ADVERTISEMENT

രണ്ടാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ ചില പ്രധാന മേഖലകളിലെ വിദേശ നിക്ഷേപ പരിധി ഉയർത്തിയതായി പ്രഖ്യാപിച്ചു. ഇൻഷുറൻസ്, മാധ്യമ, വ്യോമയാന മേഖലകളിലെ വിദേശ നിക്ഷേപ പരിധി ഉയർത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. വിദേശ കമ്പനികളെ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള നീക്കത്തിന്റെ ഭാഗമായാണിതെന്ന് വ്യക്തമാണ്. 

 

വിദേശ നിക്ഷേപ പരിധി ഉയർത്തുന്നതോടെ ടെക് ലോകത്തെ നിരവധി കമ്പനികൾ ഇന്ത്യയിൽ പണമിറക്കാൻ തയാറാകും. ടെക് കമ്പനികളുടെ പ്ലാന്റുകൾ തുടങ്ങുന്നതോടെ ലക്ഷക്കണക്കിന് പേർക്ക് ജോലിയും ലഭിക്കും. അമേരിക്കയുമായി ഇടഞ്ഞു നിൽക്കുന്ന ചൈനയ്ക്ക് തന്നെയാണ് ബജറ്റിലെ പുതിയ പ്രഖ്യാപനം തിരിച്ചടിയാകുക. അമേരിക്കയെ ഭയന്ന് ചൈന വിടാൻ പോകുന്ന ടെക് കമ്പനികൾക്കെല്ലാം ഇന്ത്യയിൽ നിക്ഷേപമിറക്കാനുളള അവസരമാണ് ധനമന്ത്രി മുന്നോട്ടുവച്ചിരിക്കുന്നത്.

 

മെഗാ മാനുഫാക്ചറിംഗ് സൈറ്റുകൾ സ്ഥാപിക്കാൻ ആഗോള കമ്പനികളെ ക്ഷണിക്കാൻ തന്നെയാണ് കേന്ദ്ര സർക്കാരിന്റെ പദ്ധതി. ചൈനയുമായുള്ള യുഎസ് വ്യാപാരയുദ്ധം തുടർന്നാൽ മുൻനിര ടെക് കമ്പനികളെല്ലാം ചൈന ഉപേക്ഷിച്ച് ഏഷ്യയിലെ പ്രധാന ഹബായി ഇന്ത്യയെ സ്വീകരിക്കുമെന്നാണ് കരുതുന്നത്. നൂതന സാങ്കേതിക മേഖലകളിലെ മെഗാ നിക്ഷേപത്തിനായി സർക്കാർ സ്വയം തയാറെടുക്കുകയാണെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.

 

നൂതന സാങ്കേതിക മേഖലകളായ സെമി കണ്ടക്ടർ ഫാബ്രിക്കേഷൻ (എഫ്എബി), സോളാർ ഫോട്ടോ വോൾട്ടായിക് സെല്ലുകൾ, ലിഥിയം സ്റ്റോറേജ് ബാറ്ററികൾ, സോളാർ ഇലക്ട്രിക് ഇൻഫ്രാസ്ട്രക്ചർ, കംപ്യൂട്ടർ സെർവറുകൾ, ലാപ്ടോപ്പുകൾ തുടങ്ങിയ മേഖലകൾക്ക് പ്രാധാന്യം നൽകും.

 

ഈ വർഷം തന്നെ 200 അമേരിക്കന്‍ കമ്പനികള്‍ അവരുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ചൈനയില്‍ നിന്ന് ഇന്ത്യയിലേക്കു മാറ്റാന്‍ തയാറാണെന്ന് അമേരിക്ക-ഇന്ത്യ സഹകരണ ഫോറത്തിന്റെ (US-India Strategic and Partnership Forum's (USISPF) പ്രസിഡന്റ് മുകേഷ് അഗി പറഞ്ഞിരുന്നു. കമ്മ്യൂണിസ്റ്റ് ഭീമന്റെ മടയില്‍ നിന്ന് തങ്ങളുടെ തലയെടുത്തു മാറ്റാനുള്ള സുവര്‍ണ്ണാവസരമായാണ് കമ്പനികള്‍ ഇതിനെ കാണുന്നതത്രെ. പദ്ധതി നടപ്പിലായാൽ ഇന്ത്യയിൽ ലക്ഷങ്ങളുടെ തൊഴിൽ അവസരങ്ങളാണ് വരാൻ പോകുന്നത്.

