ADVERTISEMENT

അവതരിപ്പിച്ച സമയത്ത് ഒരിക്കലും നടക്കാത്ത സ്വപ്‌നം എന്നു പറഞ്ഞ് എഴുതി തള്ളിയ ഈ ആശയമാണ് ഹൈപര്‍ലൂപ്. അതിവേഗം ശാസ്ത്ര കുതുകികളുടെ മനസില്‍ പതിഞ്ഞ സംവിധാനം നടപ്പാക്കാൻ മിക്ക രാജ്യങ്ങളും  ശ്രമിക്കുന്നുണ്ട്. നടപ്പാക്കല്‍ ഇനിയും അകലെയാണെങ്കില്‍ അമ്പരപ്പിക്കുന്ന മുന്നേറ്റമാണ് ഇതുമായി ബന്ധപ്പെട്ട മേഖലയില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളിൽ നടന്നിരിക്കുന്നത്. അതിന്റെ ഭാഗമായി ഈ വര്‍ഷം ജൂലൈയില്‍ ലോകമെമ്പാടും നിന്നുള്ള ടെക്‌നോളജി വിദഗ്ധര്‍ക്ക് തങ്ങള്‍ നിർമിച്ച ഹൈപ്പര്‍ലൂപ് സംവിധാനത്തിന്റെ മാതൃക അവതരിപ്പിക്കാനുള്ള അവസരം ഒരുങ്ങുകയാണ്. ഇതിലേക്ക് 20 ടീമുകളെയാണ് ആകെ തിരഞ്ഞെടുത്തിരിക്കുന്നത്--അവയിൽ ഒന്ന് മദ്രാസ് ഐഐടിയുടേതാണ് എന്നത് ഇന്ത്യക്കാര്‍ക്ക് അത്യന്തം അഭിമാനം പകരുന്ന വാര്‍ത്തയാണ്.

ടെസ്‌ലയുടെ സ്ഥാപകനും ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌ക് 2013ല്‍ അവതരിപ്പിച്ച ടെക്‌നോളജി സങ്കല്‍പ്പമാണ് ഹൈപ്പര്‍ലൂപ്പ്. നിലവിലുളള യാത്രാ സങ്കല്‍പ്പങ്ങളെ മാറ്റിമറിക്കാന്‍ പോന്ന ഒന്ന്. ഒരു വാക്വം ടണലിനുള്ളിലൂടെ അതിവേഗം സഞ്ചരിക്കുന്ന വാഹനമാണ് ഹൈപർലൂപ് എന്ന ആശയത്തിനു പിന്നിൽ. സാൻഫ്രാൻസിസ്കോയിൽ പരീക്ഷണ ഓട്ടം നടക്കുന്ന ഹൈപർലൂപ് മണിക്കൂറിൽ പരമാവധി 1200 കിലോമീറ്റർ വേഗത്തിൽ വരെയാണ് സഞ്ചരിക്കുക. ഹൈപർലൂപിന്റെ വേഗം അനുസരിച്ച് ഡൽഹിയിൽ നിന്നു കൊച്ചിയിലേക്കു സഞ്ചരിക്കാൻ വെറും രണ്ടേകാൽ മണിക്കൂർ മതി. വിമാനത്തിന് മൂന്നു മണിക്കൂറും ട്രെയിൻമാർഗം കുറഞ്ഞത് മൂന്നു ദിവസവും റോഡ് മാർഗം ഏകദേശം (ഗൂഗിൾ മാപ്പ് പ്രകാരം) 50 മണിക്കൂറും എടുക്കുന്ന ദൂരമാണ് ഹൈപർലൂപ് ടണൽ വഴി ഇത്ര കുറഞ്ഞ സമയം കൊണ്ടെത്തിക്കുന്നത്. വായു കടക്കാത്ത ഒരു ടണലാണ് ഹൈപർലൂപിന്റെ പ്രധാനഘടകം.

എന്താണ് ഹൈപ്പര്‍ലൂപ്?

