ADVERTISEMENT

കഴിഞ്ഞ പതിറ്റാണ്ടുകളില്‍ ലോകത്തിന്റെ നിര്‍മാണ ശാലയായി പേരെടുത്ത രാജ്യമാണ് ചൈന. എന്നാൽ പുതിയ സാഹചര്യത്തിൽ ഗൂഗിളും ആപ്പിളും അടക്കമുള്ള അമേരിക്കന്‍ കമ്പനികള്‍ ഉപകരണ നിര്‍മാണം ചൈനയ്ക്കു പുറത്തേക്കു നീക്കുമെന്ന് റിപ്പോർട്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തുടങ്ങിവച്ച വാണിജ്യ വടംവലി ഏതു സമയത്തും ഗൗരവത്തിലാകാമെന്നുള്ളത് പല അമേരിക്കന്‍ കമ്പനികളെയും ഭയപ്പെടുത്തുകയാണ്. ചൈനയില്‍ നിര്‍മിച്ച ഉപകരണങ്ങളുടെ ഇറക്കുമതി ചുങ്കം അമേരിക്ക 10 ശതമാനത്തില്‍ നിന്ന് 25 ശതമാനമായി വര്‍ധിപ്പിച്ചു. ഇപ്പോള്‍ തന്നെ അമിത വില ഈടാക്കുന്നുവെന്ന് ആരോപണമുള്ള ഐഫോണിനും മറ്റും ഇനിയും വില വര്‍ധിപ്പിച്ചാല്‍ ഉപയോക്താക്കളുടെ എതിര്‍പ്പു നേരിടേണ്ടി വന്നേക്കാമെന്നതു കൊണ്ട് ആപ്പിളടക്കമുള്ള കമ്പനികള്‍ മറ്റു വഴികള്‍ തേടുകയാണ്. കൂടാതെ അമേരിക്കയുമായുള്ള വാണിജ്യയുദ്ധം അടുത്ത തലത്തിലേക്കു കടന്നാല്‍ ചൈന തങ്ങളെ തൊഴിച്ചു പുറത്താക്കിയേക്കാമെന്നും അവര്‍ കരുതുന്നു. ചൈന വിടുന്ന അമേരിക്കൻ കമ്പനികളെല്ലാം ഇന്ത്യയിൽ പ്ലാന്റുകൾ തുടങ്ങി നിർമാണം തുടങ്ങുമെന്നും റിപ്പോർട്ടുകളുണ്ട്. നിലവിൽ ചെറിയ തോതിലെങ്കിലും ഐഫോൺ നിർമാണം ഇന്ത്യയിൽ തുടങ്ങിയിട്ടുണ്ട്.

 

ഗൂഗിള്‍

 

പ്രധാനപ്പെട്ട ഉപകരണങ്ങള്‍ ചൈനയ്ക്കു വെളിയില്‍ നിര്‍മിച്ചെടുക്കാന്‍ ഗൂഗിൾ ഇപ്പോള്‍ തന്നെ വ്യഗ്രത കാട്ടുന്നുവെന്നാണ് വാര്‍ത്തകള്‍ വരുന്നത്. അവര്‍ ഇപ്പോള്‍ തന്നെ ചൈനയ്ക്കു വെളിയില്‍ കുറെ സാധനങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഇതില്‍ കൂടുതലും തായ്‌വാനിലാണ്. തങ്ങളുടെ നെസ്റ്റ് തെര്‍മ്മോസ്റ്റാറ്റുകളും സെര്‍വര്‍ ഹാര്‍ഡ്‌വെയറും നിര്‍മിക്കുന്നത് പൂര്‍ണ്ണമായും ചൈനയ്ക്കു വെളിയില്‍ നിര്‍മിച്ചെടുക്കണമെന്ന് ഗൂഗിള്‍ ആഗ്രഹിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

 

നിന്റെന്‍ഡോ

 

അമേരിക്കന്‍ കമ്പനികള്‍ മാത്രമല്ല, ആ രാജ്യത്ത് ഉപകരണങ്ങള്‍ വില്‍ക്കാന്‍ ആഗ്രഹിക്കുന്ന കമ്പനികളും ഇത്തരം നീക്കം നടത്തുന്നതിന് ഉദാഹരണമാണ് നിന്റെന്‍ഡോയുടെ കാര്യം. ജാപ്പനീസ് വിഡിയോ ഗെയിം കണ്‍സോള്‍ നിര്‍മാതാക്കളായ നിന്റെന്‍ഡോ തങ്ങളുടെ ചൈനയിലെ നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ കുറെ തെക്കുകിഴക്കന്‍ ഏഷ്യയിലേക്കു മാറ്റാന്‍ തീരുമാനിച്ചു കഴിഞ്ഞുവത്രെ. കാര്യമായ ലാഭമില്ലാത്ത ഒന്നാണ് ഗെയിം കണ്‍സോള്‍ നിര്‍മാണം. അമേരിക്കയടക്കമുള്ള രാജ്യങ്ങളിലാണ് അവര്‍ കണ്‍സോളുകള്‍ വില്‍ക്കുന്നത്. പെട്ടെന്നു വില കൂട്ടിയാല്‍ കട പൂട്ടിപ്പോകേണ്ടിവരുമെന്ന ഭീതിയാണവര്‍ക്കെന്നു പറയുന്നു.

