാലും ഗൂഗിൾ അറിയും. നിക്കർ ബ്രാൻഡ്, വില, നിറം എന്നിവയെല്ലാം രേഖപ്പെടുത്തും.

 

സിഎന്‍എന്‍ റിപ്പോര്‍ട്ടര്‍ ഗൂഗിള്‍ നല്‍കുന്ന ഓണ്‍ലൈന്‍ വാങ്ങള്‍ സംവിധാനം പ്രയോജനപ്പെടുത്താതെ മറ്റ് ആപ്പുകള്‍ ഉപയോഗിച്ച് ആമസോണ്‍ തുടങ്ങിയ കമ്പനികളുടെ സാധനങ്ങള്‍ വാങ്ങി. എന്നാല്‍, ഇത്തരം വാങ്ങലുകളുടെ ഡിജിറ്റല്‍ ബില്ലുകളും മറ്റും ജിമെയില്‍ അക്കൗണ്ടിലേക്ക് കമ്പനികള്‍ അയയ്ക്കുകയും ചെയ്തു. ആ ബില്ലുകളും മറ്റും പരിശോധിച്ച് താന്‍ വാങ്ങിയ സാധനങ്ങളുടെ ലിസ്റ്റ് ഗൂഗിള്‍ ഉണ്ടാക്കി എന്നാണ് റിപ്പോര്‍ട്ടര്‍ കണ്ടെത്തിയത്. ഇത് എല്ലാ ജിമെയില്‍ ഉപയോക്താക്കളുടെ കാര്യത്തിലും ശരിയായിരിക്കുമെന്നാണ് കരുതുന്നത്. നിങ്ങളുടെ ഓണ്‍ലൈന്‍ വാങ്ങലിനെക്കുറിച്ച് ഗൂഗിളിന് എന്തറിയാം എന്നറിയാനായി ഈ ലിങ്ക് ഉപയോഗിക്കുക. https://myaccount.google.com/purchases

 

ഒരാളുടെ ബ്രൗസിങ് ചരിത്രവും മിക്കവാറും എല്ലാ ഇന്റര്‍നെറ്റ് പ്രവൃത്തികളും തന്നെ ഗൂഗിളും ഫെയ്‌സ്ബുക്കും പോലെയുളള കമ്പനികള്‍ അറിയുന്നുവെന്ന ആരോപണം വര്‍ഷങ്ങളായി നിലവിലുണ്ട്. എന്നാല്‍ ഗൂഗിള്‍ രഹസ്യമായി നടത്തി വന്ന ഈ പ്രവൃത്തി പുറത്തായത് കമ്പനിയുടെ മേധാവി സുന്ദര്‍ പിച്ചൈ ആപ്പിളിനെ കളിയാക്കി 'സ്വകാര്യത ഒരു ആഢംബര വസ്തുവല്ല' എന്ന ലേഖനമെഴുതി അധികം താമസിയാതെയാണ് എന്നതാണ് ഏറ്റവും രസകരം. സ്വകാര്യതയുടെ കാര്യത്തില്‍ ആപ്പിൾ, ഗൂഗിള്‍, ഫെയ്‌സ്ബുക് തുടങ്ങിയ കമ്പനികളും തമ്മില്‍ വമ്പന്‍ വാക് പോരാണ് നടന്നിട്ടുള്ളത്. തങ്ങള്‍ ഒരിക്കലും ഉപയോക്താവിന്റെ ചെയ്തികള്‍ നിരീക്ഷിക്കില്ല എന്നാണ് ആപ്പിള്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ ഐഫോണുകള്‍ വളരെ വില കൂടിയവയാണ്. അതു വാങ്ങാന്‍ കെല്‍പ്പുള്ളവര്‍ക്കു മാത്രം സ്വകാര്യത നല്‍കിയാല്‍ പോരാ. തങ്ങള്‍ അത് എല്ലാവര്‍ക്കും നല്‍കുന്നുവെന്ന നിലയിലായിരുന്നു പിച്ചൈയുടെ ഗീര്‍വാണം.

gmail

 

