ADVERTISEMENT

ഭൂമിയുടെ ആകെയുള്ള 3ഡി ഭൂപടം നിർമിക്കാനുള്ള ഒരുക്കത്തിലാണ് അമേരിക്കന്‍ സൈന്യം. കെട്ടിടങ്ങളുടെയും നഗരങ്ങളുടെയുമെല്ലാം 3ഡി രൂപരേഖ തയാറാക്കുന്നത് സൈനിക നീക്കങ്ങൾക്കും പ്രതിരോധ മേഖലയിലുമെല്ലാം അമേരിക്കയ്ക്ക് വലിയ മേൽക്കൈ നേടിക്കൊടുക്കുമെന്നാണ് കരുതപ്പെടുന്നത്. സൈനികരുടെ പരിശീലനവും മറ്റൊരു തലത്തിലേക്ക് മാറ്റാന്‍ ഇത്തരം 3ഡി രൂപരേഖകള്‍ സഹായിക്കും.

 

വണ്‍ വേൾ‌ഡ് ടെറെയ്ന്‍ എന്നാണ് ഈ ആഗോള 3ഡി ഭൂപട പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. സൈനികർക്ക് ശത്രുവിന്റെ ലക്ഷ്യസ്ഥാനത്തെക്കുറിച്ച് വിശദവും വ്യക്തവുമായ വിവരങ്ങള്‍ മാതൃകാ സഹിതം നൽകാൻ ഈ പദ്ധതികൊണ്ട് സാധിക്കും. ഒറ്റനോട്ടത്തില്‍ ഒരു വന്‍ നഗരത്തെ ഇത്തരത്തില്‍ 3ഡിയിലാക്കുക എന്നത് പ്രോഗ്രാമർമാരുടെ തീരാത്ത പണിയായി മാറുമോ എന്ന തോന്നലുണ്ടാകാം. എന്നാല്‍ മാറിയ സാങ്കേതികവിദ്യയുടെ കാലത്ത് വലിയ ബുദ്ധിമുട്ടില്ലാതെ തന്നെ അത് സാധ്യമാണെന്നാണ് വിദഗ്ധാഭിപ്രായം. 

 

സാൻഫ്രാൻസിസ്കോ പോലുള്ള വന്‍ നഗരം ഇത്തരത്തില്‍ 3ഡി രൂപത്തില്‍ നിർമിക്കണമെങ്കില്‍ മുൻപ് വലിയ ചിലവും സമയവും ആവശ്യമായിരുന്നു. ഒരു വർഷം കുറഞ്ഞത് 17 ലക്ഷം ഡോളര്‍ ചിലവ് വേണ്ടി വരുന്ന വന്‍ പദ്ധതിയായിരുന്നു അത്. എന്നാല്‍ മാറിയ സാഹചര്യത്തില്‍ ഒൻപത് ലക്ഷം മനുഷ്യരുള്ള ഒരു നഗരത്തിന്റെ ഭൂപടം വെറും എട്ട് മണിക്കൂറുകൊണ്ട് നിർമിച്ചെടുക്കാനാകും.‌

 

സോഫ്റ്റ്‌വെയര്‍ രംഗത്തെ പുരോഗതിക്കൊപ്പം മികച്ച നിലവാരത്തിലുള്ള ചിത്രങ്ങളെടുക്കാന്‍ കഴിയുന്ന ഡ്രോണുകളും സാറ്റലൈറ്റുകള്‍ വഴി ലഭിക്കുന്ന ചിത്രങ്ങളുമാണ് ഈ രംഗത്ത് വലിയ മാറ്റം കൊണ്ടുവന്നിരിക്കുന്നത്. ഡ്രോണുകള്‍ പകർത്തുന്ന ചിത്രങ്ങള്‍ കൂട്ടിയോജിപ്പിച്ചാണ് അതിവേഗത്തില്‍ 3ഡി ഭൂപടങ്ങള്‍ നിർമിക്കുന്നത്. ഇത് ഡിസൈനർമാർക്കും പ്രോഗ്രാമർമാർക്കും വലിയ തോതില്‍ സമയലാഭവും നൽകുന്നുണ്ട്. പദ്ധതി പൂർത്തിയാകുന്ന മുറക്ക് കൂടുതല്‍ സ്മാർട്ടാക്കി യുഎസ് സൈന്യത്തിന് സമർപ്പിക്കാനാകുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com