ഭാവിയുടെ യാത്രാ സങ്കല്‍പ്പം എന്ന നിലയിലാണ് മസ്‌ക് ഇത് അവതരിപ്പിച്ചത്. യാത്രയ്ക്കുപയോഗിക്കുന്ന വാഹനങ്ങളെ പോഡുകള്‍ (pod-അറ) എന്നാണ് വിളിക്കുന്നത്. ഇവയ്ക്കായി പ്രത്യേകം സജ്ജീകരിച്ച ട്യൂബുകളിലൂടെ (tube) പോഡുകളെ കടത്തി വിടുകയാണ് ചെയ്യുന്നത്. അവതരിപ്പിച്ച സമയത്ത് തികച്ചും അപ്രായോഗികം എന്നായിരുന്നു മിക്കവരും പ്രതികരിച്ചത്. കാന്തികമായാണ് പോഡുകള്‍ ട്യൂബിലൂടെ നീങ്ങുക. നിലവിലുള്ള റോഡുകള്‍ക്കൊപ്പമോ റെയില്‍വേ ട്രാക്കിനൊപ്പമോ ഒന്നുമായിരിക്കില്ല ട്യൂബുകള്‍ നിര്‍മ്മിക്കുക. നേരെയായിരിക്കും ഇവ. വളവും ചെരിവും യാത്രക്കാരുടെ നടുവൊടിക്കും.

ന്യൂയോര്‍ക്ക് സിറ്റി മുതല്‍ വാഷിങ്ടണ്‍ ഡിസി വരെ സഞ്ചരിക്കാന്‍ ഏറ്റവും വേഗതയേറിയ ട്രെയിനിന് മൂന്നു മണിക്കൂര്‍ വേണമെങ്കില്‍ മസ്‌കിന്റെ സാങ്കല്‍പ്പിക യാത്രാ സംവിധാനത്തിന് അരമണിക്കൂറില്‍ താഴെയെ എടുക്കൂ. പോഡുകള്‍ക്ക് ആര്‍ജ്ജിക്കാവുന്ന പരമാവധി വേഗത എത്രയെന്നകാര്യം ഇനിയും തീര്‍ച്ചപ്പെടുത്താനായിട്ടില്ല. നേരത്തെ പറഞ്ഞതു പോലെ മണിക്കൂറില്‍ 760 മൈല്‍ വേഗതയാണ് ലക്ഷ്യമിടുന്നതത്രെ. എന്നാല്‍, ഇപ്പോള്‍ത്തന്നെ മണിക്കൂറില്‍ 240 മൈല്‍ വേഗതയുളള പോഡുകള്‍ ഉണ്ടാക്കിക്കഴിഞ്ഞതായി വാര്‍ത്തകളുണ്ട്. 

ഈ മേഖലയില്‍ ഒരു കൈ നോക്കാന്‍ ഇറങ്ങുന്ന പ്രധാന കമ്പനികളിലൊന്ന് മസ്‌കിന്റേതു തന്നെയാണ്. അതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ കമ്പനി മുന്‍കൈ എടുത്തു സംഘടിപ്പിക്കുന്ന എക്‌സിബിഷനിലേക്കാണ് ലോകമെമ്പാടും നിന്നുള്ള ഹൈപ്പര്‍ലൂപ് സാങ്കല്‍പ്പിക വാഹനങ്ങള്‍ അവതരിപ്പിക്കാനുള്ള അവസരമൊരുങ്ങുന്നത്. അതിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഒന്ന് ഒരുക്കിയത് ഐഐടി മദ്രാസിലെ 30 വിദ്യാര്‍ത്ഥികള്‍ അടങ്ങുന്ന സംഘമാണ്. ഏഷ്യയില്‍ നിന്നുള്ള ഏക ടീം എന്ന ഖ്യാതിയും അവര്‍ നേടിയിരിക്കുകയാണ്. ലോകത്തെ മികച്ച ടെക്‌നോളജി വിദഗ്ധരെ ഒരുമിച്ചു കൊണ്ടുവരാനും, ഒപ്പം അളുകള്‍ക്കിടയില്‍ഈ സങ്കല്‍പ്പത്തെക്കുറിച്ചുള്ള ധാരണ വര്‍ദ്ധിപ്പിക്കാനും ലക്ഷ്യം വച്ചാണ് എക്‌സിബിഷന്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഒരു കോടി രൂപ ചിലവിട്ടാണ് എക്‌സിബിഷന് അവതരിപ്പിക്കാനുള്ള പ്രാഥമിക രൂപം തയാര്‍ ചെയ്തിരിക്കുന്നത്.