 

എന്നാല്‍, ഇന്ത്യയില്‍ നിലവിലുള്ള സാഹചര്യം കമ്പനികള്‍ക്ക് അത്രമേല്‍ ആകര്‍ഷകമല്ലെന്നും അതുകൊണ്ട് യുഎസ്‌ഐഎസ്പിഎഫിന്റെ അഭിപ്രായത്തില്‍ പുതിയ സർക്കാർ പരിഷ്‌കരണം ത്വരിതപ്പെടുത്തണമെന്നാണ്. കൂടാതെ തീരുമാനങ്ങളെടുക്കുന്ന കാര്യത്തില്‍ സുതാര്യത വേണമെന്നും അവര്‍ പറഞ്ഞു. സുതാര്യതയാണ് സുപ്രധാനം. തീരുമാനങ്ങള്‍ ഏകപക്ഷീയമായി എടുക്കാതെ പരസ്പരം കൂടിയാലോചിച്ച് എടുക്കുമെന്ന നയം കൊണ്ടുവരുന്നത് അമേരിക്കന്‍ ബിസിനസ് ഭീമന്മാരെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കാന്‍ വളരെ ഉപകാരപ്പെടുമെന്ന് യുഎസ്‌ഐഎസ്പിഎഫ് പറഞ്ഞു. കഴിഞ്ഞ 12 മുതല്‍ 18 മാസത്തിനിടെ എടുത്ത പല തീരുമാനങ്ങളും പ്രാദേശിക താത്പര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നവയാണ്. ഡേറ്റാ ലോക്കലൈസേഷന്റെയും ഇകൊമേഴ്‌സിന്റെയും കാര്യത്തില്‍ ഇതു കാണാമെന്നും അവര്‍ പറഞ്ഞു. എന്നാൽ ഈ വിഷയങ്ങളിലെല്ലാം വൻ മാറ്റം വരുമെന്നാണ് അറിയുന്നത്.

 

ഏകപക്ഷീയമായ തീരുമാനങ്ങള്‍ എടുക്കാതിരിക്കുക, ഇവിടെ പണമിറക്കുന്ന കമ്പനികളെ വിശ്വാസത്തിലെടുത്ത ശേഷം മാത്രം നിയമങ്ങള്‍ കൊണ്ടുവരിക തുടങ്ങിയവയ്ക്കു പ്രാധാന്യം നല്‍കണമെന്ന് യുഎസ്‌ഐഎസ്പിഎഫ് പറയുന്നു. ഈ കമ്പനികളെ എങ്ങനെ ആകര്‍ഷിക്കാമെന്ന കാര്യം നമ്മള്‍ അറിഞ്ഞിരിക്കണം. സ്ഥലമെടുത്തു നല്‍കുന്നതു മുതല്‍ കസ്റ്റംസ് നിയന്ത്രണങ്ങള്‍ വരെയുള്ള നിരവധി കാര്യങ്ങളില്‍ മാറ്റം വരണം. ആഗോളതലത്തില്‍ സാധനങ്ങള്‍ നിര്‍മിച്ച് എത്തിച്ചു കൊടുക്കുന്ന ചങ്ങലയുടെ കണ്ണിയാകുകയാണ് എന്ന ബോധത്തോടെ വേണം കാര്യങ്ങള്‍ നീക്കാന്‍. ഇവ വളരെ പ്രാധാന്യമര്‍ഹിക്കുന്നു. നിരവധി നിയമങ്ങള്‍ പരിഷ്‌കരിച്ചാല്‍ മാത്രമെ ഇതു സാധ്യമാകൂ. അങ്ങനെ ചെയ്താല്‍ ഇന്ത്യയില്‍ പുതിയതായി എന്തുമാത്രം തൊഴിലവസരങ്ങളാണ് ഉണ്ടാകുക എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