 

ആപ്പിള്‍

 

ആപ്പിളിന് ഫോണുകള്‍ നിര്‍മിച്ചു നല്‍കുന്ന കോണ്‍ട്രാക്ട് കമ്പനികളില്‍ പ്രമുഖന്‍ ഫോക്‌സ്‌കോണ്‍ ആണ്. തായ്‌വാനിലും ഇന്ത്യയിലും അടക്കം പല രാജ്യങ്ങളില്‍ നിര്‍മാണശാലകളുള്ള അവര്‍ പറയുന്നത് അമേരിക്കയിലേക്കുള്ള ഐഫോണുകള്‍ നിഷ്പ്രയാസം ചൈനയ്ക്കു വെളിയില്‍ തങ്ങള്‍ക്കു നിര്‍മിച്ചു നല്‍കാനാകുമെന്നാണ്.

 

ഫോര്‍ഡ്

 

വാഹന നിര്‍മാതാക്കളായ ഫോര്‍ഡിന് ആന്റിട്രസ്റ്റ് നിയമപ്രകാരം ഈ മാസം ചൈന പിഴയടിക്കുക പോലും ചെയ്തു. ഇത് വാവെയ്ക്ക് അമേരിക്കയില്‍ നേരിടേണ്ടിവന്ന തിരിച്ചടിക്ക് പകരമാണെന്നാണ് അനുമാനം.

 

വര്‍ധിക്കുന്ന അനിശ്ചിതത്വം

 

അനുദിനം വര്‍ധിക്കുന്ന അനിശ്ചിതത്വം ടെക്‌നോളജി കമ്പനികളുടെ ഉറക്കം കെടുത്തുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. തങ്ങളുടെ ഉപകരണങ്ങളും ഘടകഭാഗങ്ങളും എളുപ്പത്തില്‍ ചൈനയില്‍ നിര്‍മിച്ചെടുക്കാമെന്ന തോന്നല്‍ ഇനി വേണ്ടെന്ന തീരുമാനത്തിലേക്കാണ് പല കമ്പനികളും എത്തിച്ചേരുന്നതെന്നു പറയുന്നു.

 

വിയറ്റ്‌നാമും തായ്‌വാനും

 

പറയാത്ത മറ്റൊരു കാര്യം ചൈനയിലും തൊഴിലാളികളുടെ വേതനം വര്‍ധിച്ചു വരുന്നുവെന്നതാണ്. അതുകൊണ്ട് വിയറ്റ്‌നാം തയ്‌വാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് നിർമാണ പ്രവര്‍ത്തനങ്ങള്‍ മാറ്റുന്നതാകാം ഉചിതമെന്ന് പല കമ്പനികളും കരുതി തുടങ്ങിയെന്നും വാര്‍ത്തകളുണ്ട്. ചൈനയില്‍ ലഭിക്കുന്നത്ര ആളുകളെ ഈ രാജ്യങ്ങളില്‍ ലഭിക്കില്ല. പക്ഷേ, നിര്‍മാണ രംഗത്തേക്ക് യന്ത്രങ്ങളുടെ സേവനം ലഭ്യമായി തുടങ്ങിയിരിക്കുന്നതിനാല്‍ ഓട്ടോമേഷനിലൂടെ ഇതു പരിഹരിക്കാമെന്ന ആത്മവിശ്വാസമാണ് കമ്പനികള്‍ പ്രകടിപ്പിക്കുന്നത്.

 

ഇതെല്ലാമാണെങ്കിലും ഇപ്പോഴും ചൈന തന്നെയാണ് ലോകത്തെ ഉപകരണ നിര്‍മാണത്തിന്റെ കേന്ദ്രം. ജോലിക്കാരുടെ ലഭ്യതയും അടിസ്ഥാന സൗകര്യങ്ങളും മാത്രമല്ല വേണ്ടത്ര റോഡുകളും തുറമുഖങ്ങളും വിമാനത്താവളങ്ങളും എല്ലാം ഉണ്ടെന്നത് ചൈനയ്ക്ക് വ്യക്തമായ മേധാവിത്വം നല്‍കുന്നു. കമ്പനികള്‍ ലക്ഷ്യമിടുന്ന മറ്റു രാജ്യങ്ങള്‍ക്ക് ഇത് അവകാശപ്പെടാനാവില്ല. ചൈന ഒരു പരിപൂര്‍ണ്ണ നിര്‍മാണശാലയായിരുന്നു. യാതൊരു തലവേദനകളുമില്ല എന്നാണ് ഒരു നിര്‍മ്മാതാവു പറഞ്ഞത്. ജി20 ഉച്ചകോടിയില്‍ ട്രംപും ചൈനീസ് പ്രസിഡന്റ് സി ജിന്‍പിങും ഈ മാസം അവസാനം കണ്ടുമുട്ടും. അപ്പോള്‍ മഞ്ഞുരുകുമോ എന്നാണ് ടെക് ലോകം ഉറ്റു നോക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com