എന്നാല്‍, ഇതു പുറത്തായി കഴിഞ്ഞപ്പോള്‍ വിശദീകരണവുമായി ഗൂഗിള്‍ രംഗത്തെത്തി. ഉപയോക്താവിന്റെ വാങ്ങലുകളെക്കുറിച്ചുള്ള കണക്കുകള്‍ അയാള്‍ക്ക് ആവശ്യമുള്ളപ്പോള്‍ പരിശോദിക്കാനായി തങ്ങള്‍ ഒരു സ്ഥലത്തു സൂക്ഷിക്കുകകയാണ് ചെയ്തതെന്നാണ് വിശദീകരണം. എന്നാല്‍, ഇതേപ്പറ്റി ഒരിക്കല്‍ പോലും ഉപയോക്താവിനോട് പറഞ്ഞിട്ടില്ല. ഇത്തരമൊരു സേവനം വേണോ എന്നും ചോദിച്ചിട്ടില്ല. ജിമെയിലില്‍ വരുന്നതും പോകുന്നതുമായ മെയിലുകളെ എത്ര സൂക്ഷ്മാമായി ഗൂഗിള്‍ പരിശോധിക്കുന്നു എന്നതിന്റെ വ്യക്തമായ ഒരു തെളിവാണ് ഇതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

 

പിടിക്കപ്പെട്ടതോടെ ഗൂഗിള്‍ പറയുന്നത് ഇത് നിങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഡിലീറ്റു ചെയ്യാമെന്നാണ്. ഗൂഗിളിനെ പോലെയുള്ള കമ്പനികള്‍ ഇങ്ങനെ ഖനനം ചെയ്യുന്ന വിവരങ്ങള്‍ എല്ലാക്കാലത്തേക്കുമായി സൂക്ഷിക്കുമെന്നുള്ള ആരോപണവും വര്‍ഷങ്ങളായി നിലനില്‍ക്കുന്നുണ്ട്. വിവരങ്ങള്‍ ഡിലീറ്റു ചെയ്താല്‍ അതു പിന്നെ ഉപയോക്താവിന് ലഭിക്കാതെയാകുമെന്നു മാത്രമെയുള്ളു എന്നാണ് ആരോപണം ഉന്നയിക്കുന്നവര്‍ വാദിക്കുന്നത്. രണ്ടു രീതിയിലാണ് വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങള്‍ ഗൂഗിളിനെയും ഫെയ്‌സ്ബുക്കിനെയും പോലെയുള്ള കമ്പനികള്‍ ഉപയോഗിക്കുന്നതെന്നാണ് ചില വിദഗ്ധര്‍ പറയുന്നത്. ഒന്ന് അവരുടെ വരുമാനമാര്‍ഗ്ഗമായ പരസ്യങ്ങള്‍ നല്‍കാന്‍. രണ്ട് ഗവേഷണത്തിന്. ഇങ്ങനെ ശേഖരിക്കുന്ന ഡേറ്റാ ഡിലീറ്റു ചെയ്താലും ഗൂഗിളിന്റെയും മറ്റും സെര്‍വറുകളില്‍ നിന്ന് ഒരിക്കലും നീക്കം ചെയ്യപ്പെടില്ലെന്നാണ് ആരോപണം ഉന്നയിക്കുന്നവര്‍ പറയുന്നത്. ഇതിന്റെ നിജസ്ഥിതി അറിയണമെങ്കില്‍ ഏതെങ്കിലും സർക്കാരുകള്‍ ഇവരുടെ സെര്‍വറുകള്‍ പരിശോധിക്കേണ്ടിവരും എന്നതാണ് വസ്തുത.

 

മെസെജുകള്‍ ഡിലീറ്റു ചെയ്യാമോ?

 