മസ്‌കിനു മുന്നില്‍ തങ്ങളുടെ ഹൈപ്പര്‍ലൂപ് വാഹനം അവതരിപ്പിക്കാന്‍ സാധിക്കുന്ന സന്തോഷത്തിലാണ് ടീമംഗങ്ങളിപ്പോള്‍. തങ്ങളുടെ പോഡിന് അവര്‍ പേരിട്ടിരിക്കുന്നത് ആവിഷ്‌കാര്‍ ഹൈപ്പര്‍ലൂപ് (Avishkar Hyperloop) എന്നാണ്. കാലിഫോര്‍ണിയയിലാണ് പരിപാടി. അവര്‍ നിര്‍മ്മിച്ചിരിക്കുന്ന പോഡിന്റെ മാതൃകയ്ക്ക് 3 മീറ്റര്‍ നീളമാണുള്ളത്. അത് കാലിഫോര്‍ണിയയ്ക്കു കൊണ്ടുപോകും. എന്നാല്‍ ഒറിജിനലിന് ഏഴു മീറ്റര്‍ വരെ നീളം കണ്ടേക്കും. രണ്ടു വര്‍ഷമായി തങ്ങള്‍ ഇതിന്റെ പണിപ്പുരയിലായിരുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. മറ്റു മാതൃകകളില്ലാതെ നിര്‍മ്മിച്ച ഒന്ന് എന്ന നിലയില്‍ ഇതൊരു വെല്ലുവിളിയായിരുന്നു എന്ന് അവര്‍ പറഞ്ഞു.

തങ്ങളുടെ വാഹനത്തിന് എന്തു സ്പീഡ് ആര്‍ജ്ജിക്കാനാകും എന്ന കാര്യം വിദ്യാര്‍ത്ഥികള്‍ വെളിപ്പെടുത്തിയില്ല. അത് കാലിഫോര്‍ണിയയില്‍ വച്ചായിരിക്കും പറയുക. എന്നാല്‍, ഇത്തരം ഒരു സങ്കല്‍പ്പം എന്നെങ്കിലും പ്രായോഗികമാകുമോ എന്ന ചോദ്യത്തിനും കുട്ടികള്‍ക്ക് ഉത്തരമുണ്ടായിരുന്നു. ഹൈപ്പര്‍ലൂപ് സംവിധാനം മുംബൈയ്ക്കും പുനെയ്ക്കുമിടയ്ക്ക് നടപ്പിലാക്കാനുള്ള ചില ശ്രമങ്ങള്‍ നടക്കുന്നുണ്ട്. മഹാരാഷ്ട്ര സർക്കാർ ഒരു മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാണ്ടിങ് ഒപ്പുവച്ചു കഴിഞ്ഞുവെന്നും അവര്‍ പറഞ്ഞു. നാല്-അഞ്ചു വര്‍ഷത്തിനുള്ളിൽ ഇതു യാഥാര്‍ത്ഥ്യമായാലും അത്ഭുതപ്പെടേണ്ടതില്ല. മസ്‌ക് ലോകമെമ്പാടും നിന്നുള്ള നല്ല ആശയങ്ങള്‍ കണ്ട ശേഷം അതു നടപ്പാക്കാനുള്ള ശ്രമമാണോ നടത്തുന്നത് എന്ന ചോദ്യത്തെ കുട്ടികള്‍ ചിരിച്ചു തള്ളി. ഇത് തങ്ങളുടെ ബൗദ്ധികാവകാശത്തില്‍ പെട്ടതാണ് എന്ന് അവര്‍ ആത്മവിശ്വാസംപ്രകടിപ്പിച്ചു. 

ഹൈപ്പര്‍ലൂപ് എന്ന ആശയം ലോകമെമ്പാടും പടര്‍ന്നു തുടങ്ങിയെങ്കിലും ഇത് നടപ്പാക്കപ്പെടുമോ എന്നത് കാത്തിരുന്നു കാണേണ്ട കാര്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com