 

അമേരിക്കയുടെ മുന്‍ അസിസ്റ്റന്റ് വ്യാപാര പ്രതിനിധി മാര്‍ക്ക് ലിന്‍സ്‌കൊട്ടും യുഎസ്‌ഐഎസ്പിഎഫും കമ്പനികളുമായി ഇതേപ്പറ്റി ചര്‍ച്ചകള്‍ നടക്കുകയാണ്. ഇന്ത്യ എന്തു ചെയ്യണമെന്ന കാര്യത്തില്‍ കമ്പനികള്‍ക്കു പറയാനുള്ളത് കേള്‍ക്കുകായണിപ്പോള്‍. കയറ്റുമതി വര്‍ധിപ്പിക്കുക എന്നതിന് ഊന്നന്‍ നല്‍കിയായിരിക്കും അവരുടെ നിലപാടുകള്‍. അമേരിക്കയും ഇന്ത്യയും തമ്മില്‍ ഒരു ഫ്രീ ട്രെയ്ഡ് കരാറില്‍ (എഫ്ടിഎ) ഒപ്പുവയ്ക്കുക എന്നതായിരിക്കും പ്രാഥമിക നടപടികളിലൊന്ന് എന്നാണ് അഗി വിശ്വസിക്കുന്നത്.

 

ചൈനയില്‍ നിന്ന് വിലകുറഞ്ഞ വസ്തുക്കള്‍ വരുന്നുവെന്ന പരാതി ഇന്ത്യയ്ക്കുണ്ടെങ്കില്‍ എഫ്ടിഎ ഒപ്പു വയ്ക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ചൈനീസ് ഉല്‍പന്നങ്ങളുടെ വരവു നിയന്ത്രിക്കുകയും അമേരിക്കയ്ക്ക് ഇന്ത്യയില്‍ സ്വാഗതം നല്‍കുകയും ചെയ്യാം. പകരം ഇന്ത്യന്‍ കമ്പനികള്‍ക്ക് അമേരിക്കന്‍ വിപണി തുറന്നു കിട്ടുകയും ചെയ്യും. ജിഎസ്പി (Generalized System of Preferences (GSP) പോലെയുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കുകയും ചെയ്യാം. ഇതിനെല്ലാം വഴിയൊരുക്കാനായി തങ്ങള്‍ ഒരു ഉന്നതതല മാനുഫാക്ച്വറിങ് കൗണ്‍സിലിനു രൂപം നല്‍കിയെന്ന് അഗി പറഞ്ഞു. ഇന്ത്യയിലേക്കു വരാന്‍ ആഗ്രഹിക്കുന്ന കമ്പനികളുടെ പ്രതിനിധികളുമടങ്ങുന്നതാണിത്. സിസ്‌കോ കമ്പനിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ജോണ്‍ കേണ്‍ അടക്കമുള്ളവര്‍ ഇന്ത്യയില്‍ നിന്ന് എന്തു പ്രതീക്ഷിക്കുന്നുവെന്ന കാര്യങ്ങള്‍ എഴുതി തയാറാക്കി വരികയാണിപ്പോള്‍.

 

ഇന്ത്യയില്‍ പുതിയ നിര്‍മാണ നയം വരണമെന്നാണ് അവര്‍ പറയുന്നത്. ചെറിയ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നു. ഇവ പ്രവര്‍ത്തനം മന്ദീഭവിപ്പിക്കുന്നു. ഇന്ത്യയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനും ഇന്ത്യന്‍ വിപണി ഉപയോഗപ്പെടുത്താനും ആഗ്രഹിക്കുന്ന കമ്പനികളുടെ ഒരു വന്‍ നിര തന്നെയുണ്ടെന്ന് അഗി വെളിപ്പെടുത്തി. തങ്ങളുടെ കീഴിലുള്ള കമ്പനികള്‍ കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ 5000 കോടി ഡോളറിന്റെ നിക്ഷേപമാണ് ഇറക്കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com