സെര്‍വറുകളില്‍ നിന്നു പോകുകയോ പോകാതിരിക്കുകയോ ചെയ്യട്ടെ, ഉപയോക്താവിന്റെ ഒരു സമാധാനത്തിന് ഇതങ്ങു ഡിലീറ്റു ചെയ്‌തേക്കാമെന്നു വച്ചാല്‍ എന്തു സംഭവിക്കും? ഡിലീറ്റു ചെയ്യാനായി ക്ലിക്കു ചെയ്താല്‍ നേരേ ബില്ലു വന്ന മെയിലിലേക്കു പോകും. ഈ ബില്ല് നിങ്ങള്‍ ഡിലീറ്റു ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെങ്കില്‍ ഗൂഗിള്‍ ശേഖരിച്ചു വച്ച വിവരവും പോകുകയുമില്ല. ഒന്നും നഷ്ടപ്പെടാതിരിക്കാന്‍ പര്‍ചെയ്‌സസ് പേജിലേതു കൂടാതെ മൈ ആക്ടിവിറ്റി പേജിലും (https://myaccount.google.com/intro/data-and-personalization) എല്ലാം രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഗൂഗിള്‍ പറയുന്നു. വേണ്ട വിവരങ്ങള്‍ അവിടെ ചെന്നാല്‍ ഡിലീറ്റു ചെയ്യാമെന്നാണ് കമ്പനി പറഞ്ഞത്. എന്നാല്‍, വാങ്ങിയവയുടെ ലിസ്റ്റ് ഡിലീറ്റു ചെയ്യാനുള്ള ഓപ്ഷന്‍ അവിടെയില്ല എന്നതാണ് സത്യം. അതും നടക്കില്ലെന്നു പറഞ്ഞപ്പോള്‍ ഗൂഗിള്‍ പറഞ്ഞത് ട്രാക്കിങ് മുഴുവനായി വേണ്ടെന്നു വയ്ക്കാനുള്ള ഓപ്ഷന്‍ ഉണ്ടല്ലോ, അതങ്ങു ചെയ്താല്‍ മതിയല്ലോ എന്നാണ്. എന്നാല്‍ അതും നടക്കില്ലെന്നു വെളിപ്പെട്ടു. കൂടാതെ, ഇത്തരം ഓപ്ഷനുകള്‍ എന്തുകൊണ്ടാണ് ഉപയോക്താവിന് ആദ്യം തന്നെ കാണാന്‍ പാകത്തിനു വയ്ക്കാത്തതെന്ന ചോദ്യവും ഉയരുന്നു. ഇതെല്ലാം നടക്കുന്നുവെന്ന് അറിഞ്ഞാല്‍ ഗൂഗിള്‍ ഉപേക്ഷിച്ച് പമ്പ കടക്കുന്നവരുടെ എണ്ണം വര്‍ധിക്കുമെന്ന് കമ്പനി മനസ്സിലാക്കിയിട്ടുണ്ടാവണം.

 

ഇത്രയൊക്കെ ആയപ്പോള്‍ ഗൂഗിളിന്റെ വിശദീകരണം ഞങ്ങള്‍ ഇങ്ങനെ നിങ്ങളറിയാതെ നിങ്ങളുടെ ഡേറ്റാ ശേഖരിക്കുന്നുണ്ടെങ്കിലും അതൊന്നും പരസ്യക്കാര്‍ക്കും മറ്റും നല്‍കുന്നില്ല എന്നാണ്. ഇതൊക്കെ ആര്‍ക്ക് പരിശോധിക്കാനാകും? അമേരിക്കയും യൂറോപ്യന്‍ യൂണിയനുമൊക്കെ കൊണ്ടുവന്നേക്കാവുന്ന നിയമങ്ങള്‍ ഇവരുടെ സെര്‍വറകളും മറ്റും പരിശോധിക്കാനുള്ള അനുവാദം ഉദ്യോഗസ്ഥര്‍ക്കു നല്‍കുമോ എന്നു കണ്ടറിയണം. ഇനി ഗൂഗിള്‍ അല്ലെങ്കില്‍ ഫെയ്‌സ്ബുക്ക് പോലെയൊരു കമ്പനി നമ്മളുടെ കാര്യങ്ങള്‍ ആഴത്തില്‍ അറിഞ്ഞാല്‍ കുഴപ്പമുണ്ടോ എന്ന ചോദ്യം ഉന്നയിക്കാം. ഇപ്പോള്‍ കുഴപ്പമില്ല. എന്നാല്‍ ഈ ഡേറ്റയൊക്കെയായരിക്കാം നമ്മുടെ മരണശേഷം നമ്മളെ പ്രതിനിധീകരിക്കുക എന്നൊരു സാധ്യത നിലനില്‍ക്കുന്നുണ്ട് എന്നോര്‍ക്കുക. നടത്തുന്ന കോളുകള്‍, അയയ്ക്കുന്ന മെസേജുകള്‍, പോകുന്ന ഓരോ സ്ഥലവും, ആരോടൊക്കെ ബന്ധപ്പെടുന്നു എന്നത്, നമ്മളുടെ ശബ്ദം, മുഖം എന്നു വേണ്ട സകലതും ഇത്തരം കമ്പനികളുടെ സെര്‍വറുകളില്‍ ഭദ്രമായി ഇരിക്കുന്നുണ്ടെന്ന ആരോപണങ്ങള്‍ ഉയരുന്നുണ്ടെങ്കിലും അതിനൊന്നും വ്യക്തമായ മറുപടി കമ്പനികള്‍ പറയുന്നില്ല. സക്കര്‍ബര്‍ഗ് തന്റെ ലാപ്‌ടോപിന്റെ (മാക്ബുക് പ്രോ) മുന്‍ ക്യാമറയ്ക്കും മൈക്കിലും മുകളില്‍ ടേപ്പ് ഒട്ടിച്ചാണ്കൊണ്ടു നടക്കുന്നത് വാര്‍ത്തയായിരുന്നത് ഓര്‍ക്കുമല്ലോ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com